മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം


മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്ന് തിരുവല്ല മുൻസിഫ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

അപ്പർ കുട്ടനാടിന്റെ അതിർത്തിയിൽ, 1861-ൽ പരിശുദ്ധനായ യൂഹാനോൻ മംദാനയുടെ നാമത്തിൽ സ്ഥാപിതമായി, അഭി. യുയാകിം മാർ കൂറിലോസ് മെത്രാപ്പോലീത്തായാൽ തറക്കല്ലിട്ട് പണി കഴിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം മെത്രാസനത്തിലെ ചരിത്രപ്രസിദ്ധമായ ദേവാലയമാണ് മേപ്രാൽ സെന്റ്. ജോൺസ് ഓർത്തഡോക്സ് വലിയപള്ളി.

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്മാരായ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയും, പരിശുദ്ധ വട്ടശേരിൽ തിരുമേനിയും, പരിശുദ്ധ കുറിച്ചി ബാവയും ഈ ദേവാലയത്തിൽ എഴുന്നെള്ളി വി. ബലി അർപ്പിക്കുകയും ചെയ്തിട്ടുണ്ട്, പുണ്യശ്ലോകനായ അഭി. ഇയോബ് മാർ ഫിലെക്സിനോസ് മെത്രാപ്പോലീത്തയും അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭി സക്കറിയാസ് മാർ നിക്കോളോവാസ് മെത്രാപൊലീത്തയും ഈ ഇടവകയുടെ ശ്രേഷ്ടസന്താനങ്ങളാണ്. ഏകദേശം 190 ഇടവകക്കാരുള്ള പള്ളിയുടെ വികാരിയായി വന്ദ്യ ചെമ്പ്മാലിയിൽ എബി മാത്യു കത്തനാരും, ട്രസ്റ്റിമാരായി ശ്രി തോമസ് മാത്യു മാമ്പറമ്പിൽ, ശ്രി തോമസ് മാത്യു ചെറുകര എന്നിവരും, സെക്രട്ടറി ശ്രി. നിതിൻ മത്തായി പൗലോസ് പന്ത്രണ്ടിൽ എന്നിവരും പ്രവർത്തിക്കുന്നു.

ഓർത്തഡോക്സ്, യാക്കോബായ കക്ഷി വഴക്ക് അതിന്റെ ഉച്ചകോടിയിൽ ആയിരുന്നപ്പോഴും ഈ ദേവാലയത്തിൽ ഇരുവിഭാഗവും സമാധാനത്തിന്റെ മാതൃക പുലർത്തുന്നതിൽ ഒരുമനസോടെ സഹകരിച്ചു. എന്നാൽ 1972 -ൽ ഈ ഇടവകയുടെ വികാരിയായി ചുമതല വഹിച്ച പായ്ക്കണ്ടത്തിൽ കുര്യൻ കത്തനാർ ശിമയിൽ പോയി പട്ടം ഏറ്റ് വിഘടിത വിഭാഗമായ യാക്കോബായ പക്ഷത്തിലേക്ക് ചേർന്നതോടെ പള്ളി ഒരു പിളർപ്പിലേക്ക് കടന്നു. ആ കാലഘട്ടം മുതൽ സഭയിലും മേപ്രാൽ വലിയപള്ളിയിലും സഭ തർക്കം രൂക്ഷമായി, ശേഷം നടന്ന നീണ്ട വർഷങ്ങളുടെ വ്യവഹാരത്തിനു ശേഷം 1995 -ൽ ഭാരതത്തിന്റെ പരമോനത കോടതിയിൽ നിന്നുണ്ടായ വിധിയിലും 1934 -ലെ ഭരണഘടനാ അനുസരിച്ചു മാത്രമേ പള്ളി ഭരിക്കപ്പെടാവുവെന്ന ഉത്തരവ് ഉണ്ടാവുകയും, ശേഷം 2017 ജൂലൈ 3 -ൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ അന്തിമ വിധിയിലും മലങ്കരയിലെ 1064 ദേവാലയങ്ങളും 1934 -ലെ ഭരണഘടനാ അനുസരിച്ചു മാത്രമേ ഭരിക്കപ്പെടാവു എന്നും, പാരലൽ ഭരണസംവിധാനം പാടില്ല എന്നും അർഥശങ്കക്ക് ഇടവരുത്താതെ പറഞ്ഞിരിക്കുന്നു. തുടർന്ന് മേപ്രാൽ വലിയപള്ളി സ്വതന്ത്രമായി കൊടുത്ത കേസിൽ ബഹു തിരുവല്ല മുൻസിഫ്‌ കോടതിയിൽ നിന്നും ഇന്ന് മലങ്കര സഭക്ക് അനുകലമായി ഇടക്കാല ഉത്തരവ് ഉണ്ടായി, ഈ ഇടവകക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്ന സഭാ മക്കൾക്ക് നന്ദി അറിയിക്കുന്നു, പ്രത്യേകാൽ മുൻ ഭദ്രാസന അധിപനായ പുണ്യശ്ലോകനായ സഭാരത്‌നം അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെയും, ഇടവക അംഗം ആയിരുന്ന പുണ്യശ്ലോകനായ അഭി ഇയോബ് മാർ ഫിലെക്സിനോസ് തിരുമേനിയുടെയും തൃപ്പാദത്തിങ്കൽ ഈ വിധി ഇടവക ജനങ്ങൾ സമർപിക്കുന്നു.

ഫാ. എബി സി. മാത്യു (വികാരി)

Source