സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ബ്രൂക്‌ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തിലുള്ള കൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് നടത്തുന്ന സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 23, 24, 25 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഔവര്‍ ലേഡി ഓഫ് സ്‌നോ റോമന്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. അങ്കമാലി ഭദ്രാസന അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനും ശാസ്താംകോട്ട ബൈബിള്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോജി കെ.ജോയി ആണ് പ്രധാന പ്രാസംഗികന്‍. എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ 6.30 മുതല്‍ 7 വരെ പള്ളി നമസ്‌ക്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഗായകന്‍ ജോസഫ് പാപ്പന്റെ നേതൃത്വത്തിലുള്ള നൂറോളം ഗായകര്‍ ഉള്‍പ്പെടുന്ന സംയുക്ത ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

കൗണ്‍സില്‍ പ്രസിഡന്റായി വെരി.റവ.ഡോ. മത്തായി യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറിയായി ജോസ് യോഹന്നാന്‍, ട്രഷറര്‍ ആയി ഫിലിപ്പോസ് സാമുവല്‍, ക്വയര്‍ ഡയറക്ടറായി ഫാ. ജോണ്‍ തോമസും, ക്വയര്‍ മാസ്റ്ററായി ജോസഫ് പാപ്പനും, ക്വയര്‍ കോര്‍ഡിനേറ്റര്‍മാരായി ഗ്രേസി മോഹന്‍, ജോളി എബ്രഹാം എന്നിവര്‍ സേവനമനുഷ്ഠിക്കുന്നു. ബ്രൂക്‌ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് ഏരിയയിലെ ഓര്‍ത്തഡോക്‌സ് ഇടവക വികാരിമാരെല്ലാം വൈസ് പ്രസിഡന്റുമാരാണ്.