സഭയില്‍ സമാധാനമുണ്ടാകാന്‍ കലഹങ്ങള്‍ അവസാനിപ്പിക്കണം / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍


മലങ്കരസഭാ കേസില്‍ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയില്‍ ആത്യന്തികമായി പ്രഖ്യാപിച്ചിരിക്കുന്നത് സഭയില്‍ സമാധാനത്തിന് കലഹങ്ങള്‍ അവസാനിപ്പിക്കണം എന്നാണ്. സഭ നിലനില്‍ക്കുന്നതിനു വേണ്ട കൃപാവരങ്ങള്‍ ലഭ്യമാകുന്നതിനു പരസ്പരമുള്ള പോരാട്ടം അവസാനിപ്പിച്ച് ശാന്തിയും ഐക്യവും സൃഷ്ടിക്കണം. കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് സമാധാനം ഉണ്ടാക്കുന്നതാണ് മലങ്കരസഭയുടെ ഭാവിക്കുള്ള ഏക വഴി എന്ന് സുപ്രീംകോടതി വിധിയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണം ഇപ്രകാരമാണ്:

“മലങ്കരസഭാ തര്‍ക്കങ്ങളുടെ യഥാര്‍ത്ഥ കാരണം കക്ഷികള്‍ക്കു മാത്രമേ വ്യക്തമായി അറിയൂ. സഭ നിലനില്‍ക്കണമെങ്കില്‍ ഈ കലഹങ്ങള്‍ അവസാനിപ്പിക്കണം. ക്രിസ്തുവിന്‍റെ പാത യഥാര്‍ത്ഥത്തില്‍ പിന്തുടരുന്ന വിശ്വാസികളുടെ മേല്‍ കൃപാവരങ്ങള്‍ ചൊരിയുന്നതിനും ഈ പോരാട്ടം അവസാനിപ്പിച്ചേ തീരൂ. സഭയില്‍ സമാധാനമുണ്ടാകുന്നതിന് കലഹങ്ങള്‍ അവസാനിപ്പിക്കണം. ഇതു മാത്രമാണ് അതിനുള്ള ഏക വഴി. ഇത് നമുക്കാശിക്കാം.”

കാതോലിക്കാ പക്ഷവും പാത്രിയര്‍ക്കീസു പക്ഷവും എന്ന വിഭാഗീയത 2017-ലെ സുപ്രീംകോടതി വിധിയിലൂടെ അവസാനിച്ചു. മലങ്കരസഭ ഒന്നേയുള്ളു എന്ന പ്രഖ്യാപനം വഴി ഇനി വിഘടിച്ചു നില്‍ക്കുക അസാധ്യമാണ്. അതിനാല്‍ വിശ്വാസത്തിന്‍റെ കാര്യത്തിലും അധികാരത്തിന്‍റെ തലത്തിലും വിഘടിച്ചു നില്‍ക്കുക സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്രസക്തമാണ്. ഇക്കാര്യത്തിലും സുപ്രീം കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

‘കാതോലിക്കാ പക്ഷവും പാത്രിയര്‍ക്കീസ് പക്ഷവും മലങ്കര സഭയുടെ ഭാഗമാണ്. രണ്ടിന്‍റെയും അടിസ്ഥാന വിശ്വാസങ്ങള്‍ ഒന്നു തന്നെ. മലങ്കര സഭ ഒന്നേയുള്ളു. ഓര്‍ത്തഡോക്സ് സിറിയന്‍ സഭ വേറെയില്ല. പിന്നെ എന്തുകൊണ്ടാണ് നിസ്സാരമായി വിശ്വാസത്തിന്‍റെ കാര്യത്തില്‍ പൊരുത്തമില്ലാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നു മനസിലാക്കുവാന്‍ കഴിയുന്നില്ല.’

മലങ്കരസഭ ഒന്നേയുള്ളു എന്നും ഓര്‍ത്തഡോക്സ് സിറിയന്‍ സഭ വേറെയില്ല എന്നും പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയില്‍ കേസും പോരാട്ടവും തീര്‍ത്തും അനാവശ്യമായ ഭരണ സംബന്ധമായ കാര്യങ്ങള്‍ക്കായാണ് എന്ന് വ്യക്തമാക്കുന്നു.

ഇത്തരം സാഹചര്യത്തിലാണ് പ്രശസ്ത പത്രപ്രവര്‍ത്തകനും ഗവേഷകനും സഭാചരിത്രകാരനുമായ കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ 1934-ലെ മലങ്കര സഭാ ഭരണഘടനയും സുപ്രീം കോടതി വിധികളും അംഗീകരിക്കാത്ത വിഘടിത വിഭാഗത്തെ ‘പോരടിച്ച് തകര്‍ന്ന പേരില്ലാത്ത സഭാ ഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കുന്നത്. ജീവിത സായാഹ്നത്തില്‍, നവതി നിറവിലായ കെ. വി. മാമ്മന്‍ അനുഭവത്തിന്‍റെയും ദര്‍ശനത്തിന്‍റെയും അടിസ്ഥാനത്തിലാണ് പോരടിച്ച് തകര്‍ന്ന സഭാ ഗ്രൂപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന ഗ്രന്ഥം തയ്യാറാക്കിയത്. 2017-ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിഘടിത വിഭാഗത്തെ ‘പേരില്ലാത്ത സഭാ ഗ്രൂപ്പ്’ എന്നു മാത്രമേ വിശേഷിപ്പിക്കുവാന്‍ കഴിയൂ എന്ന് കെ. വി. മാമ്മന്‍ വ്യക്തമാക്കുന്നു. ഒന്നര നൂറ്റാണ്ടോടടുക്കുന്ന (1877-2019) മലങ്കരസഭാ കേസുകളുടെ ചരിത്രവും വിധിയും സംഗ്രഹിക്കുമ്പോള്‍ പാത്രിയര്‍ക്കീസിന്‍റെ ആത്മീയാധികാരം അസ്തമനാവസ്ഥയില്‍ എത്തി എന്ന് 2017-ലെ സുപ്രീം കോടതി വിധിയില്‍ വീണ്ടും കണ്ടെത്തിയിരിക്കുന്നു.

