പാതി നോമ്പിലെ കുരിശ് സ്ഥാപിക്കൽ: വിവിധ നടപടിക്രമങ്ങളില്‍ / ഡെറിന്‍ രാജു

പാതിനോമ്പിന്റെ ബുധനാഴ്ചയിലെ പ്രധാന ചടങ്ങായ സ്ളീബാ സ്ഥാപിക്കേണ്ടത് തലേന്നത്തെ സന്ധ്യാനമസ്കാരത്തോടു കൂടിയാണോ അതോ പിറ്റേന്നു സ്ളീബാ ആഘോഷം നടത്തുന്ന സമയത്ത് സ്ഥാപിച്ചാൽ മതിയോ എന്ന ചോദ്യത്തിനു ലഭ്യമായിട്ടുള്ള ചില നടപടിക്രമങ്ങൾ പ്രകാരം ഉത്തരം അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ. ഇവിടെ പരിഗണിക്കുന്ന നടപടിക്രമങ്ങൾ കോനാട്ട് മാർ യൂലിയോസിന്റെ വൃത്താന്തപുസ്തകം (എഡിറ്റർ ഡോ. കുര്യൻ തോമസ്), ശെമവൂൻ മാർ ദീവന്നാസിയോസിന്റെ നാളാഗമം (എഡിറ്റർ: ഫാ.ഡോ. ജോസഫ് ചീരൻ) , കോനാട്ട് മാത്തൻ മൽപാന്റെ നടപടിക്രമം (1910), തകടിയേൽ യാക്കോബ് കശീശായുടെ നടപടിക്രമം (1950), പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ നടപടിക്രമം, യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ നടപടിക്രമം (1983) എന്നിവയാണ്.

1. കോനാട്ട് മാർ യൂലിയോസിന്റെ വൃത്താന്തപുസ്തകം.

1876- നോടടുത്ത് രചിച്ചിരിക്കാവുന്ന ഈ പുസ്തകം ഇദംപ്രഥമായി പ്രസിദ്ധീകരിച്ചത് ഡോ. കുര്യൻ തോമസിന്റെ പത്രോസ് പാത്രിയർക്കീസിന്റെ പരിഷ്കാരങ്ങൾ എന്ന പുസ്തകത്തിലാണ്. പത്രോസ് തൃതീയൻ പാത്രിയർക്കീസ് നടത്തിയ ശുശ്രൂഷകളുടെ ദൃക്സാക്ഷി വിവരണമാണ് ഇതിലുള്ളത്. പാതിനോമ്പിന്റെ ഭാഗത്തെ പരാമർശം ഇപ്രകാരമാണ്.
..ചൊവ്വാഴ്ച ഉച്ചക്കു മുറപ്രകാരം പെങ്കീസായിൽ നിന്നു പെൽഹദിയെയുമ്മാ യും ത്ശശായിനും നമസ്കരിച്ചശേഷം, കുരിശുനാട്ടുവാൻ ഉണ്ടാക്കിയ തണ്ടമ്മെൽ അൽമത്തി ധരിപ്പിച്ചു. വെള്ളിക്കുരിശിൻമേൽ തൂവാല ചുറ്റി കുരിശു തണ്ടുമ്മെൽ നിവർത്തി. രണ്ടു വശത്തും അതിമെൽ തന്നെ മെഴുകുതിരിയും കൊളുത്തി. പള്ളിയുടെ നടുക്കു നാട്ടിനിറുത്തികൊണ്ടു ശഹീമ്മായിൽ നിന്നു അന്നത്തെ റംശാതൊട്ടു നമസ്ക്കരിച്ച. ആ കൗമാ തികച്ച ബസലൊസ എമ്മയും മഹയിമ്മനീനാനും ചൊല്ലി. കുമ്പിടീലും കഴിച്ചു മുറപ്രകാരം നിർത്തി.
അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാൽഭാഗത്തെ ഈ രേഖയിൻപ്രകാരം തലേ ദിവസം തന്നെ സ്ളീബാ ഗോഗുൽത്തായിൽ നാട്ടിയിരുന്നു.

