അംബ്രോസ് (339-397)
മിലാനിലെ ബിഷപ്പ്. ഗോളിലെ പ്രീഫെക്ടിന്‍റെ പുത്രനായി ജര്‍മ്മനിയിലെ ‘ട്രിയേര്‍’ എന്ന പട്ടണത്തില്‍ ജനിച്ചു. വക്കീലായി ജീവിതമാരംഭിച്ചു. എ.ഡി. 370-നോടടുത്ത് മിലാനിലെ ഗവര്‍ണ്ണറായി. എ.ഡി. 374-ല്‍ മിലാനിലെ ബിഷപ്പായിരുന്ന ഓകെന്‍റിയസ് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെട്ടു. വിശ്വാസമനുസരിച്ച് ക്രിസ്ത്യാനിയായിരുന്നെങ്കിലും, സ്നാനാര്‍ത്ഥി മാത്രമായിരുന്ന ഇദ്ദേഹം താമസംവിനാ സ്നാനമേല്‍ക്കുകയും, ബിഷപ്പായി സ്ഥാനം പ്രാപിക്കുകയും ചെയ്തു. വി. അഗസ്തീനോസിനെ മാനസാന്തരപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. മാക്സിമസ്, തിയോഡോഷ്യസ് എന്നീ പാശ്ചാത്യ റോമന്‍ ഭരണാധികാരികളുടെ സുഹൃത്തായിരുന്നുവെങ്കിലും മാക്സിമസ് ചില വേദവിപരീതികളെ കൊന്നൊടുക്കിയതിനെ ഇദ്ദേഹം ശക്തമായി വിമര്‍ശിച്ചു. തെസലോനിക്യയില്‍ നടത്തിയ കൂട്ടക്കൊലയുടെ പേരില്‍ തിയോഡോഷ്യസിനെ മുടക്കി. പാശ്ചാത്യ വേദശാസ്ത്രത്തില്‍ പൗരസ്ത്യചിന്തകള്‍ കടന്നുചെന്നത് ഇദ്ദേഹത്തിലൂടെയാണ്. പ്രഗത്ഭവാഗ്മിയും വേദശാസ്ത്രജ്ഞനുമായിരുന്ന ഇദ്ദേഹത്തിന്‍റെ ക്രിസ്തീയ കൂദാശകളെപ്പറ്റിയുള്ള പ്രസംഗങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. ഡിസംബര്‍ 7-ന് പാശ്ചാത്യസഭ അംബ്രോസിന്‍റെ പെരുന്നാള്‍ കൊണ്ടാടുന്നു.
അംശവടി
എപ്പിസ്കോപ്പായുടെ ഇടയസ്ഥാനചിഹ്നമായ തല വളഞ്ഞ വടി. ഇത് തടിയും വെള്ളിയുംകൊണ്ട് നിര്‍മ്മിക്കാറുണ്ട്. എല്ലാ പാരമ്പര്യങ്ങളിലുമുള്ള എപ്പിസ്കോപ്പാമാര്‍ ഇത് ഉപയോഗിക്കുന്നു. സംരക്ഷണത്തിന്‍റെയും അജപാലനത്തിന്‍റെയും പ്രതീകമായി ഇതിനെ കരുതിവരുന്നു. ആടുകളെ മേയിക്കുന്ന ഇടയന്മാര്‍ അവരുടെ കൃത്യനിര്‍വ്വഹണത്തിന് അറ്റം വളഞ്ഞനീണ്ട വടികള്‍ ഉപയോഗിക്കാറുണ്ട്. അജപാലന ധര്‍മ്മം നിറവേറ്റുന്ന എപ്പിസ്കോപ്പാമാരുടെ ദൗത്യത്തിന്‍റെ പ്രതീകമാണ് അംശവടി (അപ്പോ. പ്ര. 20:28; 1 പത്രോ. 5:3).
കര്‍ദ്ദിനാളന്മാരും ഉയര്‍ന്ന മേല്പട്ടക്കാരും ഉപയോഗിക്കുന്ന അംശവടി സ്വര്‍ണ്ണം പൂശിയതായിരിക്കും. സഭാമേലദ്ധ്യക്ഷന്മാരെ കൂടാതെ സന്യാസമഠാധിപന്മാരായ പട്ടക്കാരും അംശവടി ഉപയോഗിക്കാറുണ്ട്. വടി കനം കുറഞ്ഞതും ഏകദേശം നാലര അടി നീളമുള്ളതും ആയിരിക്കണം. മേല്പട്ടക്കാരുടെ അംശവടിയുടെ മുകള്‍ഭാഗം മോശ മരുഭൂമിയില്‍ നാട്ടിയ പിച്ചളസര്‍പ്പത്തിന്‍റെയോ (യോഹ. 3:14), അഹറോന്‍റെ തളിര്‍ത്ത വടിയുടെയോ ആകൃതിയിലായിരിക്കും. ക്രൂശിതനായ ക്രിസ്തുവിന്‍റെ പ്രതീകമായിട്ടാണ് സര്‍പ്പരൂപത്തെ അംശവടിയില്‍ സങ്കല്പിച്ചിരിക്കുന്നത്. സര്‍പ്പത്തിന്‍റെ തലയുടെ മുകളില്‍ കുരിശുരൂപം കൂടി കാണണമെന്നാണ് അലിഖിതനിയമം. പാശ്ചാത്യസഭയിലെ മെത്രാന്മാരുടെ അംശവടികളില്‍ പാമ്പിന്‍തലയുടെ സ്ഥാനത്ത് മിക്കവാറും കാണുന്നത് കുരിശു വഹിക്കുന്ന ഒരു ആടിന്‍റെ രൂപമാണ്. അത് കാല്‍വറിയില്‍ ക്രൂശിതനായി ബലിയര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്‍റ പ്രതീകമാകുന്നു.
