അവതാരിക
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രാധികാരത്തോടെയാണ്. തീര്‍ച്ചയായും ദൈവവും സൃഷ്ടിയുമായുള്ള പങ്കാളിത്തവും കൂട്ടായ്മയും അടിസ്ഥാനമാക്കിയാണു ഈ സ്വാതന്ത്ര്യം അനുഭവിക്കുക. പക്ഷെ ഈ പങ്കാളിത്തവും കൂട്ടായ്മയും അടിമത്തപരമല്ലാ, മറിച്ച് പൂര്‍ണ്ണ വളര്‍ച്ചയിലേക്കുള്ള സഹായ ഘടകങ്ങളാണു. വളര്‍ച്ചയെ സഹായിക്കാത്ത ഏതൊരു ബന്ധവും അടിമത്തപരവും സ്വയം നിഷേധപരവുമാണ്.
എന്നാല്‍ ഏദന്‍ തോട്ടത്തിലെ സംഭവം കാണിക്കുന്നത് മനുഷ്യനില്‍ എങ്ങിനെയോ അടിമത്തത്തിലേക്ക് വഴുതി പോകാനുള്ള താല്‍പ്പര്യം ജനിക്കുന്നുണ്ട് എന്നാണ്. ദൈവവുമായി നേരിട്ടുള്ള കൂട്ടായ്മയില്‍ ദൈവം സൃഷ്ടിച്ചവക്ക് പേരു നല്‍കി സൃഷ്ടി കര്‍മ്മത്തിലെ പങ്കാളിത്തത്തിലൂടെ തങ്ങളുടെ വ്യക്തിത്വം കണ്ടെത്തിയ മനുഷ്യന്‍ പക്ഷെ സ്വയം പേരുനല്‍കി വിധേയപ്പെടുത്തിയ പാമ്പിന് വിധേയപ്പെട്ട് സ്വയം അടിമത്തം വരിച്ച ഏറ്റവും ദയനീയമായ അവസ്ഥയാണ് തോട്ടത്തില്‍ ഉണ്ടായത്
ഇതിനു സമാനമായ സാഹചര്യമാണു മലങ്കര സഭയിലും സംഭവിച്ചത്. സ്വതവേ തനത് ഭാവങ്ങല്‍ ഉണ്ടായിരുന്ന ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളെ 15, 16 നൂറ്റണ്ടുകളിലുണ്ടായ രാഷ്റ്റ്രീയ അടിമത്ത സാഹചര്യം പ്രയോജനപ്പെടുത്തി മതപരമായ അടിമത്തവും അടിച്ചേല്പ്പിക്കാന്‍ ശ്രമിച്ചു ലത്തീന്‍ സഭ. സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ അര നൂറ്റാണ്ടോളം മലങ്കര സഭ അതിനു വിധേയപ്പെടേണ്ടി വന്നു എങ്കിലും മനുഷ്യനില്‍ ദൈവദത്തമായി രൂഢമൂലമായിരിക്കുന്ന സ്വാതന്ത്ര്യേഛയുടെ പിന്‍ബലത്താല്‍ അതില്‍ നിന്നു മുക്തമാകാന്‍ ശ്രമമുണ്ടായി. ആ ശ്രമത്തില്‍ തുണയാകുവാന്‍ വിശ്വാസത്തില്‍ വര്‍ദ്ധിച്ച രൂപത്തില്‍ സധര്‍മ്മ്യമുള്ള പൗരസ്ത്യ ദേശത്തുള്ള സഭകളുടെ സഹായം മലങ്കര സഭ തേടുകയുണ്ടായി. ഈ അപേക്ഷയോട് പ്രതികരിച്ചത് അന്ത്യോഖ്യയിലെ പാത്രിയര്‍ക്കാ സിംഹാസനമാണ്. തനതായ ചരിത്രവും ആരാധനാ ശൈലിയുമുള്ള അന്ത്യോഖ്യന്‍ സഭയുടെ തുണ റോമന്‍ അടിമത്തത്തില്‍ നിന്നും സ്വതന്ത്രമാകുവാന്‍ മലങ്കര സഭയെ സഹായിച്ചു. എന്നാല്‍ തുടക്കത്തില്‍ സഹായം ആയിരുന്നു എങ്കിലും കാലഗതിയില്‍ മറ്റൊരു നുകത്തിനു കീഴിലേക്ക് സഭയെ നയിക്കാന്‍ അത് കാരണമായി, ഇതിനു നാട്ടുകാരെയാണു കൂടുതലും കുട്ടം പറയേണ്ടതു എങ്കിലും.