2. ശെമവൂൻ മാർ ദീവന്നാസിയോസിന്റെ നാളാഗമം

ഇതിലും തലേ ദിവസം ഗോഗുൽത്താ സ്ഥാപിച്ചതായി പരാമർശിക്കുന്നു. ഇങ്ങനെ പറയുന്നു. ..30-ാം തീയതി ബുധനാഴ്ച പാതി നോമ്പായിരുന്നു. അന്ന് പിതാവ് കാലത്ത് നമസ്കാരം കഴിഞ്ഞ് കുർബാന ചൊല്ലി.. പള്ളിയുടെ മദ്ധ്യേ തലേ ദിവസം സ്ഥാപിച്ചിരുന്ന കർക്കബ്സ എന്ന സിംഹാസനത്തിന്റെ മുമ്പാകെ കിഴക്കോട്ട് മുഖാമായി നിന്ന് ആയതിനു ക്രമങ്ങൾ ചൊല്ലിക്കഴിഞ്ഞ് ഹൗദ് മാലാഖേ മുതലായ നിറുത്തുകൾ ചൊല്ലി..
കോനാട്ട് യൂലിയോസിന്റെയും ശെമവൂൻ ദീവന്നാസിയോസിന്റെയും നാളാഗമങ്ങൾ പത്രോസ് തൃതീയൻ നടത്തിയ ശുശ്രൂഷകളുടെ വിവരണമാകയാൽ രണ്ടും പരസ്പരം വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുവാൻ ഉപകരിക്കും.

3. കോനാട്ട് മൽപ്പാന്റെ നടപടി ക്രമം (1910)

മലങ്കരയിലെ തെക്കും വടക്കുമുള്ള പള്ളിക്രമങ്ങൾ ഏകീകരിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ച കോനാട്ട് മാത്തൻ മൽപ്പാന്റെ നടപടിക്രമത്തിൽ പറയുന്നതും തലേ ദിവസം സന്ധ്യയ്ക്കു കുരിശ് സ്ഥാപിക്കണമെന്നാണ്. പറഞ്ഞിരിക്കുന്നത് .. സന്ധ്യാനമസ്കാരം ആരംഭിക്കുന്നതു ചൊവ്വാഴ്ചയാകയാൽ റംശോയുടെ ആരംഭ കൗമാ കഴിഞ്ഞ് റാഹേമ്മാലയ് ആലോഹോ..( 51-ാം മസ്‌മൂറ)യ്ക്കു മുമ്പായി പള്ളിയുടെ മദ്ധ്യത്തിൽ കുരിശുമൊന്തക്കൊടിയിട്ട് അലങ്കരിച്ച ഗോഗുൽത്തായിൽ സ്ളീബായുടെ കോലോകളോ എക്ബോകളോ ചൊല്ലിക്കൊണ്ട് കുരിശ് നാട്ടി അതിന്മേൽ ഊറാറ ഇടേണ്ടതും ഇരുവശത്തും ഗോഗുൽത്തായുടെ തണ്ടിൻമേൽ മെഴുകുതിരികൾ കൊളുത്തി കുത്തുകയും മറുവഹസാകൾ വെക്കുകയും ചെയ്യേണ്ടതും ആകുന്നു.

4. തകടിയേൽ യാക്കോബ് കശീശായുടെ നടപടിക്രമം (1950)

പല കാര്യങ്ങളിലും കോനാട്ട് മൽപാന്റെ നടപടിക്രമത്തിനോട് സാമ്യം പുലർത്തുന്ന ഇതിലും പറയുന്നതു മൽപ്പാൻ പറയുന്നതു പോലെ തലേന്നു സന്ധ്യാനമസ്കാരത്തിൽ 51-ാം മസ്‌മൂറായ്ക്ക് മുമ്പായി ഗോഗുൽത്തായിൽ കുരിശ് നാട്ടണം എന്നാണ്.

5. മാത്യൂസ് പ്രഥമൻ ബാവായുടെ നടപടിക്രമം

ഇതിൽ കാണുന്നത്.. സന്ധ്യാ നമസ്കാരത്തിനു മുമ്പുതന്നെ കുരിശുമൊന്ത കൊടിയിട്ട് അലങ്കരിച്ച ഗോഗുൽത്താ പള്ളിയുടെ മദ്ധ്യത്തിൽ കൊണ്ടു വന്നു വയ്ക്കുന്നു. അതിൽ വയ്ക്കുന്നതിനുള്ള കുരിശ് ഊറാറ ചുറ്റി സൗകര്യം പോലെ നമസ്കാരമേശയിലൊ ത്രോണോസിലോ വയ്ക്കുകയും ചെയ്യുന്നു. സന്ധ്യാ നമസ്കാരവും സുത്താറയും തീർത്തു കഴിയുമ്പോൾ സ്ളീബായുടെ ഏതെങ്കിലും നിർത്തുകൾ ചൊല്ലിക്കൊണ്ട് കുരിശെടുത്ത് കൊണ്ട് വന്നു ഗോഗുൽത്താ പ്രതിഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നു.
അതായത് സ്ളീബാ പ്രതിഷ്ഠ വൈകിട്ട് തന്നെ. എന്നാൽ പിറ്റെ ദിവസം കുരിശ് വച്ചാലും മതിയെന്നൊരു സാവകാശവും ഇതിൽ പറയുന്നുണ്ട്. എങ്കിലും മുൻഗണന തലേന്ന് വൈകിട്ട് പ്രതിഷ്ഠിക്കുന്നതിനു തന്നെയാണ് നൽകിയിരിക്കുന്നത്.

6. യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ നടപടിക്രമം

മലങ്കരയിൽ ഇന്ന് ഏറ്റവും പ്രചാരത്തിലിരിക്കുന്ന നടപടിക്രമവും ഇതാണ്. ഇതിൽ പറയുന്നത് ബുധനാഴ്ച തലേ സന്ധ്യയിൽ പ്രാർഥനയുടെ ആരംഭത്തിൽ കൗമാ കഴിഞ്ഞ് പട്ടക്കാരൻ മ്നോർത്തയിൽ സ്ളീബായുടെ ഏതെങ്കിലും ഗാനം ചൊല്ലിക്കൊണ്ട് കുരിശ് സ്ഥാപിക്കാം എന്നാണ്

ഇവ കൂടാതെ യാക്കോബായ വിഭാഗത്തിലെ മർക്കോസ് മാർ കൂറീലോസ് രചിച്ച സിറിയൻ ഓർത്തഡോക്സ് സഭയുടെ ശുശ്രൂഷാ നടപടിക്രമത്തിലും കാണുന്നത് ബുധനാഴ്ച സന്ധ്യാനമസ്കാരത്തിനു മുമ്പായി കുരിശ് സ്ഥാപിക്കണമെന്നാണ്.

ചുരുക്കത്തിൽ എല്ലാ നടപടിക്രമങ്ങളിലും തലേ ദിവസം ( ചൊവ്വാഴ്ച സന്ധ്യയോടു കൂടി) ഗോഗുൽത്തായും അതിൽ കുരിശും സ്ഥാപിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനു വ്യത്യസ്തമായ ഒരഭിപ്രായം കണ്ടത് ഫാ.ഡോ. ജോസഫ് ചീരൻ അച്ചൻ എഴുതിയ ഓർത്തഡോക്സ് ആരാധന : ശുശ്രൂഷകളും ശുശ്രൂഷകൻമാരും എന്ന പുസ്തകത്തിലാണ്. അതിൽ പിറ്റേന്ന് (പാതിബുധനാഴ്ച) സ്ളീബാ നാട്ടിയാൽ മതിയെന്നാണ് അച്ചൻ പറയുന്നത്. തലേ ദിവസം സ്ളീബാ നാട്ടണമെന്നത് പിൽക്കാലത്ത് കൂട്ടിചേർത്തതാണന്നു അച്ചൻ പറയുന്നു. എന്നാൽ അച്ചന്റെ ആ അഭിപ്രായം ശരിയല്ലായെന്നാണ് 1876 മുതൽ 1983 വരെയുള്ള കാലയളവിൽ രചിക്കപ്പെട്ട മേൽപറഞ്ഞ ആറോളം നടപടിക്രമങ്ങളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.’