എണ്ണപ്പാടങ്ങളില്‍
ബസ്രായില്‍ നിന്നു പിറ്റേദിവസം കുവൈറ്റിലേക്കുള്ള യാത്രയ്ക്കു ഞങ്ങള്‍ ധൃതഗതിയില്‍ ഒരുങ്ങുകയാണ്. ഞങ്ങളെ കുവൈറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിന് അവിടെ നിന്നും കോഴഞ്ചേരിക്കാരന്‍ ശ്രീ. തോമസ് മുന്‍കൂട്ടി ബസ്രായില്‍ എത്തി ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തന്നെ താമസിച്ചിരുന്നു. ഫെബ്രുവരി 22-ാം തീയതി ദീവന്നാസ്യോസ് പൗലൂസ് തിരുമേനിയോടും ബസ്രായിലെ ജനങ്ങളോടും യാത്ര പറഞ്ഞു ഞങ്ങള്‍ വിമാനത്തില്‍ കയറി. ശ്രീ. തോമസ് നമ്മുടെ സഭാംഗവും കുവൈറ്റ് വിമാന സര്‍വ്വീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരനും സമുദായത്തോടും മേലദ്ധ്യക്ഷന്മാരോടും വൈദികഗണത്തോടും വളരെ ഭക്തിയും വളരെ വിനയവുമുള്ളവനുമാണ്. ഞങ്ങള്‍ വിമാനത്തില്‍ കയറി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വിമാനം കുവൈറ്റ് വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞു. കുവൈറ്റ് പള്ളി വികാരി ബ. സി. വി. ജോണച്ചനും നമ്മുടെ നാട്ടില്‍ നിന്നും സിറിയായില്‍ നിന്നും വന്നു കുവൈറ്റില്‍ ജോലി നോക്കുന്നവരായ യുവതികളും യുവാക്കന്മാരുമായ ഒട്ടധികംപേര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തിയിരിക്കുന്നു. അവര്‍ ആഹ്ലാദപൂര്‍വ്വം ഹര്‍ഷാരവത്തോടെ ഞങ്ങളെ സ്വീകരിച്ച് അവിടെയുള്ള കെട്ടിടത്തിലേക്കാനയിച്ചു. കുറച്ചു നേരത്തെ വിശ്രമത്തിനും കൂടിക്കാഴ്ചയ്ക്കും ശേഷം എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പുഫോട്ടോകള്‍ എടുത്തു.
അഹമ്മദി എന്ന സ്ഥലത്ത് എണ്ണകമ്പനി വക ബംഗ്ലാവാണ് ഞങ്ങളുടെ താമസത്തിന് ഏര്‍പ്പാടു ചെയ്തിരുന്നത്. കമ്പനിക്കാരുടെ പ്രത്യേക അതിഥികളായി ഞങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നതിനാല്‍ കമ്പനി വക അതിഥി മന്ദിരത്തില്‍ താമസിക്കുകയും അവരുടെ റസ്റ്റൊറന്‍റില്‍ നിന്നും ഭക്ഷണം കഴിക്കയും ചെയ്തു. വൈകിട്ട് 7 മണിയോടു കൂടി അവിടെ അടുത്തുള്ള സെന്‍റ് പോള്‍സ് പള്ളിയില്‍ എത്തി സന്ധ്യാനമസ്കാരം നടത്തി. അവിടെ കൂടിയിരുന്ന നമ്മുടെ സഭാംഗങ്ങളും ഇതര മതവിഭാഗങ്ങളില്‍പെട്ടവരുമായ എല്ലാവരുമായി ഞങ്ങള്‍ പരിചയപ്പെട്ടു. കാതോലിക്കാ ബാവാ തിരുമേനി ഞങ്ങളുടെ യാത്രയെക്കുറിച്ച് ഒരു ചെറുപ്രസംഗം ചെയ്തു. മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പ്രത്യേകിച്ചു മറ്റു രണ്ടു മെത്രാപ്പോലീത്താ തിരുമേനിമാരോടുകൂടി കുവൈറ്റും അഹമ്മദിയും സന്ദര്‍ശിക്കുന്നത് ആദ്യമാകയാല്‍ കുവൈറ്റിലെയും അഹമ്മദിയിലെയും നമ്മുടെ ഇടവകകളെ സംബന്ധിച്ചിടത്തോളം ഇതു അതിപ്രധാനമായ ഒരു സംഭവമാണ്. നാട്ടുകാരായ ഇതര സഭാംഗങ്ങളും വിഭാഗീയമായ ചിന്ത കൂടാതെ നമ്മുടെ ജനങ്ങളുമായി എല്ലാ കാര്യങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
പിറ്റേദിവസം രാവിലെ ഞങ്ങള്‍ അഹമ്മദി പട്ടണം ചുറ്റി നടന്നു കണ്ടു. പട്ടണത്തിന്‍റെ അതിര്‍ത്തിയിലാണ് തുറമുഖം. ഇവിടെ നിന്നുമാണ് എണ്ണ സമൃദ്ധിയായി പല രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നത്. അഹമ്മദി പട്ടണം അത്ര വലുതല്ലെങ്കിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു സ്വതന്ത്ര തുറമുഖം ആണ്.
വൈകിട്ട് അഞ്ചു മണിയോടുകൂടി ഞങ്ങള്‍ കുവൈറ്റ് പട്ടണത്തിലേക്കു പോയി അവിടെയുള്ള പള്ളിയില്‍ സന്ധ്യാനമസ്കാരം നടത്തി. കൂടിയിരുന്ന ജനങ്ങളോടു ഞങ്ങളുടെ യാത്രയെപ്പറ്റി ബാവാ തിരുമേനി അവിടെയും പ്രസംഗിച്ചു. തിരിച്ചു ഞങ്ങള്‍ അഹമ്മദിയില്‍ ഗസ്റ്റ് ഹൗസിലേക്കു പോരുന്ന വഴി പരേതനായ വടകര തട്ടമ്പാറ കുഞ്ഞവറാച്ചന്‍റെ മകളുടെ വസതിയില്‍ക്കയറി അവിടെ തയ്യാര്‍ ചെയ്തിരുന്ന വിരുന്നില്‍ സംബന്ധിച്ചു. അതിനുശേഷം രാത്രി പത്തു മണി കഴിഞ്ഞു താമസസ്ഥലത്ത് ഞങ്ങള്‍ തിരിച്ചെത്തി.
ഫെബ്രുവരി 24-ാം തീയതി അഹമ്മദിയില്‍ കമ്പനി വക ആശുപത്രി ഞങ്ങള്‍ സന്ദര്‍ശിച്ചു. പുതുപ്പള്ളി കൈപ്പനാട്ടു പുതുമന ശ്രീ. കെ. എം. മാത്യു സുഖമില്ലാതവിടെ കിടന്നിരുന്നു. ഞങ്ങള്‍ മാത്യുവിനെക്കണ്ടു പ്രത്യേകം പ്രാര്‍ത്ഥിച്ചു. നമ്മുടെ നാട്ടുകാരായ ചില നേഴ്സുകള്‍ ഇവിടെയും സേവനമനുഷ്ഠിക്കുന്നുണ്ട്. വൈകുന്നേരം 5 മണിക്കു ഞങ്ങള്‍ കുവൈറ്റു പള്ളിയില്‍ പോയി സന്ധ്യാനമസ്കാരം നടത്തി. പൗലൂസ് മാര്‍ പീലക്സീനോസ് തിരുമേനി പ്രസംഗിച്ചു. അതിനുശേഷം ബാവാ തിരുമനസ്സിലെ ബഹുമാനാര്‍ത്ഥം കോഴഞ്ചേരിക്കാരന്‍ ശ്രീ. തോമ്മസ് അവിടെയുള്ള ഒരു വലിയ ഹോട്ടലില്‍ ഏര്‍പ്പാടു ചെയ്തിരുന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഞങ്ങള്‍ സംബന്ധിച്ചു. മുപ്പതില്‍ കുറയാതെ മാന്യന്മാര്‍ ഇതില്‍ പങ്കുകൊണ്ടു. അന്ന് ഞങ്ങള്‍ കുവൈറ്റില്‍ ബ. സി. വി. ജോണച്ചന്‍റെ വസതിയില്‍ രാത്രി താമസിച്ചു.