അന്ത്യോഖ്യന്‍ ആരാധനാ പാരമ്പര്യത്തില്‍ ആകൃഷ്ടമായ മലങ്കര സഭ അതു ഇവിടെ നടപ്പാക്കി എങ്കിലും ഭരണപരമായ മേല്‍കോയ്മ അതോടൊപ്പം വരും എന്ന് പ്രതീക്ഷിച്ചിരിക്കില്ല. പക്ഷെ ഇവിടുള്ള ചിലര്‍ അതും ആഗ്രഹിച്ചു, അന്ത്യോഖ്യന്‍ നേതൃത്വം അതു സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ മലങ്കര സഭയില്‍ ഉണ്ടായ ധ്രൂവീകരണം നൂറ്റാണ്ട് നീണ്ടുനിന്ന വ്യവഹാരത്തിലേക്കാണ് സഭയെ നയിച്ചത്. സ്വത്വാവബോധത്തോടെയും യാഥാര്‍ഥ്യ ചിന്തയോടെയും സ്വാതന്ത്ര്യേഛയോടെയും മാറിയ സാഹചര്യത്തെ സമീപിക്കുന്നതിനു പകരം സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ അന്ത്യോഖ്യന്‍ സഭയുടെ അമിതമായ അധികാരം മലങ്കരയില്‍ ഉണ്ടാകണം എന്ന് നിര്‍ബ്ബന്ധം പിടിച്ചു. പങ്കാളിത്തത്തില്‍ നിന്നും അടിമത്തത്തിലേക്ക് നയിക്കുന്ന പ്രവണതയാണിത് എന്ന് ബഹു ഭൂരിപക്ഷം വിലയിരുത്തി. അപ്പോഴും അന്ത്യോഖ്യയുടെ ആത്മീയ നേതൃത്വം ഇവിടെ ആരും എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ്മാരുടെയും ഭാരതത്തിന്‍റെയും രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലങ്ങളിലെ വ്യത്യാസം ഏറെ സ്വാധീനമുള്ളവയായി കാണേണ്ടതാണ്. പാത്രിയര്‍ക്കാ ആസ്ഥാനങ്ങളായിരുന്ന ടര്‍ക്കി, സിറിയ, ലബനോന്‍ എന്നിവിടങ്ങളിലെല്ലാം സമൂഹത്തില്‍ ഗോത്ര ശൈലി ആണു നിലവിലിരുന്നത്. ടര്‍ക്കിയില്‍ പാത്രിയര്‍ക്കീസډാരുടെ തെരഞ്ഞെടുപ്പ്, വാഴ്ച, ഭരണം എന്നിവയിലെല്ലാം ഗോത്ര ശൈലി നിഴലിച്ചിരുന്നു എന്ന് മാത്രമല്ല രാഷ്ട്രത്തിന്‍റെ ശക്തമായ നിയന്ത്രണവും ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ട് വാഴിക്കപ്പെട്ടാല്‍പോലും തുര്‍ക്കി സുല്‍ത്താന്‍ നല്‍കുന്ന അധികാരപത്രം ആവശ്യമായിരുന്നു സഭാ ശുശ്രൂഷ നിര്‍വ്വഹിക്കാന്‍. അധികാരപത്രം പിന്‍വലിക്കപ്പെട്ടാല്‍ ആത്മീയാധികാരവും നഷ്ടമാകുന്ന സ്ഥിതി ആയിരുന്നു എന്നതോടൊപ്പം അവര്‍ക്ക് പട്ടത്വമില്ല എന്നു വ്യാഖ്യാനിക്കുന്ന സ്ഥിതിതന്നെ ഉണ്ടായിരുന്നു. ഭാരതമാകട്ടെ വൈദേശിക മേല്‍ കോയ്മയില്‍ നിന്നും മുക്തി പ്രാപിക്കാന്‍ ത്രസിച്ചുകൊണ്ടിരുന്ന ഒരു സമൂഹവുമായിരുന്നു. ആ സമൂഹത്തില്‍ തന്നെ റോമന്‍ നുകത്തിന്‍റെ കീഴില്‍ നിന്നും മോചനം നേടി സ്വതന്ത്രേശ്ചയില്‍ വളര്‍ന്നുവന്ന ഒരു സഭയും. ഗോത്രപിതാവായ പാത്രിയര്‍ക്കീസ് പറയുന്നതെല്ലാം ദൈവീക കല്പന പോലെ അംഗീകരിക്കണം