മലങ്കരസഭാ കേസുകളുടെ പ്രാരംഭം മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ 1877-ല്‍ ആലപ്പുഴ ജില്ലാക്കോടതിയില്‍ ഫയല്‍ ചെയ്ത സെമിനാരി കേസാണ്. തുടര്‍ന്ന് എത്രയോ കേസുകള്‍, നിരവധി കോടതികള്‍ കയറിയിറങ്ങി, 1934-ലെ ഭരണഘടന സാധുവാണെന്നും മലങ്കരസഭയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിന്‍റെ പ്രധാന ഭാരവാഹിത്വം മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമാണെന്നും 2017-ലെ സുപ്രീം കോടതി വിധിയില്‍ പ്രഖ്യാപിക്കുന്നു.

മലങ്കരസഭയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം ജസ്റ്റീസ് മളീമഠിന്‍റെ നിരീക്ഷണത്തില്‍ നടത്തിയ 2002-ലെ പരുമല അസോസിയേഷനില്‍ സംബന്ധിക്കാതെ വിഘടിത വിഭാഗം പുത്തന്‍കുരിശില്‍ വേറെ അസോസിയേഷന്‍ നടത്തി ഭരണഘടന ഉണ്ടാക്കിയതാണ് തത്വത്തില്‍ വിഘടിത വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ പരാജയം. അതിനാല്‍ മലങ്കരസഭയിലെ ഒരു പള്ളിയിലും വിഘടിത വിഭാഗത്തിന്‍റെ 2002-ലെ ഭരണഘടനയോ സമാന്തരഭരണമോ സുപ്രീംകോടതി വിധിയില്‍ അനുവദിച്ചിട്ടില്ല.
മലങ്കരസഭയുടെ സ്വതന്ത്രവും ദേശീയവും സാര്‍വ്വത്രികവുമായ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1934-ലെ ഭരണഘടനയുടെ നിയമ സാധുത ഉറപ്പിക്കുന്ന പ്രഖ്യാപനമാണ് 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി. മലങ്കര സഭയ്ക്കു കീഴിലുള്ള എല്ലാ പള്ളികളും 1934-ലെ ഭരണഘടനപ്രകാരം ഭരണം നടത്തണമെന്നാണ് വിധിതീര്‍പ്പ്.

മലങ്കരസഭയിലെ എല്ലാ പള്ളികളുടെയും ഉടമസ്ഥാവകാശവും ഭരണ നടത്തിപ്പും 1934-ലെ ഭരണഘടനപ്രകാരം മാത്രം നിര്‍വ്വഹിക്കപ്പെടണം എന്ന 1995-ലെ സുപ്രീംകോടതി വിധിയും ശരിവച്ചു. 2002-ല്‍ എതിര്‍വിഭാഗം തയ്യാറാക്കിയ ഭരണഘടന കോടതി അസാധുവാക്കി. അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന് യാതൊരുവിധത്തിലും മലങ്കരയില്‍ ഇടപെടുവാന്‍ കഴിയാത്തവിധമാണ് സുപ്രീംകോടതി വിധി തീര്‍പ്പ് എഴുതിയിരിക്കുന്നത്.
സുപ്രീംകോടതി വിധി സംഗ്രഹത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ശ്രദ്ധേയമാണ്.

1. 1934-ലെ ഭരണഘടന ഇടവകപ്പള്ളിക്കാര്യങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും (ഭരിക്കുന്നതും) അത് സ്ഥായിയായി നിലനില്ക്കുന്നതുമാണ്.

2. ഈ വിധി, കേസില്‍ കക്ഷികളായി പറഞ്ഞിട്ടുള്ളവര്‍ക്ക് മാത്രമല്ല, മറിച്ച്, മലങ്കരസഭയിലെ എല്ലാ തല്പരകക്ഷികള്‍ക്കും ബാധകമാണ്.

3. പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേല്‍ക്കോയ്മയുടെ മറവില്‍ പള്ളികളില്‍ സമാന്തര ഭരണ സംവിധാനം ഉണ്ടാക്കുക എന്നതും അനുവദനീയമല്ല.

4. പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കായാണ്. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ ആത്മീയാധികാരങ്ങളും അദ്ദേഹം വഹിക്കുന്നു. മലങ്കരസഭയുടെ ലൗകികവും, വൈദികവും, ആത്മീയവുമായ ഭരണത്തിന്‍റെ പ്രധാന ഭാരവാഹിത്വം, 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി, മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ളതാണ്.

5. പാത്രിയര്‍ക്കീസിന് പള്ളികളുടെ ഭരണകാര്യത്തില്‍ ഇടപെടാവുന്നതല്ല; വികാരിമാരെയും വൈദികരെയും ശെമ്മാശന്മാരെയും മെത്രാന്മാരെയും നിയമിക്കാവുന്നതല്ല. ഈ നിയമനങ്ങള്‍, 1934-ലെ ഭരണഘടനപ്രകാരം, ബന്ധപ്പെട്ട ഭദ്രാസനങ്ങള്‍, മെത്രാപ്പോലീത്താമാര്‍ തുടങ്ങിയവരില്‍ നിക്ഷിപ്തമാണ്.

