ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സമാപിച്ചു

ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ 2019 ആഗസ്റ്റ് 05 മുതല്‍ 09 വരെ തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സുന്നഹദോസില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സന്നിഹിതരായിരുന്നു. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഭിവന്ദ്യരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാ മാര്‍ നിക്കോളവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലങ്കരസഭയില്‍ ശാശ്വതസമാധാനവും ഐക്യവും സംജാതമാവുക എന്ന ലക്ഷ്യത്തില്‍ ബഹു. നീതിന്യായ കോടതികളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിധികള്‍ നടപ്പിലാക്കുവാനുളള നിയമാനുസൃത നടപടികള്‍ ക്രമാനുഗതമായി നടപ്പിലാക്കും. കേരളത്തില്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലപ്രളയത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ജലപ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ ഇടയിലേക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ സഭയിലെ ആദ്ധ്യാത്മിക സംഘടനകളും പ്രത്യേകിച്ച് യുവജനപ്രസ്ഥാനവും മുന്‍കൈയ്യെടുക്കണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. സഭാംഗങ്ങളുടെ ഇടയില്‍ ആര്‍ഭാടരഹിത ജീവിതശൈലി പരിശീലിപ്പിക്കും. വിവാഹം, മാമ്മോദീസാ തുടങ്ങിയ കൂദാശകളോടു ചേര്‍ന്നുണ്ടാകുന്ന ആഘോഷങ്ങളില്‍ ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കുവാനും ലളിത ശൈലികള്‍ പ്രയോഗികമാക്കുവാനും നിര്‍ദ്ദേശങ്ങള്‍ നല്‍കും. വിശ്വാസികളുടെ ഇടയില്‍ മിതത്വ സംസ്‌ക്കാരം വ്യാപിപ്പിക്കുവാന്‍ സഭ മുന്‍കൈയെടുക്കും. ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം ആള്‍പാര്‍പ്പില്ലാതെ ധാരാളം ഭവനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന സര്‍വ്വേഫലങ്ങള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഭവനനിര്‍മ്മാണങ്ങളില്‍ പാലിക്കേണ്ട മിതത്വത്തെ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചുകൊടുക്കുവാനുളള പദ്ധതികള്‍ ഒരോ ഇടവകയോടും ചേര്‍ന്ന് ആവിഷ്‌ക്കരിക്കുകയും ചെയ്യും. ദേവാലയങ്ങളുടെ നിര്‍മ്മിതിയിലും പളളി ആഘോഷങ്ങളിലും മിതത്വം പാലിക്കാനുളള പദ്ധതികളും മെത്രാസനാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ജീവിത ശൈലിരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും പ്രകൃതി ചൂഷണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും ഫലമായുണ്ടാകുന്ന ദുരന്തങ്ങളുടെ സാഹചര്യത്തിലും പരിസ്ഥിതി സംരക്ഷണം, ഭക്ഷണ രീതികളിലുണ്ടാകേണ്ട മിതത്വം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ഇടവകതലങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ചും അസത്യപ്രസ്താവനകളും വ്യാജസന്ദേശങ്ങളും മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന അച്ചടക്കരാഹിത്യം സംബന്ധിച്ചും ചര്‍ച്ച ചെയ്യുകയും നിയമപരമായി അവയെ നേരിടണമെന്ന് തീരുമാനിക്കുകയും ചെയ്തു. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 2019 ആഗസ്റ്റ് മാസം 17 ാം തീയതി ശനിയാഴ്ച്ച കുണ്ടറയിലും സമാപനം 2020 ജനുവരി 2,3 തീയതികളില്‍ കോട്ടയത്തും നടത്തും. സഭയിലെ നവജ്യോതിമോംമ്സിന്റെ പ്രസിഡന്റായി അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. സഭയുടെ മിഷന്‍ സൊസൈറ്റി, ആദ്ധ്യാത്മിക സംഘടനകള്‍, എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അവയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുകയും ചെയ്തു. പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ നിയന്ത്രണത്തിലുളള ബി- ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ആഡിറ്റു ചെയ്ത വരവു ചെലവു കണക്കുകള്‍ അംഗീകരിച്ചു. മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി.