സാഹിത്യലോകത്തെ  ഋഷിവര്യൻ: ഡോ. ഡി. ബാബു പോൾ 

Daies Idiculla (Librarian, Gulf Medical University)

തിരുവനന്തപുരം ഐ.എം.ജി സ്‌റ്റഡി സെന്ററിൽ  ലൈബ്രറി ശാസ്ത്രത്തിൽ മാസ്റ്റർ പഠനം  നടത്തുന്ന വേളയിലാണ്  ഡോ. ഡി. ബാബു പോൾ  സാറുമായി പരിചയപ്പെടുവാൻ അവസരം ലഭിച്ചത്.  കുറവൻകോണം മമ്മീസ് കോളനിയിലെ അദ്ദേഹത്തിൻറെ വീട്ടിൽ ഒരു സായാഹ്നം ചെലവഴിക്കുവാൻ കഴിഞ്ഞ നിമിഷങ്ങൾ ഇത്തരുണത്തിൽ സ്‌മരിക്കുന്നു.
 ഗൗരവമുള്ള ആ മുഖത്തെ കട്ടിമീശയും, വേഷ വിധാനവും, കുലീനമായ പെരുമാറ്റവും, പ്രൗഢമായ ചിന്തകൾ നർമരസത്തിൽ അവതരിപ്പിക്കുന്ന ശൈലിയും ഒക്കെ ചേരുന്ന ബാബു പോൾ സാറിന്റെ ജീവിതശൈലിയിൽ ഒരു  ഋഷിവര്യനെ നമുക്ക്  ദർശിയ്ക്കാം..!!!
ആർഷ ഭാരതീയ സംസ്‌കൃതിയുടെ ഉദാത്തമായ ദർശനങ്ങൾ നൽകിയ ഋഷിശ്രേഷ്‌ഠന്മാരെയുo, ലോകനന്മയ്ക്ക്  അവർ സമർപ്പിച്ച വേദോപനിഷത്തുകളെ കുറിച്ചും ആഴമായ പഠനങ്ങൾ നടത്തിയ ഡോ. ഡി. ബാബു പോൾ  – തൻ്റെ ചിന്തകളിലും  പ്രഭാഷണങ്ങളിലും എഴുത്തിലും ഉന്നത നിലവാരം പുലർത്തിയിരുന്നു.
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററും വൈദികനുമായിരുന്ന തൻ്റെ പിതാവിൽ നിന്നും ലഭിച്ച ശിക്ഷണമാണ്  ബാബു പോൾ സാറിൻ്റെ വ്യക്‌തിത്വത്തെ  വാർത്തെടുത്തത്. വേദശാസ്ത്ര വിഷയങ്ങളിൽ അതീവ തല്പരനായിരുന്ന ബാബു പോൾ സാറിന് വിവിധ മത ശാസ്ത്ര – സാഹിത്യ  ഗ്രന്ഥങ്ങളുടെ ഒരു പുസ്തക ശേഖരമുണ്ട്.
കേരളത്തിലെ  മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം സാഹിത്യ – സാംസ്‌കാരിക – ആദ്ധൃാത്മിക മേഖലകളിൽ  ഋഷിവര്യനെപോലെ പ്രശോഭിച്ചു.സമസ്‌ത സദസ്സുകളിലും ആദരവുകൾ ആർജ്ജിച്ചു.
ലോകനന്മയ്‌ക്കു സമർപ്പിച്ചതാണ്  ഋഷി ജീവിതം..!!!  ഔന്നത്യമുളള ചിന്തകളാണ് ഋഷി മനസ്സുകളിൽ ജനിക്കുന്നത് ..!!!
ബാബു പോൾ സാറിൻ്റെ  എഴുത്തിലും പ്രഭാഷണത്തിലും ഒരു ഋഷി മനസിൻ്റെ സാന്നിദ്ധ്യം ദർശിയ്ക്കാൻ കഴിയും.
 ചെറുപ്പകാലം മുതൽ ശീലിച്ച വായനയുടെയും, മലങ്കര സഭയിലെ പിതാക്കന്മാരിൽ നിന്നും സ്വരൂപിച്ച അറിവുകളും, പ്രാർത്ഥനാ ജീവിതത്തിലൂടെ  സ്വാംശീകരിച്ച ആത്മീയ ചൈതന്യവും സമന്വയിക്കുന്ന  ‘വേദശബ് ദ രത്നാകരം’ – എന്ന പുസ്തകം വേദശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു വിജ്ഞാന കോശമാണ്.
നാലായിരം ശീർഷകങ്ങളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന  ‘വേദശബ് ദ രത്നാകരം’ രചിയ്ക്കുവാൻ കഴിഞ്ഞത്‌ ഈശ്വര നിയോഗമായി ബാബു പോൾ സാർ കരുതുന്നു.  നന്നേ ചെറു പ്രായത്തിൽ  ആത്മീയ ജീവിതത്തിൽ വളരുവാൻ പരിശീലിപ്പിച്ച  തൻ്റെ  മാതാപിതാക്കൾക്ക് നൽകുന്ന ഗുരു ദക്ഷിണയാണ് ‘വേദശബ് ദ രത്നാകരം’.
കൃസ്തീയ സഭകളിലെ പിതാക്കന്മാരുമായും, വിവിധ മതങ്ങളിലെ പുരോഹിതന്മാരുമായും നല്ല സൗഹൃദം പുലർത്തിയിരുന്ന ബാബു പോൾ സാറിന് തൻ്റെ ആശയങ്ങൾ സമസ്‌ത സമൂഹ  സമക്ഷം  അവതരിപ്പിക്കുവാൻ ഈശ്വരൻ  അവസരം നൽകി.
 വിവിധ മതങ്ങളുടെ ആലയങ്ങൾ അദ്ദേഹത്തിന് സ്വാഗതമോതി..!!
ഋഷിവര്യനെ പോലെ അദ്ദേഹം അവരോട്  സദ്  ചിന്തകൾ     സംവദിച്ചു..!!!
കൃസ്തീയ ദേവാലയങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങളിൽ  സുവിശേഷത്തിൻ്റെ ആഴമായ മർമ്മങ്ങൾ സദസ്സിന് മനസ്സിലാകും വിധം പങ്കുവെച്ചു.
കൃസ്തുവിനെ ജീവിതത്തിൽ പകർത്തുവാൻ കഴിയുന്ന സന്ദേശമായിരിയ്ക്കും പ്രഭാഷണത്തിൻ്റെ കാതൽ.
 ക്ഷേത്രസദസുകളിൽ  വേദങ്ങളും  ഉപനിഷത്തുകളും  ഉദ്ധരിച്ചു സംസാരിക്കും. സാഹിത്യ സദസുകളിൽ നർമ്മ രസത്തോടെ വിഷയങ്ങൾ അവതരിപ്പിക്കും.
ബൈബിളും ഖുറാനും മഹാഭാരതവും ഭഗവത് ഗീതയും രാമായണവും ഉപനിഷത്തുകളും സാഹിത്യ കൃതികളും എല്ലാം അവസരോചിതം ഉദ്ധരിച്ച്   ബാബു പോൾ നടത്തുന്ന പ്രഭാഷണങ്ങൾ അക്ഷരാർത്ഥത്തിൽ  വിഭവങ്ങളാൽ സമ്പന്നമായ ഒരു വിജ്ഞാന സദ്യയാണ്…!!!
നർമ്മ വീഥിയിൽ ബാബു പോൾ  സാർ !!!
ബാബു പോൾ സാറിൻ്റെ  നർമ്മ സാഹിത്യ ശൈലി  വായനക്കാരുമായി പങ്കിടുന്നു.
No. 1 ഒരു പെണ്ണുകാണൽ ചടങ്ങ് :
പെണ്ണുകാണൽ ചടങ്ങിൽ   ആണിനും പെണ്ണിനും ചില തയ്യാറെടുപ്പുകൾ നല്ലതാണ്.  കഴിഞ്ഞ നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ എ.ഡി. 1963 – ൽ നടന്ന സംഭവം ഇതിന് അടിവരയിടുന്നു.
സുന്ദര കളേബരൻ    ഐ.എ. എസ്സുകാരനായി. ജീവിത സഖിയായ നിർമ്മലയെ  ‘പെണ്ണുകാണാൻ” പോയി.
നിർമ്മല ഒന്നും മിണ്ടുന്നില്ല. ഒടുവിൽ  സുന്ദര കളേബരൻ  ബാബു പോൾ പറഞ്ഞു : “I think we need an icebreaker here” . നിർമ്മലയുടെ മറുപടി ഉടൻ വന്നു. “ഇതേ വാചകം കഴിഞ്ഞ റീഡേഴ്‌സ് ഡൈജസ്റ്റിൽ വായിച്ചതാണല്ലോ”.
സംഗതി സത്യമാണ് എന്ന് സമ്മതിയ്ക്കേണ്ടി  വന്നു.
No. 2 : വീഴ്‌ചയിൽ നിന്നും രക്ഷപെടാൻ  ബൈബിൾ വാക്യങ്ങൾ  ഉപയോഗിയ്ക്കാം.
