സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ / സഖേർ

എഡിറ്റോറിയൽ – മലങ്കര സഭാ മാസിക (July 2019)
————————————————————————
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നതും നീതി നിമിത്തം ഉപദ്രവമേല്ക്കുന്നവർ ഭാഗ്യവാന്മാർ എന്നതും ഗിരിഗീതയിലെ വചനങ്ങളാണ്‌. നീതിപൂർവ്വമായ സമാധാനമാണ്‌ ശാശ്വതമായിത്തീരുക എന്നൊരു നിലപാടാണ്‌ മലങ്കരസഭയുടേത്. ഉപരിപ്ളവങ്ങളായ പ്രഹസനങ്ങൾക്കതീതമായി വ്യവസ്താപിതവും ക്രമബദ്ധവുമായ സമാധാനത്തിനു വേണ്ടിയാണ്‌ സഭ നിലകൊള്ളുന്നത്. ഇതുരു കടുംപിടുത്തമായി തെറ്റിധരിക്കുന്നവരുണ്ട്. സ്വത്തുതർക്കം, സ്നേഹരാഹിത്യം, കലഹപ്രിയം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അപരാധങ്ങൾ ചുമത്തിയാണ്‌ പരസ്യവിചാരണകൾ തിമിർക്കുന്നത്.

ഒന്നോർക്കുക, തത്സമയ സംപ്രേക്ഷണങ്ങളിലെ അഭിപ്രായ നിർമ്മിതിയ്ക്കനുസൃതമല്ല സഭൗടെ നിലപാട്. അത് വ്യക്തമായ ചരിത്രസ്മരണകളുടെ സന്താനമാണ്‌; സ്വത്വബോധത്തിന്റെ ഉണർവ്വാണ്‌. സത്യത്തിന്റെ പക്ഷം പിടിക്കലാണ്‌; ഉറച്ച നിലപാടുകളുടെ തുടർചരിത്രമാണ്‌ തിരുവെഴുത്തിന്റേത് എന്ന ഉറച്ച ബോധ്യവുമാണ്‌.

നോക്കുക, തിന്മയോടുള്ള സമരത്തിൽ വൈയക്തിക കാമനകളും മഹത്വകാംക്ഷയും ദ്രവ്യാഗ്രഹവും മനുഷ്യപുത്രന്മാരെ സ്വാധീനിക്കാൻ ഇടം നല്കരുതെന്ന നിലപാടിന്റെ പ്രഖ്യാപനമാണ്‌ ക്രിസ്തുവിന്റെ നോമ്പുകാലം. അധികാര കസേര ഉറപ്പിക്കാൻ രാഷ്ട്രീയ ക്സർത്തുകൾ കാട്ടിയ ഹെറോദാവിനെ യേശു വിളിച്ചത് കുറുക്കൻ എന്നാണ്‌. നിഷ്പക്ഷമതിയെന്ന നാട്യം പുലർത്തി സത്യം തമസ്ക്കരിച്ചുകൊണ്ട് കൈക്ഴുകലിന്റെ ഉപായകല പഠിപ്പിച്ച പീലാത്തോസിന്റെ അരമനയിലെ അന്തിചർച്ചയെ കുലീനമായ മൗനം കൊണ്ടാണ്‌ അവൻ പ്രതിരോധിച്ചത്. അധാർമ്മികതയുടെ തീർമേശകളിൽ വിളമ്പുകാരായി നിന്നു ഓശാനപാടാഞ്ഞതിനാൽ മഹാപുരോഹിതന്മാർക്കും പ്രമാണികൾക്കും പണ്ഡിതർക്കും അവൻ അനഭിമതനായി. കൊടുംനുണകളാൽ അവനെതിരെ ജനത്തെ ത്രിപ്പിച്ചു. ഒറ്റപ്പെടുത്തി, കുരിശിലേറ്റി!

*“ശരിക്കും, ഒരു നിലപാടുള്ളവനു പറഞ്ഞിട്ടുള്ളതാണ്‌ കുരിശ്;
അവസരവാദികൾക്ക് അത് പുറമേ അണിയാനുള്ള ഒരാഭരണം മാത്രം!”*

ക്രിസ്തുവിനു മുൻപും പിൻപും തിരുവെഴുത്തിൽ ഇത്തരക്കാരുണ്ട്. അളവുവ്യത്യാസം കാട്ടാതെ പെട്ടകം പണിത് നോഹയ്ക്ക് ലഭിച്ചത് പരിഹാസം. നിയമം അനുസരിക്കണമെന്നു ശഠിച്ച് മോശയ്ക്കെതിരെ പിറുപിറുപ്പുകളും പാളയത്തിൽ പടയും. കള്ളപ്രവാചകന്മാർക്കെതിരു നിന്ന ഏലിയാവിനു നാടുകടത്തൽ. അധിനിവേശാങ്ങളെ ചെറുത്ത ദാനിയേലിനെ കുഴിയിൽ വീഴ്ത്തൽ, ബാലന്മാർക്ക് തീച്ചൂള. അമ്മയുടേ ഹൃദയത്തിലും സ്നാപകനെ കഴുത്തിലും വാൾ. സ്തേഫാനോസിനു കല്ലേറ്‌. ശിഷ്യന്മാരുടെ മരണവൃത്താന്തങ്ങൾ! സത്യവായും ഇത്തരം അവമതിപ്പുകളും സഹനപർവ്വങ്ങളും അവർക്കുണ്ടായത് അവരിൽ സ്നേഹവും കാരുണ്യവും സമാധാപ്രിയവും ഇല്ലാതിരുന്നതു കൊണ്ടല്ല, പിന്നെയോ അവർ സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊണ്ടതിനാൽ മാത്രമാണ്‌.

ദൈവം സത്യമാണ്‌; മതം അതിലേക്കുള്ള അന്വേഷണവുമാണ്‌. ഈ വഴിയിൽ കുരിശുകയറ്റവും ഏകാന്തതയുമുണ്ട്! എങ്കിലും ഇത് ശാശ്വത സമാധാനം ഉയിർത്തെഴുല്ക്കുന്ന മഹാമാർഗ്ഗമാണ്‌!

നീതിയും സമാധാനവും പരസ്പരം ചുംബിക്കുന്ന നൽവാഴ്വിന്റെ കാലം നമുക്കുണ്ടാകണം എന്ന പ്രാർത്ഥനയോടും പ്രതീക്ഷയോടും കൂടെയാവണം ഈ ലക്കമത്രയും വായിക്കേണ്ടത്.

സഖേർ