പിറ്റേദിവസം രാവിലെ 8 മണിക്കു കുവൈറ്റു പള്ളിയില്‍ ബാവാ തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വി. കുര്‍ബ്ബാനയില്‍ സംബന്ധിച്ച എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പു ഫോട്ടോ എടുക്കുകയും ചെയ്തു. അതിനുശേഷം ഞങ്ങള്‍ വികാരി അച്ചന്‍റെ വസതിയില്‍ പോയി വിശ്രമിച്ചു. നാലു മണിക്കു ഇടവകക്കാരുടെ വകയായി ഗംഭീരമായ ഒരു ടീ പാര്‍ട്ടി ഉണ്ടായിരുന്നു. നൂറില്‍പരം ആളുകള്‍ ഇതില്‍ സംബന്ധിച്ചു. ഏഴു മണിക്കു പള്ളിയില്‍ എത്തി സന്ധ്യാനമസ്ക്കാരം നടത്തുകയും അതിനുശേഷം അവിടെ ചേര്‍ന്ന സ്വീകരണസല്‍ക്കാരത്തില്‍ സംബന്ധിക്കുകയും ചെയ്തു. വിവിധ സഭകളെ പ്രതിനിധീകരിച്ചു പട്ടക്കാരും ജനങ്ങളും അതില്‍ സംബന്ധിച്ചിരുന്നു. റോമന്‍ കത്തോലിക്കര്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മ്മീനിയന്‍, കോപ്റ്റിക്, ആഗ്ലിക്കര്‍ എന്നീ സഭകളെ പ്രതിനിധീകരിച്ചു ഭാവുകാശംസാ പ്രസംഗങ്ങള്‍ നടത്തി. പ. കാതോലിക്കാ ബാവാ തിരുമേനിയും പീലക്സീനോസ് തിരുമേനിമാര്‍ രണ്ടു പേരും സ്വീകരണങ്ങള്‍ക്കു നന്ദി പ്രദര്‍ശിപ്പിച്ചുകൊണ്ടു പ്രസംഗിച്ചു. ഗ്രൂപ്പ് ഫോട്ടോ, ചായസല്‍ക്കാരം മുതലായവയ്ക്കു ശേഷം അവിടെ നിന്നും ഞങ്ങള്‍ അഹമ്മദിയിലേക്കു തിരിച്ചു പോന്നു. അഹമ്മദിയിലേക്കുള്ള യാത്രയില്‍ പരേതനായ കൊറ്റംപള്ളി ദാനിയേല്‍ അച്ചന്‍റെ പുത്രന്‍ ഡോക്ടറുടെ വസതിയില്‍ കയറി ഡിന്നര്‍ പാര്‍ട്ടിയില്‍ സംബന്ധിച്ചു.
പിറ്റേദിവസം വെള്ളിയാഴ്ച രാവിലെ അഹമ്മദിയിലുള്ള സെന്‍റ് പോള്‍സ് പള്ളിയില്‍ ബാവാ തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും ഒരു കുഞ്ഞിന്‍റെ മാമ്മോദീസാ നടത്തുകയും ചെയ്തു. അന്ന് വൈകിട്ട് സന്ധ്യാനമസ്ക്കാരവും പള്ളിയില്‍ത്തന്നെ ആയിരുന്നു. നമസ്ക്കാരത്തിനുശേഷം പൗലൂസ് മാര്‍ പീലക്സിനോസ് തിരുമേനി പ്രസംഗിച്ചു. ഈ രാജ്യം മഹമ്മദീയരുടെ ഭരണത്തിലാകയാല്‍ വെള്ളിയാഴ്ച എല്ലാവര്‍ക്കും അവധി ദിവസമാണ്. അവധി ദിവസമാകയാല്‍ മിക്കവാറും എല്ലാവരും തന്നെ രാവിലത്തെ വി. കുര്‍ബ്ബാനയിലും വൈകിട്ടത്തെ നമസ്ക്കാരത്തിലും സംബന്ധിച്ചിരുന്നു. 1950-ല്‍ ആണ് അഹമ്മദിയില്‍ നമ്മുടെ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. എന്നാല്‍ 1951 സെപ്തംബര്‍ വരെ അവിടെ പട്ടക്കാര്‍ ആരുംതന്നെ ചെന്നിരുന്നില്ല. ഇപ്പോഴത്തെ ഏബ്രഹാം മാര്‍ ക്ലീമ്മിസ് തിരുമേനി (അന്ന് അദ്ദേഹം കശ്ശീശ്ശാ ആയിരുന്നു) 1951 സെപ്തംബര്‍ 15-ാം തീയതി ഇവിടെ ആദ്യമായി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. തിരുമേനി മെത്രാപ്പോലീത്താ സ്ഥാനമേറ്റതിനു ശേഷവും ഇവിടെ വന്നു രണ്ടു പ്രാവശ്യവും വി. കുര്‍ബ്ബാന അര്‍പ്പിക്കുകയുണ്ടായി. 1953-ല്‍ ഇപ്പോഴത്തെ ദാനിയേല്‍ മാര്‍ പീലക്സീനോസ് തിരുമേനി കുവൈറ്റു സന്ദര്‍ശിക്കയും ഇവിടെ വി. കുര്‍ബ്ബാന അര്‍പ്പിക്കയും ഒരു വിവാഹ കൂദാശ നടത്തിക്കൊടുക്കയും ചെയ്തു. അക്കാലത്ത് ഇവിടെ എഴുപതോ എണ്‍പതോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കുവൈറ്റു സിറ്റിയിലെ കോണ്‍ഗ്രിഗേഷന്‍ 1957-ല്‍ ആണ് ആരംഭിച്ചത്. അഹമ്മദിയില്‍ വളരെ മുന്‍പു തന്നെ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചുവെങ്കിലും കുവൈറ്റു സിറ്റിയില്‍ ഉള്ളിടത്തേളം ജനസംഖ്യ ഇപ്പോള്‍ അവിടെ ഇല്ല.