ഒരു വൈദികന് ഇടവകയിലെ ഒരംഗത്തോട് പ്രേമം. അംഗം ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ താമസിക്കുന്നു.  യുവതി, സുന്ദരി, ഡോക്ടർ, ഭക്ത, വേദപുസ്തക പ്രവീണ.
അച്ചൻ കൂടെക്കൂടെ ഡോക്ടറുടെ വീട്ടിൽ സന്ദർശനം നടത്തും. ഒരിയ്ക്കൽ  അച്ചനെ ഡോക്ടർ ഉണ്ണാൻ വിളിച്ചു.അച്ചൻ നിശ്ചിത സമയത്തിന് മുൻപേ എത്തി. വിഷയം പ്രേമമാണല്ലോ (പ്രേമം  വിഷയമാകണമെന്നില്ലെങ്കിലും).
ഡോക്ടറാകട്ടേ, ജോലി കഴിഞ്ഞ് അല്‌പം വൈകിയതിനാൽ അത്താഴമൊക്കെ ഒരുക്കി വെച്ചു കുളിക്കാൻ കയറിയതേ ഉണ്ടായിരുന്നുള്ളൂ.
അച്ചൻ കുറേ നേരം കാത്തു നിന്നു. പല പ്രാവിശ്യം ഡോർ ബെല്ലടിച്ചു. ഒടുവിൽ “വെളിപ്പാട് പുസ്‌തകം 3 : 20” – എന്നൊരു കുറിപ്പെഴുതി വെച്ചിട്ട് സ്ഥലം വിട്ടു.
 ഡോക്ടർ ബൈബിൾ എടുത്തു വായിച്ചു: “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എൻ്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻ്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിയ്ക്കും.”
പിറ്റേ ഞായറാഴ്‌ച   ഡോക്ടർ  അച്ചന് ഒരു കുറിപ്പ് കൊടുത്തു. ‘ഉൽപത്തി 3: 10’  എന്നാണ് എഴുതിയിരുന്നത് . എന്താണെന്നോ ആ വാക്യം. ‘തോട്ടത്തിൽ നിൻ്റെ ഒച്ച കേട്ടിട്ട് ഞാൻ നഗ്‌നനാകകൊണ്ട് ഭയപ്പെട്ടു ഒളിച്ചു”.
ബൈബിൾ വാക്യങ്ങളിലൂടെ അച്ചനും ഡോക്ടറും ആശയ വിനിമയം നടത്തിയത് ബാബു പോൾ സാർ അവസ രോചിതം പ്രഭാഷണത്തിൽ ഉപയോഗിക്കും.
No. 3  :  സെക്രട്ടറിയേറ്റിലെ നർമ്മ സംഭാഷണങ്ങൾ …!!!
കരുണാകരൻ മന്ത്രി സഭയിൽ എൻ. സുന്ദരൻ നാടാർ    ട്രാൻസ്‌പോർട്ട് മന്ത്രി.  നാടാരുടെ ശാരീരികമായ പ്രത്യേകതകൾ, വേഷവിധാനം, നടപ്പ്, ഭക്ഷണ ക്രമം തുടങ്ങിയവ സെക്രട്ടറിയേറ്റിനകത്തും പുറത്തും ചർച്ചാ വിഷയമായിരുന്നു.
സുന്ദരൻ നാടാർ ആജാന ബാഹുവാണ്. നീണ്ടു നിവർന്ന് കിടക്കണമെങ്കിൽ ഒരു ലൈലാൻഡ് ബസ്സ് തന്നേ   വേണം.  കൃഷ്‌ണ കൃപാ സാഗരമാണ്. മഴയെത്തും വെയിലത്തും മാറ്റമില്ലാത്ത നിറം. അതുകൊണ്ട് ആൾ സുന്ദരനല്ലാതാവുന്നില്ല.
നമ്മുടെ ഒരു തെറ്റായ ചിന്തയാണ് സൗന്ദര്യം    വെളുത്ത തൊലിയിലാണ് കാണുക എന്നത് . സുന്ദരൻ നാടാരുടെ നിറം കറുപ്പാണെങ്കിലെന്താ, കറുപ്പിനഴക്. ആണായാൽ ഇങ്ങനെ ഇരിയ്ക്കണം  എന്നായിരുന്നു സെക്രട്ടറിയേറ്റിലെ സുന്ദരിമാർ അടക്കം പറഞ്ഞത്.
