വരിക്കോലി പള്ളിയിലെ പോലീസ് നടപടിയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

 

വരിക്കോലി സെ. മേരീസ് പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സംസ്‌ക്കാരത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികനെയും വിശ്വാസികളെയും പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ ഉണ്ടാക്കുവാന്‍ പോലീസ് നടത്തുന്ന ശ്രങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്വയം ഏറ്റെടുത്ത് നടത്തിയ സംസ്‌ക്കാരം കോടതി അലക്ഷ്യമാണെന്നതിനാല്‍ അതിനെ ചോദ്യംചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ശ്രമിക്കുന്നത് നീതിനിഷേധമാണെന്ന് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കുറ്റപ്പെടുത്തി.

സംസ്‌ക്കാര സമയത്ത് നടന്ന എല്ലാക്കാര്യങ്ങളുടെയും വീഡിയോ പോലീസും, ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ സി. സി. ടിവി ദൃശ്യങ്ങളും ലഭ്യമാണ്. അതിലൊന്നും പതിയാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി, കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കള്ളകേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ഗൂഢാലോചന നടക്കുന്നത്. പോലീസ് അധികാരികളുടെ കോടതി അലക്ഷ്യനടപടികള്‍ക്കെതിരേ കോടതിയെ സമീപിക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവരെ പിന്‍തിരിപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സഭ ഈ നടപടികളെ കാണുന്നത്.

സെമിത്തേരി ഇടവകാംഗങ്ങളുടെ ഉപയോഗത്തിനുള്ളതാണെന്നും അത് മറ്റാര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതിവിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമാനുസൃതമായി നിയമിക്കപ്പെട്ട വികാരി സംസ്‌ക്കാരം നടത്താന്‍ തയ്യാറായപ്പോള്‍ അതില്‍ സഹകരിക്കില്ല എന്നു ശഠിക്കുന്നവര്‍ക്ക് ഇടവകാംഗങ്ങളാകുവാന്‍ സാധിക്കയില്ല. വരിക്കോലി സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നിയമനടപടികളുമായി മുന്നോട്ടുപോകും. യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരേ കേസെടുക്കാതെ പോലീസിന്റെ സ്വന്തം പ്രവൃത്തികളെ സാധൂകരിക്കുവാനായി കേസെടുക്കുന്നത് തികച്ചും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.