എന്ന് പാത്രിയര്‍ക്കീസ് നിര്‍ബ്ബന്ധിച്ചപ്പോള്‍ അതു വേദ വാക്യമായി സ്വീകരിക്കണം എന്ന് ഇവിടെ കുറെ ആളുകളും നിര്‍ബ്ബന്ധിക്കാന്‍ മുതിര്‍്ന്നു. എന്നാല്‍ ഇതപ്പടി വിഴുങ്ങാന്‍ മറ്റുള്ളവര്‍ തയ്യാറായില്ല. ഈ നിലപാടുകള്‍ വിവിധ രൂപത്തില്‍ കോടതി വ്യവഹാരങ്ങളായി രൂപാന്തരപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണു ഇവിടത്തെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, അധികാര-നേതൃത്വ കേന്ദ്രങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാകണം എന്ന ചിന്ത ഉണ്ടായത്. ഇതിന്‍റെ പരിണിതഫലമായി ഉരുതിരിഞ്ഞതാണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1934 ഡിസംബര്‍ 26 നു പാസാക്കിയ ഭരണഘടന. ഇപ്രകാരം ഒന്ന് ഉണ്ടാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മൂന്ന് അഭിപ്രായ ശ്രേണികളാണ് ഈ വിഷയത്തില്‍ ഉണ്ടായത്. അങ്ങിനെ ഒന്നിന്‍റെ ആവശ്യമേ ഇല്ല എന്ന് ചിന്തിക്കുന്നവര്‍. തങ്ങളെ പിടിച്ചുകെട്ടാനുള്ള ആയുധമാണു ഇത് എന്ന് ചിന്തിച്ചവരാണിവര്‍. ഇക്കാലത്തും ഇത്തരം ചിന്താഗതി ഉള്ളവര്‍ സഭയിലും സമൂഹത്തിലും ധാരാളമുണ്ട്. വളയമില്ലാതെ ചാടുന്നതില്‍ ഉത്സുകരായ ഇത്തരക്കാര്‍ നിലനില്പ്പ് അപകടത്തിലായേക്കാം എന്നതുകൊണ്ട് മാത്രമാണു 2002 ല്‍ ഒരു ഭരണഘടന ഉണ്ടാക്കിയത്. എങ്കില്‍ പോലും കാര്യങ്ങള്‍ അതനുസരിച്ചല്ല നടന്നുപോന്നത് എന്ന് അതിനുശേഷമുള്ള അത്തരക്കാരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. രണ്ടാമത്തെ വിഭാഗം എപ്പിസ്ക്കോപ്പസിയില്‍ വര്‍ദ്ധിതാധികാരം ഉണ്ടായിരിക്കണം എന്ന് താല്‍പ്പര്യപ്പെടുന്നു. ‘മനുഷ്യാത്മാക്കളുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന എപ്പിസ്ക്കോപ്പാക്ക് മനുഷ്യന്‍റെ മറ്റു കാര്യങ്ങളിലും കാര്യവിചാരകത്വമാകാം’ എന്ന് നിര്‍ദ്ദേശിക്കുന്ന ഹൂദായ കാനോന്‍ ഉദ്ധരണി ഇവിടെ പരാമര്‍ശിക്കപ്പെടാം. മൂന്നാമത്തെ വിഭാഗം അതല്ല, തികച്ചും അല്‍മായര്‍ക്കായിരിക്കണം അധികാരത്തില്‍ മുന്‍തൂക്കം എന്ന് ചിന്തിക്കുന്നു. ഇത് ജനായത്ത രാജ്യമായിരിക്കണം, അവിടെ മതകാര്യങ്ങളിലും ജനത്തിനായിരിക്കണം സ്വയം നിര്‍ണ്ണയാവകാശം എന്നാണവര്‍ വാദിക്കുക. രണ്ടും മൂന്നും വിഭാഗങ്ങളുടെ പരസ്പര ധാരണപ്രകാരം വ്യക്തമായ അതിര്‍വരമ്പുകള്‍ രണ്ടിനും നല്‍കിക്കൊണ്ട് രൂപീകരിക്കപ്പെട്ടതാണു 1934 ലെ ഭരണഘടന.