6. പള്ളികളില്‍ സമാന്തരഭരണ സംവിധാനം സൃഷ്ടിക്കുന്നതിനായി 1934-ലെ ഭരണഘടന ലംഘിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നതിന് പാത്രിയര്‍ക്കീസിനെ അനുവദിക്കാവുന്നതല്ല.

7. ആത്മീയ മേലദ്ധ്യക്ഷതയുടെ മറപിടിച്ച് മേല്പറഞ്ഞ കാര്യങ്ങളില്‍ ഇടപെടുവാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. മറിച്ചാകണമെങ്കില്‍ നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഈ സ്ഥിതി ബന്ധപ്പെട്ടവര്‍ക്കെല്ലാം ബാധകമാണ്.

അന്ത്യോഖ്യന്‍ – മലങ്കര ബന്ധത്തിന്‍റെ വേരുകള്‍ തകര്‍ത്ത സുപ്രീം കോടതി വിധിയിലൂടെ മലങ്കരസഭയില്‍ പാത്രിയര്‍ക്കീസിന്‍റെ അധികാര-അവകാശങ്ങള്‍ 1934-ലെ സഭാ ഭരണഘടനപ്രകാരം നിയമ വിധേയമാക്കിയിരിക്കുന്നു.

മലങ്കര നസ്രാണികളുടെ മാര്‍ത്തോമ്മന്‍ പൈതൃകവും സ്വാതന്ത്ര്യബോധവും സ്വത്വദര്‍ശനവും അധിനിവേശ വിരുദ്ധതയും ഈ വിധിയുടെ അന്തര്‍ധാരയാണ്. നസ്രാണികളുടെ സ്വയംനിര്‍ണ്ണയത്തിന്‍റെയും സ്വയംഭരണത്തിന്‍റെയും പൈതൃക വഴിയിലെ നിര്‍ണ്ണായക നാഴികക്കല്ലാണിത്.

മലങ്കരസഭയുടെ സ്തുതിചൊവ്വാകപ്പെട്ട വിശ്വാസം മൂന്നു പൊതു സുന്നഹദോസുകളില്‍ അധിഷ്ഠിതമായ സത്യവിശ്വാസമാണ്. നിഖ്യാ, കുസ്തന്തീനോസ്പോലീസ്, എഫേസൂസ് എന്നീ സുന്നഹദോസുകളില്‍ അവതരിപ്പിച്ച് അംഗീകരിച്ച വിശ്വാസ പ്രബോധനങ്ങള്‍ തലമുറകള്‍ കൈമാറി കെടാതെ സൂക്ഷിച്ച മലങ്കരസഭയുടെ പാരമ്പര്യ വഴികള്‍ക്ക് ലഭിച്ച സുവര്‍ണ്ണ മുദ്രയാണ് പള്ളിക്കേസിലെ സുപ്രീം കോടതി വിധിതീര്‍പ്പ്.

മലങ്കരസഭയുടെ ഭരണക്രമങ്ങള്‍ പള്ളിയോഗ നിശ്ചയപ്രകാരമാണ് നിര്‍വ്വഹിക്കപ്പെട്ടിരുന്നത്. മലങ്കര നസ്രാണികളുടെ ആദ്യ നിയമ സംഹിതയായ 1809-ലെ കണ്ടനാട് പടിയോലയില്‍, നസ്രാണികളുടെ സാമൂഹിക ആചരണങ്ങളുടെ ക്രമീകരണം, ഇടവകപ്പള്ളികളുടെ ഭരണസംവിധാനം, ആരാധന ക്രമീകരണങ്ങളുടെ ഏകീകരണം എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മലങ്കരയിലെ നസ്രാണി ചരിത്രത്തില്‍ മലങ്കര പള്ളിയോഗ നിശ്ചയങ്ങള്‍ കാനോനുകളുടെ ഗണത്തിലുള്ളതാണ്. 1873-ലെ പരുമല സുന്നഹദോസിന്‍റെ കാനോനാകള്‍, 1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍ എന്നിവയുടെ പശ്ചാത്തലത്തിലും ഹൂദായ കാനോന്‍റെ അടിസ്ഥാനത്തിലും വികസിപ്പിച്ചതും പുനരാഖ്യാനം ചെയ്തതുമായ നിയമസംഹിതയാണ് 1934-ലെ മലങ്കരസഭാ ഭരണഘടന. കോട്ടയം എം.ഡി. സെമിനാരിയില്‍ 1934 ഡിസംബര്‍ 26-ന് നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 13 ഭാഗങ്ങളിലായി 127 വകുപ്പുള്ള ഭരണഘടന പാസ്സാക്കി. ഇത് പിന്നീട് പല പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇടവകയോഗത്തില്‍ അംഗത്വവും വോട്ടവകാശവും ഇടവക ഭാരവാഹിത്വവും നല്‍കി 2011-ലും ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നിയമാനുസൃതം ഭേദഗതി ചെയ്യുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

1934-ലെ മലങ്കരസഭാ ഭരണഘടനയില്‍ ഭരണ നിര്‍വ്വഹണത്തില്‍ മലങ്കര മെത്രാപ്പോലീത്താ, പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്, മലങ്കര അസോസിയേഷന്‍/മാനേജിംഗ് കമ്മിറ്റി എന്നിവയുടെ പരസ്പര ബന്ധവും പരസ്പര പൂരക പ്രവര്‍ത്തനവും ഉറപ്പുവരത്തക്കവിധം ഒന്ന് ഒന്നിനെ മറികടക്കാത്തവിധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

