മണ്ഡവാർ: മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായ ശാന്തിഗ്രാമിൽ ആരംഭിച്ച മത്സ്യക്കൃഷിക്ക് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്നു. ഈ പ്രസ്ഥാനം മണ്ഡാവർ എന്ന സ്ഥലത്തെ 14 ഗ്രാമങ്ങളുടെ വികസനത്തിനും അവിടത്തെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തിയും നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ മത്സ്യവകുപ്പ് പ്രാരംഭമെന്ന നിലയിൽ 10000 മത്സ്യക്കുഞ്ഞുങ്ങളെ കുറഞ്ഞ നിരക്കിൽ നൽകുകയും അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്നും മത്സ്യവകുപ്പിന്റെ സഹകരണവും സഹായവും വാഗ്ദാനം നൽകുകയും ചെയ്തു.
കൃഷിയെപ്പറ്റി പഠിക്കുവാനും മനസ്സിലാക്കുവാനും പ്രത്യേകിച്ചും കേരളത്തിന് പുറത്ത് ജനിച്ച പുതുതലമുറയ്ക്ക് കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുവാനും അവരെ അതിൽ ആകൃഷ്ടരാക്കുന്നതിനും വേണ്ടി ഹോസ്‌ഖാസ് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ പ്രത്യേക താത്പര്യത്തിൽ തുടങ്ങിയതാണ് ഇവിടുത്തെ മത്സ്യകൃഷി.
മത്സ്യകൃഷി കൂടാതെ കന്നുകാലി വളർത്തലും, ജൈവകൃഷിയും, താറാവ്, കോഴി മുതലായ വളർത്തുപക്ഷികളെയും ഇവിടെ പരിപാലിച്ചു പോരുന്നു.
വിഷവും, രാസപദാർഥങ്ങളും ഉപയോഗി ക്കാതെയുള്ള ഭക്ഷ്യോത്പാദന രീതികൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ശാന്തിഗ്രാം ഫാം പ്രൊജക്ടിന്റെ ലക്ഷ്യം.