തോട്ടപ്പുഴ : പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ അര നൂറ്റാണ്ടു മുന്‍പ് സ്ഥാപിതമായ തോട്ടപ്പുഴ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കും.
ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാതൃഇടവകയായ തോട്ടഭാഗം കവിയൂര്‍ സ്ലീബാ പള്ളിയില്‍ നിന്ന് സുവര്‍ണ ജൂബിലി ദീപശിഖാ പ്രയാണവും 4ന് നെല്ലാട് കവലയില്‍ നിന്ന് പള്ളിയിലേക്ക് ദീപശിഖ സ്വീകരണ ഘോഷയാത്രയും ഉണ്ടായിരിക്കും.
9 ഞായറാഴ്ച രാവിലെ 7ന് പ്രഭാതനമസ്കാരവും 8ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും നടക്കും. 11ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ-ചികിത്സാ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആന്‍റോ ആന്‍റണി എംപിയും വീണാ ജോര്‍ജ് എംഎല്‍എയും നിര്‍വഹിക്കും. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനസൂയാ ദേവി, ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം കാരയ്ക്കല്‍, വള്ളംകുളം സെന്‍റ് ലൂക്ക്സ് മാര്‍തോമ്മാ പള്ളി വികാരി റവ. സാബു കോശി, തോട്ടപ്പുഴ സെന്‍റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി ഫാ. ജോര്‍ജ് സണ്ണി എന്നിവര്‍ പ്രസംഗിക്കും.
തോട്ടഭാഗം കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗങ്ങളായ സ്ഥലവാസികള്‍ 1904ല്‍ സ്ഥാപിച്ച എംജിഎം സണ്‍ഡേസ്കൂളും 1950ല്‍ ആരംഭിച്ച കണ്‍വന്‍ഷനും 1965ല്‍ സ്ഥാപിച്ച കുരിശടിയുമാണ് ഇടവക സ്ഥാപനത്തിലേക്ക് നയിച്ചത്. നിരണം ഭദ്രാസനാധിപന്‍ തോമ്മാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ 1971 ഫെബ്രുവരി 7-ന് തോട്ടപ്പുഴ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു. 33 ഭവനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഇടവകയുടെ പ്രഥമ വികാരി തേവര്‍വേലില്‍ അലക്സാണ്ടര്‍ മാത്യൂസ് കോറെപ്പിസ്കോപ്പായാണ്. 1996ല്‍ ഇടവക രജത ജൂബിലിയും 2004ല്‍ സണ്‍ഡേസ്കൂള്‍ ശതാബ്ദിയും ആഘോഷിച്ചു. പുനര്‍നിര്‍മ്മിച്ച പള്ളിയുടെ കൂദാശ 1998 ഫെബ്രുവരി 7-ന് നിര്‍വഹിച്ചു. 1985ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ ചേര്‍ത്ത ഇടവകയില്‍ ഇപ്പോള്‍ 240 ഭവനങ്ങളുണ്ട്. ഇടവകാംഗങ്ങളായി 9 വൈദികരും ഒരു വൈദിക വിദ്യാര്‍ത്ഥിയുമുണ്ട്.
ഫാ. ഫിലിപ്പ് ജേക്കബ് മൂലമണ്ണില്‍ (വികാരി), റോയി ചാണ്ടപ്പിള്ള (ജനറല്‍ കണ്‍വീനര്‍), കെ.വി. വര്‍ഗീസ് (ജോയ്ന്‍റ് ജനറല്‍ കണ്‍വീനര്‍), ടി.ഒ. വര്‍ഗീസ് (ട്രസ്റ്റി), മത്തായി വര്‍ഗീസ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഇടവകയുമായി ബന്ധമുള്ള വൈദികരെയും മുന്‍ ഭാരവാഹികളെയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിക്കും. കുടുംബസംഗമം, പരിസ്ഥിതി – കാര്‍ഷിക ദിനാചരണങ്ങള്‍, സെമിനാറുകള്‍, പ്രാര്‍ത്ഥനാ യോഗ ദിനാഘോഷം, തീര്‍ത്ഥാടനം, അഖില മലങ്കര മത്സരങ്ങള്‍, വിദ്യാഭ്യാസ-ചികിത്സാസഹായം, ജൂബിലി സ്മാരക നിര്‍മ്മാണം, സ്മരണിക പ്രകാശനം തുടങ്ങിയ പരിപാടികളും നടത്തുമെന്ന് കണ്‍വീനര്‍മാരായ വര്‍ഗീസ് ഫിലിപ്പ്, തോമസ് പി രാജന്‍ എന്നിവര്‍ അറിയിച്ചു.
പെരുന്നാളും കണ്‍വന്‍ഷനും 2 മുതല്‍
തോട്ടപ്പുഴ : മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കണ്‍വന്‍ഷനും പ്രതിഷ്ഠാ പെരുന്നാളും സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനവും 2020 ഫെബ്രുവരി 2 മുതല്‍ 16 വരെ നടക്കും.
ഫെബ്രുവരി 2 ഞായറാഴ്ച വി. കുര്‍ബാനയ്ക്കു ശേഷം 10.30ന് പെരുന്നാള്‍ കൊടിയേറ്റ്. 4, 5, 6 തീയതികളില്‍ വൈകുന്നേരം 7ന് ഫാ. മോഹന്‍ ജോസഫ്, ഫാ. ഡോ. കുര്യന്‍ ദാനിയേല്‍, മെര്‍ലിന്‍ ബിജു ടി. മാത്യു എന്നിവരുടെ വചനശുശ്രൂഷ. 6, 7 തീയതികളില്‍ രാവിലെ 7ന് വി. കുര്‍ബാനയും വൈകുന്നേരം 7ന് കുന്നത്തറയില്‍ കെ.കെ. നൈനാന്‍റെ ഭവനത്തില്‍ നിന്ന് പള്ളിയിലേക്ക് റാസയും ഉണ്ടായിരിക്കും.
പെരുന്നാള്‍ ദിനമായ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 7ന് പ്രഭാതനമസ്കാരവും 8ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും.
ഉച്ചയ്ക്ക് 3ന് സുവര്‍ണ ജൂബിലി ദീപശിഖാ പ്രയാണവും 4ന്സ്വീകരണ ഘോഷയാത്രയും. 9 ഞായറാഴ്ച രാവിലെ 8ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും 11ന് സുവര്‍ണ ജൂബിലി ഉദ്ഘാടനവും നടക്കും.
ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 7ന് പ്രഭാതനമസ്കാരവും 8ന് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും നടക്കും. 9.30ന് ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും 12.30ന് പെരുന്നാള്‍ കൊടിയിറക്കും നടക്കും.