മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശുദ്ധ കാനോനിക നോമ്പുകള്‍

നോമ്പുകൾ കാനോനികമഞ്ച്
യൽദോയാണാദ്യത്തേത്
ഒന്നു ഡിസംബറിലാരംഭം
ഇരുപത്തഞ്ചിനു തീർന്നീടും

മൂന്നു ദിനം നിനെവേ നോമ്പ്
യോനാനിബിയെ ഓർത്തീടാൻ
പിന്നീടമ്പതുനാൾ നോമ്പ്
അവസാനിക്കും ക്യംതായിൽ

മാർച്ചിരുപത്തൊന്നാം ദിനമോ
പിന്നീടായ് വന്നീടുന്ന
പൗർണ്ണമി തൻ പിമ്പു വരുന്ന
ഞായർ ക്യംതായായീടും

ക്യംതാ മുതൽ പിന്നോട്ടെണ്ണി
പത്താഴ്ചകളെത്തീടുമ്പോൾ
അമ്പതുനോമ്പിൻ മുന്നോടി
നിനെവേ നോമ്പാരംഭിക്കും

ജൂൺ മാസത്തിൽ കർത്താവിൻ
ശ്ലീഹന്മാരുടെ ഓർമ്മയ്ക്കായ്
പതിമൂന്നു ദിനങ്ങൾ നോമ്പ്
ആരംഭം പതിനാറിന്ന്

മാതാവിൻ വാങ്ങിപ്പിന്റെ
സ്മരണയ്ക്കായ് പതിനഞ്ചുദിനം
ശൂനോയോ നോമ്പാചരണം
പതിനഞ്ചോഗസ്റ്റിൽ തീരും

വെള്ളം വീഞ്ഞാക്കിയ കൊത്നേ
അമ്പതു നോമ്പിന്നാരംഭം
കുഷ്ഠാർത്തൻ സൗഖ്യം നേടി
രണ്ടാം ഞായർ ഗർബോയിൽ

മ്ശറിയോയിൽ തളർവാതിക്ക്
സർവാംഗം വിടുതൽ നൽകി
നാലാം ഞായർ ക്നാനൈത്തോ
നാരിമകൾ സൗഖ്യം പൂണ്ടു

കൂനി നടന്നോൾ നേർനിന്നു
അഞ്ചാം ഞായർ ക്പിപ്തോയിൽ
ആറാം ഞായർ സമിയോയിൽ
കുരുടൻ പ്രാപിച്ചു കാഴ്ച

ഏഴാം ഞായർ ഊശാന
കർത്താവേരുശലേമേറി
നോമ്പിന്നവസാനം ക്യംതോ
മൃതിയെ കർത്തൻ തോൽപിച്ചു

കർത്താവിന്നെതിരായ് ഗൂഢം
ചിന്തിച്ച ബുധനും തന്നെ
കുരിശേറ്റിയ വെള്ളിദിനവും
കാനോനിക നോമ്പുകൾ തന്നെ

ഈ കവിത രചിച്ചത് അലൈന്‍ ഇടവകയില്‍ ആത്മീയ പ്രസ്ഥാനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കി പോന്ന ബഹുമാന്യനായ ഡോ.എല്‍ദോ ജോസഫ് ആണ്. ഇപ്പോള്‍ അദ്ദേഹം എറണാകുളത്ത് വിശ്രമ ജീവിതം നയിക്കുന്നു.