ഫെബ്രുവരി 27-ാം തീയതി രാവിലെ കാപ്പികുടി കഴിഞ്ഞ് ഓയില്‍ കമ്പനി സന്ദര്‍ശിക്കുന്നതിനു ഞങ്ങള്‍ പുറപ്പെട്ടു. മണ്ണിനടിയില്‍ നിന്നും ഓയില്‍ കുഴിച്ചെടുക്കുന്നതു സംബന്ധിച്ച ഒരു ഫിലിം ആദ്യമായി കമ്പനിക്കാര്‍ ഞങ്ങളെ കാണിച്ചു തന്നു. അതിനുശേഷം കമ്പനി ആഫീസിലേക്കു ഞങ്ങള്‍ പോയി. അവിടുത്തെ ഉദ്യോഗസ്ഥന്മാര്‍ വളരെ താല്‍പര്യത്തോടെ ഞങ്ങളെ സ്വീകരിച്ച് കുശലപ്രശ്നങ്ങള്‍ നടത്തുകയും പെട്രോള്‍ സംബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കു കാണിച്ചു തരുന്നതിനും വിശദീകരിച്ചു മനസ്സിലാക്കുന്നതിനും കമ്പനിയിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെ ഞങ്ങളുടെ കൂടെ അയച്ചു തരികയും ചെയ്തതു കൂടാതെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കമ്പനി വക ഭംഗിയേറിയ ഓരോ ഹാന്‍ഡ് ബാഗ് സമ്മാനമായി തരികയും ചെയ്തു.
ഓയില്‍ എടുക്കുന്ന കിണറുകള്‍, ക്രൂഡ് ഓയില്‍ സംഭരിച്ചിരിക്കുന്ന ടാങ്കുകള്‍, അവയിലേയ്ക്കു എണ്ണ ഒഴുകുന്ന പൈപ്പുകള്‍, എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറി മുതലായവയും അവയുടെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്കു കാണിച്ചു വിശദീകരിച്ചു തന്നു. സമുദ്രനിരപ്പില്‍ നിന്നു 4500 അടി വരെ കുഴിച്ചു എണ്ണ എടുക്കുന്ന അനേകം കിണറുകള്‍ ഞങ്ങള്‍ കണ്ടു. ഇതിനുള്ള യന്ത്രങ്ങളും ഞങ്ങള്‍ക്കു കാണിച്ചു തന്നു. അടുത്തു മീനാ എന്ന സ്ഥലത്താണ് കപ്പലില്‍ എണ്ണ കയറ്റി അയയ്ക്കുന്ന ജെട്ടി. അവിടെ ഞങ്ങള്‍ ചെന്നപ്പോള്‍ എണ്‍പതിനായിരം ടണ്‍ ഓയില്‍ കയറ്റുന്ന ജപ്പാന്‍കാരുടെ വക ഒരു കപ്പലില്‍ എണ്ണ കയറ്റുന്നതു ഞങ്ങള്‍ കണ്ടു. ഒരു ലക്ഷത്തിഇരുപത്തിഅയ്യായിരം ടണ്‍ ഓയില്‍ കയറ്റുന്ന കപ്പലുകളും അവിടെ അടുക്കുന്നുണ്ട്. വേറൊരു കപ്പലില്‍ എണ്ണ കയറ്റി നിറച്ചിട്ടിരിക്കുന്നു. ആ കപ്പല്‍ ഞങ്ങള്‍ എല്ലാവരും കയറിക്കണ്ടു. ഒരേ സമയം ഒന്‍പതു വന്‍ കപ്പലുകളില്‍ ഓയില്‍ കയറ്റുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ ജെട്ടിയിലുണ്ട്. അതിലേക്കാവശ്യമുള്ള പൈപ്പുകള്‍ മുതലായവ കൂട്ടി ഇണക്കി ഇട്ടിരിക്കുന്നതു കാണേണ്ട ഒരു കാഴ്ച തന്നെയാണ്. ഞങ്ങള്‍ അവിടെ ചെല്ലുന്നതിനു തലേദിവസം രാത്രിയില്‍ ഈ ജെട്ടിക്കു കുറച്ചകലെ വച്ചു രണ്ടു വലിയ കപ്പലുകള്‍ തമ്മില്‍ കൂട്ടിമുട്ടിയതിന്‍റെ ഫലമായി ഒരു കപ്പല്‍ ചരിഞ്ഞു കിടക്കുന്നതും ഞങ്ങള്‍ കണ്ടു. അതിലുണ്ടായിരുന്ന എണ്ണ കടലില്‍ കൂടി തിര അടിച്ച് ഒഴുകി കരയ്ക്കടുത്തു കിടക്കുന്നതും കണ്ടു. ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ഞങ്ങള്‍ താമസിച്ച ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി. അഞ്ചു മണിക്ക് അഹമ്മദിയിലുള്ള നമ്മുടെ സഭാംഗങ്ങള്‍ ബാവാ തിരുമേനിയുടെ ബഹുമാനാര്‍ത്ഥം നടത്തിയ ഒരു ചായസല്‍ക്കാരത്തില്‍ സംബന്ധിച്ചു. വിവിധ മതസ്ഥരായ വളരെപേര്‍ ഇതില്‍ പങ്കുകൊണ്ടു. അഹമ്മദിയിലെ സിറിയന്‍ കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി ശ്രീ. മാത്യു സ്വാഗതപ്രസംഗവും മറ്റു ചില പ്രമുഖ വ്യക്തികള്‍ പ്രസംഗങ്ങളും നടത്തി. ബാവാ തിരുമേനി സ്വീകരണത്തിനു നന്ദി പ്രദര്‍ശിപ്പിച്ചു പ്രസംഗിച്ചു.
പിറ്റേദിവസം ഞായറാഴ്ചയാണെങ്കിലും ഈ സ്ഥലത്ത് ഞായറാഴ്ച അവധി ദിവസമല്ല. അതിനാല്‍ ആളുകളുടെ സൗകര്യത്തെ ഉദ്ദേശിച്ചു വെളുപ്പിനെ സെന്‍റ് പോള്‍സ് പള്ളിയില്‍ പൗലൂസ് മാര്‍ പീലക്സീനോസ് തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വൈകുന്നേരം 5 മണിക്കാണ് ഇവിടുത്തെ സണ്‍ഡേസ്കൂള്‍ നടത്തുന്നത്. സണ്‍ഡേസ്കൂള്‍ സമയത്ത് ഞങ്ങള്‍ അവിടെ എത്തി കുട്ടികളെയും അദ്ധ്യാപകരേയും സന്ദര്‍ശിച്ചു. കുഞ്ഞുങ്ങള്‍ തിരുമേനിമാരെക്കണ്ടതില്‍ വളരെ അധികം സന്തോഷിച്ചു. അവരുടെ ഗാനങ്ങളും അഭിനയങ്ങളും ഞങ്ങളെയും വളരെ അധികം സന്തുഷ്ടരാക്കി. ബാവാ തിരുമേനി അവര്‍ക്കു മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും അവരോടു ഗുണദോഷങ്ങള്‍ പറയുകയും ചെയ്തു. ആറു മണി കഴിഞ്ഞു ഞങ്ങള്‍ ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി. പള്ളിക്കാര്‍ അവിടെ വന്നു തിരുമേനിമാരെ സന്ദര്‍ശിക്കയും കൈമുത്തു സമര്‍പ്പിക്കയും ചെയ്തു. തിരുമേനിമാര്‍ക്കു മൂന്നുപേര്‍ക്കും ഓരോ നല്ല കമ്പിളി ബനിയന്‍ ഒരാള്‍ പ്രത്യേകം കൊടുത്തു. ദാനിയേല്‍ മാര്‍ പീലക്സീനോസ് തിരുമേനിക്കു ഭംഗിയേറിയ ഒരു നല്ല സൂട്ട്കെയിസ് ഒരാള്‍ സമ്മാനിച്ചു. ബാവാ തിരുമേനിക്ക് എണ്ണൂറു രൂപയുടെ ഒരു ഡ്രാഫ്റ്റും മെത്രാപ്പോലീത്താ തിരുമേനിമാര്‍ ഓരോരുത്തര്‍ക്കും നാനൂറു രൂപയുടെ ഓരോ ഡ്രാഫ്റ്റും എനിക്ക് ഇരുനൂറു രൂപായുടെ ഒരു ഡ്രാഫ്റ്റും എന്നിങ്ങനെയാണ് കിട്ടിയത്. അനന്തരം അഹമ്മദിയിലുള്ള ജനങ്ങളോടു യാത്ര പറഞ്ഞ് കുവൈറ്റിലേക്കു ഞങ്ങള്‍ പുറപ്പെട്ടു. രാത്രി ഏഴു മണിക്കു ഞങ്ങള്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. ബാവാ തിരുമനസ്സിലെ ബഹുമാനാര്‍ത്ഥം കുവൈറ്റിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ ഞങ്ങള്‍ സംബന്ധിച്ചു. അതിനുശേഷം ബ. വികാരി അച്ചന്‍റെ വസതിയില്‍ എത്തി താമസിച്ചു.
