പുതുശ്ശേരി ടിബിലീസിയിലേയ്ക്ക്


ടിബിലീസിയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (കഅഛ) യുടെ 26-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്കു ക്ഷണം ലഭിച്ചു.

2019 ജൂണ്‍ 19 മുതല്‍ 23 വരെ ടിബിലീസിയില്‍ ജോര്‍ജിയന്‍ പാര്‍ലമെന്‍റില്‍ വെച്ചു നടക്കുന്ന മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള എം.പി. മാര്‍ പങ്കെടുക്കുന്ന ഈ അന്താരാഷ്ട്ര കൂട്ടായ്മയില്‍ രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് പുതുശ്ശേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, ആസ്ട്രേലിയ, കാനഡ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള ജനപ്രതിനിധികളും സമ്മേളന ത്തില്‍ പങ്കെടുക്കും.

ആധുനിക രാഷ്ട്രീയ – സാമൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരി ക്കുന്നതില്‍ പാര്‍ലമെന്‍ററി സംവിധാനത്തിന്‍റെ പങ്ക് എന്നതാണ് മുഖ്യ ചിന്താവിഷയം.
ജോര്‍ജിയന്‍ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് സലൊമെ സൊറബിഷ്വിലി, ജോര്‍ജിയന്‍ പാര്‍ലമെന്‍റ് ചെയര്‍മാന്‍ ഇറക്ലി കൊബാക്ഹിഡ്സ് എന്നിവര്‍ ചേര്‍ന്നു 26-ാം വാര്‍ഷിക ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും.

സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയെ തുടര്‍ന്നു യൂറോപ്പിന്‍റെ പൊതുവായ സാംസ്കാരിക സത്വമായി ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണു 1993-ല്‍ ഗ്രീക്ക് പാര്‍ലമെന്‍റു ആസ്ഥാനമായി ഐ.ഏ.ഒ. രൂപം കൊണ്ടത്. ജനാധിപത്യ ധാര്‍മ്മിക മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള മത സാംസ്കാരിക ആശയ വിനിമയം സാധ്യമാക്കുന്നതും ഐ.ഏ.ഒ. ലക്ഷ്യമിടുന്നു.
റഷ്യന്‍ പാര്‍ലമെന്‍റ് (ഡ്യൂമെ) അംഗം സെര്‍ജി ഗാവ്റിലോവ് ആണു ഐ.ഏ.ഒ. യുടെ പ്രസിഡന്‍റ്. ഗ്രീക്ക് പാര്‍ലമെന്‍റ് അംഗം ആന്‍ഡ്രിയാസ് മിക്കാലിഡിസ് ആണു സെക്രട്ടറി ജനറല്‍.

2013 മുതല്‍ തുടര്‍ച്ചയായി വിവിധ രാജ്യങ്ങളില്‍ നടന്ന ഐ.ഏ.ഒ. വാര്‍ഷിക ജനറല്‍ അംസബ്ലികളില്‍ പുതുശ്ശേരി പങ്കെടുത്തിരുന്നു.