അവരിലൊരാളോട് ബാബു പോൾ ആരാഞ്ഞു എന്താണ്  സുന്ദരൻ നാടാരോടുള്ള നിങ്ങളുടെ ആകർഷണം.
സാറെ നല്ല പൊക്കോം ഒത്ത വണ്ണോമുള്ളവരേ പെണ്ണുങ്ങൾക്കിഷ്ടമാണ്.
“അപ്പോ മോഹൻകുമാറിനെയാണോ സി.പി നായരെയാണോ ഇഷ്ട്ടം…?
 മോഹനന്  വണ്ണം ….  സി.പി യ്ക്കു പൊക്കം.
‘സാറ് തമാശക്കാരൻ തന്നെ. ഇതെന്ത് കരീലയും മണ്ണാങ്കട്ടയും പോലെയോ ???
കരീലയേത്   മണ്ണാങ്കട്ടയേത്  എന്ന് ചോദിക്കുന്നില്ല. ഏതായാലും ഹജൂരിലെ ദൊരശാണിമാർക്ക്  സുന്ദരൻ നാടാർ മിനിസ്ട്രറെ ഇഷ്ട്മാണെല്ലേ… !!!
എന്തര് സംശയം സാറേ ? ആ മുഖത്തെ പൗരുഷവും ആ മീശയും ആ നടപ്പും കുറച്ചു കൂടെ ചെറുപ്പമായിരുന്നങ്കിൽ പേഴ്‌സണൽ സ്റ്റാഫിൽ ……
അവർ അർദ്ധോക്തിയിൽ വിരമിച്ചു.
****************************
കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിൽ നിറസാന്നിദ്ധൃമായ  ബാബു പോളിൻ്റെ ജീവിത യാത്ര സംഭവ ബഹുലമാണ് .
കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941- ൽ ജനനം. ഹൈസ്കൂളിൽ തിരുവിതാംകൂർ മഹാരാജാവിൻ്റെയും, സർവകലാശാലയിൽ കേന്ദ്ര സർക്കാരിൻ്റെയും സ്കോളർഷിപ്പ്.
ഇ.എസ്എൽസിക്കു മൂന്നാം റാങ്കും, എം.എ.യ്ക്ക് ഒന്നാം റാങ്കും, ഐ.എ. എസ്സിന് ഏഴാം റാങ്കും കരസ്ഥമാക്കി.
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.
ജൂനിയർ എൻജിനീയർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷമാണ് ബാബുപോൾ സിവിൽ സർവീസ് പദവിയിൽ എത്തുന്നത്.  മന്തിമാർക്ക്  വിശ്വസ്തമായ ഉപദേശം സ്വീകരിയ്ക്കാൻ കഴിയുന്ന നിലയിൽ സർക്കാർ  സർവീസിൽ പ്രവർത്തിച്ചു. വിമർശനങ്ങൾ നർമ്മരൂപത്തിൽ അവതരിപ്പിയ്ക്കും.
ബാബു പോൾ  ഇടുക്കി കലക്ടർ പദവിയിലിരുന്ന  സന്ദർഭത്തിലാണ്  ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂർത്തിയാക്കിയത്.  ഇടുക്കി അണക്കെട്ട് പദ്ധതി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയതിന് അച്യുതമേനോൻ മന്ത്രിസഭ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ,   ധനം, പൊതു വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പ്  സെക്രട്ടറി,  കേരള സർവകലാശാല വൈസ് ചാൻസലർ, കെ.എസ്‌. ആർ. ടി. സി – എം. ഡി, ഓംബുഡ്‌സ്മാൻ  തുടങ്ങിയ  പദവികളിൽ  ബാബുപോൾ നൽകിയ സംഭാവനകൾ ശ്ലാഖനീയമാണ്.
ബാബു പോൾ സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തുന്നത്. 2000 – ത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്  ലഭിച്ചു.
സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ളവർക്ക്  പ്രോത്സാഹനം നൽകാൻ  സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു ബാബു പോൾ .
1962 മുതൽ 2001 വരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള  ഔദ്യോഗിക ജീവിതം ആത്മകഥാ രൂപത്തിൽ തയ്യാറാക്കിയ  ‘കഥ ഇതുവരെ’ എന്ന പുസ്തകം കേരള ചരിത്ര പഠിതാക്കൾക്ക് ഒരു മുതൽക്കൂട്ടാണ്.
കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക സാഹിത്യ ചരിത്രത്തിൽ  ഋഷിവര്യനായി പ്രശോഭിച്ച പ്രീയപ്പെട്ട   ബാബു പോൾ സാറിന് പ്രണാമം…!!!