കണ്ണീരിന്‍റെ രുചിയും തെളിമയുമുള്ള ഭാവി / ഫാ. ഡോ. കെ. എം. ജോര്‍ജ്

2012 നവംബര്‍ 18. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോവിലെ വി. മര്‍ക്കോസിന്‍റെ കത്തീഡ്രല്‍ പള്ളി.

കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പ. തവദ്രോസ് (തേവോദോറോസ്) രണ്ടാമന്‍ ബാവാ അവക്സന്ത്രിയയുടെ 118-ാമത് പാപ്പായും വിശുദ്ധ മര്‍ക്കോസിന്‍റെ സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസുമായി അവരോധിക്കപ്പെടുകയാണ്. മദ്ബഹയില്‍ നമ്മുടെ മലങ്കര സഭാധ്യക്ഷന്‍ പ. പൗലോസ് ദ്വിതീയന്‍ ബാവായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. സാഖാ പ്രഥമന്‍ ബാവായും മറ്റു സഹോദരീ സഭകളുടെ അധ്യക്ഷന്മാരുമുണ്ട്. ദീര്‍ഘമായ ശുശ്രൂഷയില്‍ പുതിയ പാത്രിയര്‍ക്കീസ് തേങ്ങി തേങ്ങി കണ്ണീരൊഴുക്കുകയാണ്. നിര്‍ത്താതെ കരയുന്ന സന്യാസിയായ ആ മഹാപുരോഹിതന്‍റെ കവിളിലൂടെ ധാരധാരയായി ഒഴുകിയിറങ്ങുന്ന കണ്ണീര്‍ കണ്ടു കൊണ്ടിരുന്ന വിശ്വാസികള്‍ വിതുമ്പുന്നതും കണ്ണീരൊപ്പുന്നതും കാണാം. എന്തിനാണ് അദ്ദേഹം കരഞ്ഞു കരഞ്ഞ് താടിയും വേഷവും ആക്ഷരികമായി കണ്ണീരില്‍ കുതിര്‍ത്തതെന്ന് ഒരു പക്ഷേ പൂര്‍ണ്ണമായും ആര്‍ക്കും മനസ്സിലായിക്കാണുകയില്ല. പല മെത്രാന്മാരും ആ സ്ഥാനം ആഗ്രഹിക്കുകയും ചിലരെങ്കിലും അണിയറയില്‍ ചരടുവലികള്‍ നടത്തുകയും ചെയ്തിരിക്കാം. നമുക്കറിഞ്ഞു കൂടാ. കാമ്യമെന്നു കരുതുന്ന അത്ര വലിയ സ്ഥാനം ലഭിച്ചയാള്‍ എന്തിനാണ് വിലപിക്കുന്നത് എന്ന് പലരും ചോദിച്ചേക്കാം. ഉത്തരം നമുക്കറിഞ്ഞു കൂടാ.

പില്‍ക്കാല സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ തീവ്രമായ ദുഃഖത്തെയും അനര്‍ഗ്ഗളമായി ഒഴുകിയ കണ്ണീരിനെയും വ്യാഖ്യാനിച്ചു തരും. വളരെയേറെ പ്രാതികൂല്യങ്ങള്‍ക്കും ക്രിസ്തീയ പീഡനങ്ങള്‍ക്കും ഇടയിലാണ് കോപ്റ്റിക് സഭയും, എണ്ണത്തില്‍ അവരേക്കാള്‍ തുലോം ചെറുതായ സുറിയാനി സഭയും കഴിഞ്ഞുകൂടുന്നത്. പ. തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസ് സ്ഥാനമേറ്റ് അധികം താമസിയാതെ, ലിബിയയില്‍ വച്ച് 21 കോപ്റ്റിക് സഭാംഗങ്ങളായ ചെറുപ്പക്കാര്‍ ക്രൂരമായി കഴുത്തറക്കപ്പെട്ട് രക്തസാക്ഷികളായി. അവിടെ ജോലി തേടിപ്പോയ വെറും സാധാരണക്കാരായ ഈജിപ്തുകാരായിരുന്നു അവര്‍. ലോകത്തിനു മുമ്പില്‍ ആ കൊലപാതകങ്ങള്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഐ. എസ്. ആര്‍മി നടത്തിയ ആ പൈശാചിക കൃത്യം നടന്നപ്പോള്‍ എത്രമാത്രം കോപ്റ്റിക് പാത്രിയര്‍ക്കീസ് ബാവ കരഞ്ഞു കാണും. ആ ചെറുപ്പക്കാരില്‍ പലരും യേശുവിന്‍റെ നാമം ഉച്ചരിച്ചുകൊണ്ടാണ് മൂര്‍ച്ചയേറിയ വാള്‍ത്തലയ്ക്ക് മുമ്പില്‍ തലയറ്റു വീണത്.

പിന്നെ തുടര്‍ച്ചയായ അക്രമങ്ങളാണ് ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കെതിരെ അരങ്ങേറിയത്. പാത്രിയര്‍ക്കീസിന്‍റെ അരമനയോടു ചേര്‍ന്നുള്ള പള്ളിയില്‍ ബോംബ് പൊട്ടി വളരെയേറെ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും മരിച്ചു വീണു. ജനസംഖ്യയില്‍ പത്തു ശതമാനമുള്ളവരും വിശ്വാസത്തിലും ഭക്തിയിലും ആചാരനിഷ്ഠകളിലും അതീവ വിശ്വസ്തരുമായ കോപ്റ്റിക് സഭാംഗങ്ങളെയും അവരുടെ അതിപുരാതനവും ഒരിക്കല്‍ അതിപ്രശസ്തവുമായിരുന്ന സഭയെയും തുടച്ചു നീക്കുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യം. എന്നാല്‍ കോപ്റ്റിക് സഭാംഗങ്ങളുടെ വിശ്വാസ തീക്ഷ്ണത അറിയാവുന്നവര്‍ക്ക് പ്രത്യാശയ്ക്ക് വകയുണ്ട്.

സുറിയാനിക്കാരെ സംബന്ധിച്ചാണെങ്കില്‍ ഇറാക്കിലും, സിറിയയിലും തുര്‍ക്കിയിലും മറ്റും മിക്കവാറും ഈ തുടച്ചുനീക്കല്‍ പ്രക്രിയ വലിയ അളവ് വരെ സാധിച്ചു കഴിഞ്ഞു. അവിടെ നിന്നും യാത്ര ചെയ്യാന്‍ കഴിയുന്ന, ചെറുപ്പക്കാരും മെത്രാന്മാരും പട്ടക്കാരുമെല്ലാം മിക്കവാറും ഒരു നല്ല പങ്ക് വിദേശ രാജ്യങ്ങളില്‍ അഭയം തേടിക്കഴിഞ്ഞു. ഇനി യുദ്ധ സാഹചര്യങ്ങള്‍ അവസാനിച്ചാല്‍പ്പോലും അവരാരും തിരിച്ചുപോകാനിടയില്ല. എന്നാല്‍ അവര്‍ വിശ്വസ്തരായി നിലകൊണ്ടാല്‍ പുതിയ അഭയസ്ഥാനങ്ങളില്‍ വികാസം പ്രാപിക്കാനും ഒരളവു വരെ തങ്ങളുടെ നഷ്ടപ്പെട്ട മഹത്വം കുറച്ചൊക്കെ വീണ്ടെടുക്കാനും അവര്‍ക്ക് കഴിഞ്ഞേക്കും. കഴിഞ്ഞ നാലഞ്ച് ദശകങ്ങളായി അങ്ങനെ പ്രവാസി മണ്ഡലത്തില്‍ അവര്‍ പച്ചപിടിക്കുന്നുണ്ട്.
കോപ്റ്റിക് പാത്രിയര്‍ക്കീസ് ബാവാ ഒഴുക്കിയ കണ്ണീരിനെ ഒരു പ്രതീകമായി നാം കാണണം. അതൊരു പ്രവചനം പോലെയായിരുന്നു. കാലത്തിന്‍റെ അടയാളങ്ങള്‍ തന്‍റെ ആത്മാവില്‍ തിരിച്ചറിഞ്ഞതുകൊണ്ടാവണം, വലിയ സ്ഥാനലബ്ധിയുടെ സന്ദര്‍ഭത്തില്‍ ആ പിതാവ് വിലപിച്ചത്. അതിമനോഹരമായ ശില്പ സൗന്ദര്യമെന്ന് ശിഷ്യന്മാര്‍ വിശേഷിപ്പിച്ച് കര്‍ത്താവിന് കാണിച്ചുകൊടുത്ത യറുശലേം ദേവാലയം കണ്ടു യേശുവും കരഞ്ഞതോര്‍ക്കാം.
നമ്മുടെ ലോകത്തിന്‍റെ കെട്ടുപാടുകള്‍ മുഴുവന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് നാളേറെയായി പലരും പറയുന്നുണ്ട്. നാം അത് തിരിച്ചറിയണമെന്നും വിവേകമതികള്‍ നമ്മെ ഉപദേശിക്കുന്നു. എത്ര പെട്ടെന്നാണ്, ഇന്ത്യയില്‍ രാഷ്ട്രീയ-സാംസ്കാരിക കുടമാറ്റം നടന്നത്. നാടകീയമായ ഈ ‘പാരഡൈം’ മാറ്റത്തെക്കുറിച്ച് അറിവുള്ളവര്‍ നേരത്തെ കൂട്ടി പ്രവചിച്ചുകൊണ്ടിരുന്നതാണ്. എന്താണ് നമ്മുടെ ഭാവി? രൂപരേഖകള്‍ ആര്‍ക്കെങ്കിലുമറിയാമോ?