മലങ്കരയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ കാതോലിക്കാസ്ഥാനവും സ്വയംഭരണത്തിന്‍റെയും ദേശീയതയുടെയും പൗരാണികതയുടെയും പ്രതീകമായ മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും സംയോജിപ്പിച്ചത് 1934-ലെ ഭരണഘടനയിലാണ്. അതോടെ പുരാതനമായ ‘മാര്‍ത്തോമ്മാ സിംഹാസനം’ ഒരാളില്‍ കേന്ദ്രീകൃതമായി. 1995-ലും 2002-ലും 2017-ലും ഉണ്ടായ സുപ്രീംകോടതി വിധികള്‍ ഈ സ്ഥാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുവാന്‍ കഴിയാത്തവിധം സുസ്ഥിരമാക്കി. സഭയില്‍ ദേശീയവും സ്വതന്ത്രവുമായി വളര്‍ന്നു വികസിച്ച കാതോലിക്കേറ്റിന്‍റെ മഹത്വവും സമ്പൂര്‍ണ്ണവുമായ ഉള്‍ഭരണ സ്വാതന്ത്ര്യവും 1934-ലെ ഭരണഘടന ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു.

മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ വളര്‍ച്ചയുടെ അടിസ്ഥാനം, അര്‍ക്കദിയാക്കോന്‍, മാര്‍ത്തോമ്മാ മെത്രാന്‍, മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായും എന്ന രീതിയില്‍ വളര്‍ന്ന ‘മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസന’മാണ്. മലങ്കരയിലെ കാതോലിക്കേറ്റ്, ദേശീയതയും സ്വയംശീര്‍ഷകത്വവും പ്രഖ്യാപിക്കുന്ന ചരിത്രപരമായ പിന്തുടര്‍ച്ചയുടെയും മാര്‍ത്തോമ്മാ ശ്ലീഹായുടെയും പൗരസ്ത്യ സിംഹാസനമാണ്.

പള്ളിക്കേസില്‍ സുപ്രീം കോടതിയുടെ 2017 ജൂലൈ 3 വിധിയിലൂടെ മലങ്കരസഭയില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന് സ്വതന്ത്രമായ സ്വത്വം നഷ്ടപ്പെട്ടു. 1934-ലെ ഭരണഘടനയ്ക്ക് വിധേയമാകാതെ പള്ളികളില്‍ അവകാശം ലഭിക്കുകയില്ല. ഇത്തരം സാഹചര്യത്തില്‍ എന്താണ് പരിഹാരമാര്‍ഗ്ഗമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നു:

രണ്ടു വിഭാഗങ്ങളും തമ്മില്‍ ഭിന്നത നിലനില്ക്കുന്നതിനാലും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യത വളരെ വിരളമായതിനാലും ഓരോ വിശ്വാസത്തിലും നില്ക്കുന്ന ഓരോ വികാരിമാരെ ശുശ്രൂഷകള്‍ നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷ, സ്വീകരിക്കത്തക്കതല്ല; കാരണം, ഇത് സമാന്തര ഭരണസംവിധാനത്തിന് പരിപോഷണം നല്‍കുന്നതാകും.

സമാന്തര ഭരണ സംവിധാനം മലങ്കരയില്‍ ഇനിയും ഉണ്ടായി സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ സുപ്രീം കോടതി ആഗ്രഹിക്കുന്നില്ല. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

രണ്ടു വിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മക്കായി, തങ്ങളുടെ അഭിപ്രായ ഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ഒരു പൊതു വേദിയില്‍ പരിഹരിക്കേണ്ടതാണ്. ഒഴിവാക്കി എടുക്കാവുന്നതും സഭയെത്തന്നെ ജീര്‍ണ്ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന, മേലിലുളള കലഹവും അസ്സമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്. അത്യാവശ്യമെങ്കില്‍, നിയമാനുസൃതം ഭരണഘടന ഭേദഗതി ചെയ്യണം. എന്നാല്‍ പള്ളികള്‍ അടച്ചിടേണ്ട സ്ഥിതി വരെ എത്തിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളിലേക്കു നയിക്കുന്ന സമാന്തര ഭരണരീതി സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമവും, യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല.

ഇത്തരം സാഹചര്യത്തില്‍ ക്രിസ്തീയ കൂട്ടായ്മയും സാഹോദര്യ പ്രീതിയും സംരക്ഷിച്ച് മലങ്കരസഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഏവരും 1934-ലെ മലങ്കരസഭയുടെ ഭരണഘടന അംഗീകരിച്ച് ഒരിടയനും ഒരാട്ടിന്‍ കൂട്ടവുമായി വളരണം. അതിനുള്ള വിശാല ദര്‍ശനവും അനുരഞ്ജന മനോഭാവവും ക്രിസ്തീയ സഹിഷ്ണുതയും പുലര്‍ത്തുവാന്‍ കഴിയണം. 1934-ലെ ഭരണഘടനയും 2017-ലെ സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യവും ശാന്തിയും ഉണ്ടാകുവാനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം. പള്ളിക്കേസില്‍ വാദിയും പ്രതിയും നടത്തിയ വാദമുഖങ്ങള്‍ സമഗ്രമായി പരിശോധിച്ച ശേഷം നടത്തിയ സുപ്രീം കോടതി വിധിതീര്‍പ്പിനെ നിരാകരിക്കുന്നത് ദൈവികമല്ല. അത് തികച്ചും നീതിപീഠത്തോടുള്ള നിഷേധമാണ്. അനുരഞ്ജനത്തിന്‍റെ പാതകളില്‍ പ്രകാശം പരത്തുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏവരും സ്വീകരിക്കണം.