മാര്‍ച്ച് ഒന്നാം തീയതി രാവിലെ പീലക്സീനോസ് തിരുമേനിമാരും ഞാനും കൂടി കുവൈറ്റു പട്ടണം കാണുന്നതിനു പുറപ്പെട്ടു. കാപ്പ തയ്പിക്കുന്നതിനു പറ്റിയ തുണി കിട്ടുമെങ്കില്‍ വാങ്ങിക്കണമെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. പട്ടണത്തില്‍ ചുറ്റി നടക്കുമ്പോള്‍ പൗലൂസ് മാര്‍ പീലക്സീനോസ് തിരുമേനിക്കു പെട്ടെന്നു ഒരസുഖം തോന്നിയതിനാല്‍ ഞങ്ങള്‍ തിരിച്ചു പോന്നു. അന്‍പതു നോമ്പാകയാല്‍ ഞങ്ങള്‍ എല്ലാവരും ഉച്ചകഴിയുന്നതുവരെ ഉപവസിക്കുകയാണ്. തിരുമേനിയുടെ അസുഖം കുറച്ചു നേരത്തേയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ദാനിയേല്‍ മാര്‍ പീലക്സീനോസ് തിരുമേനിയും ഞാനും വീണ്ടും പട്ടണത്തിലേക്കു പോയി. പട്ടണമെല്ലാം ചുറ്റി നടന്നു കണ്ടു. കാപ്പത്തുണി അന്വേഷിച്ചതില്‍ ഞങ്ങള്‍ക്കു ഇഷ്ടപ്പെട്ട ഒരിനവും കണ്ടുകിട്ടിയില്ല. ഞാന്‍ നല്ല വാച്ചും ഒരു ഭംഗിയുള്ള ടോര്‍ച്ചുലൈറ്റും വാങ്ങിച്ചു. പീലക്സീനോസ് തിരുമേനിയും ചില ചില്ലറ സാധനങ്ങള്‍ വാങ്ങിച്ചു. ഞങ്ങള്‍ തിരിച്ചു താമസസ്ഥലത്തു വന്നപ്പോഴേയ്ക്കും പുളിക്കീഴുകാരന്‍ ഡോ. വി. സി. ഏബ്രഹാം ബാവാ തിരുമേനിക്കും ദാനിയേല്‍ മാര്‍ പീലക്സീനോസ് തിരുമേനിയ്ക്കും രണ്ടു നല്ല കണ്ണടകള്‍ വീതവും പൗലൂസ് പീലക്സീനോസ് തിരുമേനിക്കും എനിക്കും ഓരോ നല്ല കണ്ണടയും വാങ്ങിച്ചു സമ്മാനമായി തന്നു. നേരത്തെ ഞങ്ങളുടെ കണ്ണുകള്‍ അവിടെയുള്ള ഒരു ഡോക്ടറെക്കൊണ്ടു പരിശോധിപ്പിച്ചതാണ്. എനിക്കു കിട്ടിയ രണ്ണു കണ്ണടകള്‍ നാട്ടില്‍ വന്നതിനുശേഷം ഒരാള്‍ക്കും വാച്ച് മറ്റൊരാള്‍ക്കും സമ്മാനമായി കൊടുത്തു. അന്ന് വൈകിട്ട് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍റെ വകയായി ബാവാ തിരുമനസ്സിലെ ബഹുമാനാര്‍ത്ഥം ഒരു ഡിന്നര്‍ പാര്‍ട്ടി ഉണ്ടായിരുന്നു. ഡിന്നര്‍ കഴിഞ്ഞു സ്വീകരണത്തിനു നന്ദി പ്രദര്‍ശിപ്പിച്ചുകൊണ്ടു ബാവാ തിരുമേനിയും പൗലൂസ് മാര്‍ പീലക്സീനോസ് തിരുമേനിയും പ്രസംഗിച്ചു.
പിറ്റേദിവസം അതിരാവിലെ ഞങ്ങള്‍ പള്ളിയില്‍ പോയി 5 കുട്ടികളുടെ മാമ്മോദീസാ നടത്തി. അഞ്ചും ആണ്‍കുട്ടികളായിരുന്നു. 8 മണികഴിഞ്ഞ് കുവൈറ്റിലെ ഭരണാധിപനായ ഷെയിക്കുമായി ഒരു കൂടിക്കാഴ്ച നടത്തി. ഉദ്ദേശം 80 വയസ്സുള്ള ഒരു വയോവൃദ്ധനാണ്. വളരെ സന്തോഷമായി അദ്ദേഹം ഞങ്ങളെ സ്വീകരിക്കുകയും വളരെ സമയം പല കാര്യങ്ങളെക്കുറിച്ചു ചോദിച്ചറിയുകയും ചെയ്തു. അന്ന് വൈകിട്ട് 6 മണിയോടുകൂടി ഇവിടെയുള്ള സണ്‍ഡേസ്കൂള്‍ കുട്ടികളെ കാണുകയും അവര്‍ക്കു മധുരപലഹാരങ്ങളും മറ്റും കൊടുത്തു ഗുണദോഷിക്കയും അതിനുശേഷം അവിടെ നടന്ന വനിതാ സമാജത്തില്‍ ബാവാ തിരുമേനി അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയും ചെയ്തു. ഈ അവസരത്തില്‍ ഞാന്‍ കോട്ടയത്തു നമ്മുടെ മാളിയേക്കല്‍ ശ്രീ. എം. എം അബ്രഹാമിന്‍റെ കനിഷ്ഠപുത്രന്‍ അനിയന്‍കുഞ്ഞിന്‍റെയും തിരുവല്ലായില്‍ കൊല്ലവന ശ്രീ. ഏബ്രഹാമിന്‍റെയും വസതികള്‍ സന്ദര്‍ശിക്കയും പ്രാര്‍ത്ഥിക്കയും അവരുടെ സല്‍ക്കാരങ്ങളില്‍ പങ്കുകൊള്ളുകയും ചെയ്തു. ഇവര്‍ രണ്ടുപേരും മുന്‍പു തന്നെ എന്‍റെ സ്നേഹിതന്മാരാണ്. എന്നെ അവിടെ വച്ചു കണ്ടപ്പോള്‍ അവരുടെ സന്തോഷം എത്രമാത്രമായിരുന്നുവെന്നു പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. വളരെക്കാലമായി അവരെ കാണാതിരുന്ന എനിക്കും അവരെക്കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം വാചാമഗോചരമത്രേ. അവരെ പിരിഞ്ഞു പോകുന്നതിനു അവര്‍ക്കും വളരെ പ്രയാസമായിരുന്നു. അനിയന്‍കുഞ്ഞ് ഒരു പാര്‍ക്കര്‍ പേനായും ഏബ്രഹാം ഒരു ഫെബര്‍ലൂബാ വാച്ചും എനിക്കു സമ്മാനമായി തന്നതു സന്തോഷത്തോടെ ഞാന്‍ സ്വീകരിച്ചു. അവര്‍ക്ക് ഒന്നും സമ്മാനം കൊടുക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. അവര്‍ എനിക്കു തന്ന സമ്മാനങ്ങള്‍ രണ്ടും ഞാന്‍ നാട്ടില്‍ വന്ന അവസരത്തില്‍ എന്‍റെ രണ്ടു സ്നേഹിതന്മാര്‍ക്കു സമ്മാനമായി കൊടുത്തു. വനിതാസമാജക്കാരുടെ മീറ്റിംഗിനുശേഷം കുവൈറ്റില്‍ താമസിക്കുന്ന പുളിക്കീഴുകാരന്‍ ഡോ. വി. സി. ഏബ്രഹാം ഞങ്ങളുടെ ബഹുമാനാര്‍ത്ഥം നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ സംബന്ധിച്ചു. ഈ വിരുന്നില്‍ ഡോ. ഏബ്രഹാമിന്‍റെ ക്ഷണപ്രകാരം കുവൈറ്റിലെ മന്ത്രിമാരില്‍ ചിലരും പ്രധാന ഉദ്യോഗസ്ഥന്മാരില്‍ ചിലരും മറ്റു പല മാന്യ വ്യക്തികളും സംബന്ധിച്ചിരുന്നു. പിറ്റേദിവസം രാവിലെ ഞങ്ങള്‍ ബഹറിനിലേക്കു പോകുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു.
മാര്‍ച്ച് 3-ാം തീയതി രാവിലെ 7 മണിക്കുള്ള വിമാനത്തിലാണ് ഞങ്ങള്‍ പുറപ്പെട്ടത്. ഞങ്ങള്‍ പുറപ്പെടുന്നതിന് മുന്‍പായി കുവൈറ്റ് പള്ളിക്കാര്‍ വന്നു ഞങ്ങളോടു യാത്ര പറയുകയും തിരുമേനിമാര്‍ക്ക് ഓരോ ഡ്രാഫ്റ്റ് കൊടുക്കുകയും ചെയ്തു. ബാവാ തിരുമേനിക്ക് ആയിരത്തി അഞ്ഞൂറിന്‍റെയും മറ്റു തിരുമേനിമാര്‍ക്ക് അഞ്ഞൂറിന്‍റെയും വീതമായിരുന്നു ഡ്രാഫ്റ്റിലെ സംഖ്യയെന്നാണ് എന്‍റെ ഓര്‍മ്മ. എനിക്ക് അവര്‍ പണമായിട്ടാണ് തന്നത്. നൂറ്റിഅന്‍പതു രൂപായായിരുന്നുവെന്നാണ് ഓര്‍മ്മ. ഞാന്‍ നാട്ടില്‍ വന്നതിനുശേഷം അവിടുത്തെ ബ. വികാരി ഫാദര്‍ സി. വി. ജോണ്‍ എന്നോടുള്ള സ്നേഹത്തിന്‍റെ പ്രകടനമായി അദ്ദേഹത്തിന്‍റെ സ്വന്തം വകയായി 90 രൂപയുടെ ഒരു ഡ്രാഫ്റ്റ് കൂടി അയച്ചു തന്നു. അവിടെവച്ചു തന്നാല്‍ ഒരു പക്ഷേ ഞാന്‍ സ്വീകരിക്കയില്ലെന്ന് അദ്ദേഹം ചിന്തിച്ചതിനാലായിരിക്കും ഇങ്ങനെ ചെയ്തത്. ഫാദര്‍ സി. വി. ജോണ്‍ കുവൈറ്റിലും അഹമ്മദിയിലും കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു വരുന്നു. രണ്ടു സ്ഥലങ്ങളിലുമുള്ള നമ്മുടെ ഇടവക ജനങ്ങള്‍ക്കും അന്യമതത്തില്‍പെട്ടവര്‍ക്കും അദ്ദേഹം സുസമ്മതനാണ്. ഇദ്ദേഹത്തിന്‍റെ ഭരണത്തില്‍ ഈ ഇടവകകള്‍ രണ്ടും അഭിവൃദ്ധി പ്രാപിച്ചു വരികയാണ്. ഇങ്ങനെയുള്ള നല്ല പട്ടക്കാര്‍ വിദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത് മലങ്കരസഭയ്ക്കു അഭിമാനമാണ്. സമുദായ കാര്യങ്ങളിലും സഭാ കാര്യങ്ങളിലും ഇദ്ദേഹത്തിനുള്ള തീക്ഷ്ണതയും താല്‍പര്യവും മറ്റുള്ളവര്‍ക്കും അനുകരണയോഗ്യമാണ്. ബ. വികാരി അച്ചനും കുവൈറ്റില്‍ നിന്നും അഹമ്മദിയില്‍ നിന്നും വന്നിരുന്ന ജനങ്ങളും വിമാനത്താവളം വരെ ഞങ്ങളെ അനുഗമിച്ചു. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ വിമാനത്തില്‍ കയറി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഹറിനിലെ വിമാനത്താവളത്തില്‍ ഞങ്ങള്‍ ഇറങ്ങി.
(ഫാ. ടി. സി. ജേക്കബ് രചിച്ച എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധ നാട് സന്ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ നിന്നും)