Funeral of HH Baselius Paulose I Catholicos: Malayala Manorama Report

Funeral of HH Baselius Paulose I Catholicos: Malayala Manorama Report

_______________________________________________________________________________________

269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും അവിടെ വച്ചു നീസോന്‍ മാസം 19-നു 1088 മേടം 20-നു വെള്ളിയാഴ്ച (മെയ് മാസം 2-നു) കാലം ചെയ്കയും ആ പള്ളിയില്‍ തന്നെ അടക്കപ്പെടുകയും ചെയ്തു. പുത്തനായി വാഴിക്കപ്പെട്ട ഈവാനിയോസ് യൂയാക്കീം മെത്രാന്‍ കബറടക്കത്തിനു ഹാജരുണ്ടായിരുന്നു. ദീവന്നാസ്യോസ് മെത്രാനും പോയിരുന്നു.

273. ബസേലിയോസ് കാതോലിക്കായുടെ നാല്പതാം ദിവസം അടിയന്തിരം പാമ്പാക്കുട ചെറിയപള്ളിയില്‍ വച്ച് 1088 ഇടവം 18-നു ശനിയാഴ്ച കഴിച്ചിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

_______________________________________________________________________________________

പാമ്പാക്കുട ചെറിയപള്ളിയിലെ താമസത്തിനിടയില്‍ അദ്ദേഹത്തിന്‍റെ രോഗവസ്ഥ ഗുരുതരമായിക്കൊണ്ടിരുന്നു. പാലപ്പിള്ളിലച്ചന്‍റെയും ഇടവകക്കാരുടെയും പ്രത്യേക പരിശ്രമത്തില്‍ പ്രത്യേക ചികിത്സകള്‍ ചെയ്തുകൊണ്ടിരുന്നു.

കോലഞ്ചേരിയില്‍ നിന്നും മുറിമറ്റത്തില്‍ കുടുംബക്കാരും അവരുടെ ചാര്‍ച്ചക്കാരും പാമ്പാക്കുട വന്നു തിരുമേനിയുടെ രോഗവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. മേടം 2-ാം തീയതി തിങ്കളാഴ്ച ആയപ്പോഴെക്കും ദീനം വളരെ വര്‍ദ്ധിച്ചു. അന്നുതന്നെ കരവട്ടെവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ പ്രധാന കാര്‍മികത്വത്തിലും പല സ്ഥലങ്ങളില്‍ നിന്നും വന്ന നിരവധി വൈദികരുടെ സഹകാര്‍മികത്വത്തിലും കന്തീലാ ശുശ്രൂഷ നടത്തി. മുറിമറ്റത്തില്‍ തിരുമേനിയുടെ അനന്തരഗാമികളായ ഓമ്പാളയില്‍ ഗീവറുഗീസ് കത്തനാര്‍, മുറിമറ്റത്തില്‍ ചെറിയ ഗീവറുഗീസ് കത്തനാര്‍, മല്പാന്‍ തേനുങ്കല്‍ ഗീവറുഗീസ് കത്തനാര്‍, പാണ്ടാലിപ്പറമ്പേല്‍ പത്രോസ് കത്തനാര്‍ തുടങ്ങിയവരും കന്തീലാ ശുശ്രൂഷയില്‍ സംബന്ധിച്ചിരുന്നു.
ദിവസങ്ങള്‍ ഓരോന്നായി പൊയ്ക്കൊണ്ടിരുന്നു. മേടം 16-ാം തീയതിയായി. അടുത്തുണ്ടായിരുന്നവരോട് അന്നത്തെ തീയതി എത്രയെന്നു ചോദിച്ചതായും 16-ാം തീയതിയെന്ന് ഉത്തരം കൊടുത്തപ്പോള്‍ ‘എന്‍റെ ദൈവമേ ഇനി മൂന്നു ദിവസം കൂടി ഈ കഷ്ടത ഞാന്‍ സഹിക്കണമല്ലോ. എങ്കിലും നിന്‍റെ തിരുവിഷ്ടംപോലെ ആയികൊള്ളട്ടെ’ എന്നു പറഞ്ഞതായും കേട്ടിട്ടുണ്ട്.

അനന്തരം തിരുമേനി തനിക്കുവേണ്ടിയും തന്‍റെ ചുമതലയില്‍ ഭരമേല്പിക്കപ്പെട്ടിരുന്നു വി. സഭയ്ക്കു വേണ്ടിയും ഇടവകയ്ക്കു വേണ്ടിയും അതിസങ്കടത്തോടെ പ്രാര്‍ത്ഥന നടത്തി. അടുത്ത ദിവസം 17-ാം തീയതി തിരുമേനി വി. കുര്‍ബ്ബാന അനുഭവിച്ചു. 19-ാം തീയതി ആയതോടെ തിരുമേനിയുടെ ശുശ്രൂഷയ്ക്കും പരിചരണത്തിനായി ഏര്‍പ്പെട്ടിരുന്നവര്‍ മ്ലാനവദനരായി.

ചുറ്റും കൂടിയിരുന്ന ശിഷ്യഗണത്തിനും വൈദികഗണത്തിനും ഉപദേശങ്ങളും ആശിസ്സുകളും തിരുമേനി നല്‍കുകയുണ്ടായി. അനന്തരം സംസാരഗതിയുടെ ഭാവം കുറേശ്ശെ വ്യത്യാസപ്പെട്ടു മൗനമായി. ആംഗ്യങ്ങളും നോട്ടവുമായി പരിമിതപ്പെട്ടു. ചുണ്ടുകള്‍ വരണ്ടു തുടങ്ങി. ദീപ്തമായിരുന്ന ആ നയനങ്ങളുടെ ചലനം നിലച്ചു. 1913 മെയ് രണ്ടിന് മലയാള മാസം മേടം പത്തൊമ്പതിന് അര്‍ദ്ധരാത്രി കഴിഞ്ഞ സമയം തന്‍റെ ആത്മാവ് ദേഹത്തില്‍ നിന്നും യാത്ര പറഞ്ഞു. മരണം എന്നത് തിരുമേനിക്ക് അശേഷവും ഭയാനകമായിരുന്നില്ല. അതേപ്പറ്റി ചിന്തിച്ച് സങ്കടപ്പെടുകയോ ക്ലേശിക്കുകയോ ചെയ്തില്ല.

മേടം 20-ാം തീയതി വെള്ളിയാഴ്ച മൃതദേഹം സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിച്ചു പാമ്പാക്കുട ചെറിയപള്ളിയുടെ മദ്ബഹായില്‍ പടിഞ്ഞാറോട്ട് അഭിമുഖമായി ഇരുത്തി. അതു കണ്ടാല്‍ തിരുമേനി അപ്പോഴും പ്രസംഗിക്കുവാന്‍ ഭാവിക്കുകയാണോ എന്നു തോന്നിപ്പോകുമായിരുന്നു. ഉച്ചനമസ്കാരാനന്തരം കബറടക്ക ശുശ്രൂഷയുടെ രണ്ടു ക്രമങ്ങള്‍ നടത്തിക്കഴിഞ്ഞു. സന്ധ്യാമനസ്ക്കാരാന്തരം ഒരു ശുശ്രൂഷയും നടത്തി. രാത്രി മുഴുവനും സങ്കീര്‍ത്തന പാരായണത്താല്‍ ഏവരും കഴിച്ചുകൂട്ടി. പിറ്റോദിവസം ശനിയാഴ്ച യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ തേനുങ്കല്‍ ഗീവറുഗീസ് കത്തനാരും ഓമ്പാളയില്‍ ഗീവറുഗീസ് കത്തനാരും കൂടി വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അനുഷ്ഠിച്ചു. വിശുദ്ധ കുര്‍ബ്ബാനാന്തരം ശവസംസ്ക്കാരശുശ്രൂഷയുടെ മറ്റൊരു ക്രമവും കൂടി നടത്തി.