പാത്രിയര്‍ക്കീസിനെക്കുറിച്ചുള്ള വിവിധങ്ങളായ വാദമുഖങ്ങള്‍ക്ക് യുക്തമായ മറുപടി സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 1934-ലെ ഭരണഘടനയിലും പാത്രിയര്‍ക്കീസിന്‍റെ സ്ഥാനവും മഹത്വവും സംബന്ധിച്ച വകുപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ പൂര്‍ണ്ണമായും പാലിക്കപ്പെടും എന്നതില്‍ യാതൊരു സംശയവും തര്‍ക്കവും ആവശ്യമില്ല. ഇപ്പോള്‍ വിഘടിത വിഭാഗമായ മുന്‍ പാത്രിയര്‍ക്കീസ് വിഭാഗമെന്നറിയപ്പെടുന്നവര്‍ക്ക് 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ നിലനില്‍ക്കുവാന്‍ കഴിയൂ എന്നതാണ് സുപ്രീം കോടതി വിധി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2017-നു ശേഷം ഉണ്ടായ വിവിധ വിധികളിലൂടെ കേസില്‍പെട്ട പല പള്ളികളും 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി മലങ്കര മെത്രാപ്പോലീത്തായുടെ ഭരണത്തിന്‍കീഴിലായി. ഈ വിധികള്‍ വിളിച്ചറിയിക്കുന്നത് ഇനിയും വിഘടിത വിഭാഗത്തിന് മലങ്കരസഭയില്‍ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വത്വവും തനിമയും ഇല്ല എന്ന വസ്തുതയാണ്. 2017 ജൂലൈ 3-ലെ വിധിക്കു ശേഷം മലങ്കരസഭയ്ക്ക് കൈവശാവകാശം ലഭിച്ച പ്രധാന പള്ളികള്‍ നിരവധിയാണ്.

സഭാക്കേസില്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമായി മുപ്പതോളം പള്ളികളുടെ കൈവശാവകാശം മലങ്കരസഭയ്ക്ക് ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ (2017-2019) ലഭിച്ച മണ്ണത്തൂര്‍, കോലഞ്ചേരി, വരിക്കോലി, കണ്യാട്ടുനിരപ്പ്, നെച്ചൂര്‍, ചാത്തമറ്റം, മുളക്കുളം, തൃക്കുന്നത്ത് സെമിനാരി പള്ളി, വെട്ടിത്തറ, ചേലക്കര, കട്ടച്ചിറ, പിറവം, പാലക്കുഴ, ചാലിശ്ശേരി, മാന്ദമംഗലം, കോതമംഗലം, പഴന്തോട്ടം, പെരുമ്പാവൂര്‍, കാരിക്കോട്, എരിക്കുംചിറ, ചെറുകുന്നം, മംഗലം ഡാം, മേപ്രാല്‍ മുതലായവ അതില്‍ ചിലതു മാത്രം. ഇനി വിധി പറയുവാനുള്ള പള്ളികളും മലങ്കരസഭയുടെ ഭരണത്തില്‍ എത്തും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിഘടിത വിഭാഗത്തിന് നിയമസാധുത ലഭ്യമാകുകയില്ല എന്ന് ഇത്തരം വിധികള്‍ സാക്ഷ്യപ്പെടുത്തുന്നു. കലഹങ്ങളും പോരാട്ടങ്ങളും പര്യവസാനിപ്പിച്ച് സുപ്രീം കോടതി വിധിക്ക് അനുസൃതമായി ഐക്യവും കൂട്ടായ്മയും സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

മലങ്കരസഭയില്‍ 2017-ലെ സുപ്രീം കോടതി വിധി ഒരിടയനും ഒരാട്ടിന്‍കൂട്ടവും എന്ന ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. ഒരു സഭ, ഒരു ഭരണഘടന, ഒരു ഭരണക്രമം, ഒരു ജനാധിപത്യ സംവിധാനം എന്ന തത്വം ഉള്‍ക്കൊള്ളുക എന്നതാണ് നിയമവ്യവസ്ഥ നിര്‍ദ്ദേശിക്കുന്നത്. ദേശീയവും സ്വതന്ത്രവുമായ മലങ്കരസഭയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ഒരധികാരവും ഇല്ല എന്നും പാത്രിയര്‍ക്കീസിന്‍റെ ആത്മീയാധികാരം അസ്തമനാവസ്ഥയിലെത്തിയെന്നുമുള്ള സുപ്രീം കോടതിയുടെ കണ്ടെത്തലിന് വിരുദ്ധമായി പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഇടപെടല്‍ അത്യന്തം നീതി നിഷേധത്തിന്‍റേതാണ്. അതിന് ആവശ്യമായ സുരക്ഷയും സഹായവും ഒരുക്കുന്ന സര്‍ക്കാര്‍ നയങ്ങളും സുപ്രീം കോടതി വിധിയുടെ പ്രത്യക്ഷമായ ലംഘനമാണ്.

കേരളത്തില്‍ എത്തിയ പാത്രിയര്‍ക്കീസ് നടത്തിയ പത്രപ്രസ്താവനകളും പ്രഭാഷണങ്ങളും എല്ലാം സുപ്രീം കോടതി വിധി അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്. മലങ്കരയില്‍ 2019-ല്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവായുടെ പ്രസംഗങ്ങളില്‍ ശക്തിപ്പെട്ടത് ഭീകരത സൃഷ്ടിക്കുന്ന വാക്ദ്ധോരണിയും നീതിനിഷേധങ്ങളുമാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്‍റെ വിധിയേയും നീതിന്യായ വ്യവസ്ഥകളുടെ സംവിധാനങ്ങളെയും നിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്ത് വിഘടിത വിഭാഗത്തിന്‍റെ രാഷ്ട്രീയ അജണ്ടായെ പിന്തുണയ്ക്കുകയാണ് ചെയ്തത്. മലങ്കരസഭാ കേസില്‍ കോടതികളെ സമീപിച്ച് വാദപ്രതിവാദ മുഖങ്ങള്‍ എല്ലാം നിരത്തിയിട്ടും സുപ്രീം കോടതി വിധി പ്രതികൂലമായപ്പോള്‍ അതിനെ പാത്രിയര്‍ക്കീസും നിഷേധിക്കുന്ന സമീപനം അത്യന്തം ഖേദകരമാണ്. മലങ്കരസഭയില്‍ പുതിയ പള്ളികളും സ്ഥാപനങ്ങളും നിര്‍മ്മിച്ച് അന്ത്യോഖ്യന്‍ വിശ്വാസവും അന്ത്യോഖ്യന്‍-മലങ്കര ബന്ധവും നീണാള്‍ നിലനിര്‍ത്തണമെന്ന പാത്രിയര്‍ക്കീസിന്‍റെ ആഹ്വാനം 2017-ലെ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. അതിനെ കോടതിയിലൂടെ നേരിടുവാനുള്ള സംവിധാനം ഉണ്ടാകാത്തത് മലങ്കരസഭാ മക്കള്‍ സമാധാനകാംക്ഷികള്‍ ആയതുകൊണ്ടു മാത്രമാണ്.

ഇന്ത്യയില്‍ 2019-ലെ കണക്കിന്‍പ്രകാരം 135.5 കോടി ജനങ്ങളുണ്ട്. അതില്‍ ക്രിസ്ത്യാനികള്‍ രണ്ടര ശതമാനത്തില്‍ താഴെ മാത്രം. മലങ്കരസഭാ കേസുമായി സുപ്രീം കോടതിയെ സമീപിച്ചവരെ (1958-2017) കണക്കാക്കുമ്പോള്‍ ആകെ 25 ലക്ഷത്തില്‍ താഴെ മാത്രം!

ഇന്ത്യയുടെ പരമാധികാര സമിതിയായ സുപ്രീം കോടതിയുടെ സുപ്രധാനമായ സമയവും സാധ്യതകളും വ്യവഹാര പരിഹാരത്തിനായി ചെലവിടുന്നത് ഇന്ത്യന്‍ ജനതയുടെ കാല്‍ ശതമാനത്തിന് താഴെ. കൃത്യമായി പറഞ്ഞാല്‍ വെറും 0.15 ശതമാനത്തിനു മാത്രമായി തീരുന്നു. എന്നിട്ടും സുപ്രീം കോടതിയുടെ വിവിധ ബഞ്ചുകള്‍ 1958-ലും 1995-ലും 2017-ലും മലങ്കരസഭാ കേസില്‍ സുപ്രധാനമായ വിധി പറഞ്ഞു. കോടതിവിധി അനുസരിക്കാം എന്നുള്ള നീതിബോധത്തിലാണല്ലോ ഇരു വിഭാഗവും കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ 2017-ലെ ആത്യന്തികമായ വിധിയെ ചോദ്യം ചെയ്യുവാനും നിഷേധിക്കുവാനും സന്നദ്ധരായ ഒരു വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ 11-ാമതു ആഗോള അസംബ്ലി 2021-ല്‍ ജര്‍മ്മനിയില്‍ നടക്കും. അതിന്‍റെ മുഖ്യ ചിന്താവിഷയം ‘ക്രിസ്തുവിന്‍റെ സ്നേഹം അനുരഞ്ജനത്തിലേയ്ക്കും ഐക്യത്തിലേയ്ക്കും നയിക്കുന്നു’ (ഇവൃശെേچെ ഘീ്ല ാീ്ലെ വേല ണീൃഹറ ീേ ൃലരീിരശഹഹശമശേീി മിറ ഡിശ്യേ) എന്നതാണ്. പ്രാദേശിക സഭയില്‍ ഐക്യത്തിനും അനുരഞ്ജനത്തിനും തുരങ്കം വയ്ക്കുന്നവര്‍ക്ക് എങ്ങനെ ആഗോള സഭാവേദികളില്‍ ഒന്നിച്ചിരുന്ന് ഇത്തരം വിഷയങ്ങളുടെ വേദശാസ്ത്രവും സഭാശാസ്ത്രവും കാലികമായി വിലയിരുത്തുവാന്‍ കഴിയും. മലങ്കരസഭയുടെ പശ്ചാത്തലത്തില്‍ പ്രാദേശികതലങ്ങളിലെ തര്‍ക്കങ്ങളും പ്രതിസന്ധികളും ക്രിസ്തീയ സ്നേഹത്തിലും 1934-ലെ ഭരണഘടനയുടെയും സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തിലും ഉള്‍ക്കൊള്ളുവാന്‍ കഴിയണം. അത് ഇന്ത്യന്‍ ജുഡീഷ്യറിയോടും ജനാധിപത്യ സംവിധാനത്തോടും നീതിബോധത്തോടുമുള്ള ആഭിമുഖ്യവും ബഹുമാനവും ആയിരിക്കും.

