1. പശ്ചാത്തലം:
റോമൻ കത്തോലിക്കാ സഭ അഞ്ചാം നൂറ്റാണ്ടിൽ പോപ്പ് ലിയോ ഒന്നാമനോടുകൂടി രൂപം കൊടുത്ത ഒരു അബദ്ധോപദേശമാണ് ആകമാന സഭ (universal church) എന്ന ആശയം. ഇത് നിഖ്യാ വിശ്വാസ പ്രമാണത്തിലെ “കാതോലികം” എന്നതിന് വിരുദ്ധമായ പഠിപ്പിക്കലായിരുന്നു. കാരണം, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തോലന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ശ്ലീഹായുടെ പിൻഗാമിയാണ് റോമിലെ ബിഷപ്പ് എന്നും, അദ്ദേഹം ലോകത്തിലുള്ള എല്ലാ പ്രാദേശിക ക്രിസ്തീയ സഭകളുടേയും ആകെത്തുകയായ ‘ആകമാന സഭ’ (universal church) യുടെ ‘ആകമാന ഇടയനാ’ (universal pastor) ണെന്നുമുള്ള വാദഗതിയുമായിട്ടാണ് മുന്നോട്ട് വന്നത്. അന്ത്യോക്യൻ സുറിയാനി സഭ ഉൾപ്പടെയുള്ള പൗരസ്ത്യ സഭകൾ അന്നുമുതൽ എക്കാലവും ഈ വാദഗതി വേദവിപരീതമായി കണക്കാക്കി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നാൽ, റോമൻ കത്തോലിക്കാ സഭയോട് റീത്തുകളായി ചേർന്നിട്ടുള്ള പൗരസ്ത്യർ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി ഇത് അംഗീകരിക്കുന്നുമുണ്ട്.
2. പാത്രിയർക്കീസിന്റെ അവകാശവാദം:
പരിശുദ്ധ ഇഗ്നാത്തിയോസ് സാക്ക ഇവാസ് പ്രഥമൻ പാത്രിയർക്കീസിന്റെ കാലത്താണ്, മേൽപ്പറഞ്ഞ റോമൻ കത്തോലിക്ക വേദശാസ്ത്ര വ്യാഖ്യാനത്തിന്റെ ചുവടുപിടിച്ച് പത്രോസിന്റെ ‘ആകമാന സുറിയാനി സഭ’ (universal Syrian Church) എന്ന പുതിയ വാദഗതി സിറിയൻ ഓർത്തഡോക്സ് സഭ രൂപപ്പെടുത്തുന്നത്. ഇത് ഓർത്തഡോക്സ് സഭകളുടെ വേദശസ്ത്രത്തിനോ സഭാവിജ്ഞാനിയത്തിനോ പാരമ്പര്യത്തിനോ യോജിക്കാത്തതിനാൽ ലോകത്തിലുള്ള ഒരു ഓർത്തഡോക്സ് സഭയും ഇതിനെ അനുകൂലിക്കുന്നില്ല. തികച്ചും വേദവിപരീതമാണ് ഈ വാദഗതി.
3. മലങ്കര സഭയുടെ ഭരണഘടന എന്തു പറയുന്നു?
മലങ്കര സഭയുടെ ഭരണഘടനയിൽ (1934 ലെ) “ആകമാന സുറിയാനി സഭ (universal Syrian Church)യെന്നോ, “പരമാദ്ധ്യക്ഷൻ” (supreme head) എന്നോ ഉള്ള വാക്കുകളില്ല. ഭരണഘടനയുടെ വകുപ്പ് 108 ൽ പറയുന്ന “ആകമാന സുന്നഹദോസ്” (Ecumenical Synod) എന്ന വാക്കുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത്, വിശ്വാസകാര്യങ്ങളെ ഭേദപ്പെടുത്തുവാനുള്ള അവസാന തീരുമാനം നിഖ്യ (എ ഡി 325), കുസ്തന്തീനോസ് (എ ഡി 381), എഫേസൂസ് (എ ഡി 431) എന്നീ സുന്നഹദോസുകളിലേതുപോലെ, വിശ്വാസ ഐക്യത്തിലുള്ള സഭകളുടെ സംയോജിച്ചുള്ള സുന്നഹദോസിനെ സംബന്ധിച്ചുള്ളതാണ്. അല്ലാതെ മലങ്കര സഭയ്ക്ക് യാതൊരു പ്രാതിനിധ്യമില്ലാത്ത സിറിയൻ ഓർത്തഡോക്സ് സഭയുടെ “ആകമാന” സുന്നഹദോസ് അല്ല എന്ന് ഇത്തരുണത്തിൽ മനസ്സിലാക്കുക.