അനന്തരം പള്ളിയുടെ കിഴക്കും പടിഞ്ഞാറുമുള്ള കുരിശിങ്കല്‍ നഗരികാണിക്കലും അന്ത്യയാത്രപറച്ചിലും നടത്തി. മൃതശരീരം പള്ളിമുറ്റത്തു കിഴക്കേഭാഗത്തുണ്ടായിരുന്ന വൃക്ഷത്തണലില്‍ പ്രതിഷ്ഠിച്ചിട്ട് കബറടക്ക ശുശ്രൂഷയുടെ ശേഷിച്ച ഭാഗങ്ങളും പൂര്‍ത്തിയാക്കി. വന്നുകൂടിയിരുന്ന പട്ടക്കാരും ജനങ്ങളും കൈമുത്തു നടത്തി.
കൈമുത്ത് അവസാനിക്കുവാന്‍ ഏകദേശം നാലു മണിക്കൂറുകള്‍ എടുത്തു. രണ്ടര മണിയോടു കൂടി ശരീരം സംസ്ക്കരിക്കുവാനുള്ള ശ്രമം തുടങ്ങി. അപ്പോഴേക്കും മലങ്കരയുടെ മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലിത്തായും എം. എ. അച്ചനും (പിന്നീട് മാര്‍ ഈവാനിയോസ്) വന്നു ചേര്‍ന്നു. അവര്‍ ഇരുവരും കാലം ചെയ്ത തിരുമേനിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും സ്വസമുദായയോദ്ധാരണത്തിനുവേണ്ടി അദ്ദേഹം സഹിച്ചിട്ടുള്ള നിരവധി ത്യാഗങ്ങളെയും ആചാരത്വത്തിന്‍റെ മഹിമയെയും പുരസ്കരിച്ചും പ്രൗഢഗംഭീരങ്ങളായ പ്രസംഗങ്ങള്‍ നടത്തി. അതിനുശേഷം അന്നുണ്ടായിരുന്ന പള്ളിയുടെ വടക്കേ വാതിലിന്‍റെ കിഴക്കേ ഭാഗത്തു തയ്യാറാക്കിയ കബറിടത്തില്‍ മൃതദേഹം സംസ്കരിച്ചു.

മുപ്പതാം ദിവസമടിയന്തിരം എഴുപത്തിയഞ്ചുപറ അരി വച്ച് വിപുലമായ തോതില്‍ നടത്തി. ഏകദേശം നാലായിരത്തിലധികം വരുന്ന ജനങ്ങള്‍ പല ദിക്കുകളില്‍ നിന്നുമായി ആ അടിയന്തിരത്തില്‍ വന്നു സംബന്ധിച്ചു. മാര്‍ ഗ്രിഗോറിയോസ്, മാര്‍ യൂയാക്കിം മാര്‍ ഈവാനിയോസ് എന്നീ മെത്രാപ്പോലിത്തമാരുടെ സാന്നിദ്ധ്യത്തില്‍ ഓര്‍മപ്പെരുന്നാള്‍ ഭംഗിയായി നടന്നു. അന്ന് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയുടെ പ്രധാന കാര്‍മികത്വത്തിലും മല്പാന്‍ തേനുങ്കല്‍ ഗീവറുഗീസ് കത്തനാര്‍, ഓമ്പാളയില്‍ ഗീവര്‍ഗീസ് കത്തനാര്‍ എന്നീ വൈദികരുടെ സഹകര്‍മികത്വത്തിലും മൂന്നിന്മേല്‍ കുര്‍ബാനയും നടത്തി.

(ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ രചിച്ച ഒന്നാം കാതോലിക്കാ ബാവായുടെ ജീവചരിത്രത്തില്‍ നിന്നും)