‘പോരടിച്ച് തകര്‍ന്ന പേരില്ലാ സഭാ ഗ്രൂപ്പ്’ എന്ന കെ. വി. മാമ്മന്‍ കോട്ടയ്ക്കലിന്‍റെ ഗ്രന്ഥം മുഖ്യമായും മലങ്കരസഭാ കേസുകള്‍ക്ക് പ്രധാന കക്ഷിയായ വിഘടിത വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചയാണ്. സുപ്രീം കോടതിയുടെ 2017-ലെ വിധി പ്രഖ്യാപനത്തിനുശേഷം ഉണ്ടായ രാഷ്ട്രീയവും സഭാപരവും ഭരണപരവുമായ ജീര്‍ണ്ണതകളും തകര്‍ച്ചയും അതി കഠിനമായ ഭാഷയില്‍ അവതരിപ്പിക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ മലങ്കരസഭയില്‍ ഒരിക്കല്‍ സമാധാനവും ഐക്യവും ഉണ്ടാകും എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന സഭാചരിത്രാന്വേഷിയുടെ ആത്മനൊമ്പരത്തിന്‍റെ ഹൃദയസ്പന്ദനമാണ് ഇതിലെ വരികള്‍. അതിനാലാണ് ചില ഭാഗങ്ങളില്‍ മുഖംനോക്കാതെയുള്ള വിമര്‍ശനങ്ങളും വിശകലനങ്ങളും ഭാഷയുടെ ആവരണമില്ലാതെ അവതരിപ്പിച്ചിരിക്കുന്നത്. വിഘടിത വിഭാഗം 1934-ലെ ഭരണഘടനയും 2017-ലെ സുപ്രീംകോടതി വിധിയും ഉള്‍ക്കൊണ്ട് മലങ്കരസഭയില്‍ ശാശ്വത സമാധാനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് 90 വയസ്സെത്തിയ കെ. വി. മാമ്മന്‍ കോട്ടയ്ക്കലിന്‍റെ നിര്‍ദ്ദേശം.

സഭാക്കേസില്‍ സുപ്രീംകോടതിയുടെ 2017 ജൂലൈ 3-ലെ സുപ്രധാന വിധി വന്നതു മുതല്‍ പ. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എടുത്ത ധീരമായ നിലപാട് ആത്യന്തികമായി ശരിയാണെന്ന് ഇപ്പോഴുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ‘തട്ടിക്കൂട്ടിയുള്ള സഭാ സമാധാനം’ ആവശ്യമില്ല എന്നതായിരുന്നു ബാവായുടെ നിലപാട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പ. ബാവാ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രഭാഷണങ്ങള്‍ എല്ലാംതന്നെ സഭയുടെ ചരിത്രം, കാനോന്‍, ഭരണഘടന, സംസ്ക്കാരം, കോടതിവിധികള്‍ എന്നിവ എല്ലാം സ്വാംശീകരിച്ച് ഭാവിയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നവയാണ്. അവ അതതു രീതിയില്‍ ക്രോഡീകരിക്കുന്നത് ചരിത്ര പഠിതാക്കള്‍ക്ക് പുതിയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമായിരിക്കും. ഈ ഗ്രന്ഥത്തില്‍ പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഒരു സുപ്രധാനമായ പ്രഭാഷണം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2019 മെയില്‍ തൃശൂരില്‍ നടന്ന യുവജനസമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദൈവത്തിന്‍റേതാകയാല്‍ അതിനെ ദ്രോഹിച്ചവരെയെല്ലാം ദൈവം നശിപ്പിച്ചു എന്നും മലങ്കരസഭയെ ആര്‍ക്കും നിര്‍മ്മൂലമാക്കുവാന്‍ സാധ്യമല്ലെന്നും പറഞ്ഞു. പ. ബാവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക:

“മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട സഭയാണ്. ഈ സഭയെ തട്ടിത്തകര്‍ക്കുവാന്‍ ആര് ശ്രമിച്ചാലും സ്വയം തകരുകയാണ്. അത് വ്യക്തിയാകട്ടെ, പ്രസ്ഥാനമാകട്ടെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയാകട്ടെ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദൈവത്തിന്‍റെ സ്ഥാപനമാണ്. ആ സ്ഥാപനത്തോട് ആരെങ്കിലും ഏതെങ്കിലുംവിധത്തില്‍ പോരാടി വിജയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പോരാട്ടം ദൈവത്തോടാണ്. ആ പോരാട്ടം ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്നത് വസ്തുതയാണ്. അതുകൊണ്ട് നമ്മളാരും പതറേണ്ട കാര്യമില്ല. പക്ഷേ നിലപാടുകള്‍ ഉണ്ടാകണം.”

