മലങ്കരസഭയും സിലോണിലെ ബോണാ മോർട്ടേ ദേവാലയവും

മലങ്കര സഭയുടെ “സ്വതന്ത്ര കത്തോലിക്കാ മിഷൻ” ചരിത്രത്തിൽ വളരെ പ്രാധാനും അർഹിക്കുന്ന ദേവാലയമാണ് ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന “ഔവർ ലേഡി ഓഫ് ഗുഡ് ഡെത്ത് ചർച്ച് സിലോൺ (ബോണാ മോർട്ടെ ചർച്ച് )” എന്നാൽ വേണ്ട വിധത്തിൽ ഈ ദേവാലയം സംരക്ഷിക്കുവാൻ മലങ്കര സഭയ്ക്ക് കഴിയാതെ പോയി എന്നത് ഒരു ദുഖകരമായ വസ്തുതയാണ്.

മലങ്കരസഭയിൽ അൽവാറിസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ നേതൃത്വം കൊടുത്തിരുന്ന “സ്വതന്ത്ര കത്തോലിക്കാ മിഷൻ” അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് സിലോണിലെ ഈ ദേവാലയത്തിൽ നിന്നായിരുന്നു. എന്നാൽ ആഭ്യന്തര യുദ്ധത്തിന്റെ ശേഷം അവിടെ സംജാതമായ സ്ഥിതി വിശേഷങ്ങളുടെ ഫലമായി ഈ ദേവാലയം സ്വതന്ത്ര കത്തോലിക്കാ മിഷൻ പ്രവർത്തകർക്ക് വീണ്ടെടുക്കുവാൻ സാധിച്ചില്ല. ക്രമേണ മിഷൻ പ്രവർത്തനങ്ങൾ ദുർബലമാവുകയും മലങ്കര സഭയ്ക്ക് ഈ ദേവാലയം എന്നേയ്ക്കുമായി നഷ്ടപ്പെടുകയും ചെയ്തു.

2014 കാലയളവിൽ OCP- MARP ന്റെ ചുമതലക്കാരനായ ഡോ. അജേഷ് ടി ഫിലിപ്പിന്റെ പ്രത്യേക താല്പര്യപ്രകാരം സിലോണിൽ ദീർഘകാലം നടത്തിയ അന്വേഷണങ്ങൾ, മാർ അൽവാറീസ് യൂലിയോസിൻ്റെ നഷ്ടപ്പെട്ടുപോയ കത്തീഡ്രൽ ദേവാലയം കൊളംബോയിൽ ഉള്ള “ഔവർ ലേഡി ഓഫ് ഗുഡ് ഡെത്ത് കത്തീഡ്രൽ ( ബോണാ മോർട്ടേ ചർച്ച് ) ” ആണെന്ന് തിരിച്ചറിയുന്നതിന് സാധിച്ചു. സിലോണിൽ ഇതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും ശ്രീ അജേഷിനും സംഘത്തിനും ലഭ്യമാക്കിയത് മുഹമ്മദ് നിഹർദീനും, അർഫാൻ ഖാനും ചേർന്നാണ്.

1847 ൽ പോർച്ചുഗീസ് മിഷണറിമാരാണ് ഈ ദേവാലയം നിർമ്മിച്ചത്. കത്തോലിക്കാ മിഷനിൽ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നം കാരണം 1850 ൽ ഈ ദേവാലയം സ്വതന്ത കത്തോലിക്കാ മിഷന്റെ കീഴിലായി.
1886 ൽ സ്വതന്ത്ര കത്തോലിക്കാ മിഷൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോട് സംയോജിപ്പിച്ചതിനെ തുടർന്ന് ഈ ദേവാലയം സ്വതത്ര കത്തോലിക്കാ മിഷന്റെ ആസ്ഥാനമായി പ്രഖ്യാപിച്ചു.
ഇതിന് നേതൃത്വം കൊടുത്തത് ഡോ. പി. എം. ലിസ്ബോ പിന്റോയും, ഫാ. അൽവാറിയോസും (അൽവാറിസ് മാർ യൂലിയോസ് ) ചേർന്നായിരുന്നു.

സ്വതന്ത്ര കത്തോലിക്കാ മിഷൻ പ്രവർത്തനങ്ങൾ അമേരിക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ കാത്തലിക്ക് റീത്ത് ഓഫ് അമേരിക്കയ്ക്ക് വേണ്ടി ഫാ റെനി വിലാത്തിയെ ബിഷപ്പായി വാഴിക്കുന്നതിന് തീരുമാനിച്ചു. അതനുസരിച്ച് 1891 ഡിസംബർ അവസാന വാരം ഫാ. റെനി വിലാത്തി കൊളംബോയിൽ എത്തിച്ചേർന്നു. അദ്ദേഹം 1892 ജനുവരി 1 ന് അർദ്ധരാത്രി ഈ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു.

മലങ്കര സഭയിൽ നിന്ന് കടവിൽ പൗലോസ് മാർ അത്തനാസ്യോസ്, ഗീവർഗീസ് മാർ ഗ്രീഗോറിയോസ് പരുമല, അൽവാറിസ് മാർ യൂലിയോസ് എന്നിവർ ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘം 1892 മെയ് 10 ന് കൊളംബോയിൽ എത്തിച്ചേർന്നു. ഇടവം 14ന് സ്വർഗാരോഹണപ്പെരുന്നാളിൽ ഫാ. റെനി വിലാത്തിക്ക് റമ്പാൻ സ്ഥാനം നൽകി. രണ്ട് ദിവസങ്ങൾക്ക് ശേഷം ഫാ. റെനി വിലാത്തിയെ, മാർ തീമൊത്തിയോസ് എന്ന പേരിൽ നോർത്ത് അമേരിക്കയുടെ ആർച്ച് ബിഷപ്പ് ആയി വാഴിച്ചു. ഏകദേശം 5000 ഓളം പേർ ഈ ചടങ്ങിൽ സംബന്ധിച്ചു. അതിനു ശേഷം നടന്ന ചടങ്ങിൽ
അമേരിക്കൻ കൗൺസിൽ എല്ലാ തിരുമേനിമാർക്കും ഓർഡർ ഓഫ് ദ് ക്രൗൺ ഓഫ് ത്രോൺ എന്ന ബഹുമതി നൽകി ആദരിച്ചു.

1892 ലെ മലങ്കര സഭയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്ന വാകത്താനത്ത് കാരുചിറ ഗീവർഗീസ് ശെമ്മാശന്റ കൊളംബ് യാത്രാവിവരണത്തിൽ ബോണാ മോർട്ടാ ദേവാലയത്തെ കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“………കൊളംബിലെ പള്ളീടെ വടക്ക് വശത്തു കൂടി വഴിയുള്ളതിനാൽ പള്ളി ഇരിക്കുന്നത് തെക്ക് വടക്ക് ആയിരുന്നു. ഇതിന്റെ മദ്ബഹായോട് ചേർന്ന് കിഴക്ക് പടിഞ്ഞാറായി താമസത്തിനുള്ള മുറിയും അതിന് തെക്ക് വശത്ത് കുശിനി മുറിയും കിഴക്ക് വശത്ത് കിണറും അതിന് പടിഞ്ഞാറ് വേറൊരു കെട്ടിടവും ഉണ്ട്. പള്ളിയകത്ത് ഇരുവശത്ത് തൂണ് നിറുത്തി ഉത്തരവും വച്ച് റാന്തൽ വശത്ത് ചുവരു കെട്ടി അടച്ച് ജനലുകളും വച്ച് വിസ്താരമുള്ളതും മുറിത്തട്ടും പടിഞ്ഞാറു വശത്ത് ഒരു മട്ടുപ്പാവും മദ്ബഹായ്ക്ക് തെക്ക് വടക്ക് …. ഒഴുകുവാര മുറികളും, പളളിക്കകത്ത് മുഴുവൻ കയറ്റ് പായും കസേറകളും ഉണ്ട്. ജനങ്ങൾ കൂടിയാൽ കസേരയിൽ ആണ് ഇരിക്കുന്നത്……..”

ഫാ. ലൂയിസ്, ഫാ ആൻറണി എന്നിവർ ഈ ദേവാലയത്തിന്റെ ആദ്യകാല വികാരിമാരായിരുന്നു.
ഫാ. ആന്റണിക്ക് ശേഷം ഫാ. എൽ. എം. സൊവാരിസ് 1895 മാർച്ച് വരെ വികാരിയായി സേവനം അനുഷ്ഠിച്ചു. അദ്ദേഹം തെക്കൻ തിരുവിതാംകൂറിലേക്ക് മാറിയതിന് ശേഷം ഫാ. ജോസഫ് ഡി മെല്ലോ ഇടവക വികാരിയായി ചുമതലയേറ്റു. അതിനു ശേഷം ഫാ കെ. ബി മാത്യൂസ് വികാരിയായി സേവനം അനുഷ്ഠിച്ചു. ഫാ. ജെ. ടി. എം. അൽവാറിസ് 1949 വരെ ഈ ദേവാലയത്തിന്റെ ചുമതല നിർവ്വഹിച്ചു. പ. ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവാ, അലക്സിയോസ് മാർ തെവോദോസേൃാസ് മെത്രാപ്പോലീത്ത എന്നിവർ 1937ൽ ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്. 1949 ന് ശേഷം മലങ്കര സഭയ്ക്ക് ഈ ദേവാലയമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെട്ടു.

ഇന്ന് ഈ ദേവാലയം സിലോണിലെ പ്രാദേശിക കത്തോലിക്കാ രൂപതയുടെ കീഴിലാണ്. എങ്കിലും MARPന്റെ ശ്രമഫലമായി 2015 ൽ മലങ്കര സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ ഈ ദേവാലയം സന്ദർശിക്കുകയും ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

റ്റിബിൻ ചാക്കോ തേവർവേലിൽ
22/09/2019

കടപ്പാട് :

ഡോ. അജേഷ് ടി ഫിലിപ്പ്
ജോർജ് അലക്സാണ്ടർ
Book :
Western Rites of Syriac-Malankara Orthodox Churches Part -1

കൊളംബ് യാത്രാ വിവരണം – കാരുചിറ ഗീവർഗീസ് ശെമ്മാശൻ

Website :

http://theorthodoxchurch.info/alvares/
http://theorthodoxchurch.info/blog/news/the-historic-cathedral-of-metropolitan-alvares-julius-in-colombo-rediscovered-by-ocp-marp-initiative/