ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്: സമാപനം ഇന്ന്

ജോര്‍ജ് തുമ്പയില്‍

കലഹാരി കണ്‍വെന്‍ഷന്‍ സെന്റര്‍: ആത്മീയ ജീവിതത്തിന്റെ ആഴത്തില്‍ ആയിരിക്കുന്ന വേരുകള്‍ ക്രിസ്തു യേശുവില്‍ അധിഷ്ഠിതമാണെന്നും വിശ്വാസി സമൂഹത്തിന്റെ അടിസ്ഥാനം മറ്റൊന്നല്ലെന്നും ഉദ്‌ഘോഷിച്ചു കൊണ്ട് കോണ്‍ഫറന്‍സ് ദിനം പ്രാര്‍ത്ഥനാഭരിതമായി. വിശ്വാസ ഉയിര്‍പ്പുകള്‍ നിറഞ്ഞ നാലു ദിനങ്ങള്‍ക്കു പരിസമാപ്തി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാംദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും ധ്യാന നിമഗ്നമായ അന്തരീക്ഷത്തിലും നിറഞ്ഞു നിന്നു. വിഷയങ്ങളുടെ വൈവിധ്യത്താലും ഉത്സാഹപൂര്‍വ്വമായ പങ്കാളിത്തത്താലും യോഗ വേദികള്‍ സജീവമായിരുന്നു. കോടതിവിധിയും അനുതാപവും സമര്‍പ്പണവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ഫോറങ്ങളിലും പ്രസരിപ്പോടെയുള്ള പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. സദാ സ്‌നേഹവും സാഹോദര്യവും ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സ് ദിനത്തെ ധന്യമാക്കി. ക്രിസ്തു യേശുവിലുള്ള അടിസ്ഥാനം ആധാരമാക്കിയ ധ്യാനയോഗങ്ങളും ചര്‍ച്ചാ ക്യാമ്പുകളും കൊണ്ട് മൂന്നാം ദിവസവും സമ്പന്നവും സജീവമായിരുന്നു. നാലു ദിന കോണ്‍ഫറന്‍സ് ഇന്ന് ശനിയാഴ്ച ഉച്ചയോടെ സമാപിക്കും.

രാവിലെ ആറുമണിക്ക് നമസ്‌കാരത്തോട് തുടങ്ങിയ കോണ്‍ഫറന്‍സ് മൂന്നാം ദിനത്തില്‍ മലയാളത്തില്‍ ഫാ. വി.എം. ഷിബുവും, ഇംഗ്ലീഷില്‍ ഫാ. ഷോണ്‍ തോമസും ധ്യാന പ്രസംഗം നയിച്ചു. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി ഫാ. എബ്രഹാം തോമസ് വെരി. റവ. ഡോ. ജോണ്‍ ഈ. പാര്‍ക്കര്‍, ഫാ. ഷോണ്‍ തോമസ്, മേരി ആന്‍ കോശി, സ്പീക്കര്‍ ബോബി വറുഗീസ് എന്നിവര്‍ ചിന്താവിഷയത്തൂലന്നിയ ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചു. ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ആത്മീയനേതൃത്വത്തില്‍ വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കുന്നതിനായി കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ഫാ. എബ്രഹാം തോമസിനെ ക്ഷണിച്ചു.
പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ധ്യാന പ്രസംഗത്തില്‍ കഴിഞ്ഞദിവസം ഉദ്‌ബോധിപ്പിച്ച വിഷയങ്ങള്‍ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വിശദാംശങ്ങളിലേക്ക് കടന്നു. 1600 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ പിതാവായിരുന്ന സ്വര്‍ണനാവുകാരനായ ഈവാനിയോസിന്റെ രചനകളെ അടിസ്ഥാനമാക്കി മൂന്നു കാര്യങ്ങള്‍ സൂചിപ്പിച്ചു. ആരാധന, ആരാധന പാരമ്പര്യം, ആരാധനയില്‍ അടിസ്ഥാനപ്പെടുത്തി കൊണ്ട് ക്രിസ്തുവാകുന്ന അടിസ്ഥാനം. ഇത് ബോധ്യപ്പെടുത്തി പരിവര്‍ത്തനം ചെയ്തു ജീവിതത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം എന്ന് ഫാ. എബ്രഹാം തോമസ് വരച്ചുകാട്ടി.

അനീതിയില്‍ സന്തോഷിക്കുന്നത് അനുഭവം, മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥ, പരസ്പരമുള്ള വൈരം, പക്ഷം ചേരലുകളുടെയും അനുരഞ്ജനമില്ലായ്മയുടെ ലോകം എന്നിവയെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി.
ക്രിസ്തുവാകുന്ന വലിയ രഹസ്യത്തിലേക്ക് നാം വളരണം. എന്തു പറഞ്ഞാലും ഏതു പറഞ്ഞാലും വേദപുസ്തകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന രക്ഷയെക്കുറിച്ച് കൂദാശകളിലൂടെ ക്രിസ്തുവാകുന്ന അടിസ്ഥാനത്തിന്മേല്‍ നാം പണിയപ്പെടുന്നു.