ഒരു ശുബ്ക്കോനോ കൂടി നമ്മുടെ വാതിലില്‍ മുട്ടുകയാണ് (ക്ഷമ എന്ന വാക്കിന്‍റെ അര്‍ത്ഥവും അതിന്‍റെ വിവക്ഷകളും എല്ലാവര്‍ക്കും അറിയാം). ആ വാതില്‍ തുറക്കാന്‍ നാം ഇച്ഛിക്കുന്നുവെങ്കില്‍ വലിയ മാറ്റങ്ങള്‍ സഭയിലും സമൂഹത്തിലും ഉണ്ടാകും. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നും ഏകദേശം നമുക്കറിയാം. നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വെറും സാധാരണക്കാര്‍ക്ക് പോലും മനക്കണക്കു കൂട്ടാന്‍ അറിയാം. ഒരു കാര്യം ചെയ്യുമ്പോഴോ പറയുമ്പോഴോ അതിന്‍റെ മൂന്നാല് മടങ്ങ് അനന്തരഫലങ്ങള്‍ എന്താവുമെന്ന് ചിന്തിക്കാനും അവര്‍ക്കറിയാം. സഭകളിലെ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇത്തരം സാധാരണക്കാരാണ്. അവരാണ് പള്ളികളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും, വൈദികര്‍ക്ക് ശമ്പളം കൊടുക്കുവാനും, ഞായറാഴ്ച പള്ളിയില്‍ വരാനും, പെരുന്നാളുകളില്‍ സംബന്ധിക്കുവാനും ഉത്സാഹിക്കുകയും തങ്ങളുടെ മുഴുവന്‍ ആശ്രയവും സഭയിലും പട്ടക്കാരിലും മേല്‍പട്ടക്കാരിലും സമര്‍പ്പിക്കയും ചെയ്യുന്നത്. അവര്‍ അധികം മിണ്ടുകയില്ല. അവരുടെ ഉള്ളിലുള്ളത് പലപ്പോഴും തുറന്നു പറയുകയില്ല. അച്ചന്മാരും മെത്രാച്ചന്മാരും പറയുന്നതൊക്കെ അവര്‍ അനുസരിക്കും. നന്നായി നോമ്പെടുക്കുകയും പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചയിടുകയും നന്മ ചെയ്യുകയും ചെയ്യുന്ന ഈ ദൈവജനത്തിന്‍റെ “ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങള്‍” നാം തിരിച്ചറിയണം. അവര്‍ക്ക് പ്രാതിനിധ്യം വഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ശബ്ദം വലിയ മുഴക്കമുള്ളതാകാം. അത് സ്തുതിപാഠകരുടെ ശബ്ദമാകാം. തീവ്രവാദങ്ങളുടെ യുദ്ധകാഹളമാകാം. ദൂരേയ്ക്കു നോക്കാന്‍ മനഃപൂര്‍വ്വം മടിക്കുന്നവരുടെ പെരുമ്പറകളാകാം. “എന്നാല്‍ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി വാദിക്കുന്ന പരിശുദ്ധാത്മാവിന്‍റെ” ശബ്ദമാകണമെന്നില്ല.

