ഫാ. വര്‍ഗീസ് വര്‍ഗീസിന് ഒരു മറുപടി / ഡെറിൻ രാജു വാകത്താനം

ഇക്കഴിഞ്ഞ മലങ്കര സഭാ മാസികയിൽ (2019 ജൂലൈ) വറുഗീസ് വറുഗീസ് അച്ചൻ എഴുതിയ ലേഖനത്തിലെ ഒരു പ്രസ്താവനയാണിത്. ”മേൽപ്പട്ടക്കാർ വാഴിക്കപ്പെടുമ്പോൾ അവർക്കു  നൽകുന്ന സ്താത്തിക്കോൻ അതു കൊണ്ടു തന്നെ പാത്രിയർക്കീസ് ഗീവറുഗീസ് മാർ ദീവന്നാസിയോസിനു നൽകിയതുമില്ല.” എന്നാൽ ഇത് ശരിയല്ല. വട്ടശേരിൽ തിരുമേനിക്ക് സ്താത്തിക്കോൻ അബ്ദുള്ള പാത്രിയർക്കീസ് നൽകിയിട്ടുണ്ട്; തിരുമേനി തന്നെ അത് പറഞ്ഞിട്ടുണ്ട്. അത് പൊതുവായി വായിച്ചിട്ടുമുണ്ട്. വട്ടിപ്പണക്കേസിൽ ദീർഘമായി ഇതുമായി ബന്ധപ്പെട്ടവ പരിഗണിച്ചതിനാൽ നിരവധി പ്രാവശ്യം വട്ടശേരിൽ തിരുമേനി തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതും ആ മൊഴികളിൽ നിന്നു തന്നെ നമുക്ക് ബോധ്യപ്പെടുന്നതുമാണ്.

സ്താത്തിക്കോൻ പൊതുവായി വായിച്ചിട്ടുണ്ട്

സ്ഥാനം പ്രാപിച്ച നവമെത്രാൻമാർ (മാർ ദീവന്നാസിയോസും മാർ കൂറീലോസും) അവരോടൊപ്പം സ്ഥാനം പ്രാപിച്ച സ്ളീബാ മാർ ഒസ്താത്തിയോസും മലങ്കരയിൽ എത്തിച്ചേർന്നു. ആലുവാ വിശ്രമത്തിനും എറണാകുളത്തെ സ്വീകരണത്തിനും ശേഷം നടന്ന സംഭവങ്ങൾ ഇസഡ്. എം. പാറേട്ട് മലങ്കര നസ്രാണികൾ നാലാം വാള്യത്തിൽ പറയുന്നുണ്ട്. ”കോട്ടയം ഇടവകക്കാരുടെ വക ബോട്ടുകൾ എറണാകുളത്ത് തയ്യാറായിരുന്നു. മെത്രാൻമാർ അതിൽ അവിടെ നിന്ന് തിരിച്ച് തണ്ണീർമുക്കത്ത് എത്തിയപ്പോൾ കുമരകം പള്ളി വകയായി ചുണ്ടൻ മുതലായി അനേകം കളിവള്ളങ്ങൾ ആഘോഷസമേതം അവിടെ എത്തി എതിരേറ്റു.. അവിടെ നിന്നു തിരുവാർപ്പു വഴി പഴയ സെമിനാരിയിലേക്കു മെത്രാൻമാരെ എതിരേറ്റു കൊണ്ടുപോയി…. പിന്നീട് പുതിയ മെത്രാൻമാരുടെ സ്ഥാത്തിക്കോൻ വായിച്ചു. (മലങ്കര നസ്രാണികൾ നാലാം വാള്യം: പേജ് 90)

ഈ സംഭവത്തെ പറ്റി വട്ടശേരിൽ തിരുമേനി വട്ടിപ്പണക്കേസിൽ നൽകിയ മൊഴിയിൽ പറയുന്നുമുണ്ട്. 1094 ചിങ്ങം 4-ാം തീയതിയിലെ മൊഴിയിൽ ഇങ്ങനെ കാണാം. ചോദ്യം: ആ മീറ്റിംഗിൽ നടന്നിട്ടുള്ള സംഗതിയും ഓർക്കുന്നില്ലെ? ഉത്തരം: എന്റെയും നാലാം പ്രതി കൂറീലോസിന്റെയും സ്താത്തിക്കോൻ അന്ന് ടി മീറ്റിംഗിൽ വായിക്കുകയുണ്ടായി…

