കൗൺസിൽ ഓഫ് ഓർത്തഡോക്സ് ചർച്ചസ് കൺവൻഷന് ആത്മീയ ധന്യതയിൽ സമാപനം.
രാജൻ വാഴപ്പള്ളിൽ.
ന്യൂയോർക്ക് : ഫ്ലോറൽ പാർക്ക് ബെൽ റോസിലുള്ള ഔർ ലേഡി ഓഫ് സ്നോസ് ചർച്ച് ഹാളിൽ ഓഗസ്റ്റ് 23, 24, 25 തീയതികളിൽ നടന്ന കൗൺസിൽ ഓഫ് ഓർത്തഡോക്സ് ചർച്ചസ് കൺവൻഷൻ വിശ്വാസി സമൂഹത്തിന് ആത്മീയ ഉണർവ് നൽകിക്കൊണ്ട് പരിസമാപ്തിയായി.
മലങ്കര ഓർത്തഡോക്സ് സഭയുടെ വനിതാ സമാജം പ്രസിഡന്റും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുമായ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ത്രിദിന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രകാശ പുത്രനായ ദൈവ പുത്രന്റെ പ്രകാശം ആവാഹിച്ച് ലോകത്തിൽ പ്രദാനം ചെയ്യുവാൻ ഈ കൺവൻഷൻ മൂലം സാധ്യമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കൗൺസിൽ പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പാ മൂന്നു ദിവസങ്ങളിലും യോഗത്തിന് അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഓർത്തഡോക്സ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ ഫാ. ജോജി കെ. ജോയ് കൺവൻഷന് നേതൃത്വം നൽകി. ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസിന്റെ ആശംസകൾ ഫാ. ജോൺ തോമസ് സമാപന ദിവസം യോഗത്തിനു നൽകി.
ജോസഫ് പാപ്പൻ ഈണം പകർന്നു പഠിപ്പിച്ച മനോഹര ഗാനങ്ങൾ യോഗത്തിന് ആത്മീയ പരിവേഷം അണിയിച്ചു.വർഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പാ, പൗലോസ് ആദായി കോർ എപ്പിസ്കോപ്പാ, ഫാ. ഫിലിപ്പ് സി. ഏബ്രഹാം, ഫാ. ഏബ്രഹാം ഫിലിപ്പ്, ഫാ. ജോർജ് ചെറിയാൻ, ഫാ. ഗ്രീഗറി വറുഗീസ്, ഫാ. ജോർജ് മാത്യു, ഫാ. ജോൺ തോമസ് തുടങ്ങിയവർ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ക്വയർ കോ ഓർഡിനേറ്റേഴ്സായി ഫാ. ജോൺ തോമസ്, ജോളി ഏബ്രഹാം, ഗ്രേസി മോഹൻ എന്നിവർ പ്രവർത്തിച്ചു.സെക്രട്ടറി ജോസ് യോഹന്നാൻ സ്വാഗതവും ട്രഷറാർ ഫിലിപ്പോസ് ശമുവേൽ നന്ദിയും പറഞ്ഞു.
ശതാഭിഷേക വർഷത്തിലേക്ക് പ്രവേശിച്ച പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പായെ യ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ചടങ്ങിൽ ആദരിച്ചു. കൺവൻഷൻ ഹാളിൽ സ്വരൂപിച്ച 2000.00 ഡോളർ കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുവാൻ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായെ ഏല്പിച്ചു.
കൗൺസിൽ ഓഫ് ചർച്ചസിന്റെ കാതോലിക്കാ മംഗളഗാനത്തോടെയും മെത്രാപ്പോലീത്തായുടെ ആശീർവാദത്തോടെയും കൺവൻഷൻ സമാപിച്ചു.