പ. ബാവായുടെ വാക്കുകളില്‍ നിറയുന്നത് സമകാലിക രാഷ്ട്രീയ-സാമൂഹിക സഭാപരമായ അവസ്ഥകളുടെ പ്രതിസ്പന്ദനങ്ങളാണ്. പ. പിതാവ് പറയുന്നു: “നീതിന്യായ കോടതികളെ വെല്ലുവിളിക്കുന്നത് രാജ്യദ്രോഹമാണ്. അതാരായിരുന്നാലും കൊള്ളാം. അത് ഏതെങ്കിലും സ്വാധീനം ഉപയോഗിച്ച് നീതി ന്യായ കോടതികളെ വെല്ലുവിളിക്കുന്നത് നാശത്തിനാണ്. അത് ഒരാളുടെ നാശത്തിനല്ല സര്‍വ്വരുടേയും നാശത്തിന് ആയിരിക്കും. അതുകൊണ്ട് അങ്ങനെയുള്ള തിരിച്ചറിവുകള്‍ ഉണ്ടാവണം. അല്ലാതെ വേറൊരു രാജ്യത്ത് ചെന്ന് അവരുടെ ഭരണത്തേയോ നിയമസംഹിതകളേയോ വിമര്‍ശിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? ഏതെങ്കിലും രാജ്യത്ത് നടക്കുമോ അത്? ഇത് ജനാധിപത്യ രാജ്യമായതുകൊണ്ടാണ് ഇവിടുത്തെ സംവിധാനത്തെ, നിയമസംഹിതയെ വിമര്‍ശിച്ച് പ്രസംഗിപ്പാന്‍ തക്കവണ്ണം ധൈര്യപ്പെടുന്നത്.”

പ. അപ്രേം പാത്രിയര്‍ക്കീസിന്‍റെ 2019-ലെ കേരള സന്ദര്‍ശന പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ക്കുള്ള പ. ബാവായുടെ മറുപടിയാണിതില്‍ പ്രതിധ്വനിക്കുന്നത്. സഭാചരിത്രകാരനായ കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ അടയാളപ്പെടുത്തിയതുപോലെ ‘പോരടിച്ചു തകര്‍ന്ന പേരില്ലാ സഭാ ഗ്രൂപ്പി’ന്‍റെ ആത്മവഞ്ചനയുടെ കഥയാണ് പ. ബാവായുടെ പ്രഭാഷണങ്ങളുടെ അകവും പുറവും.

ഒന്നര നൂറ്റാണ്ടായ മലങ്കരസഭയിലെ തര്‍ക്കങ്ങള്‍ 2017-ലെ സുപ്രീംകോടതി വിധിയിലൂടെ അവസാനിപ്പിക്കുവാന്‍ ഏവര്‍ക്കും കഴിയണം. വ്യവഹാരങ്ങളും ഭിന്നതകളും പോരാട്ടങ്ങളും അവസാനിപ്പിച്ച് ‘ഒരിടയനും ഒരാട്ടിന്‍കൂട്ടവുമായി’ തീരുവാന്‍ കഴിയണം. സഭാക്കേസില്‍ ഇനിയും എത്ര കോടതിവിധികള്‍ ഉണ്ടായാലും അത് 1934-ലെ മലങ്കരസഭാ ഭരണഘടനയ്ക്ക് അനുസൃതമായ വിധി മാത്രമായിരിക്കും. കോടതി വ്യവഹാരങ്ങളിലൂടെ വിഘടിത വിഭാഗത്തിന് ഇനി നിലനില്പില്ല. ഭരണഘടനയും കോടതിവിധികളും ഉള്‍ക്കൊണ്ട് ക്രിസ്തീയമായ സാക്ഷ്യം നിലനിര്‍ത്തുവാന്‍ കഴിയണം.

ഇനി ഒരു തലമുറ കൂടി സഭാവ്യവഹാരങ്ങളിലും പോരാട്ടങ്ങളിലും ഇടപെട്ട് തകര്‍ന്നടിയുവാന്‍ ഇടയാകരുത്. 2017-ലെ സുപ്രീംകോടതി വിധി ദൈവിക ഇടപെടലായി സ്വീകരിക്കുവാന്‍ ഏവര്‍ക്കും സാധിക്കണം.

കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ അവതരിപ്പിക്കുന്ന ‘പോരടിച്ചു തകര്‍ന്ന പേരില്ലാ സഭാ ഗ്രൂപ്പ്’ എന്ന ഗ്രന്ഥം ഏവരിലും ആത്മനൊമ്പരവും പശ്ചാത്താപവും സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. ഇതില്‍ അവതരിപ്പിച്ചിരിക്കുന്ന വിമര്‍ശനമുഖങ്ങള്‍ ഗുണപരമായി സ്വീകരിച്ച് ‘വ്യവഹാരരഹിതമായ സഭയെ’ വിഭാവനം ചെയ്യുവാന്‍ കഴിയണം. നവതി നിറവില്‍ എത്തിയ വന്ദ്യ കെ. വി. മാമ്മന്‍ കോട്ടയ്ക്കലിന് ഹൃദയപൂര്‍വ്വമായ ആദരവുകള്‍.

“ദൈവത്തെ ഭയപ്പെടുന്നവരെ രക്ഷിക്കാന്‍ ദൈവം എപ്പോഴും ഒരുങ്ങിയിരിക്കുന്നു. ദൈവത്തിന്‍റെ തേജസ്സ് നമ്മുടെ ദേശത്ത് കുടികൊള്ളും. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും. നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയില്‍ വിശ്വസ്തത മുളയ്ക്കും. നീതി സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയെ നോക്കും. ദൈവം നന്മ വര്‍ഷിക്കും.”

(സങ്കീര്‍ത്തനങ്ങള്‍ 85:9-12)

ബോധി, പന്തളം
10-06-2019

(ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘പോരടിച്ച് തകര്‍ന്ന പേരില്ലാ സഭാ ഗ്രൂപ്പ്’ എന്ന കെ. വി. മാമ്മന്‍ കോട്ടയ്ക്കലിന്‍റെ ഗ്രന്ഥത്തിന്‍റെ അവതാരിക)