കാതോലിക്കാമാരുടെയും പാത്രിയര്‍ക്കീസന്മാരുടെയും അംശവടിയുടെ മുകളില്‍ രണ്ടു സ്വര്‍ണ്ണസര്‍പ്പങ്ങളുടെ രൂപം കൊടുത്തിരിക്കുന്നതായി കാണാം. രണ്ടിന്‍റെയും മദ്ധ്യത്തില്‍ ഒരു കുരിശും കാണുന്നുണ്ട്. അംശവടിയുടെ മൗലികമായ സൂചന നല്ല ഇടയന്‍റെ മരവടി എന്നുള്ളതുതന്നെയാകുന്നു. മലങ്കരയിലെ പ. കാതോലിക്കാ ബാവായുടെ സ്ഥാനചിഹ്നങ്ങളില്‍ ഒന്നാണ് അംശവടി. പത്തിപോലെ വളഞ്ഞ ഇലകളോടുകൂടിയ രണ്ടു കമ്പുകളാണ് ഈ വടിയിലുള്ളത്. അഹറോന്‍റെ തളിര്‍ത്ത വടിയോടു സാദൃശ്യമുള്ള ഈ അംശവടി രൂപപ്പെടുത്തിയത് പ. വാകത്താനത്തു ബാവയാണ്.
എപ്പിസ്കോപ്പായെ വാഴിക്കുമ്പോള്‍ മറ്റു മേല്പട്ടക്കാര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ അംശവടി പിടിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ്. അതിനുശേഷം നവാഭിഷിക്തന്‍ ജനങ്ങളെ ആശീര്‍വദിക്കുന്നത് അംശവടി ഉയര്‍ത്തിയാണ്. എപ്പിസ്കോപ്പാ ആരാധനകളിലും ചില ഔദ്യോഗികകര്‍മ്മങ്ങളിലും അംശവടി ഉപയോഗിക്കുന്നു.
അകപ്പറമ്പ്
ആലുവായ്ക്കു സമീപമുള്ള പുരാതന ക്രൈസ്തവകേന്ദ്രം. 1599-ല്‍ ഉദയംപേരൂര്‍ സുന്നഹദോസില്‍ സംബന്ധിച്ച 106 പള്ളികളില്‍ ഒന്ന് അകപ്പറമ്പിലേതായിരുന്നു. ഇവിടെ വച്ച് മലങ്കര നസ്രാണികളുടെ ചില പ്രധാന യോഗങ്ങള്‍ നടന്നിട്ടുണ്ട്.
അക്കാക്കിയോസ് ( – 489) (കുസ്തന്തീനോപ്പോലീസ്)
കുസ്തന്തീനോപ്പോലീസിലെ പാത്രിയര്‍ക്കീസ്. എ.ഡി. 471-ല്‍ സ്ഥാനം പ്രാപിച്ച് 489-ല്‍ കാലം ചെയ്തു. അക്കാക്കിയോസ് 475-ല്‍, സീനൊയുടെ ചക്രവര്‍ത്തിപദം കവര്‍ന്നെടുത്ത ബാസിലിസ്ക്കസിനെ സഹായിച്ചു. എന്നാല്‍ അധികം താമസിക്കാതെ അവര്‍ തമ്മില്‍ തെറ്റി. അത് മൂലം ഇദ്ദേഹം ബാസിലിസ്ക്കസിനെ എതിര്‍ത്തു. തല്‍ഫലമായി ബാസിലിസ്ക്കസ് പരാജിതനായി. സീനൊ ചക്രവര്‍ത്തി ആയിത്തീരുകയും ചെയ്തു. സീനൊ 482-ല്‍ ഹൈനോത്തിക്കോന്‍ പ്രസിദ്ധീകരിച്ചു. ആ പ്രമാണം അക്കാക്കിയോസ് എഴുതിയുണ്ടാക്കിയതായിരുന്നു. അത് സ്വീകരിച്ച പത്രോസ് മൊങ്ങൂസുമായി, റോമിലെ സിംപ്ലീഷ്യസിന്‍റെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഇദ്ദേഹം ഐക്യപ്പെട്ടു. സിംപ്ലീഷ്യസ് 483-ല്‍ കാലം ചെയ്തു.അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ഫീലിക്സുമായി ഹൈനോത്തിക്കോന്‍ കാരണമാക്കി അക്കാക്കിയോസ് ഏറ്റുമുട്ടി. ഫീലിക്സ് അക്കാക്കിയോസിനെയും, അക്കാക്കിയോസ് ഫീലിക്സിനെയും മുടക്കി. റോമിന്‍റെ സ്വയനിര്‍മ്മിതമായ അവകാശവാദങ്ങളെ സമ്മതിച്ചു കൊടുക്കാതെയും, വിശ്വാസമര്‍മ്മത്തെ സുന്നഹദോസ് നിശ്ചയങ്ങളുടെ അക്ഷരത്തില്‍ ഒതുക്കി നിര്‍ത്താതെയും, ക്രിസ്തീയ സത്യത്തിനുവേണ്ടി പോരാടിയ ഒരു പൗരസ്ത്യ സഭാനേതാവായിരുന്നു ഇദ്ദേഹം.
അക്കാക്കിയോസ് (സെലൂഷ്യന്‍ കാതോലിക്കാ)
സെലൂഷ്യന്‍ സഭാദ്ധ്യക്ഷന്‍. എ.ഡി. 485-ല്‍ സ്ഥാനം പ്രാപിച്ചു. ഏകദേശം 470 മുതല്‍ അന്ത്യോക്യന്‍ പിതാക്കന്മാരുടെ കൃതികള്‍ അദ്ധ്യയനവിഷയമായി സ്വീകരിച്ചു നടത്തിവന്ന നിസിബിസിലെ വേദശാസ്ത്രകേന്ദ്രത്തില്‍ ഇദ്ദേഹം പഠിച്ചു. തന്മൂലം യേശുക്രിസ്തുവിനെക്കുറിച്ച് നെസ്തോറിയ നിലപാട് അവലംബിക്കാനിടവന്നു. കാതോലിക്കായായ ശേഷം 486-ല്‍ ബേത് അത്രേയിയില്‍ പേര്‍ഷ്യന്‍സഭയുടെ ഒരു സുന്നഹദോസ് ഇദ്ദേഹം വിളിച്ചുകൂട്ടി. സുന്നഹദോസ് നെസ്തോറിയോസിനെയും അന്ത്യോക്യന്‍ വേദശാസ്ത്രജ്ഞന്മാരായ ദീയദോര്‍, തേവോദോര്‍ ആദിയായവരെയും സഭാപിതാക്കന്മാരുടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് നിശ്ചയം ചെയ്തു. കൂടാതെ റോമാ സാമ്രാജ്യത്തിലെ സഭ നാലാം നൂറ്റാണ്ടുമുതല്‍ നിലനിര്‍ത്തിവന്ന പാരമ്പര്യത്തിനെതിരായി, പട്ടക്കാരുടെയും മേല്പട്ടക്കാരുടെയും വിവാഹവും പുനര്‍വിവാഹവും അനുവദിച്ചുകൊണ്ടുള്ള തീരുമാനവും എടുത്തു. ഇവ രണ്ടും ബര്‍സൗമായുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സഭ നേരത്തേതന്നെ സ്വീകരിച്ചതായിരുന്നു.
അക്കേഫാലി
അഞ്ചാം നൂറ്റാണ്ടിലെ കല്‍ക്കദോന്യ വിവാദത്തിലെ ഒരു വിഘടിത വിഭാഗം. ‘തലയില്ലാത്തവര്‍’ എന്നാണ് വാക്കിന്‍റെ അര്‍ത്ഥം. എ.ഡി. 482-ലെ ഹൈനോത്തിക്കോന്‍ (അനുരഞ്ജനപ്രമാണം) സ്വീകരിച്ചു കല്‍ക്കദോന്യ വിഭാഗവുമായി യോജിച്ച പത്രോസ് മൊങ്ങൂസ്, കുസ്തന്തീനോപ്പോലീസിലെ പാത്രിയര്‍ക്കീസായിരുന്ന അക്കാക്കിയോസുമായി ഐക്യം സ്ഥാപിച്ചു. അക്കാക്കിയോസ് കല്‍ക്കദോന്യ സുന്നഹദോസിനെ സ്വീകരിച്ചിരുന്നു. ഹൈനോത്തിക്കോന്‍റെ അടിസ്ഥാനത്തില്‍ സഭാസമാധാനത്തിന് കല്‍ക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ അക്കാക്കിയോസ്, പത്രോസ് മൊങ്ങൂസിനെക്കൊണ്ട് സുന്നഹദോസിനെ അംഗീകരിപ്പിച്ച ശേഷമായിരുന്നു ഐക്യത്തിനു വശംവദനായത്. ഈ വസ്തുത മനസ്സിലാക്കിയ ഈജിപ്റ്റിലെ സന്യാസിമാരില്‍ ഒരു വലിയ പങ്ക് പത്രോസുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇവരെ څഅക്കേഫാലിچ (തലയില്ലാത്തവര്‍) എന്ന് എതിരാളികള്‍ വിളിച്ചു. ഇതില്‍ അമര്‍ഷംപൂണ്ട് ഇവര്‍ മറ്റൊരു പാത്രിയര്‍ക്കീസിനെ പത്രോസിന്‍റെ സ്ഥാനത്ത് നിയമിക്കുവാന്‍വരെ ആലോചന നടത്തി. എന്നാല്‍ പലരുടെയും സമ്മര്‍ദ്ദംമൂലം അവര്‍ ആ പരിപാടി ഉപേക്ഷിച്ചു. അക്കേഫാലിയുടെ വാദമുഖങ്ങള്‍ ഇവയായിരുന്നു: ڇഹൈനോത്തിക്കോന്‍ അടിസ്ഥാനമാക്കി സഭാസമാധാനത്തിനു കല്‍ക്കദോന്യ സുന്നഹദോസിനെ സ്വീകരിക്കേണ്ട ആവിശ്യമില്ലാതിരിക്കെ പത്രോസ് കല്‍ക്കദോന്യ സുന്നഹദോസിനെ സ്വീകരിച്ചത് തെറ്റായിപ്പോയി. അതുകൊണ്ട് സുന്നഹദോസിനെ രേഖാമൂലം ഉപേക്ഷിക്കാതെ ഹൈനോത്തിക്കോന്‍റെ അടിസ്ഥാനത്തില്‍ മാത്രം സമാധാനത്തിനു വഴിപ്പെട്ടു കൂടാത്തതാകുന്നു.ڈ څഅക്കോഫാലിچ യുടെ എതിര്‍പ്പ്. പത്രോസിന്‍റെ മരണത്തോടുകൂടി അവസാനിച്ചു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയുമായി യോജിച്ചു കലഹം അവസാനിപ്പിച്ചു.
അക്വിനാസ് തോമസ്, വിശുദ്ധ (1224-1274)
കത്തോലിക്കാസഭയിലെ ഏറ്റവും പ്രസിദ്ധരായ വേദശാസ്ത്രജ്ഞരില്‍ ഒരാള്‍. “സ്കൊളാസ്റ്റിസിസം” എന്ന വേദശാസ്ത്രസമീപനത്തിന്‍റെ പ്രധാന ഉപജ്ഞാതാവ്. ഇറ്റലിയില്‍ ജനിച്ചു. നേപ്പിള്‍സില്‍ പഠിച്ചു. 1244-ല്‍ ഡൊമിനിക്കന്‍ സന്യാസിയായി. പിന്നീട് ആല്‍ബര്‍ട്ട്സ് മാഗ്നസിന്‍റെ കീഴില്‍ പാരീസില്‍ പഠിച്ചു. വേദശാസ്ത്രപഠനത്തില്‍ മുഴുകി; വേദശാസ്ത്രപ്രബന്ധങ്ങള്‍ രചിച്ചു. ക്രിസ്തവേതരരെ നേരിടാനെഴുതിയ ഗ്രന്ഥമാണ് ‘സുമ്മാ കോണ്‍ട്രാ ജന്‍ടൈല്‍സ്’. ഇദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച കൃതി ‘സുമ്മാ തിയോളജിയാ’യാണ്. ക്രിസ്തീയമായ വെളിപാടിനെ സ്വകീയവിധത്തില്‍ ചിട്ടപ്പെടുത്തുകയും അതിനു തത്ത്വചിന്താപരമായ അടിയുറപ്പു നല്‍കുകയും ചെയ്തു. ദൈവത്തിന്‍റ അസ്തിത്വത്തെ തെളിയിക്കുന്നതിന് അഞ്ചു ന്യായങ്ങള്‍ അക്വിനാസ് ഉന്നയിച്ചു: 1. ദൈവത്തെ പൂര്‍ണ്ണമായി അറിയുവാന്‍ മനുഷ്യനു സാദ്ധ്യമല്ല. 2. പാപമൊഴിച്ച് സര്‍വ്വത്തിന്‍റെയും ആദികാരണന്‍ ദൈവമാണ്. 3. മനുഷ്യനു പരിമിതമായ സ്വാതന്ത്ര്യമേ ഉള്ളൂ. 4. ഈ സ്വാതന്ത്ര്യം നന്മയ്ക്കോ തിന്മയ്ക്കോ വേണ്ടി ഉപയോഗിക്കാം. 5. എങ്കിലും ദൈവകാരുണ്യമാണ് മനുഷ്യന്‍റെ ഏക അവലംബം. ദൈവവിജ്ഞാനീയം, യുക്തിശാസ്ത്രം, ധര്‍മ്മശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് അക്വിനാസ് ആധികാരികമായി പ്രതിപാദിച്ചിട്ടുണ്ട്. 1273-ല്‍ രോഗബാധിതനാവുന്നതുവരെയും ഇദ്ദേഹം രചനകള്‍ നടത്തിക്കൊണ്ടിരുന്നു. അറിവിന്‍റെ പരകോടിയിലെത്തിയപ്പോള്‍ ഇദ്ദേഹം മൗനം പാലിക്കുകയാണുണ്ടായത്. 1274-ല്‍ നിര്യാതനായി.
അക്വില്ല
വി. പൗലോസ് ശ്ലീഹാ കൊരിന്തില്‍വെച്ച് കണ്ടുമുട്ടിയ പൊന്തോസ്കാരനായ ഒരു യഹൂദന്‍ (അപ്പോ. പ്ര. 18:1-4). എ.ഡി. 49/52 -ല്‍ റോമന്‍ കൈസറായ ക്ലൗദ്യോസിന്‍റെ ഉത്തരവനുസരിച്ച് ഭാര്യയായ പ്രിസ്ക്കില്ലയോടുകൂടി ഇദ്ദേഹം, കൊരിന്തിലേക്കു പോയി. കൂടാരപ്പണിയായിരുന്നു കുലത്തൊഴില്‍. വി. പൗലോസിന്‍റെ ഉറ്റമിത്രവും സഹപ്രവര്‍ത്തകനുമായ ഇദ്ദേഹം തുടക്കത്തില്‍തന്നെ ക്രിസ്തുമതം സ്വീകരിച്ച ഒരു ആദ്യകാല ക്രൈസ്തവനാണ്. ക്രിസ്തുയേശുവില്‍ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്ക്കില്ലയെയും അക്വില്ലാവെയും വന്ദനം ചെയ്യുവിന്‍ എന്ന് പൗലോസ് പറയുന്നു (റോമ. 16:34).
അക്സ്നോയോ
ഈ സുറിയാനി വക്കിന്‍റെ അര്‍ത്ഥം പരദേശി, അന്യന്‍ എന്നിവയാണ്. പരദേശവാസികളെ ഈ പദംകൊണ്ട് വിശേഷിപ്പിക്കുന്നു. വേദചിന്തയില്‍, സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളല്ലാത്തവരെ ഈ പദം സൂചിപ്പിക്കുന്നു. അതുകൊണ്ട് പല പ്രാര്‍ത്ഥനകളിലും ഞങ്ങളെ അന്യരും പരദേശികളുമായി തളളികളയരുതേ എന്ന അപേക്ഷ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം (AMOS)
മലങ്കരസഭയിലെ ശുശ്രൂഷകരുടെ കൂട്ടായ്മ. മദ്ബഹായില്‍ ശുശ്രൂഷിക്കുന്ന ആള്‍ത്താര ബാലന്മാര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുക എന്നതാണ് ലക്ഷ്യം. എല്ലാ ഇടവകകളിലും യൂണിറ്റുള്ള ഈ സംഘത്തിന്‍റെ ഭദ്രാസന-സോണല്‍ തല ക്യാമ്പുകളിലൂടെയും വാര്‍ഷിക കൂട്ടായ്മയിലൂടെയും പരിശീലനങ്ങളും പ്രബോധനങ്ങളും നല്‍കിവരുന്നു.
അഖിലലോക കൗണ്‍സില്‍, സഭകളുടെ (WCC)
ക്രൈസ്തവസഭകളുടെ അഖിലലോകസംഘടന. റോമന്‍ കത്തോലിക്കാസഭ, സാല്‍വേഷന്‍ ആര്‍മി എന്നിവ ഒഴികെയുള്ള 322 ക്രൈസ്തവസഭകള്‍ ഉള്‍പ്പെട്ട ആഗോളപ്രസ്ഥാനം. 1948 ആഗസ്റ്റ് 23-ന് ആംസ്റ്റര്‍ഡാമില്‍ വച്ച് സ്ഥാപിതമായി. ത്രിത്വവിശ്വാസത്തോടൊപ്പം യേശുക്രിസ്തുവിനെ ദൈവപുത്രനും രക്ഷകനുമായി അംഗീകരിക്കുന്ന ക്രൈസ്തവസഭകള്‍ക്ക് ഇതില്‍ അംഗത്വത്തിനപേക്ഷിക്കാം. യേശുക്രിസ്തുവിനെ ദൈവവും രക്ഷിതാവുമായി തിരുവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റുപറയുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിനു മഹത്ത്വം കരേറ്റത്തക്കവിധം തങ്ങളുടെ പൊതുനിയോഗം സാക്ഷാത്ക്കരിക്കാന്‍ കൂട്ടായി യത്നിക്കുകയും ചെയ്യുന്ന സഭകളുടെ കൂട്ടായ്മയാണ് കൗണ്‍സില്‍ എന്നു ഭരണഘടനയില്‍ നിര്‍വ്വചിക്കുന്നു. സഭകളുടെ അഖിലലോക സംഘടന എന്ന നിലയില്‍ അന്താരാഷ്ട്രരംഗത്ത് ക്രിസ്തീയചൈതന്യത്തിനും ലോകസമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ശക്തമായ നിലയില്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
വൈവിദ്ധ്യമാര്‍ന്ന സാംസ്കാരിക പശ്ചാത്തലങ്ങളോടും പാരമ്പ്യങ്ങളോടും കൂടിയ വിവിധ സഭകള്‍ ഇതില്‍ അംഗങ്ങളാണ്. വ്യത്യസ്ത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പുലരുന്ന വിവിധ രാജ്യങ്ങളിലായി അംഗസഭകള്‍ ചിതറിക്കിടക്കുന്നു. ക്രിസ്തീയ സാക്ഷ്യത്തിലും സേവനത്തിലും ഉറ്റു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അംഗസഭകള്‍ പ്രതിജ്ഞാബദ്ധരാണ്. ദൃശ്യമായ സഭൈക്യമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ അംഗസഭകള്‍ കൂട്ടായി യത്നിക്കുന്നു.
ക്രൈസ്തവസഭകളിലെ ഭിന്നത സുവിശേഷസാക്ഷ്യത്തിനും ക്രിസ്തുവിന്‍റെ മഹാപുരോഹിതപ്രാര്‍ത്ഥനയിലെ മുഖ്യാഭിലാഷത്തിനും വിരുദ്ധമാണെന്ന ബോദ്ധ്യം വളര്‍ന്നുവന്നതോടെ സഭകളില്‍ ഐക്യത്തിനായുള്ള ആഗ്രഹം വളര്‍ന്നു. വേദപുസ്തകസമൂഹം, ആഗോള വൈ.എം.സി.എ., വൈ.ഡബ്ലിയു.സി.എ., അഖിലലോക ക്രൈസ്തവ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമെല്ലാം സഭകളുടെ ഐക്യവും സഹകരണവും വിഭാവനം ചെയ്ത സംയുക്ത വേദികളാണ്.
1910-ല്‍ എഡിന്‍ബറോയില്‍ ചേര്‍ന്ന ലോകമിഷനറി സമ്മേളനത്തെത്തുടര്‍ന്ന് സഭകളുടെ ഐക്യാഭിവാഞ്ഛ സംഘടനാരൂപം പൂണ്ടു. 1920-കളില്‍ ഇന്‍റര്‍നാഷണല്‍ മിഷനറി കൗണ്‍സില്‍, ലൈഫ് ആന്‍ഡ് വര്‍ക്ക് പ്രസ്ഥാനം, ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ (വിശ്വാസവും പട്ടത്വവും) പ്രസ്ഥാനം എന്നിവ ഉടലെടുത്തു. വിദേശമിഷനറി സമൂഹങ്ങളെയും ദേശീയ സഭാകൗണ്‍സിലുകളെയും, കൗണ്‍സില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. അടിയന്തിര സാമൂഹ്യപ്രശ്നങ്ങളുടെ നടുവില്‍ ക്രൈസ്തവ ഉത്തരവാദിത്വം മനസ്സിലാക്കാന്‍ ‘ലൈഫ് ആന്‍ഡ് വര്‍ക്ക് പ്രസ്ഥാനം’ പ്രയത്നിച്ചു. ‘ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ പ്രസ്ഥാനമാകട്ടെ ഉപദേശങ്ങളും അധികാരങ്ങളും സംബന്ധിച്ച് നിലവിലിരുന്ന അഭിപ്രായഭിന്നതകള്‍ കൈകാര്യം ചെയ്യുവാന്‍ പരിശ്രമിച്ചു.
‘ഓയ്ക്കുമെനെ’ എന്ന ഗ്രീക്ക് പദമാണ് എക്യുമെനിക്കല്‍ ആശയത്തിന്‍റെ മൂലം. ‘ജനാധിവാസമുള്ള ഭൂമി മുഴുവന്‍’ എന്നാണതിന്‍റെ അര്‍ത്ഥം. അങ്ങനെ എക്യുമെനിക്കല്‍ എന്ന പദത്തിന്‍റെ വ്യാപ്തി വിശ്വത്തിന്‍റെ അതിര്‍ത്തികള്‍ വരെ ചെന്നെത്തുന്നു. ആദ്യഘട്ടത്തില്‍ സഭകളെയും സഭകളുടെ ഐക്യത്തെയും പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചുവന്ന പ്രസ്തുതപദം പിന്നീട് സഭകള്‍ക്കു പുറമേ വിവിധ സംസ്കാരങ്ങളും, മതങ്ങളും, പ്രത്യയശാസ്ത്രങ്ങളും, പരിസ്ഥിതിയും, പ്രകൃതി തന്നെയും സംയുക്തമായി ഉള്‍ക്കൊള്ളുന്ന ഒരാശയമായി വളര്‍ന്നിരിക്കുന്നു.
നൂറ്റാണ്ടുകളോളം ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ പിടിയിലമര്‍ന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് 1920-ല്‍ സഭകള്‍ക്കയച്ച ചാക്രികലേഖനത്തില്‍, സഭകളുടെ സഖ്യം രൂപവത്ക്കരിക്കുവാന്‍ ആഹ്വാനം നല്‍കി. ജെ.എച്ച്. ഓള്‍ഡാം, ബിഷപ്പ് ചാള്‍സ് ഹെന്‍റി ബ്രെന്‍റ്, ആര്‍ച്ച് ബിഷപ്പ് നാഥാന്‍ സോഡര്‍ബ്ലം, ജോണ്‍ ആര്‍. മോട്ട്, ഡോ. ഡബ്ലിയു.എ. വിസ്സേര്‍ട്ട് ഹൂഫ്റ്റ്, ആര്‍ച്ച് ബിഷപ്പ് ജര്‍മാനോസ്, ആര്ച്ച് ബിഷപ്പ് വില്യം ടെമ്പിള്‍ തുടങ്ങിയവര്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകരാണ്.
1937-ല്‍ ഓക്സ്ഫോര്‍ഡില്‍ വച്ചു നടന്ന ‘ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ സമ്മേളനവും, എഡിന്‍ബറോയില്‍ വച്ചു നടന്ന ‘ലൈഫ് ആന്‍ഡ് വര്‍ക്ക്’ സമ്മേളനവുമാണ് സഭാകൗണ്‍സിലിന്‍റെ രൂപീകരണത്തിന് കാരണഭൂതമായത്. ‘ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ സമ്മേളനത്തില്‍ ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, ആംഗ്ലിക്കന്‍ സഭാവിഭാഗങ്ങളില്‍പ്പെട്ട നൂറില്‍പരം സഭകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ ഉണ്ടാകണമെന്ന് ഈ സമ്മേളനം തീരുമാനമെടുത്തു. ഇങ്ങനെ ഒരു സുപ്രധാന തീരുമാനമെടുത്തതില്‍ പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായും അലക്സിയോസ് റമ്പാന്‍ (പിന്നീട് അലക്സിയോസ് മാര്‍ തേവോദോസ്യോസ്), സി.എം. തോമസ് റമ്പാന്‍ (പിന്നീട് തോമാ മാര്‍ ദീവന്നാസ്യോസ്), ഡീക്കന്‍ കെ. ഫീലിപ്പോസ് (പിന്നീട് ഫീലിപ്പോസ് മാര്‍ തെയോഫിലോസ്) എന്നിവരും ഉള്‍പ്പെട്ട മലങ്കരസഭാ പ്രതിനിധിസംഘത്തിന്‍റെ സജീവമായ ഭാഗഭാഗിത്വം ഉണ്ടായിരുന്നു. അന്നുമുതല്‍ ആരംഭിച്ച ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ഫോര്‍മേഷന്‍റെ’ കണ്ടിന്യൂയേഷന്‍ കമ്മറ്റിയില്‍ അലക്സിയോസ് റമ്പാന്‍ അംഗമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അധികം താമസിയാതെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ കൗണ്‍സിലിന്‍റെ ഉദ്ഘാടനം നടക്കാന്‍ പതിനൊന്നു ദീര്‍ഘവത്സരങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഡോ. വിസ്സേര്‍ട്ട് ഹൂഫ്റ്റ് സെക്രട്ടറിയായി ആരംഭിച്ച കണ്ടിന്യൂയേഷന്‍ കമ്മറ്റിയില്‍ അലക്സിയോസ് റമ്പാന്‍ ഈ കാലമത്രയും അംഗമായി തുടര്‍ന്നു. യുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന് 1948 ആഗസ്റ്റില്‍ 147 ക്രൈസ്തവസഭകളുടെ പ്രതിനിധികള്‍ ആംസ്റ്റര്‍ഡാമില്‍ സമ്മേളിച്ച് ‘സഭകളുടെ അഖിലലോക കൗണ്‍സില്‍’ (ണ.ഇ.ഇ.) രൂപവത്ക്കരിച്ചു. അഖിലലോക സഭാകൗണ്‍സിലിന് രൂപകല്പന നല്‍കുകയും ഓക്സ്ഫോര്‍ഡ്, എഡിന്‍ബറോ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷനായിരിക്കുകയും ചെയ്ത ഡോ. ഡബ്ലിയു.എ. വിസ്സേര്‍ട്ട് ഹൂഫ്റ്റിനെ കൗണ്‍സിലിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഈ സമ്മേളനത്തില്‍ മലങ്കരസഭയെ പ്രതിനിധീകരിച്ച് അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ, ഫാ. കെ. ഫീലിപ്പോസ് എന്നിവര്‍ പങ്കെടുത്തു. കൗണ്‍സിലിന്‍റെ പ്രസിഡണ്ടുമാരില്‍ ഒരാളായി മലങ്കരസഭാംഗമായ മിസ് സാറാ ചാക്കോയും, കേന്ദ്രസമിതിയിലേക്ക് അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായും തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അങ്ങനെ കൗണ്‍സിലിന്‍റെ സ്ഥാപകാംഗങ്ങളില്‍ ഒന്നായി തീര്‍ന്നു.