ഈ വരുന്ന ശുബ്ക്കോനോയില്‍ നാം പരസ്പരം നിലത്തു കുമ്പിട്ടു ക്ഷമായാചനം നടത്തുകയും ക്ഷമിക്കുകയും, സ്നേഹത്തിലും കരുതലിലും ഒരുമിച്ച് പോകാനുള്ള വഴികള്‍ തീക്ഷ്ണതയോടെ അന്വേഷിക്കുകയും ചെയ്താല്‍, ഒരു പക്ഷേ ദൈവം കരുണ ചെയ്തേക്കാം. നോമ്പും ഉപവാസവും ക്ഷമയും വ്യക്തികള്‍ക്ക് മാത്രമല്ല, സമൂഹത്തിനും ഒരുപോലെ അനുപേക്ഷണീയമാണ്. കാരണം സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ് പരസ്പര ക്ഷമയെയും അനുരഞ്ജനത്തെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അത് യേശുവിന്‍റെ സുവിശേഷത്തിന്‍റെ മാര്‍ഗ്ഗവും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ മിശിഹാ തമ്പുരാന്‍റെ മനസ്സുമാണ്. അത് വേണ്ട എന്ന് വയ്ക്കാന്‍ ക്രിസ്ത്യാനികളായ നമുക്ക് കഴിയുമോ?
സഭ നമ്മുടെ അമ്മയാണ്. ആ അമ്മ നമ്മെ ഒരുമിച്ച് പ്രാര്‍ത്ഥനയിലേക്കും അനുതാപത്തിലേക്കും വിളിക്കുന്നു എന്നാണ് നാം ആരാധനയില്‍ പാടുന്നത്. തന്‍റെ നാഥനായ ക്രിസ്തുവിന്‍റെ വെളിച്ചത്തിലേക്കാണ് ആ അമ്മ നമ്മെ ക്ഷണിക്കുന്നത്. ആ അമ്മയെ ഭ്രാന്തി എന്ന് വിളിപ്പിക്കാന്‍ നാം ഇടംകൊടുക്കരുത്. സമൂഹത്തില്‍ ആ അമ്മയെ കരിവാരിത്തേക്കാന്‍ കാത്തിരിക്കുന്നവരുണ്ടാവാം. നമ്മുടെ കുറ്റങ്ങളുടെയും തെറ്റുകളുടെയും ഭാരമെല്ലാം ഏറ്റുവാങ്ങുന്ന കര്‍ത്താവിന്‍റെ ശരീരമായ സഭയും ചിലപ്പോള്‍ ദുഃഖമെല്ലാം സഹിച്ച് നമ്മെ പെറ്റു വളര്‍ത്തി ബാഹ്യമായിട്ടെങ്കിലും ഭ്രാന്തമായ അവസ്ഥയില്‍ കാണപ്പെട്ടേക്കാം. ഈ ശുബ്ക്കോനോ തെളിമയിലേക്കും നന്മയുടെ വെളിച്ചത്തിലേക്കും അനുരഞ്ജനത്തിന്‍റെ സൗന്ദര്യത്തിലേക്കും പ്രവേശിക്കാനുള്ള വാതിലാവട്ടെ.

കുറിപ്പ്: കഴിഞ്ഞ ദിവസം വായിച്ച ഒരു കവിതാ ശകലം ഇങ്ങനെ:

ഭ്രാന്തി

“കമ്പി മാത്രമുള്ള കുടയുമായ്
ഒരുത്തി പോകുന്നുണ്ട്.
മുഴുവട്ടെന്ന് ചിലരൊക്കെ.
ഒത്തിരി പെറ്റവളാണത്രേ.
പോറ്റിയ കഥകള്‍ കേട്ടാലോ,
അമ്മേയെന്ന് വിളിക്കാന്‍ തോന്നും.”

(വെശന്നും വെഷമിച്ചും, സിബു മോടയില്‍)