ഈ ഭരണഘടന പാസാക്കപ്പെടുകയും വിവിധ സന്ദര്‍ഭങ്ങളില്‍ സ്വയമായോ നിര്‍ബ്ബന്ധത്താലോ അതംഗീകരിക്കപ്പെടുകയും ചെയ്തു എങ്കിലും അതിന്‍റെ സ്വാധീനവും അംഗീകാരതയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, ഇന്നും ചോദ്യം ചെയ്യപ്പെടുന്നു. ഭാരതത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ഉണ്ടായിട്ടും ഇതിന്‍റെ സാധുതയും സ്വാധീനവും സംബന്ധിച്ച് വളരെ നിഷേധപരമാണു ചിലരുടെ സമീപനം. ശുദ്ധാത്മാക്കളായ ആളുകള്‍ ഈ നിഷേധികളുടെ വാക്ധോരണിയില്‍ ചിന്താക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണു ശ്രീ. ഡെറിന്‍ രാജുവിന്‍റെ “മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍” എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്. മലങ്കര സഭയുടെ അഭിമാന സ്തംഭംങ്ങളില്‍ ഒന്നായ 1934 ലെ ഭരണഘടനയുടെ ഉത്ഭവം പരിണാമദശകള്‍, സ്വാധീനം, അതുസംബന്ധിച്ചുള്ള കോടതി ഉത്തരവുകള്‍, ഈ വിഷയം പഠിച്ചിട്ടുള്ളവരുടെ ലേഖനങ്ങള്‍, അനുബന്ധ രേഖകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥം ഈ വിഷയത്തിലെ ഒരു പാഠപുസ്തകമായി കണക്കാക്കാവുന്നതാണ്. സ്വയം ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായ ഗ്രന്ഥകര്‍ത്താവ് തികച്ചും ശാസ്ത്രീയമായ സമീപനം വിഷയത്തോട് പുലര്‍ത്തിയിട്ടുണ്ട്. സംഗതമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും ബോധ്യപ്പെടുന്ന ഉത്തരങ്ങള്‍ കണ്ടെത്താനും ഇദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അത് ഈ ഗ്രന്ഥത്തിന്‍റെ പ്രത്യേകതയാണു. മലങ്കര സഭയെക്കുറിച്ചും, അതിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചും, സ്വാതന്ത്ര്യം നിലനിര്‍ത്താനാവശ്യമായ ഭരണനിര്‍വ്വഹണ ശൈലിയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്ന വട്ടശ്ശേരില്‍ പരിശുദ്ധ ഗീവറുഗ്ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനി, ശ്രീ ഓ. എം. ചെറിയാന്‍ (അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍) എന്നിവരുടെ ചിന്തകളെ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവിനായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഭരണഘടനാ നക്കലില്‍ കാണുന്ന സഭാഭരണത്തിലെ വികേന്ദ്രീകൃത സ്വഭാവം മറ്റ് പ്രത്യേക താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയൊന്നും നമുക്ക് പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഖേദത്തോടെയേ കാണാന്‍ കഴിയൂ. ആത്മീയ ശുശ്രൂഷകളെ വിലനിലവാരത്തില്‍ പെടുത്തരുത് എന്ന പ. പിതാവിന്‍റെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാന്‍ ഇന്നും നമുക്കായിട്ടില്ല. മിഷന്‍ വേലയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധയും ഉത്സാഹവും വേണ്ടത്ര പങ്കിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് കുറ്റബോധത്തോടെ ഓര്‍ക്കാനും പ്രായോഗികമായി പ്രാവര്‍ത്തികമാക്കാനും ഈ ഗ്രന്ഥം സഹായിക്കും. ഭ്രരണഘടനാ സൃഷ്ടിക്ക് മുന്നോടിയായി അവതരിപ്പിക്കപ്പെട്ട രണ്ട് നിര്‍ദ്ദേശങ്ങളുടെ ശ്രീ ഡറിന്‍ രാജു നടത്തുന്ന താരതമ്യ പഠനം വിലയേറിയതാണ്.
മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണം, പഠനം, വിലയിരുത്തല്‍ എന്നിവ ഈ ഗ്രന്ഥത്തിന്‍റെ പിന്നിലുണ്ട്. അത് ആദരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണ്. പരാമര്‍ശ വിഷയത്തിലെ ഏറ്റവും പുതിയ ചോദ്യങ്ങള്‍ വരെ ഈ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ ഇടം നേടിയിട്ടുണ്ട് എന്നത് പ്രത്യേകതയാണ്. ഈ ഗ്രന്ഥം മലങ്കര സഭയുടെ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, പ്രത്യേകിച്ച് ഇപ്പോഴത്തെ ബ. കോടതി വിധികളുടെ വിശദാംശങ്ങള്‍, തെരുവിലുണ്ടാകുന്ന തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍, ഓര്‍ത്തഡോക്സ് സഭയുടെ ശരിയായ നിലപാടുകള്‍ ഒക്കെ അറിയാന്‍ ആഗ്രഹിക്കുന്ന നിഷപക്ഷമതിയായ ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്ന അമൂല്യമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത് എന്ന് ഞാന്‍ നിസ്സംശയം പറയും.
ഈ ഗ്രന്ഥം അനുവാചക ലോകത്ത് അവതരിപ്പിക്കാന്‍ എന്നെ ക്ഷണിച്ച ഗ്രന്ഥകര്‍ത്താവിനും പ്രസാദകര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് തികഞ്ഞ സന്തോഷത്തോടെ ഈ ഗ്രന്ഥം സത്യാന്വോഷികളായ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു.
ഓര്‍ത്തഡോക്സ് ബിഷപ്സ് ഹൗസ്, മണ്ണുത്തി
പരി. യല്‍ദോ മോര്‍ ബസേലിയോസ് സ്മരണദിനം.