പരിശുദ്ധ മാമോദീസാ നിത്യജീവിതത്തിലേക്കുള്ള വാതിലാണ്. മാമോദിസയാല്‍ നാം രക്ഷയുടെ അനുഭവത്തിലേക്ക് വളരണം. ആരാധന സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നാം പലതും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാവിന്റെ ഭാഷ നാമറിയാതെതന്നെ പ്രാര്‍ത്ഥനയിലൂടെ നമ്മിലേക്ക് പ്രവേശിക്കുന്നു.

ജീവിതാനുഭവങ്ങളില്‍ ക്രിസ്തുവിനെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുമ്പോള്‍ നമുക്കു ജീവിത വിജയം നേടാന്‍ സാധിക്കും. ആശ്വാസകരവും ശാന്തവുമായ ജീവിതം ലഭിക്കും. ക്രിസ്തീയമായ നല്ല അന്ത്യം പ്രാപിപ്പാന്‍ സാധിക്കും. രക്ഷയുടെ സഹയാത്രയില്‍ പാപത്തിന്റെ വഴികള്‍ ഉപേക്ഷിച്ചു ക്രിസ്തുവിലുള്ള പ്രകാശം ദര്‍ശിക്കുവാന്‍ സാധിക്കും എന്നും ഫാ. എബ്രഹാം തോമസ് പറഞ്ഞു.

തുടര്‍ന്ന് എല്ലാ കോണ്‍ഫറന്‍സ് അംഗങ്ങളും വൈദികരോടും മെത്രാപ്പോലീത്തയോടുമൊപ്പം ഫോട്ടോ എടുത്തു. സജീവമായ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം കുട്ടികളുടെ പരിപാടികള്‍ ഉണ്ടായിരുന്നു. മേരി ആന്‍ കോശി, ജിത്തു വറുഗീസ്, ചിന്നു മാത്യൂസ്, റിന്റു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചഭക്ഷണത്തിനു ശേഷം സൂപ്പര്‍ സെഷനുകള്‍ നടന്നു. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, പീറ്റര്‍ ജേക്കബ്, ഡോ. ആല്‍ബര്‍ട്ട് തോമസ്, ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍, ഫാ. ഗീവറുഗീസ് കോശി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ എടുത്തു. സൂപ്പര്‍സെഷനില്‍ സ്‌കൂളില്‍ നിന്നും കോളേജിലേക്കുള്ള പാത ഒരു ക്രൈസ്തവ കാഴ്ചപ്പാടില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ പ്രഭാഷണം നടത്തി. ഓരോ കുട്ടിയും അനന്തമായ സാധ്യതയുടെ അമൂല്യ ശ്രോതസ്സാണ്. യഥാസമയം അവസരങ്ങളെ ഉപയോഗപ്പെടുത്തുവാനും സമഗ്രമായ വളര്‍ച്ചയുടെ പന്ഥാവില്‍ ചരിപ്പാനും ക്രിസ്തുവില്‍ വേരൂന്നിയ ഒരു ജീവിതശൈലി അനുപേഷണീയമാണ്.

സ്‌കൂളിലെ പഠന-പരിശീലന രീതികളും കോളേജിലെ ശൈലിയും വ്യത്യസ്തമാണെന്നും ഓരോ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വൈവിധ്യമാര്‍ന്ന ബൗദ്ധികത ഒരു സഖ്യമാണെന്നും ഓരോ കുട്ടിക്കും ലഭ്യമായിരിക്കുന്ന ടാലന്റുകള്‍ അതുല്യമാണെന്ന ചിന്ത ചെറുപ്പം മുതലേ കുഞ്ഞുങ്ങളില്‍ സ്ഥാപിച്ചെടുക്കേണ്ടത് ഒഴിച്ചു കൂടാന്‍ പാടില്ലാത്ത കാര്യമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാമര്‍ത്ഥ്യം മാത്രമല്ലെന്നും നന്മയും അതിന്റെ ഭാഗമാണെന്നും തിരിച്ചറിയാന്‍ കഴിയണം.

ഓരോ വിദ്യാര്‍ത്ഥികളുമായുള്ള സംവാദവും സമ്പര്‍ക്കവും കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് അന്യമായി പോകരുത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വളര്‍ന്ന മാതാപിതാക്കള്‍ അന്നുണ്ടായിരുന്ന അതേ വെല്ലുവിളികളാണ് ഇന്ന് അമേരിക്കയില്‍ കുട്ടികള്‍ നേരിടുന്നതെന്ന് നാം കരുതരുത്. കാലത്തിന്റെ വെല്ലുവിളികള്‍ വ്യത്യസ്തമാണെന്നും ദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെയും വൈവിധ്യത വിദ്യാര്‍ത്ഥികളില്‍ സ്വാധീനം ചെലുത്തണമെന്നും അവിടെ ക്രിസ്തുവില്‍ വേരൂന്നിയ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ പകര്‍ന്നു കൊടുക്കുവാന്‍ നമുക്ക് സാധിക്കണം. ഒട്ടേറെ മാതാപിതാക്കളും കുട്ടികളും ഈ സെഷനില്‍ പങ്കെടുത്തു.

