കോലഞ്ചേരി:കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി 50 സുവർണ ജൂബിലി കാരുണ്യപ്രവർത്തന പദ്ധതികൾ തുടങ്ങുന്നു.
ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി അഞ്ചു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിർധനരായ നൂറ് രോഗികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ, ആയിരം പേർക്ക് സൗജന്യ തിമിരരോഗ ശസ്ത്രക്രിയ, പതിനായിരം വിദ്യാർഥികൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ആദിവാസി മേഖലകളിലും നാട്ടിലുമായി കാൻസർ നിർണയ ക്യാമ്പുകളും തിരഞ്ഞെടുക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് ആജീവനാന്തം സൗജന്യ നിരക്കിലുള്ള ചികിത്സ തുടങ്ങി അമ്പതോളം പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
ഇടുക്കി ജില്ലയിലെ ആദിവാസി കോളനികളിലെ ജനങ്ങൾക്ക് സൗജന്യ ചികിത്സയും രോഗ പ്രതിരോധത്തിനുള്ള ബോധവത്‌കരണവും സംഘടിപ്പിക്കാൻ നടപടികളായിട്ടുണ്ടെന്ന് ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് പറഞ്ഞു. കൂടാതെ, രോഗപ്രതിരോധ ബോധവത്‌കരണം കുടുംബശ്രീ അംഗങ്ങൾക്കും ഡ്രൈവർമാർക്കും നൽകും.
സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകളെയും ഉൾപ്പെടുത്തി മെഗാ മെഡിക്കൽ പ്രദർശനവും നടത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് വ്യക്തമാക്കി.
1970-ൽ 100 കിടക്കകളും ഒമ്പത് വിഭാഗങ്ങളിലായി 30 ജീവനക്കാരും രണ്ട് ഓപ്പറേഷൻ തിയേറ്ററുകളുമായി തുടങ്ങിയ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയായിരുന്നു അന്ന് കിഴക്കൻ മേഖലകളിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നത്.
എം. ചാക്കോ പിള്ളയുടെ നേതൃത്വത്തിലാണ് ആശുപത്രി സ്ഥാപിക്കുന്നതും വളരുന്നതും. ഇന്ന് 25 ഏക്കർ സ്ഥലത്ത് 1,600 ബെഡ്ഡുകളുള്ള ആശുപത്രിയും 200 ഡോക്ടർമാരും 1,700 ജീവനക്കാരുമുള്ള മെഡിക്കൽ കോളേജാശുപത്രിയായി മാറിയ വളർച്ചയ്ക്കു പിന്നിൽ കൂട്ടായ പ്രവർത്തനമാണെന്ന് ആശുപത്രി എച്ച്.ആർ. മാനേജർ ബിജോയ് കെ. തോമസ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പി.വി. തോമസ് എന്നിവർ വ്യക്തമാക്കി.
ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ :പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായശ്രീമതി കെ.കെ. ശൈലജ, പ്രൊഫ. സി. രവീന്ദ്രനാഥ്, ശ്രീ :ബെന്നി ബഹനാൻ എം.പി. എന്നിവർ വിവിധ പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമിടും.