മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (2)

അനുതാപം (മാനസാന്തരം)

വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്. അങ്ങനെ ചെയ്യുമ്പോള്‍ ധാര്‍മ്മികജീവിതത്തില്‍ അതിന്‍റെ പ്രതിഫലനം ഉണ്ടാകാതിരിക്കയില്ല. പാപത്തെ വിട്ട് നീതിയുടെയും വിശുദ്ധിയുടെയും മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ശ്രമിക്കണം. ഇതിനായിട്ടാണ് പ്രവാചകന്മാര്‍ യിസ്രായേലിനെ നിരന്തരമായി ആഹ്വാനം ചെയ്തത്.

യാഗങ്ങളും വഴിപാടുകളുമല്ല യഹോവയ്ക്കു പ്രസാദം, തകര്‍ന്നതും നുറുങ്ങിയതുമായ ഹൃദയമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു (സങ്കീ. 51:17; യെഹെ. 36:26; യിരെ. 31:33). “നിങ്ങളുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെത്തന്നെ കീറുവിന്‍” (യോവേ. 2:13) എന്നു പറയുന്നുണ്ട്.

പുതിയനിയമത്തിലേക്കു കടക്കുമ്പോള്‍, ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് അവശ്യം വേണ്ടത് അനുതാപമാണെന്നു കാണാം. യോഹന്നാന്‍ സ്നാപകന്‍ അതു പ്രഖ്യാപിച്ചു. യേശുക്രിസ്തു ആവര്‍ത്തിച്ച് ജനങ്ങളെ അത് അനുസ്മരിപ്പിച്ചു. പരീശന്മാര്‍ ബാഹ്യമായ അനുഷ്ഠാനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തപ്പോള്‍, ഹൃദയപരിവര്‍ത്തനമാണ് യേശുക്രിസ്തു നിര്‍ദ്ദേശിച്ചത് (മര്‍ക്കോ. 1:15; ലൂക്കോ. 15). അനുതാപം വിശ്വാസത്തിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നു.

അപ്പോസ്തലന്മാരുടെ പ്രബോധനങ്ങള്‍ അനുതാപത്തിലേക്കുള്ള ആഹ്വാനം ഉള്‍ക്കൊണ്ടിരുന്നു. കാരണം അനുതാപം കൂടാതെ വിശ്വാസം സാദ്ധ്യമായിരുന്നില്ല. അനുതാപത്തിനുപയോഗിക്കുന്ന ‘മെറ്റനൊയിയ’ എന്ന ഗ്രീക്കുപദം വിവക്ഷിക്കുന്നത് മനംമാറ്റമെന്നതു മാത്രമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവും ആളത്വത്തിന്‍റെ മുഴുവനായുള്ള പരിവര്‍ത്തനവുമാണ്.

അനുതാപം അഥവാ മാനസാന്തരം ഒരു പ്രത്യേക ദിവസത്തിലോ, ഘട്ടത്തിലോ മാത്രം നടക്കുന്ന ഒന്നല്ല. ജീവിതത്തില്‍ ഉടനീളം വ്യാപരിക്കുന്ന ഒന്നാണ്. എപ്പോഴൊക്കെ ദൈവത്തില്‍നിന്നും, അവിടുത്തെ കൃപയില്‍നിന്നും അകന്നുപോകുന്നുവോ അപ്പോഴൊക്കെ അവിടുത്തെ സന്നിധിയിലേക്ക് തിരികെ പോകേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ആരാധനയുടെ ഒരു മുഖ്യഘടകമായി അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

അന്‍സൈറാ സുന്നഹദോസുകള്‍

ഏഷ്യാമൈനറിലെ ഗലാത്തിയയിലെ അന്‍സൈറാ, ആധുനിക തുര്‍ക്കിയിലെ അങ്കാറാ എന്നറിയപ്പെടുന്ന പട്ടണമാണ്. ഇവിടെ വച്ചു നടന്ന സുന്നഹദോസുകള്‍ അന്‍സൈറാ സുന്നഹദോസുകള്‍ (അങ്കാറാ സുന്നഹദോസുകള്‍) എന്ന പേരില്‍ അറിയപ്പെടുന്നു. എ.ഡി. 273-ലും 297-ലും അപ്രധാനങ്ങളായ രണ്ട് പ്രാദേശിക സുന്നഹദോസുകള്‍ ഇവിടെ വച്ചു നടന്നു. എ.ഡി. 314-ല്‍ കൂടിയ പ്രാദേശിക സുന്നഹദോസ് വിശ്വാസത്യാഗികളെ ഏതുവിധത്തില്‍ സഭയില്‍ തിരികെ ചേര്‍ക്കണം എന്നതിനെക്കുറിച്ച് വിശദമായ നിയമങ്ങള്‍ ക്രോഡീകരിച്ചു. ചെയ്ത തെറ്റുകളുടെ കാഠിന്യമനുസരിച്ച് അനുഭവിക്കേണ്ട ശിക്ഷകളെക്കുറിച്ചും അനുതാപകാലത്തെക്കുറിച്ചും ഈ കാനോനാകളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 358-ല്‍ കൂടിയ സുന്നഹദോസ് ഇവയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നിഖ്യാ സുന്നഹദോസിനു ശേഷം അറിയൂസ് പക്ഷക്കാരും സത്യവിശ്വാസികളും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്ന കാലത്ത് വിളിച്ചുകൂട്ടിയ ഈ സുന്നഹദോസിന്‍റെ അദ്ധ്യക്ഷന്‍ അന്‍സൈറായിലെ ബസേലിയോസ് ആയിരുന്നു. പുത്രന്‍റെ സാരാംശം പിതാവിന്‍റേതല്ലെന്നും, ഇരുസാരാംശങ്ങളും തമ്മില്‍ അടുത്ത സാമ്യം (ഒീാീശീൗശെീെ) മാത്രമേ ഉള്ളൂ എന്നും ഈ സുന്നഹദോസ് തീരുമാനിച്ചു. സഭയിലെ ഇരുകക്ഷികളെയും തമ്മില്‍ അനുരഞ്ജിപ്പിക്കുന്നതിനാണ് ഈ പഠിപ്പിക്കല്‍ കൊണ്ടുവന്നത്. എങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. മൂന്നാമത് ഒരു പക്ഷക്കാരെ സൃഷ്ടിക്കുവാന്‍ സുന്നഹദോസ് കാരണമായിത്തീര്‍ന്നു. 375-ലും ഒരു സുന്നഹദോസ് ഇവിടെവച്ചു നടന്നു. പൂര്‍ണ്ണമായും അറിയൂസ് പക്ഷക്കാരുടെ സ്വാധീനത്തില്‍ നടത്തപ്പെട്ട ഈ കൗണ്‍സില്‍ ഹിപ്സിസിലെ മെത്രാപ്പോലീത്തായായിരുന്ന പര്‍നാസൂസിനെയും നിസ്സായിലെ ഗ്രീഗോറിയോസിനെയും മുടക്കുകയുണ്ടായി.

അന്തംചാര്‍ത്തല്‍

കേരളക്രൈസ്തവരുടെ പുരാതന വിവാഹാചാരങ്ങളിലൊന്ന്. ഇപ്പോഴും ചില സമുദായങ്ങളില്‍ ഇതു നിലവിലുണ്ട്. വിവാഹത്തിന്‍റെ തലേദിവസം വൈകിട്ട് വരന്‍റെ വീട്ടില്‍ നടക്കുന്ന ഒരു ചടങ്ങാണിത്. കരയിലെ ക്ഷുരകന്‍ വരനെ പന്തലിലുള്ള പ്രത്യേക പീഠത്തിലിരുത്തി ക്ഷൗരം ചെയ്യുന്നതാണ് മുഖ്യ ചടങ്ങ്. “പതിനേഴു പരിഷമേല്‍ മാളോരേ, അന്തം ചാര്‍ത്താന്‍ കയറ്റിയിരുത്തട്ടെ” എന്നു ക്ഷുരകന്‍ മൂന്നു പ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങിയ ശേഷമാണ് കര്‍മ്മം നടത്തുന്നത് (ക്രിസ്ത്യാനികള്‍ക്ക് ചേരമാന്‍ പെരുമാളില്‍നിന്നു കിട്ടിയ പദവിയാണ് പതിനേഴുപരിഷമേല്‍ സ്ഥാനം). ഈ സമയത്ത് അന്തംചാര്‍ത്തുപാട്ട്, മാര്‍ത്തോമ്മന്‍ പാട്ട് എന്നീ പാട്ടുകള്‍ പാടാറുണ്ട്. ചില സ്ഥലങ്ങളില്‍ ഇതിന് “ചന്തം ചാര്‍ത്ത്” എന്നും പറയുന്നു.

അന്തിക്രിസ്തു (എതിര്‍ക്രിസ്തു)

ആന്‍റി എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്‍റെ അര്‍ത്ഥം څഎതിരായിട്ടുള്ളത്, ‘ശത്രുവായിട്ടുള്ളത്’ എന്നാണ്. ക്രിസ്തുവിനെതിരായി നില്‍ക്കുന്നവനെ ആന്‍റി ക്രൈസ്റ്റ് എന്നു പറയും. അതിന്‍റെ മലയാളപരിഭാഷ ‘എതിര്‍ക്രിസ്തു’ എന്നാണ്. എന്നാല്‍ ‘അന്തിക്രിസ്തു’ എന്നും ഈ വാക്കിനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എതിര്‍ക്രിസ്തുക്കളെപ്പറ്റി യോഹന്നാന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട്. “എതിര്‍ക്രിസ്തു വരുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു” (1 യോഹ. 2:18). ڇപിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ എതിര്‍ക്രിസ്തു ആകുന്നു” (1 യോഹ. 2:22, 4:3; 2 യോഹ. 7).
പൗലോസിന്‍റെ ലേഖനത്തില്‍ ഈ പദം ഉപയോഗിച്ചിട്ടില്ല. എങ്കിലും ക്രിസ്തുവിനെയും അവിടുത്തെ ജനത്തെയും എതിര്‍ക്കുന്ന ‘അധര്‍മ്മമൂര്‍ത്തി’ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നു (2 തെസ്സ. 2:7).

അന്തിമാളന്‍കാവ്

കുന്നംകുളം തെക്കേ അങ്ങാടിയില്‍ കൊച്ചി സര്‍ക്കാര്‍ വകയുണ്ടായിരുന്ന ഈ ദേവീക്ഷേത്രം കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ക്ക് (ജോസഫ് മാര്‍ ദീവന്നാസ്യോസ് പ്രഥമന്‍) ഒരു പള്ളിയാക്കുവാന്‍ ദാനമായി നല്‍കി. ഇന്നും ആ പഴയ ക്ഷേത്രം തന്നെയാണ് കുരിശുപള്ളിയായി നിലനില്‍ക്കുന്നത്.

അന്തീമോസ്

കുസ്തന്തീനോപ്പോലീസിലെ പാത്രിയര്‍ക്കീസ്. ട്രെബിസോണ്‍ഡിലെ മേല്‍പ്പട്ടക്കാരനായിരുന്ന ഇദ്ദേഹം എ.ഡി. 535-ല്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. കര്‍ക്കശമായ സന്യാസജീവിതം ഇദ്ദേഹം നയിച്ചിരുന്നു. കല്‍ക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ യോജിപ്പുണ്ടാക്കുവാന്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി എ.ഡി. 532-ല്‍ വിളിച്ചുകൂട്ടിയ സമാധാനാലോചനയില്‍ ഇദ്ദേഹം കല്‍ക്കദോന്യ പക്ഷത്തെ പ്രതിനിധാനം ചെയ്തു. അഞ്ചാം തുബ്ദേനില്‍ പേര് ഓര്‍ക്കുന്നുണ്ട്.

അന്തോണിയോസ്, വിശുദ്ധ (എ.ഡി. 251-356)

ക്രൈസ്തവ സന്യാസപ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. ഇരുപതാമത്തെ വയസ്സില്‍ തനിക്കുണ്ടായിരുന്നതെല്ലാം ദാനം ചെയ്തിട്ട് സമ്പൂര്‍ണ്ണ ഏകാന്തവാസം നയിക്കുവാന്‍ ഈജിപ്റ്റിലെ മരുഭൂമിയിലേക്കു പോയി. കഠിനമായ ഏകാന്തവാസവും തീവ്രമായ വ്രതാനുഷ്ഠാനങ്ങളുംകൊണ്ട് പരിശുദ്ധനായിത്തീര്‍ന്നു. അനേകര്‍ ഇദ്ദേഹത്തില്‍ ആകൃഷ്ടരായി ആ മാതൃക പിന്‍പറ്റി. ലൗകീകതയില്‍ മുങ്ങിക്കൊണ്ടിരുന്ന സഭയ്ക്ക് ആദ്ധ്യാത്മിക നവോന്മേഷം പകരുവാന്‍ ഇതു വഴിതെളിച്ചു. അറിയോസിന്‍റെ വേദവിപരീതത്തെ എതിര്‍ത്ത് സഭാംഗങ്ങളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കുവാന്‍ കഠിനമായി ഇദ്ദേഹം പരിശ്രമിച്ചു. വി. അത്താനാസ്യോസ് രചിച്ച അന്തോണിയോസിന്‍റെ ജീവചരിത്രം ശ്രദ്ധേയമാണ്. വി. അന്തോണിയോസ്, പൗലോസ് എന്ന സന്യാസിയുമായി കാണുന്നതും, വി. അത്താനാസ്യോസ് വി. അന്തോണിയോസിനെ കാണുന്നതുമായ ചരിത്രവും ലഭ്യമായിട്ടുണ്ട്.

അന്തോണിയോസ്, സഖറിയാസ് മാര്‍ (1946-)

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ. 1946 ജൂലൈ 19-ന് ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്‍റെ പുത്രനായി പുനലൂരില്‍ ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍ നിന്ന് ജി.എസ്.ടി. യും സെറാമ്പൂരില്‍ നിന്ന് ബി.ഡി. യും കരസ്ഥമാക്കി.

ദീര്‍ഘനാള്‍ കൊല്ലം അരമനയില്‍ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു. നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1989 ഡിസംബര്‍ 28-ന് മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30-ന് മെത്രാനഭിഷേകം നടന്നു. തുടര്‍ന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. സ്ലീബാദാസ സമൂഹം പ്രസിഡന്‍റ്, അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു.
അന്ത്യോക്യാ (നഗരങ്ങള്‍: ക. സിറിയ, കക. ഏഷ്യാമൈനര്‍, കകക. പേര്‍ഷ്യ)
ക്രിസ്തുവര്‍ഷത്തിന്‍റെ ആദിമ നൂറ്റാണ്ടുകളില്‍ അന്ത്യോക്യാ എന്നു പേരുള്ള ഒന്നിലധികം പട്ടണങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ പ്രധാനപ്പെട്ടവ മൂന്നെണ്ണമായിരുന്നു.

(1) 1. സിറിയ: കുസ്തന്തീനോപോലീസ് സ്ഥാപിതമാകുന്നതുവരെ റോമാസാമ്രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളുടെ തലസ്ഥാനവും കിഴക്കിന്‍റെ മെത്രാപ്പോലീത്തന്‍ (പിന്നീട് പാത്രിയര്‍ക്കേറ്റ്) ആസ്ഥാനവുമായിരുന്ന സുറിയായിലെ അന്ത്യോക്യായാണ് ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ബി.സി. 300-ല്‍ സെലൂക്കസ് നിക്കേറ്ററാണ് ഒറോണ്‍ടസ് നദിയുടെ തീരത്ത് ഈ പട്ടണം സ്ഥാപിച്ചത്. തന്‍റെ പിതാവിന്‍റെ സ്മരണയ്ക്കായി അദ്ദേഹം ഇതിന് അന്ത്യോക്യാ എന്നു പേരു നല്‍കി. പിന്നീട് സെലൂക്കസ് കക കല്ലിനിക്കോസും, അന്ത്യോക്യസ് കഢ എപ്പിഫാനിയോസും കൂടുതല്‍ ഭാഗങ്ങള്‍ പണിതുചേര്‍ത്ത് പട്ടണത്തെ വിപുലമാക്കി. ടെട്രാപ്പോലീസ്, തെയോപോലീസ് എന്നീ നാമങ്ങളാലും അറിയപ്പെട്ടിരുന്ന ഈ പട്ടണത്തില്‍ സുറിയാനിയോടൊപ്പം ഗ്രീക്കു ഭാഷയും സംസാരിക്കപ്പെട്ടിരുന്നു.
അന്ത്യോക്യയില്‍ വച്ച് ക്രിസ്തുശിഷ്യര്‍ക്ക് ‘ക്രിസ്ത്യാനികള്‍’ എന്നു പേരു ലഭിക്കയും (അപ്പോ. പ്ര. 11:26) ഈ പട്ടണം പിന്നീട് ക്രൈസ്തവസഭയുടെ പ്രധാന ശക്തിദുര്‍ഗ്ഗമാകുകയും ചെയ്തു. റോമാ സാമ്രാജ്യത്തിലെ പ്രത്യേക പദവിയുള്ള പാത്രിയര്‍ക്കാസ്ഥാനമായി അന്ത്യോക്യ ഉയര്‍ന്നു. അന്ത്യോക്യന്‍ പാത്രിയര്‍ക്കാ സ്ഥാനത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന പലരും ഇന്നുണ്ട്. ഇന്നത്തെ സിറിയായിലെ ദമസ്കോസ് അസ്ഥാനമായുള്ള സിറിയന്‍ പാത്രിയര്‍ക്കേറ്റ് മലങ്കര സഭാചരിത്രവുമായി വളരെ ബന്ധപ്പെട്ടതാണ്.

(2) ഏഷ്യാ മൈനറിലെ പിസിദ്യയിലെ അന്ത്യോക്യയാണ് രണ്ടാമത്തേത്. ഇത് ആധുനിക തുര്‍ക്കിയുടെ അക്ഷെഹീന് (അസലെവശി) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. സുറിയായിലെ സെലൂക്കസ് പ്രഥമന്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ ഈ പട്ടണം സ്ഥാപിച്ചു. പൗലൂസ് ശ്ലീഹാ തന്‍റെ ഒന്നാം മിഷനറി യാത്രയില്‍ ഈ പട്ടണത്തില്‍ വന്ന് സുനഗോഗില്‍ പ്രസംഗിച്ചതായി കാണാം (അപ്പോ. പ്ര. 13:14 മു.). ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനം റോമാക്കാര്‍ ഈ പട്ടണം കീഴടക്കുകയും ഇതിനെ പിസിദ്യന്‍ പ്രോവിന്‍സിന്‍റെ തലസ്ഥാനമാക്കുകയും ചെയ്തു.

(3) പേര്‍ഷ്യന്‍ ചക്രവര്‍ത്തി കൊസറോവ് പ്രഥമന്‍ എ.ഡി. ആറാം നൂറ്റാണ്ടില്‍ സിറിയായിലെ അന്ത്യോഖ്യാ കീഴടക്കിയപ്പോള്‍ അവിടെനിന്നും ധാരാളം പേരെ അടിമകളായി പേര്‍ഷ്യയിലേക്കു കൊണ്ടുപോയി. ഇവരില്‍ നല്ല പങ്കും കല്‍ക്കദോന്യേതര വിശ്വാസം സ്വീകരിച്ചിരുന്ന ക്രിസ്ത്യാനികളായിരുന്നു. പേര്‍ഷ്യയില്‍ സെലൂക്യയ്ക്ക് അടുത്ത് അവര്‍ക്കു താമസിക്കുന്നതിനായി ഒരു പട്ടണം പണിതു. അതിനും അന്ത്യോക്യാ എന്നു തന്നെ നാമകരണം ചെയ്തു.

അന്ത്യോക്യാ സുന്നഹദോസ്

അന്ത്യോക്യായിലെ സുവര്‍ണ്ണ ദേവാലയത്തിന്‍റെ പ്രതിഷ്ഠയുടെ അവസരത്തില്‍ കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തി 341-ല്‍ വിളിച്ചുകൂട്ടിയ സുന്നഹദോസാണിത്. ചക്രവര്‍ത്തിയും 97 മെത്രാന്മാരും ഇതില്‍ സംബന്ധിച്ചു. നിഖ്യാ സുന്നഹദോസിലെ വിശ്വാസപ്രമാണങ്ങള്‍ക്ക് പകരമായി ഈ സുന്നഹദോസില്‍ നാലു വിശ്വാസപ്രമാണങ്ങള്‍ അവതരിപ്പിക്കുകയുണ്ടായെങ്കിലും അവയില്‍ യാതൊന്നുംതന്നെ അംഗീകരിക്കപ്പെട്ടില്ല. എന്‍കേനിയായിലെ സുന്നഹദോസ് എന്നാണ് 341-ല്‍ നടന്ന അന്ത്യോക്യായിലെ ഈ പ്രതിഷ്ഠാ സുന്നഹദോസിനു പേര്‍ പറയുന്നത്.
ഇരുപത്തിഞ്ചു കാനോനുകള്‍ ഈ യോഗത്തില്‍ അംഗീകരിക്കപ്പെട്ടതായി പഴയ കാനോന്‍ ശേഖരങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍ ചില ചരിത്രകാരന്മാര്‍ ഇത് 341-ലേത് അല്ല, പ്രത്യുത 330-ലെ അന്ത്യോക്യാ സുന്നഹദോസിലേതാണ് എന്ന് അഭിപ്രായപ്പെടുന്നു.

അന്ത്യോക്യന്‍ ഡെലിഗേറ്റ്

മലങ്കരസഭ അന്ത്യോക്യന്‍ സഭയുമായി ബന്ധപ്പെട്ട കാലംമുതല്‍ അവിടെനിന്നും വന്ന മെത്രാന്മാര്‍ തങ്ങള്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധി (ഡെലിഗേറ്റ്, തഹലൂപ്പാ) കള്‍ ആണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ‘ഡെലിഗേറ്റ്’ എന്ന പേരില്‍ ആദ്യമായി അറിയപ്പെട്ടത് ശെമവൂന്‍ മാര്‍ അത്താനാസ്യോസ് (1881-1889) ആയിരുന്നു. തുടര്‍ന്ന് സ്ലീബാ മാര്‍ ഒസ്താത്തിയോസ് (1908-1930), ഏലിയാസ് മാര്‍ യൂലിയോസ് (1923-1962) എന്നിവര്‍ പരസ്യമായി ഈ പേര് ഉപയോഗിക്കുകയും ഈ സ്ഥാനംമൂലം മലങ്കരയില്‍ തങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 1848-ലെ കൊല്ലം പഞ്ചായത്ത് വിധിയില്‍ വിദേശമെത്രാന്മാര്‍ക്ക് മലങ്കരയില്‍ യാതൊരു ഭരണാധികാരവും ഇല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. 1973-ല്‍ അപ്രേം ആബൂദി റമ്പാന്‍ (ആബൂദി മാര്‍ തീമോത്തിയോസ്) അന്ത്യോക്യാ പ്രതിനിധി ആണെന്നവകാശപ്പെട്ടുകൊണ്ടു വരികയും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അതിനാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഇദ്ദേഹത്തെ തിരിച്ചയച്ചു.

അന്ത്യോക്യന്‍ വേദശാസ്ത്രം

സഭയുടെ വേദശാസ്ത്രചിന്താവികാസത്തിനു നേതൃത്വം നല്‍കിയ നാലു സുപ്രധാന കേന്ദ്രങ്ങളുണ്ട്. അലക്സാന്ത്രിയ, അന്ത്യോക്യ, കൈസറിയ, എഡേസ എന്നിവയാണവ. ഇവയില്‍ അന്ത്യോക്യന്‍ ചിന്തയ്ക്ക് പൊതുവെ, പാശ്ചാത്യ ചിന്താസത്തയോടാണ് ആഭിമുഖ്യം. ആക്ഷരികമായ വ്യാഖ്യാനത്തിന് പ്രാധാന്യം നല്‍കിയുളള രീതിശാസ്ത്രമാണ് പിന്തുടരുന്നത്. താരതമ്യേന വ്യക്തതയ്ക്കും വൈവിധ്യത്തിനും പ്രാധാന്യം കൂടുതല്‍ കൊടുക്കുന്ന സമീപനമാണ് അന്ത്യോക്യന്‍ വേദശാസ്ത്രത്തിനുളളത്. അതുകൊണ്ട് ഇതിന്‍റെ ദാര്‍ശനികമായ അടിത്തറ അരിസ്റ്റോട്ടിലിന്‍റേതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്ത്യോക്യന്‍ വേദശാസ്ത്രത്തിന്‍റെ ആദ്യകാലത്തെ പ്രധാന വക്താക്കളായി അറിയപ്പെടുന്നത് അന്ത്യോക്യയിലെ ലൂസ്യയന്‍, തര്‍സോസിലെ ദിയോദോര്‍, മൗപ്സിസ്റ്റിയയിലെ തിയോദോര്‍, നെസ്തോറിയസ് മുതലായവരാണ്. അന്ത്യോക്യന്‍ വേദശാസ്ത്രത്തിന്‍റെ ഒരു പ്രധാന പ്രത്യേകത അത് മാനുഷിക യാഥാര്‍ത്ഥ്യത്തിന്‍റെ പ്രാഥമികാടിസ്ഥാനത്തില്‍ നിന്ന് എല്ലാ തത്ത്വങ്ങളെയും സമീപിക്കുന്നുവെതെന്നുള്ളതാണ്.

അന്ത്യോക്യന്‍ സുറിയാനിസഭ

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്ന്. അപ്പോസ്തോലിക കാലത്തുതന്നെ ഈ സഭ സ്ഥാപിതമായി. കുപ്രോസുകാരും, കുറേനക്കാരുമായ വിശ്വാസികളാണ് ഇവിടെ ആദ്യം സുവിശേഷം പ്രസംഗിച്ചത് (അപ്പോ. പ്ര. 11:20). അതിനുശേഷം പൗലോസും ബര്‍ന്നബാസും ഇവിടെ ചെന്നു പ്രവര്‍ത്തിച്ചു. പിന്നീട് പത്രോസും അവിടെയെത്തിയതായി മനസ്സിലാക്കാം (ഗലാ. 2:11 മു.). പത്രോസ് ശ്ലീഹായാണ് ഈ സഭയുടെ സ്ഥാപകന്‍ എന്നു സഭാചരിത്രകാരനായ യൗസേബിയോസ് പറയുന്നു. വി. ഇഗ്നാത്തിയോസ്, വി. എഫ്രയിം മുതലായ പിതാക്കന്മാര്‍ അന്ത്യോക്യന്‍ സഭയെ പരിപോഷിപ്പിച്ചവരാണ്. അന്ത്യോക്യന്‍ സുറിയാനി സഭ പിന്തുടരുന്നത് അലക്സാന്ത്രിയന്‍ വേദശാസ്ത്രമാണ്.

അന്ത്യോക്യന്‍ സഭ മുസ്ലീം ഭരണാധികാരികളാല്‍ കഠിനയാതനകള്‍ അനുഭവിക്കേണ്ടിവന്ന ചരിത്രമാണ് ഏഴു മുതലുള്ള നൂറ്റാണ്ടുകളില്‍ കാണുന്നത്. ഓരോ പാത്രിയര്‍ക്കീസിനും വാഴിക്കപ്പെടുമ്പോള്‍ ഭരണാധികാരിയായ സുല്‍ത്താന്‍റെ അധികാരപത്രമായ ‘ഫര്‍മാന്‍’ ലഭിക്കേണ്ടിയിരുന്നു. ഇതു കോഴകൊടുത്തും മറ്റും വാങ്ങാവുന്ന ഒന്നായിത്തീര്‍ന്നപ്പോള്‍ സഭാനേതൃത്വത്തിന്‍റെ നിലവാരവും സ്വാഭാവികമായി താണുപോയി.

സഭ വൈപരീത്യങ്ങളുടെ നടുവില്‍ക്കൂടി കടന്നുപോയപ്പോഴും പ്രഗത്ഭമതികളും വേദശാസ്ത്രനിപുണരുമായ പലരും ഉയര്‍ന്നുവന്നു. അവരില്‍ പ്രമുഖരായ ചിലരാണ് എഡേസ്സായിലെ യാക്കോബ്, ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൂശ ബര്‍കീപ്പാ തുടങ്ങിയവര്‍. ഒന്‍പതുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ മുസ്ലീമുകളുടെ ഭീഷണിയും അസഹിഷ്ണുതയും സഭയ്ക്കു പ്രയാസങ്ങള്‍ വരുത്തി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രശോഭിച്ച പ്രഗത്ഭമതികളാണ് ദീവന്നാസ്യോസ് ബര്‍സ്ലീബി, ചരിത്രകാരനായ മീഖായേല്‍ റാബോ, ബാര്‍ എബ്രായ എന്നിവര്‍.

തുര്‍ക്കികളുടെ ഭരണകാലം സഭയ്ക്ക് കൂടുതല്‍ പ്രയാസകരമായിത്തീര്‍ന്നു. സഭയുടെ കെട്ടുറപ്പ് നഷ്ടമായി. ആഭ്യന്തര കലഹങ്ങള്‍ തലപൊക്കി. അംഗസംഖ്യയിലും ഗണ്യമായ കുറവുണ്ടായി. പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനം മര്‍ദ്ദീനിലേക്കും, അവിടെനിന്നു ഹോംസിലേക്കും, അതിനുശേഷം ദമസ്കോസിലേക്കും മാറ്റപ്പെട്ടു.

ഇന്നു സുറിയാനിക്കാര്‍ തുര്‍ക്കിയിലും, സിറിയയിലും, ലബനോനിലും, യൂറോപ്പിലും, അമേരിക്കയിലുമായി ചിതറിപ്പാര്‍ക്കുന്നു. തുര്‍ക്കിയിലും സിറിയയിലുമുള്ളവര്‍ ഇന്നും പ്രതികൂലാവസ്ഥയിലാണ് കഴിയുന്നത്. മതതീവ്രവാദികളുടെ അക്രമണം കാരണം സിറിയായിലെ അവസ്ഥ ദയനീയമാണ്. ആകെ സുറിയാനിക്കാരുടെ അംഗസംഖ്യ ഒന്നര ലക്ഷത്തിലധികം വരികയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

അന്ത്രയോസ് ബാവാ

മലങ്കരയിലെത്തിയ ഒരു വിദേശ മെത്രാപ്പോലീത്താ. ഇദ്ദേഹം 1678-ല്‍ മലങ്കരയിലെത്തി. തെക്കന്‍ ഭദ്രാസനങ്ങളിലുള്ള പള്ളികള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ പുത്തന്‍കാവില്‍ എത്തി. പുത്തന്‍കാവിലെ ജനങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ നേടിയ ഇദ്ദേഹം കല്ലടയില്‍ വച്ച് കാലം ചെയ്ത് അവിടെ കബറടങ്ങി. പുത്തന്‍കാവിലെ ജനങ്ങള്‍ ഇദ്ദേഹത്തിന്‍റെ അസ്ഥിശകലം പുത്തന്‍കാവില്‍ കൊണ്ടുവന്ന് സംസ്കരിക്കുകയും അവിടെ ഒരു കുരിശു സ്ഥാപിക്കുകയും ചെയ്തു. കല്ലട പള്ളിയിലും പുത്തന്‍കാവ് പള്ളിയിലും ഇദ്ദേഹത്തിന്‍റെ ഓര്‍മ്മ ആഘോഷിക്കുന്നു. ഇദ്ദേഹം ഒരു മെത്രാപ്പോലീത്താ ആയിരുന്നില്ല എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പടുന്നു. ‘പുത്തന്‍കാവു വലിയപ്പന്‍’, ‘കല്ലട വലിയപ്പന്‍’ മുതലായ പേരുകളില്‍ ഇദ്ദേഹം അറിയപ്പെടുന്നു.

അന്ത്രയോസ് ശ്ലീഹാ, വിശുദ്ധ

യേശുക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍. യേശുവിന്‍റെ പ്രഥമ ശിഷ്യന്‍. വി. പത്രോസ് ശ്ലീഹായുടെ സഹോദരനും, ബത്സയിദാ ദേശക്കാരനും, മീന്‍പിടുത്തക്കാരനുമായിരുന്നു ഇദ്ദേഹം. ‘ആദ്യം വിളിക്കപ്പെട്ടവന്‍’ എന്ന അര്‍ത്ഥത്തില്‍ ‘പ്രോട്ടോക്ലേറ്റോസ്’ എന്ന വിശേഷണം ഇദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. വി. യോഹന്നാന്‍റെ സുവിശേഷപ്രകാരം, യോഹന്നാന്‍ സ്നാപകന്‍റെ ശിഷ്യനായിരുന്ന ഇദ്ദേഹമാണ് ആദ്യം യേശുവിനെ അന്വേഷിച്ചുചെന്ന് യേശുവിന്‍റെ പ്രഥമശിഷ്യത്വം സ്വീകരിച്ചത്. മറ്റു പലരേയും യേശുവിന്‍റെ അരികിലേക്ക് കൊണ്ടുവരുന്ന വ്യക്തിയായിട്ടാണ് വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇദ്ദേഹത്തെ ചിത്രീകരിക്കുന്നത്. മിശിഹായെ കണ്ടെത്തിയെന്നു പറഞ്ഞ് ഇദ്ദേഹം തന്‍റെ സഹോദരനായ പത്രോസിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു (യോഹ. 1:40-42). അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ തൃപ്തിപ്പെടുത്തുവാന്‍ മുഖാന്തരമായ അപ്പം കൈവശമുണ്ടായിരുന്ന ബാലനെ കണ്ടുപിടിച്ച് യേശുവിന്‍റെ അടുത്തേക്ക് നയിച്ചത് ഇദ്ദേഹമാണ് (യോഹ. 6:8-9). യവനന്മാരെ യേശുവിന്‍റെ അടുത്തേക്ക് നയിച്ചതും ഇദ്ദേഹം തന്നെ (യോഹ. 12:20-22). ഇദ്ദേഹത്തിന്‍റെ സുവിശേഷവയല്‍ വളരെ വിസ്തൃതമായിരുന്നു. കപ്പദോക്യ, ബിഥുന്യ, ഗലാത്യ, അഖായ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം അറിയിച്ചു. റഷ്യയുടെ ചില പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട,് ഗ്രീക്ക്, റഷ്യന്‍ സഭാപാരമ്പര്യങ്ങളുടെ ജനയിതാവായിട്ടാണ് ഇദ്ദേഹം കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ഒരു പുരാതനരേഖയില്‍ ഇദ്ദേഹം പത്രാസ് എന്ന സ്ഥലത്തുവച്ച് ത ആകൃതിയിലുള്ള കുരിശിന്മേല്‍ തൂക്കപ്പെട്ടു എന്നു പറയുന്നു. തന്‍നിമിത്തം ഈ ആകൃതിയിലുള്ള കുരിശിന് ‘അന്ത്രയോസിന്‍റെ കുരിശ്’ എന്നു പറയുന്നു.

അന്ന ജോര്‍ജ് (അന്ന രാജം മല്‍ഹോത്ര, 1927-)

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥ. നിരണത്ത് ഒ.എ. ജോര്‍ജ്ജിന്‍റെയും (നിരണം സെന്‍റ് മേരീസ് ഇടവക) അന്നാ പോളിന്‍റെയും മകളായി 1927-ല്‍ ജനിച്ചു. 1951-ല്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച അന്നയാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ സബ്കളക്ടറും ആദ്യത്തെ വനിതാ സെക്രട്ടറിയും. 1981-ല്‍ കേന്ദ്രവിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയായി. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. 1989 ജനുവരിയില്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ബോംബെ നവഷേവ തുറമുഖത്തിന്‍റെ ചെയര്‍പേഴ്സണ്‍ ആയി റിട്ടയര്‍ ചെയ്തു. മലയാളത്തിലെ ആദ്യത്തെ പുരാണനിഘണ്ടുവായ ‘പുരാണ കഥാ നിഘണ്ടു’വിന്‍റെ കര്‍ത്താവായ പൈലോ പോള്‍ അന്നയുടെ പിതാമഹനാണ്. ധനകാര്യവകുപ്പു സെക്രട്ടറിയായിരുന്ന ആര്‍.എന്‍. മല്‍ഹോത്രയാണ് ഭര്‍ത്താവ്.

അന്യഭാഷ (മറുഭാഷ)

അപ്പോസ്തോലികസഭയില്‍ പ്രകടമായ ഒരു പ്രതിഭാസത്തെ ഇതു സൂചിപ്പിക്കുന്നു. മറുഭാഷ, വരഭാഷ, അന്യഭാഷ, ഭാഷാനല്‍വരം എന്നെല്ലാം ഇതിനെപ്പറ്റി പറയുന്നു. മേല്‍പ്പറഞ്ഞ പദം ‘ഗ്ലോസ്സോലാലിയ’ എന്ന ഗ്രീക്കുപദത്തിന്‍റെ പര്യായമാണ്. പെന്തിക്കോസ്തി നാളില്‍ പരിശുദ്ധാത്മാവിന്‍റെ നല്‍വരം ലഭിച്ചപ്പോള്‍ അപ്പോസ്തലന്മാര്‍ അന്യഭാഷകളില്‍ സംസാരിച്ചു. അവിടെ കൂടിവന്ന ജനങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ട് (അപ്പോ. പ്ര. 2:6) അമ്പരന്നു. ഈ സംഭവം പിന്നീട് ആവര്‍ത്തിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ നല്‍വരം ലഭിച്ചവര്‍ അന്യഭാഷയില്‍ സംസാരിച്ചതായി (അപ്പോ. പ്ര. 19:6; 1 കൊരി. 12:30, 13:8, 14:21 -23) പറയുന്നുണ്ട്. എന്നാല്‍ വരം ലഭിച്ചവര്‍ പറഞ്ഞ ഭാഷ ശ്രോതാക്കള്‍ക്കു മനസ്സിലാകുമായിരുന്നില്ല. അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം വ്യക്തമാക്കിക്കൊടുക്കുവാന്‍ ‘വ്യാഖ്യാതാക്കള്‍’ വേണമായിരുന്നു.

ആധുനികകാലത്ത് ക്രിസ്തീയസഭകളില്‍ വളര്‍ന്നുവന്നിട്ടുള്ള ഒന്നാണ് കാരിസ്മാറ്റിക് പ്രസ്ഥാനമെന്നുള്ളത്. പരിശുദ്ധാത്മാവിന്‍റെ നല്‍വരത്തിനും ആത്മാവിന്‍റെ നിറവിനും പ്രത്യേകം പ്രാധാന്യം നല്‍കുന്നതാണ് ഈ പ്രസ്ഥാനം. അതിനു നേതൃത്വം നല്‍കുന്ന പലര്‍ക്കും ‘അന്യഭാഷാവരം’ ലഭിച്ചുവെന്ന് അവകാശപ്പെടുന്നു. പെന്തിക്കോസ്തല്‍ സഭാവിഭാഗങ്ങള്‍ പരിശുദ്ധാത്മാഭിഷേകത്തിന്‍റെ ഏകവും പ്രത്യക്ഷവുമായ അടയാളമായി അന്യഭാഷയിലുള്ള ഭാഷണത്തെ കണക്കാക്കുന്നു. പക്ഷെ അതിനു വേദപുസ്തകത്തില്‍ വേണ്ടതായ തെളിവില്ല. എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു നല്‍വരമായി പൗലോസ് ഇതിനെ കരുതിയില്ല (1 കൊരി. 12:28). ഇതു ചിലര്‍ക്കു മാത്രം ലഭിച്ചുവെന്നു വരാം. എന്നാല്‍ അന്യഭാഷ സംസാരിക്കുന്നതിന് അമിതപ്രാധാന്യം കൊടുക്കുന്നതിനെ അദ്ദേഹം നിരോധിച്ചിരിക്കുന്നു (1 കൊരി. 14-ാം അദ്ധ്യായം).

അന്യവത്ക്കരണം (ഐതര്യം)

ഏലിയനേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന്‍റെ മലയാളം. ‘സ്വന്തം’, ‘ഐക്യം’ എന്ന അവസ്ഥകളില്‍നിന്ന് മാറിപ്പോകുന്നതിന് അന്യവത്ക്കരണം എന്നു പറയാം. ദൈവവുമായി ഐക്യത്തില്‍ സ്ഥിതിചെയ്തിരുന്ന മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ അന്യവത്ക്കരിക്കപ്പെട്ടു. പരസ്പരബന്ധത്തിലും പാപത്തിന്‍റെ ഫലമായി അന്യവത്ക്കരണം സംഭവിച്ചു. ‘മോക്ഷം’, ‘രക്ഷ’ മുതലായ പദങ്ങള്‍ സൂചിപ്പിക്കുന്നത് അന്യവത്ക്കരണത്തില്‍നിന്നുള്ള മോചനത്തെക്കുറിച്ചാണ്. മനുഷ്യന്‍ മനുഷ്യനില്‍നിന്ന് അകലാന്‍ ഇടവന്നതിനെയും ‘ഐതര്യം’ സൂചിപ്പിക്കുന്നു.

അപ്പച്ചന്‍

അപ്പന്‍ എന്നാല്‍ പിതാവ് എന്നര്‍ത്ഥം. അപ്പന്‍ എന്ന വാക്കിനോട് കൂടി ‘അച്ചന്‍’ എന്ന ബഹുമാനസൂചകമായ പദംകൂടി ചേരുമ്പോള്‍ അപ്പച്ചന്‍ എന്നാകുന്നു. സ്നേഹവും ഈ പദം ദ്യോതിപ്പിക്കുന്നു. പിതാവിന്‍റെ സ്ഥാനത്തുള്ള ആളിനെ അപ്പച്ചന്‍ എന്നു വിളിക്കാറുണ്ട്. പിതാവിന്‍റെ അപ്പനെ (വല്യപ്പനെ) കൊച്ചുമക്കളും, പ്രായമായ അപ്പനെ മക്കളും ‘അപ്പച്ചന്‍’ എന്ന് സാധാരണ വിളിക്കുന്നു.

അപ്പന്‍

പിതാവിനെ കുറിക്കുന്നു; ചില സമുദായത്തില്‍ പിതാവിന്‍റെ അനുജനെ (അപ്ഫന്‍)യും സൂചിപ്പിക്കുന്നു. څഅപ്പന്‍چ എന്ന് ഓമനപ്പേരായും ഉപയോഗിക്കാറുണ്ട്.

അപ്പവും വീഞ്ഞും

സഭയുടെ പ്രധാന ആരാധനയായ വിശുദ്ധ കുര്‍ബ്ബാനയില്‍ അര്‍പ്പിക്കപ്പെടുന്നവയാണ് അപ്പവും വീഞ്ഞും. ഇതിനാധാരം “ഞാന്‍ വരുന്നതുവരെയും എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍” എന്ന് യേശുക്രിസ്തു തന്‍റെ അവസാന അത്താഴത്തില്‍ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കിക്കൊണ്ട് നല്‍കിയ കല്‍പ്പനയാണ്. അന്നുമുതല്‍ ഇന്നുവരെയും വിശുദ്ധ കുര്‍ബ്ബാനയില്‍ ഗോതമ്പുകൊണ്ടുള്ള അപ്പവും വീഞ്ഞും ഉപയോഗിച്ചുവരുന്നു. മിക്ക പൗരസ്ത്യ സഭകളെയും പോലെ ഓര്‍ത്തഡോക്സ് സുറിയാനിസഭ പുളിപ്പുള്ള അപ്പമാണ് (അമ്മീറാ) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്നത്. അത് ഓരോ കുര്‍ബ്ബാനയ്ക്കും മുമ്പ് ഉണ്ടാക്കുന്നു. കര്‍ത്താവ് പുളിപ്പുള്ള അപ്പം ഉപയോഗിച്ചതുകൊണ്ടാണ് സഭയും അപ്രകാരം ചെയ്യുന്നത്. അര്‍മ്മീനിയന്‍ സഭ പുളിപ്പില്ലാത്ത അപ്പമാണ് ഉപയോഗിക്കുന്നത്.

പഴയ നിയമത്തില്‍ ശാലേം രാജാവായ മല്‍ക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ട് പുരോഹിത ശുശ്രൂഷ ചെയ്തു എന്നു വായിക്കുന്നു (ഉല്‍പ. 14:18). അതിനെ വിശുദ്ധ കുര്‍ബ്ബാനയുടെ മുന്‍കുറിയായി സഭാപിതാക്കന്മാര്‍ കരുതുന്നുണ്ട്.

കുര്‍ബ്ബാനയില്‍ വീഞ്ഞ് ഉപയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കുന്ന പാരമ്പര്യം അര്‍മ്മീനിയന്‍ സഭ ഒഴികെ മറ്റെല്ലാ സഭകളും പിന്തുടരുന്നു. കര്‍ത്താവിന്‍റെ ദൈവത്വവും മനുഷ്യത്വവും തമ്മില്‍ യോജിക്കുന്നതിനെ കുറിക്കുന്നതോടൊപ്പം, യേശുവിന്‍റെ വിലാവില്‍ നിന്നൊഴുകിയ രക്തത്തെയും വെള്ളത്തെയും അത് അനുസ്മരിപ്പിക്കുന്നു.

അപ്പോസ്തലന്‍ (അപ്പോസ്തോലന്‍)

ഗ്രീക്കുഭാഷയില്‍ നിന്നും ഉദ്ഭവിച്ച ഈ വാക്കിന്‍റെ അര്‍ത്ഥം ‘അയയ്ക്കപ്പെട്ടവന്‍’ എന്നാണ്. ഒരു അധികാരി തനിക്കുപകരം അധികാരത്തോടെ അയച്ച വ്യക്തി, അഥവാ ഒരു രാജാവ് ഔദ്യോഗികമായി തനിക്കു പോകുവാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ തനിക്കു പകരമായി തന്‍റെ അധികാരത്തോടുകൂടി അയച്ച ഉദ്യോഗസ്ഥന്‍ എന്നീ അര്‍ത്ഥങ്ങളും ഈ വാക്കിനു കല്‍പ്പിക്കാം. ദൗത്യനിര്‍വ്വഹണത്തിന് അയ്ക്കപ്പെടുന്ന ആളാണ് അപ്പോസ്തലന്‍. എങ്കിലും ഈ വാക്കുകൊണ്ട് സാധാരണ വിവക്ഷിക്കുന്നത്, ക്രിസ്തു തന്‍റെ ദൗത്യവുമായി അയച്ചവരെയാണ്. വര്‍ഷംതോറും ദേവാലയനികുതി പിരിച്ചെടുക്കുവാന്‍ യെരുശലേമില്‍നിന്ന് പുറപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും ഈ പേരുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ തൊട്ടടുത്ത ശിഷ്യന്മാര്‍, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദൃക്സാക്ഷികള്‍, ആത്മചൈതന്യത്താല്‍ സുവിശേഷ പ്രചോദിതര്‍, പൊതുവില്‍ ക്രൈസ്തവ മിഷനറിമാര്‍ എന്നീ നാലര്‍ത്ഥങ്ങളിലും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഇതിനു സമാനമായ സുറിയാനിപദം ‘ശ്ലീഹാ’ എന്നാണ്. പുതിയ നിയമത്തില്‍ ഈ വാക്ക് പല അര്‍ത്ഥത്തില്‍ 79 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. നാടും വീടും വിട്ട് ഒരു സഭയ്ക്കു വേണ്ടി മാത്രമല്ല സഭകള്‍ക്ക് പൊതുവെ നിയമിക്കപ്പെട്ടവനായി ആജീവനാന്തം ശുശ്രൂഷ ചെയ്തു യേശുവിന് സാക്ഷിയായിരിക്കുക എന്നതാണ് അപ്പോസ്തോലന്‍റെ പ്രധാന ചുമതല. റോമന്‍ ഭരണസംവിധാനത്തിന്‍റെ പ്രത്യേക പശ്ചാത്തലത്തില്‍ അപ്പോസ്തോലന്‍ എന്ന വാക്കിന് ഒരു രാജാവിനു വേണ്ടി കാര്യം നിര്‍വ്വഹിക്കുവാന്‍ നിയോഗിക്കപ്പെടുന്നയാള്‍ എന്ന അര്‍ത്ഥവുമുണ്ട്. അതിനു സമാന്തരമായ വ്യാഖ്യാനവും അപ്പോസ്തോലിക ദൗത്യത്തിനു നല്‍കുവാന്‍ കഴിയും

യേശുക്രിസ്തു ലോകത്തില്‍ വസിച്ചപ്പോള്‍ തന്‍റെ ശുശ്രൂഷയില്‍ പങ്കുകൊള്ളുന്നതിനും, സ്വര്‍ഗ്ഗാരോഹണശേഷം ആ ശുശ്രൂഷയെ തുടര്‍ന്നു കൊണ്ടുപോകുന്നതിനുമായി ശിഷ്യന്മാരില്‍ പ്രധാനികളായ പന്ത്രണ്ടുപേരെ നിയമിച്ചു (ലൂക്കോ. 6:13; മത്താ. 10:1; യോഹ. 17:18). “അവര്‍ തന്നോടുകൂടി ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും, ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനായിട്ടും” ആണ് ഈ പന്ത്രണ്ടുപേരെ നിയമിച്ചത് (മര്‍ക്കോ. 3:14). യേശു പന്ത്രണ്ടുപേരെ അയച്ചപ്പോള്‍, പന്ത്രണ്ടു ഗോത്രക്കാരായ യിസ്രായേല്യരുടെ ഇടയില്‍ സുവിശേഷം ആദ്യമായി പ്രചരിപ്പിക്കണമെന്നാഗ്രഹിച്ചു (മത്താ. 10:6). പത്രോസ് (ശീമോന്‍), അദ്ദേഹത്തിന്‍റെ സഹോദരനായ അന്ത്രയോസ്, സെബദിപുത്രരായ യാക്കോബും യോഹന്നാനും, ഫീലിപ്പോസ്, ബര്‍ത്തലോമ്യ, മത്തായി, തോമസ്, അല്‍ഫായിടെ പുത്രനായ യാക്കോബ്, തദ്ദേവൂസ്, ക്നാനായക്കാരനായ (കനാന്യന്‍) ശെമയോന്‍, യൂദാ സ്കറിയോത്താ എന്നിവരായിരുന്നു യേശു തിരഞ്ഞെടുത്ത ശിഷ്യന്മാര്‍. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം യൂദായ്ക്കു പകരം മത്ഥിയാസിനെ തിരഞ്ഞെടുത്തു (അപ്പോ. പ്ര. 1:12-26). അപ്പോസ്തലന്‍ എന്ന പേരു ധരിച്ചവര്‍ ഈ പന്ത്രണ്ടുപേര്‍ മാത്രമല്ല; വി. പൗലോസ്, ബര്‍ന്നബാസ് (അപ്പോ. പ്ര. 14:14), അന്തൊനിക്കൊസ്, യൂനിയാവ് (റോമ. 16:7) കര്‍ത്താവിന്‍റെ സഹോദരനായ യാക്കോബ് (ഗലാ. 1:19) എന്നിവരും ഈ പേരില്‍ അറിയപ്പെട്ടിരുന്നു. അതുകൊണ്ട് ഈ പേര് യേശു നിയമിച്ച ശിഷ്യന്മാര്‍ക്കു മാത്രമല്ല, ആദ്യ സഭാപിതാക്കന്മാര്‍ക്കും നല്‍കപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം. വി. പൗലോസ് താന്‍ ക്രിസ്തുവിന്‍റെ അപ്പോസ്തലന്‍ ആണെന്ന് സ്വയം വിശേഷിപ്പിക്കുകയും തന്‍റെ ലേഖനങ്ങളില്‍ അത് ഊന്നിപ്പറയുകയും ചെയ്യുന്നു. അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുക എന്നതും അപ്പോസ്തലന്‍റെ ലക്ഷണമായി പറയുന്നു (2 കൊരി. 12:12). തന്‍റെ ശത്രുക്കളില്‍ ചിലരെ കള്ള അപ്പോസ്തലന്മാര്‍ എന്ന് പൗലോസ് വിളിക്കുന്നു.

അപ്പോസ്തോലികം (ശ്ലൈഹികം)

അപ്പോസ്തോലന്‍ (അപ്പോസ്തലന്‍) എന്ന ഗ്രീക്കുപദത്തിന്‍റെയും, ശ്ലീഹാ എന്ന സുറിയാനിപദത്തിന്‍റെയും അര്‍ത്ഥം ‘അയയ്ക്കപ്പെട്ടവന്‍’ എന്നാണ്. കര്‍ത്താവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ സഭ അപ്പോസ്തോലന്മാര്‍ എന്നു വിളിച്ചു. കാരണം ഒരു പ്രത്യേക ദൗത്യം നിര്‍വ്വഹിക്കാനായി രക്ഷയുടെ സുവിശേഷവുമായി അവര്‍ ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടവരായിരുന്നു. സഭയ്ക്കും അതേ വിശേഷണപദം ഉപയോഗിക്കാം. കാരണം ലോകത്തിന്‍റെ രക്ഷയ്ക്കുവേണ്ടി രക്ഷയുടെ സുവാര്‍ത്തയുമായി അയയ്ക്കപ്പെട്ട അപ്പോസ്തോലന്മാരായിരുന്നു സഭയുടെ അടിസ്ഥാനശിലകള്‍. “ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു” (എഫേ. 2:20). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെക്കുറിച്ച് അപ്പോസ്തോലന്മാര്‍ നല്‍കിയ സാക്ഷ്യമാണ് ഇന്നും സഭയുടെ അടിസ്ഥാനം. ഈ സാക്ഷ്യം ലോകത്തില്‍ നിര്‍വ്വഹിക്കുന്ന സഭയാണ് “അപ്പോസ്തോലികസഭ” എന്ന് അറിയപ്പെടുന്നത്. സഭയുടെ “ഏകവും” “കാതോലിക”വുമായ സ്വഭാവത്തോട് ഈ വിശേഷണം ചേര്‍ന്നു പോകുന്നു.

സത്യവിശ്വാസത്തിലുള്ള തുടര്‍ച്ചയും, അഖണ്ഡതയും, അപ്പോസ്തോലികസഭയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ക്രിസ്തീയ ജീവിതത്തിന്‍റെയും പ്രബോധനത്തിന്‍റെയും ഇടമുറിയാത്ത ഒരു പാരമ്പര്യം സഭയിലുണ്ട്. “നിങ്ങള്‍ ഉറച്ചുനിന്ന് വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചു തന്ന പാരമ്പര്യങ്ങളെ മുറുകെ പിടിച്ചുകൊള്‍വിന്‍” (2 തെസ്സ. 2:15) എന്ന പ്രബോധനം അന്നുമുതല്‍ ഇന്നുവരെ സഭയില്‍ ഓരോ അളവില്‍ സൂക്ഷിക്കുവാന്‍ പരിശുദ്ധാത്മാവ് സഹായിച്ചിട്ടുണ്ട്. സഭയുടെ പാരമ്പര്യമെന്നത് നിര്‍ജ്ജീവവും വരണ്ടതുമായ ചില ആചാരാനുഷ്ഠാനങ്ങളല്ല. പരിശുദ്ധാത്മാവിന്‍റെ ആവാസം മൂലം സഭാശരീരത്തില്‍ നിരന്തരവും സമ്പൂര്‍ണ്ണവുമായി ലഭിക്കുന്ന ജീവന്‍റെ അനുഭവത്തിനാണ് പാരമ്പര്യം എന്നു പറയുന്നത്.

ഒരു സഭയെ അപ്പോസ്തോലികമെന്നു വിളിക്കണമെങ്കില്‍ അത് ഏതെങ്കിലും അപ്പോസ്തോലന്‍ സ്ഥാപിച്ചതായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അപ്പോസ്തോലശിഷ്യന്മാരും അവരുടെ പിന്‍ഗാമികളുമാക്കെ സ്ഥാപിച്ചിട്ടുള്ളതായ പുരാതന സഭകളുണ്ട്. മുകളില്‍ പറഞ്ഞതുപോലെ സത്യവിശ്വാസത്തിന്‍റെയും സുവിശേഷ ദൗത്യത്തിന്‍റെയും അപ്പോസ്തോലികാധികാരത്തിന്‍റെയും പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന എല്ലാ സഭകളെയും ‘അപ്പോസ്തോലികം’ എന്നു വിളിക്കാം.

ദൗത്യബോധം അപ്പോസ്തോലിക സഭയുടെ മറ്റൊരു ലക്ഷണമാണ്. അപ്പോസ്തോലികം എന്നുളളതിന്‍റെ ലത്തീന്‍ തര്‍ജ്ജിമയില്‍ നിന്നാണ് മിഷനറി എന്ന പദമുണ്ടായത്. സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടി നിലകൊളളുവാനാണ് അപ്പോസ്തോലിക സഭയില്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സഭ വര്‍ഗീയവും ജാതീയവും രാഷ്ട്രീയവുമായ ഏതെങ്കിലും ഇടുങ്ങിയ താല്പ്പര്യങ്ങള്‍ക്ക് കൂട്ടൂ നില്‍ക്കുകയും ഏകമായ മനുഷ്യവര്‍ഗ്ഗത്തെ ഭിന്നിപ്പിക്കുകയും ചെയ്താല്‍ അത് അതിന്‍റെ അപ്പോസ്തോലിക സ്വഭാവം നഷ്ട്ടപ്പെടുത്തുകയാവും ചെയ്യുന്നത്. ലോകത്തില്‍ നീതിയും സമാധാനവും സന്തോഷവും പ്രസരിപ്പിക്കുകയും ചെയ്യുന്ന സഭ അതിന്‍റെ അപ്പോസ്തോലികതയെ സാക്ഷാത്കരിക്കുന്നു
അപ്പോസ്തോലിക കാനോന്‍

അപ്പോസ്തോലന്മാര്‍ എഴുതി എന്ന് അവകാശപ്പെട്ടിരുന്ന 85 കാനോനുകളുടെ സമാഹാരം. നാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ എഴുതപ്പെട്ട അപ്പോസ്തോലിക പ്രമാണങ്ങളുടെ അന്ത്യത്തില്‍ ഇവ കാണുന്നു. പ്രസ്തുത പ്രമാണങ്ങളുടെ കര്‍ത്താവായിരിക്കണം ഇവ എഴുതിയുണ്ടാക്കിയത്. പൗരോഹിത്യം, സഭയിലെ ഔദ്യോഗിക ചുമതലകള്‍, വൈദിക സ്ഥാനികളുടെ ധാര്‍മ്മിക ജീവിതത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഇതിന്‍റെ ഉള്ളടക്കം. ഇതിലെ 20 കാനോനുകള്‍ 341-ല്‍ അന്ത്യോക്യയില്‍ കൂടിയ സുന്നഹദോസിന്‍റെ കാനോനുകളെ അവലംബിച്ചെഴുതിയവയാണ്. ആറാം നൂറ്റാണ്ടില്‍ അപ്പോസ്തോലിക കാനോന്‍ ലത്തീന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും തുടര്‍ന്ന് അതു പാശ്ചാത്യസഭയുടെ കാനോന്‍സംഹിതയുടെ ഭാഗമായിത്തീരുകയും ചെയ്തു.

അപ്പോസ്തോലിക പിന്തുടര്‍ച്ച

കര്‍ത്താവില്‍നിന്നും പ്രത്യേകം നിയമനം ലഭിച്ചവരായ അപ്പോസ്തോലന്മാര്‍ക്ക് സഭയില്‍ വ്യവസ്ഥാപിത സ്ഥാനമുണ്ട്. അവരുടെ പിന്തുടര്‍ച്ചയിലാണ് സഭ നിലനില്‍ക്കുന്നത്.

അപ്പോസ്തോലിക പിന്തുടര്‍ച്ച എന്നു പറയുന്നതില്‍ നാലു കാര്യങ്ങള്‍ അടങ്ങുന്നു. ഒന്ന്, അപ്പോസ്തോലന്മാര്‍ക്ക് കര്‍ത്താവില്‍നിന്നു ലഭിച്ചതായ പൗരോഹിത്യനല്‍വരം. “എന്‍റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു” (യോഹ. 20:21) എന്നുള്ള പ്രസ്താവനയില്‍ കര്‍ത്താവു നല്‍കിയ ദാനം. രണ്ട്, അപ്പോസ്തോല വിശ്വാസം. ഇതില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങുന്നു. ക്രിസ്തുവിലുള്ള, ക്രിസ്തു വെളിപ്പെടുത്തിയ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം (ലൂക്കോ. 8:48; മത്താ. 9:22) അതുപോലെ, ക്രിസ്തു വെളിപ്പെടുത്തിയവിധത്തില്‍ ദൈവത്തെ മനസ്സിലാക്കുക എന്നത്. മൂന്ന്, അപ്പോസ്തോലന്മാരുടെ ജീവിതമാതൃക (യോഹ. 17:22-23). സ്നേഹത്തിലുള്ള ജീവിതമാണ് ക്രിസ്തു അപ്പോസ്തോലന്മാര്‍ക്ക് കാണിച്ചുകൊടുത്തത്. അതു നിലനിര്‍ത്തുകയാണ് അപ്പോസ്തോലിക പിന്തുടര്‍ച്ചവഴി ചെയ്യേണ്ടത്. നാല്, അപ്പോസ്തോലിക കൈവെപ്പിന്‍റെ ചരിത്രപരമായ തുടര്‍ച്ച.

അപ്പോസ്തോലിക പിതാക്കന്മാര്‍

അപ്പോസ്തോലന്മാരുടെ കാലത്തിനടുത്തു ജീവിച്ച് സഭയെ നയിച്ച പിതാക്കന്മാരാണ് ‘അപ്പോസ്തോലിക പിതാക്കന്മാര്‍’. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തിലും ജീവിച്ചിരുന്ന ക്രൈസ്തവരായ എഴുത്തുകാരാണിവര്‍. ഗ്രന്ഥകാരന്മാരെക്കുറിച്ച് വിവരങ്ങള്‍ അധികമായി അറിവില്ലെങ്കിലും ഈ കാലഘട്ടത്തില്‍ വിരചിതങ്ങളായ ചില പ്രധാനപ്പെട്ട കൃതികളും ‘അപ്പോസ്തോലിക പിതാക്കന്മാര്‍’ എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിനു ശേഷമാണ് ഈ പദപ്രയോഗം പ്രചാരത്തില്‍ വരുന്നത്. ഈ ഗണത്തില്‍ വരുന്ന വ്യക്തികളുടെയും പുസ്തകങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു.

1. റോമിലെ വി. ക്ലീമീസ് (എ.ഡി. 30-100)
2. അന്ത്യോക്യയിലെ വി. ഇഗ്നാത്തിയോസ് (എ.ഡി. 35-107)
3. സ്മിര്‍ണായിലെ വി. പോളിക്കര്‍പ്പോസ് (എ.ഡി. 69-115)
4. ഡിഡാക്കേ (ഗ്രന്ഥം)
5. ബര്‍ന്നബാസിന്‍റെ ലേഖനം (ഗ്രന്ഥം)
6. ഹെര്‍മാസിന്‍റെ ‘ഇടയന്‍’
7. ഹിയെരാപ്പോലീസിലെ പാപ്പിയസ്

അപ്പോസ്തോലിക പ്രമാണങ്ങള്‍

നാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ സിറിയായില്‍ എഴുതപ്പെട്ട സഭാനിയമങ്ങളുടെ സംഹിത. ഗ്രന്ഥകര്‍ത്താവ് ആരാണെന്ന് അറിവില്ല. “വി. ക്ലീമ്മീസില്‍കൂടി അപ്പോസ്തോലന്മാര്‍ നല്‍കിയ നിയമങ്ങള്‍” എന്നാണ് ഇതിന്‍റെ പൂര്‍ണ്ണമായ തലവാചകം. ഇത് എട്ടു പുസ്തകങ്ങള്‍ അഥവാ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ക മുതല്‍ ഢക വരെയുള്ള ഭാഗങ്ങള്‍ ‘ഡിഡാസ്ക്കാലിയാ’യെയും, ഢകക 1-32 ‘ഡിഡാക്കേ’യെയും അവലംബിച്ച് എഴുതിയവയാണ്. ഢകകക 3-27 -ല്‍ ഒരു കുര്‍ബ്ബാന തക്സായും, ഢകകക 28-46 -ല്‍ ചില കാനോനുകളും, ഢകകക 47-ല്‍ ‘അപ്പോസ്തോലിക കാനോനു’കളും നല്‍കിയിരിക്കുന്നു. നാലാം നൂറ്റാണ്ടിലെ സഭയുടെ കൂദാശകള്‍, ആരാധന, സഭാഭരണം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സുപ്രധാനമായ ചില വിവണവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

അപ്പാപ്പന്‍ (ഉപ്പാപ്പന്‍)

അപ്പന്‍റെ അപ്പനെയും ചില പ്രദേശങ്ങളില്‍ അപ്പന്‍റെ സഹോദരനെയും ഈ പേരില്‍ വിളിക്കാറുണ്ട്. ഈ പ്രയോഗം പ്രധാനമായും ക്രിസ്ത്യാനികളുടെ ഇടയിലാണുള്ളത്.

അപ്പിയ

കൊലോസ്യസഭയിലെ പ്രമുഖനായ ഫിലേമോന്‍റെ ഭാര്യയായിരുന്നു അപ്പിയ എന്നു കരുതപ്പെടുന്നു. അതല്ല അദ്ദേഹത്തിന്‍റെ സഹോദരി ആയിരുന്നു എന്നും അഭിപ്രായമുണ്ട്. ‘സഹോദരി’ എന്നു വിശേഷിപ്പിച്ചിട്ടുള്ളത് ഫിലേമോന്‍റെ സഹോദരി എന്ന നിലയ്ക്കായിരിക്കില്ല. അദ്ദേഹത്തിന്‍റെ ഭാര്യയെ പൗലോസ്, ക്രിസ്തുവില്‍ സഹോദരി എന്നു വിശേഷിപ്പിച്ചതാകാനാണ് കൂടുതല്‍ സാദ്ധ്യത (ഫിലെ. 2).

അപ്പൂപ്പന്‍

പിതാവിന്‍റെയൊ മാതാവിന്‍റെയൊ പിതാവ് (പിതാമഹന്‍, മാതാമഹന്‍). പടുവൃദ്ധന്‍ എന്നുമര്‍ത്ഥമുണ്ട്.

അപ്പോക്രിഫാ

‘ഒളിച്ചുവയ്ക്കപ്പെട്ടത്’ എന്ന് അര്‍ത്ഥം വരുന്ന ‘അപ്പോക്രിഫോസ്’ എന്ന ഗ്രീക്കുപദത്തിന്‍റെ തത്ഭവമാണ് ഈ പദം. ക്രിസ്തുവിനു മുമ്പ് 200-ാമാണ്ടു മുതല്‍ ക്രിസ്തുവിനു പിമ്പ് 100-ാമാണ്ടുവരെ യഹൂദരുടെ ഇടയില്‍ രചിക്കപ്പെട്ട പുസ്തകങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു.
ഹോളണ്ടിലെ ‘പെഷീത്താ ഇന്‍സ്റ്റിട്ട്യൂട്ടില്‍’ നിന്ന് പ്രസിദ്ധീകരിക്കുന്ന സുറിയാനി പഴയ നിയമത്തില്‍, കോഡെക്സ് അംബ്രോസിയാനസ് എന്ന കൈയെഴുത്തു പ്രതിയുടെ അടിസ്ഥാനത്തില്‍ ‘അപ്പോക്രിഫാ’യും ചേര്‍ത്തിട്ടുണ്ട്. അപ്രേം, അഫ്രറ്റിസ് എന്നീ സുറിയാനി പിതാക്കന്മാരുടെ പുസ്തകങ്ങളില്‍, അപ്പോക്രിഫായില്‍ നിന്നുള്ള ഉദ്ധരണികള്‍ കാണാം. അപ്പോക്രിഫായിലെ പുസ്തകങ്ങള്‍ വിവിധ ഗണങ്ങളില്‍ പെടുന്നവയാണ്. ചരിത്രം, പ്രവചനം, വെളിപാട്, ഉപദേശം എന്നീ വിഭാഗങ്ങളില്‍പെടുന്ന അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍ താഴെ കാണുന്നവയാണ്.

1. ഒന്നാം എസ്ഡ്രാസ്
2. രണ്ടാം എസ്ഡ്രാസ്
3. തോബിത്ത്
4. ജൂഡിത്ത്
5. ദാനിയേലിന്‍റെ അനുബന്ധം
6. സൂസന്നാ
7. ബേലും പെരുമ്പാമ്പും
8. എസ്ഥേറിന്‍റെ അനുബന്ധം
9. മനശ്ശെയുടെ പ്രാര്‍ത്ഥന
10. ബാറൂക്
11. യെറമിയയുടെ ലേഖനം
12. എക്ലിസിയാസ്റ്റിക്കസ്
13. ശലോമോന്‍റെ ജ്ഞാനം
14. മക്കാബിയരുടെ ഒന്നാം പുസ്തകം
15. മക്കാബിയരുടെ രണ്ടാം പുസ്തകം

ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഒന്നാം നൂറ്റാണ്ടുവരെ യഹൂദമതത്തിലും ചിന്താഗതിയിലും ഉണ്ടായിട്ടുള്ള വിവിധ തരംഗങ്ങളെയും സംഘര്‍ഷ സംഘട്ടനങ്ങളെയും അറിയുവാന്‍ അപ്പോക്രിഫാ പഠനം സഹായകമാണ്. പഴയനിയമ-പുതിയനിയമകാലത്തെ ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയിലും അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍ക്ക് പ്രാധാന്യം ഉണ്ട്.

അപ്പോലിനാറിയസ്

ലവോദിക്യയിലെ ബിഷപ്പ്. അറിയോസ്യ വേദവിപരീതത്തിന്‍റെ പ്രധാന എതിരാളിയായിരുന്ന ഇദ്ദേഹം യേശുക്രിസ്തുവിലെ ദൈവത്വം സംരക്ഷിക്കുവാനുള്ള പരിശ്രമത്തിനിടയില്‍ യേശുക്രിസ്തുവിലെ മനുഷ്യത്വം അപൂര്‍ണ്ണമാണ് എന്ന നിലപാടിലേക്കു വഴുതിവീണു. മനുഷ്യനില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ട്; ദേഹം, ദേഹി, ആത്മാവ്. ഇദ്ദേഹത്തിന്‍റെ വീക്ഷണപ്രകാരം പൂര്‍ണ്ണദൈവമായ യേശുവില്‍ ദേഹവും ദേഹിയും ഉണ്ടെങ്കിലും മനുഷ്യന്‍റെ ആത്മാവ് ഉണ്ടെന്നു പറയുക സാദ്ധ്യമല്ല. കാരണം അപ്പോള്‍ ഒരു വ്യക്തിയില്‍ ദൈവത്തിന്‍റേതും മനുഷ്യന്‍റേതുമായ രണ്ട് ആളത്തങ്ങള്‍ ഉണ്ടെന്നു പറയേണ്ടിവരും. അതുകൊണ്ട് ഇദ്ദേഹം പഠിപ്പിച്ചത് യേശുക്രിസ്തുവില്‍ മനുഷ്യാത്മാവിന്‍റെ സ്ഥാനം, ലോഗോസ് (വചനം) എടുത്തുവെന്നാണ്. മനുഷ്യാത്മാവിലാണ് വ്യതിയാനത്തിനും തിന്മയ്ക്കും സാദ്ധ്യതയുള്ളത് എന്നതിനാല്‍ യേശുക്രിസ്തുവില്‍ നിന്ന് മനുഷ്യാത്മാവിനെ ഇദ്ദേഹം ഒഴിവാക്കി. ഇങ്ങനെ പറയുകവഴി യേശുക്രിസ്തുവിലെ പൂര്‍ണ്ണ മനുഷ്യത്വത്തെ ഇദ്ദേഹം നിഷേധിച്ചു. ഇദ്ദേഹത്തിന്‍റെ ഉപദേശത്തിലെ വികല്പങ്ങളെ കണ്ടെത്തി അവയെ പരസ്യപ്പെടുത്തിയത് എ.ഡി. 381-ലും 382-ലും കുസ്തന്തീനോപ്പോലീസില്‍ കൂടിയ സുന്നഹദോസുകളാണ്.

അപ്പോസ്റ്റസി

‘വിശ്വാസത്യാഗം’ എന്നാണ് ഈ ഇംഗ്ലീഷ് പദത്തിന്‍റെ അര്‍ത്ഥം. പീഡനത്തിന്‍റെയും പരീക്ഷണങ്ങളുടെയും ഘട്ടത്തില്‍ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചുപോകുന്നതിനാണ് അപ്പോസ്റ്റസി എന്നു പറയുന്നത്. വിശ്വാസത്യാഗികളെ അപ്പോസ്റ്റേറ്റ്സ് എന്നു വിളിച്ചുവരുന്നു. ഇങ്ങനെയുള്ളവരെ സഭയിലേക്കു തിരികെ ചേര്‍ക്കുന്നതു സംബന്ധിച്ച് ചില വിവാദങ്ങള്‍ ആദിമസഭാചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

അപ്പോളജിസ്റ്റുകള്‍ (വിശ്വാസസമര്‍ത്ഥകര്‍)

വിശ്വാസത്തെ സമര്‍ത്ഥിച്ചവര്‍. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ക്രൈസ്തവസഭയെക്കുറിച്ച് പലര്‍ക്കുമുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ നീക്കുവാന്‍ തീവ്രമായ പരിശ്രമം നടത്തേണ്ടിയിരുന്നു. റോമാഭരണാധികാരികള്‍ക്കും, ഗ്രീക്കു തത്ത്വജ്ഞാനികള്‍ക്കും, യഹൂദന്മാരായ മതവൈരാഗികള്‍ക്കും ആയിരുന്നു പ്രധാനമായും തെറ്റായ ധാരണകള്‍ ഉണ്ടായിരുന്നത്. മുഖ്യ ആരോപണങ്ങള്‍ ക്രൈസ്തവര്‍ രാജ്യസ്നേഹികളല്ലെന്നും, രാത്രികളില്‍ ആരാധനയ്ക്കെന്നു പറഞ്ഞ് ഒത്തുകൂടി അവര്‍ അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും, അവരുടെ വിശ്വാസത്തിന് യുക്തിയുടെ ലാഞ്ചന പോലുമില്ലെന്നും, അവര്‍ നിരീശ്വരവാദികളും നരഭോജികളുമാണെന്നും, യേശുക്രിസ്തു ഒരു മന്ത്രവാദി മാത്രമായിരുന്നെന്നും ഒക്കെയായിരുന്നു. ഇതിനെതിരേ പണ്ഡിതരും മാന്യന്മാരുമായ ക്രൈസ്തവര്‍, റോമാഭരണാധികാരികള്‍ക്കും, എതിര്‍ത്തുകൊണ്ടിരുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചോ, പൊതുവായോ എഴുതിയ വിശ്വാസസമര്‍ത്ഥനങ്ങളാണ് ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ ആരംഭം കുറിച്ചത്. ക്വാഡ്രാത്തൂസ് (ഉദ്ദേശം എ.ഡി. 125), ആതന്‍സിലെ അരിസ്തെദസ് (എ.ഡി. 140), താസ്യന്‍ (എ.ഡി. 175), ആതന്‍സിലെ അഥനാഗോറൊസ് (എ.ഡി. 180), അന്ത്യോക്യയിലെ തെയോഫിലോസ് (എ.ഡി. 190), രക്തസാക്ഷിയായ യൂസ്തിനോസ് (എ.ഡി. 150), സര്‍ദീസിലെ മെലിത്തോ (എ.ഡി. 177) മുതലായവര്‍ അവരില്‍പെടുന്നു.

അപ്രമാദിത്വം, പാപ്പായുടെ

റോമന്‍ കത്തോലിക്കാ സഭയിലെ പിയൂസ് ഒന്‍പതാമന്‍ പാപ്പാ, ഒന്നാം വത്തിക്കാന്‍ സുന്നഹദോസില്‍ വച്ച് 1870 ജൂലായ് 18-ാം തിയതി പ്രഖ്യാപനം ചെയ്ത അവകാശമാണ് പാപ്പായുടെ അപ്രമാദിത്വം എന്നുള്ളത്. ആ കൗണ്‍സിലില്‍ പാപ്പാ പ്രസ്താവിച്ചു: “റോമന്‍ പൊന്തിഫിന്” അപ്രമാദിത്വമുണ്ട് എന്നുള്ളത് ദൈവികമായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു വിശ്വാസസത്യമാണ് (ഡോഗ്മ)”. രക്ഷക്കാവശ്യമായ ഒരു വിശ്വാസമായി റോമാസഭ അതിനെ അംഗീകരിച്ചു. പാപ്പാ അദ്ദേഹത്തിന്‍റെ സിംഹാസനത്തില്‍ നിന്ന് വിശ്വാസത്തെ സംബന്ധിച്ചും, ധാര്‍മ്മികതയെക്കുറിച്ചും ഔദ്യോഗികമായി നടത്തുന്ന പ്രഖ്യാപനങ്ങള്‍ തെറ്റിക്കൂടാന്‍ പാടില്ലാത്തതാണ് എന്ന് കത്തോലിക്കാ സഭ കരുതുന്നു.

അപ്രേം, മാര്‍ (എ.ഡി. 306-373)

സുറിയാനി സന്യാസ പാരമ്പര്യത്തിലെ മഹാനായ പിതാവും ആദ്ധ്യാത്മിക കവിയും വേദശാസ്ത്രജ്ഞനും മല്പാനും. ‘പരിശുദ്ധാത്മാവിന്‍റെ വീണ’ എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പുരാതന റോമാസാമ്രാജ്യത്തിലെ നിസിബിസ് നഗരത്തില്‍ ജനിച്ചു. മാതാപിതാക്കള്‍ ക്രൈസ്തവരായിരുന്നില്ല. ക്രൈസ്തവവിരോധിയായ പിതാവില്‍നിന്നു രക്ഷപെടുവാന്‍ ഇദ്ദേഹത്തിന് വീട്ടില്‍നിന്ന് ഒളിച്ചോടേണ്ടതായി വന്നു. നിസിബിസിലെ മെത്രാനായ യാക്കോബിന്‍റെ അടുക്കല്‍ ആശ്രയം കണ്ടെത്തിയ ഇദ്ദേഹം സ്നാനം സ്വീകരിച്ച് അദ്ദേഹത്തിന്‍റെ പരിലാളനയില്‍ വളര്‍ന്നു. വേദഗ്രന്ഥങ്ങള്‍ പഠിക്കുന്നതിലും, പുണ്യപരിശീലനത്തിലും പ്രത്യേകം താത്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ശെമ്മാശനാക്കി, മെത്രാനായ യാക്കോബ് തന്‍റെ സെക്രട്ടറിയായി നിയമിച്ചു. നിഖ്യാ സുന്നഹദോസില്‍ ഇദ്ദേഹം സംബന്ധിച്ചു. പിന്നീട് നിസിബിസ് പാഠശാലയിലെ മുഖ്യഗുരുവായി നിയമിക്കപ്പെട്ടു. അവിടെ അദ്ധ്യാപകനായിരിക്കുമ്പോള്‍തന്നെ ഒരു സന്യാസിയുടെ കഠിനവും കര്‍ക്കശവുമായ ജീവിതശൈലി ഇദ്ദേഹം സ്വീകരിച്ചു. പിന്നീട് ഏകാന്തസന്യാസ ജീവിതത്തിന്‍റെ ഉത്തമ മാതൃകയായി ശോഭിച്ചു. തികച്ചും ലളിതമായ ഭക്ഷണക്രമവും വസ്ത്രധാരണ ശൈലിയുമായിരുന്നു ഇദ്ദേഹത്തിന്‍റേത്. ഏകാന്ത സന്യാസത്തിനിടയിലും തന്‍റെ ചുറ്റുമുള്ള സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും ചെയ്യേണ്ടതു ചെയ്യുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദൈവദത്തമായ സുന്ദര ഭാഷാശൈലിയും, കവിയുടെ ഭാവനാസമ്പത്തും, ഗായകന്‍റെ രാഗമാധുരിയും, ആത്മീയാനുഭവത്തിന്‍റെ ആര്‍ജ്ജവത്വവും, വേദശാസ്ത്രജ്ഞാനത്തിന്‍റെ ആഴമായ വിശകലനശേഷിയും ഇദ്ദേഹത്തില്‍ സമഞ്ജസമായി സമ്മേളിച്ചു. പേര്‍ഷ്യക്കാരുടെ ആക്രമണകാലത്ത് ഇദ്ദേഹം നല്‍കിയ ആത്മീയവും സാമൂഹ്യവുമായ സേവനം സ്തുത്യര്‍ഹമായിരുന്നു. എഡേസ്സായിലേക്കു താമസം മാറ്റിയതിനു ശേഷവും ഇദ്ദേഹം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇദ്ദേഹത്തിന്‍റെ കൃതികളില്‍ വേദപുസ്തക സംബന്ധമായും, വേദശാസ്ത്രപരമായും, സന്യാസജീവിതത്തോടു ബന്ധപ്പെട്ടും ഉള്ള അനേകം ഗദ്യപദ്യങ്ങളുണ്ട്. ഇദ്ദേഹത്തിന്‍റെ പല പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളും ആരാധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സുറിയാനിരാഗം തന്നെ ഇദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു.

അപ്രേം ആബൂദി റമ്പാന്‍

1958-ല്‍ മലങ്കരസഭയില്‍ സമാധാനം കൈവന്നതിനു ശേഷം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെ മഞ്ഞിനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറായുടെ ശുശ്രൂഷകനായി അയച്ചു. എന്നാല്‍ സമാധാനത്തിനു കോട്ടം വരുത്തുന്ന നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായപ്പോള്‍ ഇദ്ദേഹം അതിനു പ്രോത്സാഹനം നല്‍കി. സഭയില്‍ കൈവന്ന സമാധാനം ഇതുമൂലം വീണ്ടും നഷ്ടമായി. സഭയില്‍ അസ്വസ്ഥതകള്‍ തലപൊക്കിയപ്പോള്‍ ഇദ്ദേഹം അന്ത്യോക്യയില്‍ പോയി അപ്രേം മാര്‍ തീമോത്തിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനമേറ്റ് തിരികെ മഞ്ഞിനിക്കരയില്‍ എത്തി. മലങ്കരയിലുള്ള ചിലര്‍ക്ക് പട്ടം നല്‍കുവാനും പള്ളികളില്‍ പ്രവേശിക്കുവാനും ഇദ്ദേഹം ഒരുമ്പെട്ടപ്പോള്‍ ഓര്‍ത്തഡോക്സ് സഭാനേതൃത്വം അതിനെ എതിര്‍ത്തു. ഇന്‍ഡ്യാ ഗവണ്‍മെന്‍റ് ഇദ്ദേഹത്തിന്‍റെ വിസാ നീട്ടിക്കൊടുക്കാതിരുന്നതിനാല്‍ 1973 ജൂലൈ 8-ന് ഇദ്ദേഹത്തിന് തിരികെ പോകേണ്ടിവന്നു. ആസ്ത്രേലിയായിലുള്ള അന്ത്യോക്യന്‍ സഭാംഗങ്ങളുടെ മേല്പട്ടക്കാരനായി പ്രവര്‍ത്തിച്ചു.

അപ്രേം പ്രഥമന്‍, ഇഗ്നാത്തിയോസ് (1887-1957)

സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ (അന്ത്യോക്യാ) പാത്രിയര്‍ക്കീസ്. 1887-ല്‍ ഇറാക്കിലെ മൂസലില്‍ ജനിച്ചു. കുര്‍ക്കുമാ ദയറായില്‍ വൈദികവിദ്യാഭ്യാസം നടത്തി. യെരുശലേമിലും പാരീസിലും പഠിച്ച് തത്വശാസ്ത്രത്തില്‍ വ്യുല്‍പ്പത്തി നേടി. 1907-ല്‍ അപ്രേം എന്ന പേരില്‍ റമ്പാനായി. തുടര്‍ന്ന് കശീശ്ശാസ്ഥാനവും സ്വീകരിച്ചു. മൂസലിലെ സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1918-ല്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെ സേവേറിയോസ് എന്ന പേരില്‍ സിറിയായുടെ മെത്രാപ്പോലീത്തായാക്കി. 1933-ല്‍ ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ എന്ന പേരില്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. മലങ്കരസഭയില്‍ സമാധാനം കൈവരുത്താനുള്ള ശ്രമങ്ങളോട് നിഷേധാത്മകമായ നിലപാട് ഇദ്ദേഹം സ്വീകരിച്ചു. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ, പാത്രിയര്‍ക്കേറ്റ് അരമനയില്‍ എത്തി ഒരു മാസക്കാലം താമസിച്ച് സമാധാനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിനു നിരാശനായി മടങ്ങേണ്ടിവന്നു. അപ്രേം പാത്രിയര്‍ക്കീസ് മലങ്കരയിലെ തന്‍റെ അനുയായികള്‍ക്ക് അയച്ച കത്തില്‍ കാതോലിക്കായെ ‘വൃദ്ധന്‍ പുന്നൂസ്’ എന്നും മറ്റും വിശേഷിപ്പിക്കുകയും, കാതോലിക്കാ ഭാഗവുമായി, യാതൊരു ബന്ധവും പുലര്‍ത്താന്‍ പാടില്ല എന്ന് അനുയായികളോട് ആജ്ഞാപിക്കുകയും ചെയ്തു. സിറിയായിലെ അറബി സാഹിത്യ പരിഷത്ത് ഉന്നതസ്ഥാനം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. ശ്രദ്ധേയങ്ങളായ പല കൃതികളും ഇദ്ദേഹം രചിച്ചു. 1957 ജൂണ്‍ 23-ന് കാലം ചെയ്തു.

അബീഗയില്‍

വാക്കിന്‍റ അര്‍ത്ഥം ‘എന്‍റെ അപ്പന്‍ സന്തുഷ്ടനാകുന്നു’ എന്നാണ്. ഈ പേരില്‍ രണ്ടു വ്യക്തികളെ വേദപുസ്തകത്തില്‍ കാണാം.

1. നാബാലിന്‍റെ ഭാര്യയായിരുന്ന ഇവള്‍ വിധവയായശേഷം ദാവീദിന്‍റെ ഭാര്യയായിത്തീര്‍ന്നു (1 ശമു. 25, 30:5; 2 ശമു. 3:3). ഇവള്‍ സുന്ദരിയും വിവേകമതിയും ആയിരുന്നു.
2. ഇവള്‍ ദാവീദിന്‍റെ സഹോദരിയും ദാവീദിന്‍റെ സേനാപതിയായ അമാസയുടെ അമ്മയുമായിരുന്നു (1 ദിന. 2:16-17; 2 ശമു. 17:25)
അബീമേലേക്ക്

വാക്കിന്‍റ അര്‍ത്ഥം ‘രാജാവ് എന്‍റെ പിതാവാകുന്നു’ എന്നാണ്. ഈ പേരില്‍ മൂന്നു വ്യക്തികളെ വേദപുസ്തകത്തില്‍ കാണാം.

1. ഗേരാരിലെ ഫെലിസ്ത്യരാജാവ് (ഉല്പ. 20:1-18). അബ്രഹാം പരദേശിയായി ഗേരാരില്‍ പാര്‍ത്തിരുന്നു. ആ സമയത്ത് ഇദ്ദേഹം സാറായെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചു എങ്കിലും ദൈവം അതു തടഞ്ഞു.
2. ഗിദെയോന്‍റെ ശേഖേമിലെ വെപ്പാട്ടിയുടെ പുത്രന്‍ (ന്യായാ. 8:31, 9:56).
3. ഫെലിസ്ത്യരാജാവായ ആഖീശിന്‍റെ വേറൊരു പേര് (സങ്കീര്‍ത്തനം 34-ന്‍റെ തലവാചകം).
അബ്ഗാര്‍

യേശുക്രിസ്തുവുമായി കത്തിടപാടു നടത്തിയ എഡേസ്സായിലെ രാജാവ്. എഡേസ്സായിലേക്കു വന്ന് രോഗിയായിരിക്കുന്ന തന്നെ സുഖപ്പെടുത്തണം എന്നപേക്ഷിച്ചുകൊണ്ട് അബ്ഗാര്‍ അഞ്ചാമന്‍ (ബി.സി. 4 – എ.ഡി. 50) യേശുവിന് ഒരു കത്തെഴുതി. തന്‍റെ സ്വര്‍ഗ്ഗാരോഹണശേഷം ഒരു ശിഷ്യനെ പ്രസ്തുത ദൗത്യവുമായി അവിടേക്ക് അയച്ചുകൊള്ളാമെന്ന് യേശുക്രിസ്തു മറുപടി എഴുതി എന്നാണ് പാരമ്പര്യം. ഈ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് എഴുപത് അറിയിപ്പുകാരില്‍ ഒരുവനും മാര്‍ത്തോമാ ശ്ലീഹായുടെ ശിഷ്യനുമായ ആദായി (തദ്ദായി) എഡേസ്സായിലെത്തി സുവിശേഷവേല നടത്തി. ചരിത്രകാരനായ യൗസേബിയോസിന്‍റെ എഴുത്തുകളാണ് ഈ പാരമ്പര്യത്തിന്‍റെ അടിസ്ഥാനം.

അബ്ദം (ഋൃമ)

അബ്ദമെന്നാല്‍ വര്‍ഷമെന്നാണ് അര്‍ത്ഥം. ഓരോ കലണ്ടറും ആരംഭിച്ചതിന്‍റെ കാരണത്തെ അടിസ്ഥാനമാക്കി ആ കലണ്ടറിന് അതോടുചേര്‍ത്ത് അബ്ദം (ഋൃമ) എന്ന പേരു കൊടുക്കാറുണ്ട്.

എ.ഡി. 532-ല്‍ ഡയനീഷ്യസ് എക്സിഗസ് (ഉശീി്യശൌെ ഋഃശഴൗൗെ) എന്ന സന്യാസി യേശുക്രിസ്തുവിന്‍റെ ജനനം റോമന്‍ വര്‍ഷം (അഡഇ) 753 (ബി.സി.1)-ല്‍ സംഭവിച്ചുവെന്നുള്ള ധാരണയില്‍ അഡഇ 754, ക്രിസ്ത്വബ്ദം ഒന്ന് (എ.ഡി.1) ആയി കണക്കാക്കിയതോടെയാണ് ക്രിസ്ത്വബബ്ദം (ഇവൃശശെേമി ഋൃമ) പ്രാബല്യത്തില്‍ വന്നത്. (എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനം അഡഇ 750 (ബി.സി.4)-ല്‍ സംഭവിച്ചുവെന്നാണ് ഇപ്പോഴുള്ള അഭിപ്രായം). ڇക്രിസ്തുവിനു മുമ്പ് (ആലളീൃല ഇവൃശെേ)ڈ എന്നും ڇക്രിസ്തുവര്‍ഷം (അിിീ ഉീാശിശ)ڈ എന്നും കാലത്തെ വിഭജിച്ചത് ഇതിനുശേഷമാണ്. കുറെ നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞാണ് ക്രിസ്ത്വബ്ദം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ക്രിസ്ത്വബ്ദം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് വിവിധ ڇഅബ്ദങ്ങള്‍ڈ അഥവാ ڇകലണ്ടറുകള്‍ڈ ഉപയോഗിച്ചു വന്നിരുന്നു. ക്രിസ്ത്വബ്ദം പ്രാബല്യത്തില്‍ വന്നതോടെ ആ അബ്ദങ്ങളിലെ വര്‍ഷങ്ങള്‍ ക്രിസ്ത്വബ്ദത്തിലേക്ക് പരിവര്‍ത്തനം ചെയ്തതു കൊണ്ടാണ് പല സംഭവങ്ങളും നടന്ന കാലം ഇന്ന് ക്രിസ്ത്വബ്ദത്തില്‍ ലഭിക്കുന്നത്. ബി.സി. 8-ല്‍ മാസങ്ങള്‍ക്ക് (ക്രിസ്ത്വബ്ദത്തിലെ) അവയുടെ ഇന്നത്തെ പേരും രൂപവും കൈവന്നിരുന്നു.

ബി.സി. 3761-ല്‍ പ്രപഞ്ചോല്പത്തി നടന്നുവെന്നുള്ള ധാരണയിലാണ് ڇഹീബ്രു അബ്ദംڈ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോമാ നഗരം സ്ഥാപിച്ചതിന്‍റെ (ബി.സി. 753) സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ڇറോമന്‍ അബ്ദംڈ.

ഈ കലണ്ടറാണ് ജൂലിയന്‍ – ഗ്രിഗോറിയന്‍ കലണ്ടറുകള്‍ക്ക് ആധാരം. ബി.സി. 312 – ല്‍ സെലുക്കസിന്‍റെ രാജവംശം സ്ഥാപിച്ചതിന്‍റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ڇസെലൂസിഡിയന്‍ അബ്ദം (ടലഹലൗരശറമല ീൃ ഏൃലരശമി ഋൃമ)ڈ ഇതു സാധാരണയായി ڇഗ്രീക്ക് (യവനായ) വര്‍ഷംڈ എന്നറിയപ്പെടുന്നു. എ.ഡി. 622-ല്‍ മുഹമ്മദുനബി മെക്കയില്‍ നിന്ന് മെദീനായിലേക്ക് പലായനം ചെയ്ത സംഭവമാണ് ഹിജറാ (മുസ്ലിം) വര്‍ഷാരംഭത്തിനു കാരണം. എ.ഡി. 824 ആഗസ്റ്റില്‍ ڇകൊല്ലവര്‍ഷം (മലയാള അബ്ദം)ڈ ആരംഭിച്ചു. ഇത് ആരംഭിച്ചതിന്‍റെ കാരണത്തെക്കുറിച്ച് അഭിപ്രായ ഐക്യമില്ല. എ.ഡി. 78 മാര്‍ച്ചില്‍ ശകവര്‍ഷം ആരംഭിച്ചു.
അബ്ദുള്ള ദ്വിതീയന്‍, ഇഗ്നാത്തിയോസ്
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ (അന്ത്യോക്യാ) പാത്രിയര്‍ക്കീസ്. 1906-ല്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ മലങ്കരസഭാ സന്ദര്‍ശനവേളയില്‍ ഇദ്ദേഹം മെത്രാപ്പോലീത്തായായി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. തന്‍റെ കല്പനകള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെ മലങ്കരയില്‍വച്ച് മുടക്കി.

മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന് 1908 മെയ് 31-ന് യെരുശലേമില്‍ വച്ച് ഇദ്ദേഹം മേല്പട്ടസ്ഥാനം നല്‍കി. 1909-ല്‍ ഇദ്ദേഹം മലങ്കരയിലെത്തി. മലങ്കരസഭയുടെ ആത്മികവും ലൗകികവുമായ സകല മേലധികാരവും പിടിച്ചടക്കുവാന്‍ ശ്രമമാരംഭിച്ചു. എന്നാല്‍ മലങ്കരമെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സഭാംഗങ്ങളില്‍ ഭൂരിപക്ഷവും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. പാത്രിയര്‍ക്കീസിന് മലങ്കരസഭയുടെമേല്‍ ലൗകികാധികാരം ഉണ്ടെന്ന് സമ്മതിക്കുന്ന ഉടമ്പടി മലങ്കര മെത്രാപ്പോലീത്താ നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. മലങ്കര അസോസിയേഷന്‍ ഈ ആവശ്യം നിരാകരിച്ചു. അതിനാല്‍ മലങ്കരമെത്രാപ്പോലീത്താ ഉടമ്പടി കൊടുക്കുവാന്‍ വിസമ്മതിച്ചു.

പാത്രിയര്‍ക്കീസ് 1911-ല്‍ അകാനോനികമായി മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനെ മുടക്കി. പകരം ബദല്‍ മലങ്കര മെത്രാപ്പോലീത്തായായി മാര്‍ ദീവന്നാസ്യോസിനോടൊപ്പം 1908-ല്‍ സ്ഥാനമേറ്റിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ നിയമിച്ചു. ഇതുമൂലം മലങ്കരസഭയില്‍ പാത്രിയര്‍ക്കീസിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും (ബാവാക്കക്ഷി) മലങ്കര മെത്രാപ്പോലീത്തായെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗവും (മെത്രാന്‍ കക്ഷി) ഉണ്ടായി. മലങ്കര സഭാ വൈദികട്രസ്റ്റിയും അത്മായട്രസ്റ്റിയും പാത്രിയര്‍ക്കീസിനോടൊപ്പം ചേര്‍ന്ന് മലങ്കര മെത്രാപ്പോലീത്താ മാര്‍ ദീവന്നാസ്യോസിനെതിരെ കോടതിയില്‍ കേസു കൊടുത്തു. സഭാന്തരീക്ഷം സംഘര്‍ഷഭരിതമായി. മലങ്കര അസോസിയേഷന്‍ മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടില്ലാത്ത രണ്ടു വൈദികര്‍ക്ക് പാത്രിയര്‍ക്കീസ് ഉടമ്പടി വാങ്ങിക്കൊണ്ട് മേല്പട്ടസ്ഥാനം നല്‍കി. മലങ്കരസഭയിലെ പള്ളികള്‍ സന്ദര്‍ശിക്കുവാനും പള്ളികളില്‍നിന്ന് ലൗകികാധികാര ഉടമ്പടി വാങ്ങിക്കുവാനും പാത്രിയര്‍ക്കീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. മലങ്കരസഭയില്‍ കലഹത്തിന്‍റെ വിത്തു വിതച്ചശേഷം 1911-ല്‍ പാത്രിയര്‍ക്കീസ് സ്വദേശത്തേക്കു മടങ്ങി. യാത്രാമദ്ധ്യേ 1915 നവംമ്പര്‍ 25-ന് യെരുശലേമില്‍വച്ച് കാലം ചെയ്ത് അവിടെ കബറടങ്ങി.

അബ്ദേദ് മശിഹാ, ഇഗ്നാത്തിയോസ്

സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ (അന്ത്യോക്യാ) പാത്രിയര്‍ക്കീസ്. 1895-ല്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. അന്ത്യോക്യന്‍ സഭാംഗങ്ങള്‍ അധിവസിച്ചിരുന്ന നാടുകള്‍ അക്കാലത്ത് തുര്‍ക്കി സുല്‍ത്താന്മാരാല്‍ ഭരിക്കപ്പെട്ടിരുന്നതിനാല്‍ പാത്രിയര്‍ക്കീസന്മാര്‍ക്ക് നിയമാനുസൃതം ഭരണം നടത്തണമെങ്കില്‍ സുല്‍ത്താന്‍റെ അംഗീകാരകല്പനയായ ‘ഫര്‍മാന്‍’ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. 10 വര്‍ഷത്തോളം ഇദ്ദേഹം സുല്‍ത്താന്‍റെ ഫര്‍മാനോടുകൂടി ഭരണം നടത്തി. എന്നാല്‍ 1905-ല്‍ അബ്ദുള്ളാ മാര്‍ ഗ്രീഗോറിയോസിന്‍റെ (അബ്ദുള്ളാ പാത്രിയര്‍ക്കീസ്) പ്രേരണയാല്‍ സുല്‍ത്താന്‍ തന്‍റെ ഫര്‍മാന്‍ പിന്‍വലിച്ചതോടുകൂടി പാത്രിയര്‍ക്കീസ് സ്ഥാനഭൃഷ്ടനായി. അബ്ദുള്ളാ മാര്‍ ഗ്രീഗോറിയോസ് സുല്‍ത്താന്‍റെ ഫര്‍മാന്‍ സമ്പാദിച്ച് പാത്രിയര്‍ക്കീസായി സ്ഥാനമേറ്റു. ഒരു സുന്നഹദോസ് നിശ്ചയപ്രകാരം കാനോനികമായി അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് മുടക്കപ്പെട്ടിരുന്നില്ല.

അബ്ദുള്ളാ പാത്രിയര്‍ക്കീസ് 1909-ല്‍ മലങ്കരസഭ സന്ദര്‍ശിക്കുകയും മലങ്കരമെത്രാപ്പോലീത്തായായിരുന്ന വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോട് മലങ്കരസഭയുടെ ലൗകികങ്ങളില്‍ പാത്രിയര്‍ക്കീസിന് അധികാരമുണ്ടെന്നു സമ്മതിച്ച് ഉടമ്പടി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാര്‍ ദീവന്നാസ്യോസ് ഉടമ്പടി കൊടുക്കുവാന്‍ വിസമ്മതിച്ചതിനാല്‍ പാത്രിയര്‍ക്കീസ് ആദ്ദേഹത്തെ 1911-ല്‍ മുടക്കി. ഈ സംഭവം അറിഞ്ഞ സീനിയര്‍ പാത്രിയര്‍ക്കീസായ അബ്ദേദ് മശിഹാ “അബ്ദുള്ളായുടെ മുടക്ക് വ്യര്‍ത്ഥം. നിങ്ങളും കൂടെയുള്ളവരും അനുഗ്രഹിക്കപ്പെട്ടവരാകുന്നു” എന്നൊരു കമ്പിസന്ദേശം മാര്‍ ദീവന്നാസ്യോസിന് അയച്ചു. മലങ്കരസഭയുടെ സ്വാതന്ത്ര്യവും, വ്യക്തിത്വവും പുലര്‍ത്തുവാന്‍ വേണ്ടി ‘കാതോലിക്കാ സ്ഥാപനം’ വേഗത്തില്‍ സാധിതപ്രായമാക്കുന്നതിന് മലങ്കര സഭാംഗങ്ങള്‍ പ്രവര്‍ത്ത്യുന്മുഖരാകുകയും അതിലേക്ക് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെ സഹകരണം തേടുകയും ചെയ്തു. മലങ്കരസഭയുടെ ക്ഷണമനുസരിച്ച് പാത്രിയര്‍ക്കീസ് ഇവിടെയെത്തി. മലങ്കരസഭാ സുന്നഹദോസിനോടു സഹകരിച്ചും അതിന്‍റെ അദ്ധ്യക്ഷനായിരുന്നും മലങ്കരസഭയ്ക്കായി ഒരു കാതോലിക്കായെ വാഴിക്കുന്നതില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. 1912 സെപ്റ്റമ്പര്‍ 15-ന് പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ച കല്പനയില്‍ കാതോലിക്കായ്ക്കു മെത്രാന്മാരെ വാഴിക്കുവാനും മൂറോന്‍ കൂദാശ ചെയ്യുവാനും അധികാരം ഉണ്ടെന്നു വ്യക്തമാക്കി.

അബ്ദോന്‍ (അടിമയായവന്‍)

പിരാഥോന്യക്കാരനായ ഇദ്ദേഹം ഹില്ലേലിന്‍റെ പുത്രനും യിസ്രായേലിന്‍റെ ന്യായാധിപനും ആയിരുന്നു. എട്ടുവര്‍ഷം യിസ്രായേലിനു ന്യായപാലനം ചെയ്തു (ന്യായാ. 12:13).

അബ്യാഥാര്‍

നോബിലെ പുരോഹിതനും അഹീമേലെക്കിന്‍റെ പുത്രനുമായ ഇദ്ദേഹം ശൗലിന്‍റെ കൂട്ടക്കൊലയില്‍നിന്നു രക്ഷപെട്ട ഏകപുരോഹിതനാണ് (1 ശമു. 22:20-22, 23:6-9). ഇദ്ദേഹം കെയാലയില്‍വച്ച് ദാവീദിന്‍റെ പക്ഷത്തു ചേര്‍ന്നു.
ഏഫോദും കൂടെ കൊണ്ടുവന്നിരുന്നു. യഹോവയുടെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നതിന് ഇദ്ദേഹവും സഹായിച്ചു (1 ദിന. 15:11, 27:34). ദാവീദ് അബ്ശാലോമിനെ ഭയന്ന് ഓടിപ്പോയപ്പോള്‍ ഇദ്ദേഹത്തെ പുത്രനായ യോനാഥാനോടൊപ്പം യെരുശലേമിലേക്ക് പറഞ്ഞയച്ചു (2 ശമു. 15:35, 17:15). ദാവീദിന്‍റെ ഭരണകാലത്തിന്‍റെ അവസാനസമയത്ത് അദോനിയാവിനെ രാജാവാക്കുവാന്‍ ഇദ്ദേഹം ആലോചന നടത്തി (1 രാജാ. 1:7). ഈ കാരണംകൊണ്ട് ശലോമോന്‍ അബ്യാഥാറിനെ പൗരോഹിത്യത്തില്‍ നിന്ന് നീക്കി.

അബ്ശാലോം

ഈ പദത്തിന്‍റെ അര്‍ത്ഥം ‘പിതാവ് സമാധാനമാകുന്നു’ എന്നാണ്. ദാവീദുരാജാവിന്‍റെയും മഖളിന്‍റെയും പുത്രനായിരുന്നു ഇദ്ദേഹം. ദാവീദിന്‍റെ മറ്റൊരു മകനായ അംനോന്‍ അബ്ശാലോമിന്‍റെ സഹോദരിയായ താമാറിനോട് അപമര്യാദയായി പ്രവര്‍ത്തിച്ചു. അതിനു പ്രതികാരമായി അബ്ശാലോം അംനോനെ കൊന്നു. പിന്നീട് മൂന്നു വര്‍ഷത്തേക്ക് ദാവീദില്‍നിന്ന് ഒളിച്ചു പാര്‍ത്തു. (2 ശമു. 13:38) യോവാബ് ഇടപെട്ട് അബ്ശാലോമിനെ കൊട്ടാരത്തില്‍ കൊണ്ടുവന്നു. ക്രമേണ തന്ത്രപൂര്‍വ്വം അബ്ശാലോം ജനങ്ങളുടെയും രാജഭൃത്യന്മാരുടെയും പ്രീതിവാത്സല്യങ്ങളും പിന്‍ബലവും ആര്‍ജ്ജിച്ചുകൊണ്ട് ദാവീദ് രാജാവിനെതിരെ നീങ്ങി. ദാവീദ് കൊട്ടാരം വിട്ടോടിയതോടെ അബ്ശാലോമിന് അനായാസം രാജാവാകുവാന്‍ കഴിഞ്ഞു. എന്നാല്‍ ദാവാദിന്‍റെ സൈന്യം അബ്ശാലോമിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി. പരാജിതനായി കുതിരപ്പുറത്തു കയറി പലായനം ചെയ്ത അബ്ശാലോമിന്‍റെ മുടി കരുവേലകത്തില്‍ ഉടക്കി, അദ്ദേഹം ശിഖരത്തില്‍ തൂങ്ങിയാടി. യോവാബു വന്ന് തൂങ്ങിക്കിടന്ന അബ്ശാലോമിനെ വധിച്ചു. അബ്ശാലോമിനെ സംബന്ധിച്ച വിവരങ്ങള്‍ 2 ശമു. 13-18 ഭാഗത്ത് വിശദമായി വിവരിക്കുന്നുണ്ട്.

അബ്ഹായ്

നിഖ്യായിലെ മെത്രാപ്പോലീത്താ. റോമാസാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന തേവോദോസ്യോസ് ചക്രവര്‍ത്തിയുടെ കാലത്ത് (ഭരണകാലം 408-450) നിഖ്യായിലെ മെത്രാപ്പോലീത്തായായി നിയമിതനായി. നിഖ്യാ വിശ്വാസത്തിന്‍റെ സംരക്ഷണത്തിനായി ചക്രവര്‍ത്തി തന്നെയാണ് ഇദ്ദേഹത്തെ നിയമിച്ചത്. മാര്‍ കുറിയാക്കോസിനോടും മാര്‍ യൂലീത്തിയോടും ഒരുമിച്ച് ജൂലൈ 15-ന് ഇദ്ദേഹത്തിന്‍റെ ഓര്‍മ്മ ആഘോഷിക്കപ്പെടുന്നു. എന്നാല്‍ ഒക്ടോബര്‍ ഒന്നാം തീയതിയും മാര്‍ അബ്ഹായി സഹദായുടെ ഓര്‍മ്മ കൊണ്ടാടുന്നുണ്ട്. രണ്ടും രണ്ടു വ്യക്തികളാണെന്നു കരുതുന്നു.

അബ്രാഹാം (അബ്രാം)

വിശ്വാസികളുടെ പിതാവ്. ‘എന്‍റെ പിതാവ് ഉയര്‍ത്തപ്പെട്ടിരിക്കുന്നു’, ‘എന്‍റെ പിതാവ് കരുണയുള്ളവന്‍’ എന്നൊക്കെയാണ് പേരിന്‍റെ അര്‍ത്ഥം. അബ്രാം, അബ്രാഹാം എന്നീ പേരുകളില്‍ വിശ്വാസികളുടെ പിതാവായ ഇദ്ദേഹം അറിയപ്പെടുന്നു. ബാബിലോണിലെ കല്‍ദയരുടെ ഊരില്‍നിന്ന്, ദൈവത്തിന്‍റെ ആഹ്വാനമനുസരിച്ച്, ബന്ധുമിത്രാദികളെ പിരിഞ്ഞ്, ദൈവം വാഗ്ദത്തം ചെയ്തത് വിശ്വസ്തതയോടെ നല്‍കുമെന്ന ദൃഢവിശ്വാസത്തിലും പ്രത്യാശയിലും ഇദ്ദേഹം ഇറങ്ങിത്തിരിച്ചു. പിതാവായ തേരഹ്, സഹോദരപുത്രനായ ലോത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആദ്യം ഹാരാനില്‍ പാര്‍ത്തു. തേരഹിന്‍റെ മരണശേഷം, ശേഖേം ബെരോല്‍ എന്നീ ഭാഗങ്ങളില്‍കൂടി സഞ്ചരിച്ച് സഹോദരപുത്രനായ ലോത്ത്, ഭാര്യ സാറാ എന്നിവരോടൊപ്പം കനാനില്‍ എത്തി. കനാനില്‍ വലിയ ക്ഷാമം ഉണ്ടായപ്പോള്‍ മിസ്രയീമിലേക്കു പോയി (ഉല്പ. 12:10-20). സ്വന്തം ജീവനെ രക്ഷിക്കുവാന്‍ ഭാര്യ സാറാ സഹോദരിയാണെന്ന് ഫറവോന്‍ രാജാവിനോടു പറയേണ്ടിവന്നു. ഫറവോനെ ദൈവം ശിക്ഷിച്ചതുമൂലം അബ്രാഹാമിനു സാറായെ തിരികെ ലഭിച്ചു. അബ്രാഹാമും ലോത്തും ആടുകള്‍ക്കു മേയുവാന്‍ സ്ഥലം ലഭിക്കുന്നതിനുവേണ്ടി വേര്‍പിരിഞ്ഞു (ഉല്പ. 13:1-18). ലോത്ത് യോര്‍ദ്ദാന്‍ താഴ്വരയിലും അബ്രാഹാം കനാനിലും വസിച്ചു. ലോത്തിനെ ആക്രമിച്ച് ബന്ധനസ്ഥനാക്കിയ കേദൊര്‍ലായോമെരിനെയും സഖ്യത്തെയും ഇദ്ദേഹം തോല്പിച്ചു; ലോത്തിനെ വീണ്ടെടുത്തു. വിജയശ്രീലാളിതനായി തിരികെ വരുമ്പോള്‍ ശാലേം രാജാവായ മല്‍ക്കിസദേക്കിനെ കണ്ട് കാഴ്ചയര്‍പ്പിച്ച് അനുഗ്രഹം പ്രാപിച്ചു (ഉല്പ. 14:19). വാര്‍ദ്ധക്യത്തില്‍ ജനിച്ച സന്തതിയായ ഇസഹാക്കിനെ ബലികഴിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍, വാഗ്ദത്തപൂര്‍ത്തീകരണം എങ്ങനെ സംഭവിക്കുമെന്ന് സംശയിക്കാതെ അവകാശപുത്രനെ ബലികഴിക്കുവാന്‍ ഇദ്ദേഹം സന്നദ്ധനായി. ദൈവകല്പനയനുസരിച്ച് ജീവിക്കുമെന്ന് യഹോവയായ ദൈവവുമായി ഉടമ്പടി ചെയ്തു. അബ്രാഹാം കാലസമ്പൂര്‍ണ്ണനായി മരിച്ചു (ഉല്പ. 25:7-10). (പുരാവസ്തു ഗവേഷണ പണ്ഡിതരായ ഓള്‍ബ്രൈറ്റ്, ആര്‍ ഡിവോ എന്നിവര്‍ അബ്രാഹാം ജീവിച്ചിരുന്ന കാലം ബി.സി. 1900-നും 1700-നും ഇടയ്ക്കാണെന്നു കരുതുന്നു. എച്ച്. എച്ച്. റോളിയുടെ അഭിപ്രായപ്രകാരം ബി.സി. 1800-1600 വരെയുള്ളതാണ് അബ്രാഹാമിന്‍റെ കാലം. അബ്രാഹാമിന്‍റെ സമകാലീന ആചാരങ്ങളെക്കുറിച്ച് അറിയുവാന്‍ ‘മാറി’, ‘നൂസി’ ഫലകങ്ങള്‍ സഹായിക്കുന്നു).

അബ്രഹാം മല്പാന്‍, പാലക്കുന്നത്ത് (1796-1845)

മലങ്കരയിലെ നവീകരണ നേതാക്കളില്‍ പ്രഥമന്‍. മാര്‍ത്തോമ്മാ സഭയുടെ സ്ഥാപകനേതാവ്. മലങ്കരസഭയിലെ ഒരു വൈദികനും, പഴയ സെമിനാരി അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മാരാമണ്‍ പാലക്കുന്നത്ത് കുടുംബത്തില്‍ ജനിച്ചു. വിദേശത്തുനിന്നു വന്ന മാര്‍ അത്താനാസ്യോസില്‍ നിന്ന് 1825-ല്‍ കശീശ്ശാപട്ടം അഴിച്ചു വാങ്ങിയതിന് മറ്റു മൂന്നു പട്ടക്കാരോടൊപ്പം ഇദ്ദേഹത്തെയും ചേപ്പാടു ദീവന്നാസ്യോസ് ശിക്ഷണനടപടികള്‍ക്ക് വിധേയനാക്കി. സി.എം.എസ്. മിഷനറിമാര്‍ മലങ്കരയില്‍ പ്രചരിപ്പിച്ച പ്രൊട്ടസ്റ്റന്‍റ് വിശ്വാസരീതികള്‍ അനുസരിച്ച് മലങ്കരസഭയില്‍ നവീകരണം നടപ്പാക്കുവാന്‍ ഇദ്ദേഹം പരിശ്രമിച്ചു. പരേതര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥത മുതലായവ അനാവശ്യമാണെന്ന് ഇദ്ദേഹം പഠിപ്പിച്ചു. 1837-ല്‍ ഇദ്ദേഹം വി. കുര്‍ബ്ബാന തക്സായില്‍ യഥേഷ്ടം തിരുത്തലുകള്‍ വരുത്തി ഉപയോഗിക്കുവാന്‍ തുടങ്ങിയപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് ഇദ്ദേഹത്തെയും അനുയായികളെയും മുടക്കി. മലങ്കര മെത്രാപ്പോലീത്തായായിരുന്ന പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് ഇദ്ദേഹത്തിന്‍റെ സഹോദരപുത്രനും, മാര്‍ത്തോമ്മാസഭയുടെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് പുത്രനുമാണ്. 1845 ചിങ്ങം 24 ന് നിര്യാതനായി.

അബ്രഹാം മല്പാന്‍, കോനാട്ട് (1908-1987)

മലങ്കരസഭാ വൈദിക ട്രസ്റ്റി. പാമ്പാക്കുട കോനാട്ടു കുടുംബത്തില്‍ മലങ്കര മല്പാന്‍ മാത്തന്‍ കോറെപ്പിസ്കോപ്പായുടെ പുത്രനായി 1908 മാര്‍ച്ച് 30-നു ജനിച്ചു. ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ശിഷ്യത്വം സ്വീകരിച്ച് വൈദികപഠനം നടത്തി. 1930-ല്‍ അദ്ദേഹത്തില്‍നിന്ന് കശീശ്ശാ സ്ഥാനം സ്വീകരിച്ച് പാമ്പാക്കുടെ വലിയപള്ളി വികാരിയായി. 1963-ല്‍ പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇദ്ദേഹത്തിന് ‘മലങ്കര മല്പാന്‍’ സ്ഥാനം നല്‍കി.
മലങ്കര അസോസിയേഷന്‍ സഭാ വൈദികട്രസ്റ്റിയായി തിരഞ്ഞെടുത്തു. 1987 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സ്വന്തം പിതാവു ചെയ്തിരുന്നതു പോലെ, സ്വന്തം ഉടമസ്ഥതയിലുള്ള മാര്‍ ജൂലിയസ് പ്രസില്‍നിന്ന് ആരാധനാക്രമങ്ങള്‍ സുറിയാനിയിലും മലയാളത്തിലും ഇദ്ദേഹം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. മലങ്കരസഭയില്‍ ഉപയോഗത്തിലിരിക്കുന്ന വി. കുര്‍ബ്ബാനതക്സ, ആണ്ടുതക്സ, കൂദാശക്രമങ്ങള്‍, ശ്ഹീമാനമസ്കാരം, നോമ്പിലെ നമസ്കാരം, കന്തീലാക്രമം, വൈദികരുടെ ശവസംസ്കാരക്രമം മുതലായവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇദ്ദേഹമാണ്. തന്‍റെ പിതാവ് ആരംഭിച്ചിരുന്ന പുതിയനിയമ പുസ്തകങ്ങളുടെ തര്‍ജ്ജിമ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചു. വി. സുവിശേഷങ്ങളുടെ വ്യാഖ്യാനം മലങ്കരസഭയില്‍ ഇദംപ്രഥമമായി പ്രസിദ്ധീകരിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സുറിയാനി പെങ്കീസാ നമസ്കാരം മൂന്നു വാല്യങ്ങളായി എഡിറ്റുചെയ്ത് ആദ്യമായി പ്രസിദ്ധീകരിച്ചതും ഇദ്ദേഹമാണ്. പൊതുപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ദീര്‍ഘനാള്‍ പാമ്പാക്കുട പഞ്ചായത്തു പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. 1987 മാര്‍ച്ച് 2-ന് നിര്യാതനായി. (‘കോനാട്ട് മല്പാന്മാര്‍’, ‘പാമ്പാക്കുട’ എന്നീ ശീര്‍ഷകങ്ങള്‍ കാണുക).

അഭിഷേകം

ക്രൈസ്തവ പാരമ്പര്യത്തില്‍ വിവിധങ്ങളായ അഭിഷേകങ്ങള്‍ നിലവിലിരിക്കുന്നു. മാമോദീസായില്‍ സ്നാനാര്‍ത്ഥികളെ സൈത്തുകൊണ്ടും, മൂറോന്‍കൊണ്ടും അഭിഷേകം ചെയ്യുന്നു. പാശ്ചാത്യസഭയില്‍ സ്ഥിരീകരണ ശുശ്രൂഷയില്‍ അഭിഷേകതൈലം പുരട്ടുന്നു. രോഗികള്‍ക്ക് തൈലം പൂശുന്ന രീതി മിക്ക സഭകളിലുമുണ്ട്. പട്ടാഭിഷേകത്തിലും, പള്ളികൂദാശയിലും അഭിഷേകം നടത്തുന്ന രീതി ചില വ്യത്യസ്തതകളോടെ പാശ്ചാത്യ പൗരസ്ത്യ സഭകളിലുണ്ട്. ശവസംസ്കാര ശുശ്രൂഷയിലും മൃതശരീരത്തില്‍ തൈലം ഒഴിക്കുന്ന രീതി സുറിയാനി സഭയിലുണ്ട്. ക്രിസ്ത്യാനികള്‍ തൈലംകൊണ്ട് അഭിഷേകം പ്രാപിച്ചവരാണ് എന്ന സൂചന പുതിയനിയമത്തിലുണ്ട് (1 കൊരി. 1:21, 22; 1 യോഹ. 2:20).

അമലോത്ഭവ സിദ്ധാന്തം

വി. കന്യകമറിയാം അമലയായി ഉദ്ഭവിച്ചവള്‍, അഥവാ ജന്മത്തിലേ പാപരഹിത എന്ന സിദ്ധാന്തം. വിശുദ്ധ കന്യകമറിയാം സ്വന്തം അമ്മയുടെ ഗര്‍ഭത്തില്‍ ഉരുവായ നിമിഷത്തില്‍തന്നെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍ ജന്മപാപത്തിന്‍റെ എല്ലാ കറകളില്‍നിന്നും വിമോചിതയായി എന്നതാണ് അമലോദ്ഭവ സിദ്ധാന്തം. ഇത് സംഭവിച്ചത് മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനായ ക്രിസ്തുയേശുവിന്‍റെ നന്മയുടെ അടിസ്ഥാനത്തിലാണ്. ഇത് ദൈവം വെളിപ്പെടുത്തിയ ഒരു വിശ്വാസസത്യമാണെന്നും, അതിനാല്‍ വിശ്വാസികള്‍ എല്ലാവരും എല്ലായ്പോഴും ഇത് ദൃഢമായി വിശ്വസിക്കേണ്ടതാണെന്നും റോമന്‍കത്തോലിക്കാ സഭ അനുശാസിക്കുന്നു. ഈ വിശ്വാസപ്രഖ്യാപനം ഉണ്ടായത് 1854 ഡിസംബര്‍ എട്ടാം തിയതി, പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പായുടെ ഭരണകാലത്താണ്. മറ്റു മനുഷ്യര്‍ ജനിക്കുന്നതുപോലെ സ്ത്രീപുരുഷ സംയോഗത്താല്‍ (യുവാക്കീമും ഹന്നായും തമ്മില്‍) തന്നെയാണ് മറിയാമും ജനിച്ചത്. എന്നാല്‍ മറിയാം ഗര്‍ഭത്തില്‍ ഉരുവായപ്പോള്‍തന്നെ അവളില്‍നിന്ന് ജന്മപാപം (ആദാമ്യപാപം) ദൈവം നീക്കിക്കളഞ്ഞു എന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ഈ സിദ്ധാന്തം മറ്റൊരു ക്രൈസ്തവസഭയും അംഗീകരിക്കുന്നില്ല. വേദപുസ്തകത്തില്‍ ഈ സിദ്ധാന്തത്തിനു തെളിവില്ലെന്നു മാത്രമല്ല, വേദശാസ്ത്രപരമായും ഇത് സ്വീകരിക്കുവാന്‍ നിവൃത്തിയില്ല എന്നുള്ളതാണ് ഇതരസഭകളുടെ വാദം.

കത്തോലിക്കാസഭയിലെ തന്നെ പ്രസിദ്ധ വേദശാസ്ത്രജ്ഞനായിരുന്ന വി.തോമസ് അക്വിനാസും, ഡൊമിനിക്കല്‍ സന്യാസിമാരും ഈ സിദ്ധാന്തത്തെ എതിര്‍ത്തിരുന്നു. അക്വിനാസിന്‍റെ ദൃഷ്ടിയില്‍ മാതാവ് തീര്‍ത്തും പാപരഹിതയായിരുന്നുവെങ്കില്‍ അതിന്‍റെ അര്‍ത്ഥം ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്താലും മരണത്താലും കൈവന്ന രക്ഷ മാതാവിനാവശ്യമില്ലായിരുന്നു എന്നാണ്. അങ്ങനെയെങ്കില്‍ യേശുക്രിസ്തു സര്‍വ്വരുടെയും രക്ഷകനല്ലെന്നു വരും. അതിനാല്‍ ഗര്‍ഭത്തില്‍ ഉരുവായതിനുശേഷമാണ് ദൈവം മാതാവിനെ ശുദ്ധീകരിച്ചത് എന്ന വിശ്വാസമാണു കൂടുതല്‍ ഭദ്രവും സ്വീകാര്യവും. മറിയാമിനെ മാതൃഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം തന്നെ ജന്മപാപത്തില്‍ നിന്നു വിമോചിപ്പിക്കാമായിരുന്നുവെങ്കില്‍ മറ്റുള്ളവരെയും ദൈവത്തിന് അങ്ങിനെ രക്ഷിക്കാമെന്നു വരും. അപ്പോള്‍ ദൈവത്തിന്‍റെ മനുഷ്യാവതാരത്തിനു തന്നെ അര്‍ത്ഥമില്ലാതെയാകും.

ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശ്വാസം മാതാവിനെ ദൈവം ശുദ്ധീകരിച്ചു വെടിപ്പാക്കി എന്നു പറയുന്നു. പക്ഷേ അത് ഏതു നിമിഷത്തിലായിരുന്നുവെന്ന് നിര്‍വ്വചിക്കുന്നില്ല. ആദാമ്യപാപം (ജന്മപാപം) അകറ്റിയാണ് ദൈവം വി. കന്യകമറിയത്തെ ഉരുവാക്കിയത് എന്ന് സഭ വിശ്വസിക്കുന്നില്ല.

അമാലോക്യര്‍

ഏശാവിന്‍റെ വംശപരമ്പരയില്‍പെട്ട ഇവര്‍ (ഉല്പ. 36:12) ദേശാന്തര സഞ്ചാരികളായിരുന്നു. ഇവരും യിസ്രായേല്യരും തമ്മില്‍ ബദ്ധശത്രുക്കളായിരുന്നു. ഇവര്‍ തമ്മിലുള്ള പോരാട്ടം പഴയനിയമകാലത്ത് തലമുറതലമുറയായി നടന്നിരുന്നു.

അമേരിക്കന്‍ ഭദ്രാസനം

1979-ല്‍ ബാഹ്യകേരള ഭദ്രാസനത്തെ അഞ്ചായി വിഭജിച്ചപ്പോള്‍ അമേരിക്കയിലെ ഇടവകകള്‍ ചേര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം രൂപീകരിച്ചു. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ പ്രഥമ ഭദ്രാസനാധിപനായി സേവനമനുഷ്ഠിച്ചു (1979-1992). 1993 മുതല്‍ 2009 വരെ മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചുമതല നിര്‍വഹിച്ചു. 2009-ല്‍ ഭദ്രാസനം നോര്‍ത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

അമാലോഗിയ

‘ഒരേ വിശ്വാസം’ (ഹോമോലോഗിയ) എന്നാണ് വാക്കിന്‍റെ അര്‍ത്ഥം. സാധാരണയായി പട്ടംകൊട സമയത്ത് പ്രധാന കാര്‍മ്മികന്‍ സഭയുടെ അടിസ്ഥാനവിശ്വാസം പ്രഖ്യാപിക്കുന്നു. ഇതില്‍ വി. ത്രിത്വം (പിതാവ്, പുത്രന്‍, പരിശുദ്ധറൂഹാ), സഭ, കൂദാശകള്‍ മുതലായവ ഉള്‍പ്പെട്ടിരിക്കുന്നു. പട്ടം ഏല്‍ക്കുന്ന ആള്‍ ഈ വിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞ് അതില്‍ തന്‍റെ കൈയൊപ്പു വയ്ക്കുന്നു. ഇപ്രകാരം പ്രഖ്യാപിക്കുന്ന വിശ്വാസപ്രഖ്യാപനത്തിനാണ് ‘അമാലോഗിയ’ എന്നു പറയുന്നത്.