തുടര്‍ന്ന് പ്രീ സ്‌കൂള്‍ കുട്ടികളുടെ ഗ്രൂപ്പ് പരിപാടികള്‍ ഉണ്ടായിരുന്നു. സമാപന സമ്മേളനം ആയിരുന്നു അടുത്തത്. സ്വാഗതം ആശംസിച്ച് എംസിയായി ഫിനാന്‍സ് ചെയര്‍പേഴ്‌സണ്‍ തോമസ് വര്‍ഗീസ് പ്രവര്‍ത്തിച്ചു. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയോടൊപ്പം വിശിഷ്ട അതിഥികള്‍, കോണ്‍ഫറന്‍സ് ഭാരവാഹികള്‍, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. സുവനീര്‍ പ്രകാശനം ആദ്യകോപ്പി കീനോട്ട് സ്പീക്കര്‍ ഫാ. എബ്രഹാം തോമസ് നല്‍കി മാര്‍ നിക്കോളോവോസ് നിര്‍വഹിച്ചു. സുവനീര്‍ കമ്മിറ്റി അംഗങ്ങളെ സ്‌റ്റേജില്‍ എത്തിച്ച് ആദരിക്കുകയും ചെയ്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് സുവനീര്‍ പ്രകാശനവും ആയി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കു വച്ചു. ബിസിനസ് കോര്‍ഡിനേറ്റര്‍ സണ്ണി വര്‍ഗീസ് ഏരിയ കോര്‍ഡിനേറ്റര്‍മാരെ പരിചയപ്പെടുത്തുകയും സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി നന്ദി അറിയിക്കുകയും ചെയ്തു. ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളെ ചെയര്‍പേഴ്‌സണ്‍ തോമസ് വര്‍ഗീസ് പരിചയപ്പെടുത്തുകയും സ്‌റ്റേജില്‍ വിളിച്ച് ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു. പിന്നീട്, ഗോള്‍ഡ് സ്‌പോണ്‍സര്‍ തോമസ് കോശി, വത്സാ കോശി ദമ്പതികളെയും ഡയമണ്ട് സ്‌പോണ്‍സര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ഷൈലാ ജോര്‍ജ് ദമ്പതികളെയും പ്രശംസഫലകം നല്‍കി ആദരിച്ചു.

കോണ്‍ഫറന്‍സ് നടത്തിപ്പിനായി യജ്ഞിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറി ജോബി ജോണ്‍ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

സ്‌പോണ്‍സര്‍മാര്‍ക്കായി നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഡോ. ഫിലിപ്പ് ജോര്‍ജ് (പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്), ജോസ് ഫിലിപ്പോസ് (ഫ്രാങ്കഌന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍), ജിമ്മി ജോണ്‍ (മിഡ്‌ലാന്‍ഡ് പാര്‍ക്ക്, സെന്റ് സ്റ്റീഫന്‍സ്), പോള്‍ മത്തായി (ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ്), ഫാ. സുജിത്ത് തോമസ് (ഫിലഡല്‍ഫിയ, അണ്‍റൂ അവന്യൂ സെന്റ് തോമസ്) എന്നിവര്‍ വിജയികളായി. ഇവര്‍ക്ക് ആപ്പിള്‍ വാച്ച് സമ്മാനമായി നല്‍കി.

കാലാവധി തികച്ച ട്രഷറര്‍ മാത്യു വര്‍ഗീസിനു പകരം എബി കുര്യാക്കോസിനെ നിയമിച്ചതായി നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഭദ്രാസനത്തിലെ 40 ഇടവകകളില്‍ നിന്നായി 750 പേര്‍ പങ്കെടുത്തതായി കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഫറന്‍സ് നടത്തിപ്പില്‍ നിന്നും മിച്ചം പിടിച്ച ഒരു ലക്ഷം ഡോളര്‍ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനു നല്‍കുവാന്‍ സാധിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഫാ. സണ്ണി ജോസഫ് പറഞ്ഞു. തുടര്‍ന്ന് ഒട്ടേറെ പേര്‍ റിട്രീറ്റ് സെന്ററിനു സാമ്പത്തിക കൈത്താങ്ങുമായി മുന്നോട്ടുവന്നു.

മികച്ച സേവനം കാഴ്ച വെച്ച കലഹാരി റിസോര്‍ട്ട് ജീവനക്കാരെ ആദരിക്കുകയും അവര്‍ക്ക് ക്യാഷ് പാരിതോഷികം നല്‍കുകയും ചെയ്തു. ട്രഷറാര്‍ മാത്യു വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഡിന്നറിനും സന്ധ്യ നമസ്‌കാരത്തിനും ശേഷം കുമ്പസാര ശുശ്രൂഷ നടന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ ഒട്ടുമിക്കവരും ഈ ശുശ്രൂഷയില്‍ പങ്കാളികളായി.

ശനിയാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വി.കുര്‍ബ്ബാന നടക്കും. കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫിന്റെ നന്ദിപ്രകാശനത്തോടെയും മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തോടെയും കോണ്‍ഫറന്‍സിനു തിരശീല വീഴും.