4. കിഴക്ക് ഒക്കെയുടേയും എന്ന വാദം:
സിറിയൻ പാത്രിയർക്കീസുമാരുടെ പഴയ കൽപ്പനയിൽ ഈയൊരു ഭാഗം ഇല്ലായിരുന്നു എന്നുള്ള യാഥാർത്ഥ്യം വിസ്മരിക്കരുത്. ഉദാഹരണത്തിന്, പാമ്പാക്കുട നമസ്ക്കാരം എന്നറിയപ്പെടുന്നതും കോനാട്ട് മാത്തൻ കോറെപ്പിസ്ക്കോപ്പ തയ്യാറാക്കിയതുമായ പ്രാർത്ഥനക്രമത്തിൽ ചേർത്തിരിക്കുന്ന പാത്രിയർക്കീസ് ബാവയുടെ കൽപ്പന. അതിൽ പത്രോസും ഇല്ല “കിഴക്ക് ഒക്കെയുടേയും” എന്നും ഇല്ല. ഇതെല്ലാം പിന്നീട് വന്ന പാത്രിയർക്കീസുമാർ കൂട്ടിച്ചേർത്തതാണ്.
ഇനി കിഴക്ക് ഒക്കെയുടേയും എന്ന് സമ്മതിച്ചാൽ തന്നെ അതിൽ ഒരിക്കലും മലങ്കര സഭ ഉൾപ്പെട്ടിരുന്നില്ല. മലങ്കര ഉൾപ്പെട്ടിരുന്നുവെങ്കിൽ സുറിയാനി സഭാ ചരിത്രം എഴുതിയ മിഖായേൽ റാബോ പാത്രിയർക്കീസ് നൽകുന്ന ലിസ്റ്റിലോ (പന്ത്രണ്ടാം നൂറ്റാണ്ട്) ബാർ എബ്രായ എഴുതിയ ചരിത്രത്തിലോ അന്ത്യോഖ്യൻ സഭയുടെ ഭാഗമായി മലങ്കര സഭ ഇല്ല. ഏതാണ്ട് ഏ ഡി ആറാം നൂറ്റാണ്ടുമുതൽ ഉള്ള സുറിയാനി സഭയുടെ ചരിത്രത്തിൽ ഒരിടത്തും മലങ്കര ഇല്ല. അതിനർത്ഥം മലങ്കര സഭ ഒരിക്കലും അന്ത്യോഖ്യൻ സുറിയാനി സഭയുടെ ഭാഗമായിരുന്നില്ല എന്നു തന്നെയാണ്.
മറ്റൊന്ന്, കിഴക്ക് ഒക്കെയും എന്നാൽ റോമാസാമ്രാജ്യത്തിനകത്തുള്ള ഭൂവിഭാഗമാണ്. കുസ്തന്തീനോസ് ചക്രവർത്തി റോമാ സാമ്രാജ്യം അദ്ദേഹത്തിന്റെ പുത്രന്മാർക്കായി വിഭാഗിച്ചപ്പോൾ അവരിൽ ഒരുവന് “അന്ത്യോക്യയും കിഴക്ക് ഒക്കെയും” (Antioch & All the East) കൊടുത്തതായി ചരിത്രത്തിൽ കാണുന്നുണ്ട്. അതിൽ നിന്ന് കടമെടുത്ത പ്രയോഗമാണ് ഇപ്പോൾ പാത്രിയർക്കീസ് ഉപയോഗിക്കുന്നത്. അതിൽ ഒരിക്കലും ഇന്ത്യ ഇല്ലായിരുന്നു പിന്നെയാ മലങ്കര സഭ.
പാത്രിയർക്കീസിന് സർവ്വതും അടിയറ വക്കാനുള്ള വ്യഗ്രതയിലും അതിലൂടെ ലഭിക്കുന്ന ചില ലാഭങ്ങൾക്കു വേണ്ടിയും സത്യത്തെ വികലമാക്കുകയാണ് എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക