തക്സാ (അനാഫോറാ)

‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു വാക്കും ഉപയോഗിക്കുന്നു. എങ്കിലും രണ്ടു വാക്കുകളും തമ്മില്‍ അര്‍ത്ഥത്തില്‍ വ്യത്യാസമുണ്ട്. അനാഫോറാ എന്ന വാക്കിന് ബലിയര്‍പ്പിക്കല്‍ എന്നാണര്‍ത്ഥം. സങ്കീര്‍ത്തനം 51:19-ന്‍റെ ഗ്രീക്കു രൂപത്തില്‍ (ഘതത) ഹോമബലി എന്നിടത്ത് അനാഫോറാ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വി. കുര്‍ബ്ബാനയിലെ സമാധാനചുംബനം മുതല്‍, അന്തിമാശീര്‍വ്വാദം വരെയുള്ള ഭാഗത്തിന് അനാഫോറാ എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും, ഈ വാക്ക് വി. കുര്‍ബ്ബാനയിലെ അപ്പത്തിന്‍റെ പേരായും, കാസായും പീലാസായും മൂടുന്ന ശോശപ്പായുടെ പേരായും ഉപയോഗിച്ചു കാണുന്നു.

സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ എഴുപതില്‍പ്പരം കുര്‍ബ്ബാന തക്സാകള്‍ (അനാഫോറാകള്‍) ഉണ്ട്. അതില്‍ ഒരു ഡസനോളം ഇന്നും ഉപയോഗത്തിലുള്ളവയാണ്. ഇവയില്‍ ഏറ്റവും പ്രാചീനവും പ്രധാനവും കര്‍ത്താവിന്‍റെ സഹോദരനായ വി. യാക്കോബിന്‍റെ പേരില്‍ അറിയപ്പെടുന്ന തക്സായാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് മറ്റു തക്സാകള്‍ എഴുതി ഉണ്ടാക്കിയത്. പതിന്നാലാം നൂറ്റാണ്ടുവരെ സുറിയാനിസഭയില്‍ തക്സാകള്‍ എഴുതി ഉണ്ടാക്കിയിട്ടുണ്ട്.

സഭയുടെ വിശ്വാസത്തിന്‍റെ പ്രകടനമായിട്ടാണ് പ്രാര്‍ത്ഥനകളെ എന്നും കണക്കാക്കിയിരുന്നത്. ആരാധനയിലെ പ്രാര്‍ത്ഥനകളും ഗീതങ്ങളും സഭാവിശ്വാസത്തിന് അനുസൃതവും വിശ്വാസത്തെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നതുമായിരിക്കണമെന്ന് സഭ എന്നും നിഷ്കര്‍ഷിച്ചിരുന്നു. ഇക്കാരണത്താലാണ് പ്രത്യേകം എഴുതി സഭ അംഗീകരിച്ചിട്ടുള്ള തക്സാകള്‍ വി. കുര്‍ബ്ബാനയ്ക്കും, മറ്റു കൂദാശാനുഷ്ഠാനങ്ങള്‍ക്കും ഉപയോഗിക്കുന്നത്.