ചോദ്യം: അവിടുത്തെ സ്താത്തിക്കോൻ എന്തിനാണ് വായിച്ചത്? ഉത്തരം: മലങ്കര സമുദായത്തിന്റെ അപേക്ഷയനുസരിച്ച് അയക്കപ്പെട്ട ആളുകൾക്ക് സ്ഥാനം കൊടുത്തയച്ചതിനാൽ പാത്രിക്കീസിനു നന്ദി പറയുന്നതായി ഒരു വാചകം അന്നത്തെ നിശ്ചയത്തിൽ എഴുതുകയുണ്ടായി. ഞങ്ങൾ സ്ഥാനമേറ്റു വന്നതിന്റെ ശേഷം ആദ്യമായി കൂടിയ കമ്മറ്റിയായതുകൊണ്ടു ഞങ്ങളുടെ സ്താത്തിക്കോൻ ടി കമ്മറ്റിയിൽ വായിക്കുകയാണ് ചെയ്തത്. (മാർ ഗീവറുഗീസ് ദീവന്നാസിയോസിന്റെ നിത്യാക്ഷരങ്ങൾ : വാള്യം I – പേജ് 187)

ഈ രണ്ടു വസ്തുതകളിൽ നിന്നും മേൽപ്പട്ടക്കാർക്ക് സാധാരണ ലഭിക്കുന്ന സ്താത്തിക്കോൻ ഗീവറുഗീസ് മാർ ദീവന്നാസിയോസിനും ലഭിച്ചിരുന്നു എന്നത് അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാണ്.

എന്നാൽ ഇതുമായി കൂട്ടിവായിക്കേണ്ട ഒന്ന് ജോസഫ് മാർ ദീവന്നാസിയോസിന്റെ സഹായിയും പിൻഗാമിയുമായി വട്ടശേരിൽ ദീവന്നാസിയോസിനെ വാഴിക്കണമെന്നാണ് 1083 കുംഭം 15-ാം തീയതി കൂടിയ പള്ളിപ്രതിപുരുഷ യോഗം നിശ്ചയിച്ചത്. അപ്രകാരമുള്ള നിശ്ചയവുമായിട്ടാണ് സ്ഥാനാർഥികൾ പാത്രിയർക്കീസിനെ സമീപിച്ചതും. എന്നാൽ പാത്രയർക്കീസ് നൽകിയ സ്താത്തിക്കാനിൽ സഹായി മാത്രമാണ് ഉണ്ടായിരുന്നത്; പിൻഗാമി ഉണ്ടായിരുന്നില്ല; എന്തുകൊണ്ടാണ് പിൻഗാമി ഇല്ലാത്തതെന്ന് ചോദിച്ചപ്പോൾ ജോസഫ് ദീവന്നാസിയോസ് ജീവിച്ചിരിക്കുമ്പോൾ അപ്രകാരം സ്താത്തിക്കോനിൽ എഴുതുന്നത് ശരിയല്ല എന്ന മറുപടിയാണ് കിട്ടിയതെന്ന് വട്ടിപ്പണക്കേസിൽ മാർ ദീവന്നാസിയോസ് മൊഴി നൽകിയിട്ടുമുണ്ട്. എന്നാൽ ഒരു നൂറ്റാണ്ടായി മലങ്കര മെത്രാൻമാരുടെ സ്ഥാനനാമമായിരുന്ന ദീവന്നാസിയോസ് നൽകിയതിനാൽ മലങ്കരയുടെ നിശ്ചയം പാത്രിയർക്കീസ് അംഗീകരിച്ചു എന്നു തന്നെ മനസിലാക്കാം.

ഈ വസ്തുതകളെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് വട്ടശേരിൽ തിരുമേനിക്ക് സ്താത്തിക്കാൻ അബ്ദുള്ള പാത്രിയർക്കീസ് നൽകി എന്നതിലേക്ക് തന്നെയാണ്. ആയതിനാൽ മേൽപ്പട്ടക്കാർ സാധാരണ സ്ഥാനം പ്രാപിക്കുമ്പോൾ ലഭിക്കുന്ന സ്താത്തിക്കോൻ വട്ടശേരിൽ തിരുമേനിക്ക് ലഭിച്ചില്ല എന്ന പരാമർശം ശരിയല്ല എന്നു വിനയപൂർവ്വം അറിയിക്കുന്നു.