ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചു ജനുവരി മാസത്തില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡീസ് അബാബയില്‍ വച്ചു നടന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാമേലദ്ധ്യക്ഷന്മാരുടെ കോണ്‍ഫറന്‍സ് ഓറിയന്‍റല്‍ സഭകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇപ്രകാരം ഒരു കോണ്‍ഫറന്‍സ്, നടത്തണമെന്നുളള്ള ആശയം ആദ്യമായി പുറപ്പെടുവിച്ചത് നമ്മുടെ പരിശുദ്ധ പിതാവും ഭാഗ്യസ്മരണാര്‍ഹനുമായ മോറാന്‍ മാര്‍ ബസ്സേലിയോസ്സ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ തിരുമേനിയായിരുന്നു. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഓരോന്നും ഭരണവിഷയത്തില്‍ സര്‍വ്വസ്വതന്ത്രങ്ങളാണ്. ദേശഭാഷാ സംസ്ക്കാരാദികളനുസരിച്ച് അവ പ്രത്യേകം ആചാരവിശേഷങ്ങളോടു കൂടിയവയുമാണ്. എങ്കിലും വിശ്വാസത്തില്‍ ഐക്യമുള്ള ഏക വിശുദ്ധ സഭയുടെ ഘടകങ്ങള്‍ എന്ന നിലയില്‍ പരസ്പരം കൂദാശാബന്ധം (കുര്‍ബ്ബാന സംസര്‍ഗ്ഗം) പുലര്‍ത്തുന്നവയുമാണ്. നാലാം നൂറ്റാണ്ടില്‍ കല്‍ക്കദൂനിയാ സുന്നഹദോസില്‍ വച്ചുണ്ടായ ഭിന്നതയെ തുടര്‍ന്ന് ഒറ്റക്കെട്ടായി നിന്ന സഭകളാണിവ. സാഹചര്യങ്ങളുടെ പ്രാതികൂല്യം നിമിത്തം പില്‍ക്കാലത്തു സഹവര്‍ത്തിത്വം പാലിച്ചു മുന്‍പോട്ടു പോകുവാന്‍ വേണ്ടപോലെ സാധിച്ചിരുന്നില്ലെങ്കിലും ഈ സഭകള്‍ തമ്മില്‍ തുല്യനിലയിലുള്ള സഹോദരീബന്ധം നിലനിന്നു തന്നെ വന്നു.
ഒരുമിച്ചുള്ള പ്രവര്‍ത്തനം ഓറിയന്‍റല്‍ സഭകളുടെ കെട്ടുറപ്പിനും മറ്റുള്ള സഭകളുമായി യോജിക്കുന്നതിനും പ്രേരകമായിത്തീരുമെന്നു ബാവാ തിരുമേനിയ്ക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നതിനാലാണ് എത്യോപ്യന്‍ ചക്രവര്‍ത്തി ഇന്‍ഡ്യയും പ്രത്യേകിച്ചു മലങ്കരസഭയും സന്ദര്‍ശിച്ച അവസരത്തില്‍ പ. ബാവാ തിരുമേനി ഈ വസ്തുത ചക്രവര്‍ത്തിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ചക്രവര്‍ത്തിയുമായി അന്നു നടത്തിയ സംഭാഷണങ്ങളിലും നമ്മുടെ സഭ വകയായി ചക്രവര്‍ത്തിക്കു സമര്‍പ്പിച്ച മംഗളപത്രത്തിലും പ. ബാവാ തിരുമേനി ഈ കാര്യം പരാമര്‍ശിച്ചിരുന്നു (മലങ്കര സഭ, 1956 നവംബര്‍ ലക്കം, പേജ് 26). നമ്മുടെ രണ്ടു സഭകളും ക്രിസ്തീയ തത്വങ്ങളെ മാനുഷികബന്ധത്തില്‍ പ്രയോഗിക്കുന്നതില്‍ വിജയം വരിക്കുമെന്നും അതിനു വേണ്ടി താന്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ചക്രവര്‍ത്തി മറുപടി പറഞ്ഞു. അര്‍മ്മീനിയന്‍ സഭയുടെ പരമാദ്ധ്യക്ഷനായ പ. വസ്ക്കന്‍ കാതോലിക്കോസ്, കാലം ചെയ്ത പ. കാതോലിക്കാ ബാവാ തിരുമേനിയെ 1963 നവംബറില്‍ സന്ദര്‍ശിച്ച അവസരത്തിലും ബാവാ തിരുമനസ്സിലെ അഭിലാഷം അദ്ദേഹത്തോടും അറിയിച്ചിരുന്നു. സഭാമേലദ്ധ്യക്ഷന്മാരുടെ സമ്മേളനം നടത്തണമെന്നുള്ള ബാവാ തിരുമേനിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് ചക്രവര്‍ത്തി മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുകയും സഭാമേലദ്ധ്യക്ഷന്മാരെ ക്ഷണിക്കുകയും ചെയ്തു.
(ഫാ. ടി. സി. ജേക്കബ് രചിച്ച എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധ നാട് സന്ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ നിന്നും)