ക്രൈസ്തവസഭകള്‍ തമ്മില്‍ പരസ്പരധാരണ വളര്‍ത്തുവാനും സഹകരിച്ചു പ്രവര്‍ത്തിക്കുവാനും പ്രേരണ നല്‍കുന്ന കൗണ്‍സിലിന് അംഗസഭകളുടെ മേല്‍ യാതൊരു അധികാരവുമില്ല. കൗണ്‍സിലിന്‍റെ ആസ്ഥാനം ജനീവയിലാണ്. 300-ല്‍ പരം ജീവനക്കാര്‍ കൗണ്‍സില്‍ ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നു. കൗണ്‍സിലിന്‍റെ ജനറല്‍ അസംബ്ലി ഏഴുവര്‍ഷത്തിലൊരിക്കല്‍ കൂടുന്നു. അംഗസഭകളില്‍നിന്ന് പൊതുവായി തിരഞ്ഞടുക്കപ്പെടുന്ന കേന്ദ്രസമിതി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നു. കൗണ്‍സിലിന്‍റെ ജനറല്‍ സെക്രട്ടറിമാരായി ഡബ്ലിയു.എ. വിസ്സേര്‍ട്ട് ഹൂഫ്റ്റ്, ഡോ. യൂജിന്‍ കാഴ്സണ്‍ ബ്ലേക്ക്, ഫിലിപ്പ് പോര്‍ട്ടര്‍, എമിലിയോ കാസ്ട്രോ, കോണ്‍റാഡ് റേസര്‍, സാമുവേല്‍ കോമ്പിയ എന്നിവര്‍ പ്രവര്‍ത്തിച്ചു. ഓലവ് ഫൈക്സെ ടവിയറ്റ് സെക്രട്ടറിയായി 2010 ജനുവരി മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആംസ്റ്റര്‍ഡാമില്‍ (1948) നടന്ന ആദ്യ അസംബ്ലിക്കു ശേഷം ഇവാന്‍സ്റ്റണ്‍ (1954), ന്യൂഡല്‍ഹി (1961), ഉപ്സാല (1968), നൈറോബി (1975), വാന്‍കൂവര്‍ (1983), കാന്‍ബറാ (1991), ഹരാരെ (1998), ബ്രസീലിലെ പോര്‍ട്ടോ-അലഗ്രേ (2006), സൌത്ത് കൊറിയയിലെ ബുസാന്‍ (2013) എന്നിവിടങ്ങളില്‍ വച്ച് അസംബ്ലി സമ്മേളിച്ചു.
മലങ്കരസഭാംഗങ്ങളായ മിസ്. സാറാ ചാക്കോ, ഫാ. പോള്‍ വര്‍ഗീസ്, സി. ഐ. ഇട്ടി, ഫാ. കെ.സി. ജോസഫ്, ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവര്‍ കൗണ്‍സില്‍ ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭയിലും സമൂഹത്തിലും സ്ത്രീപുരുഷ സഹകരണം ഊര്‍ജ്ജിതമാക്കാനുള്ള കൗണ്‍സിലിന്‍റെ പദ്ധതിയുടെ ആദ്യ സ്റ്റാഫ് ഡയറക്ടറായിരുന്നു മിസ് സാറാ ചാക്കോ. 56 രാജ്യങ്ങളിലെ സ്ത്രീകളുടെ സ്ഥിതി സംബന്ധിച്ച് അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വനിതകളെ സംബന്ധിച്ചുള്ള ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വികസനത്തിന് സഹായകമായി. കൗണ്‍സിലിന്‍റെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയും ‘ഡിവിഷന്‍ ഓഫ് എക്യുമെനിക്കല്‍ ആക്ഷന്‍റെ’ ഡയറക്ടറുമായിരുന്നു ഫാ. പോള്‍ വര്‍ഗീസ് (പിന്നീട് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ). വര്‍ഗ്ഗവിവേചനത്തിനെതിരെ പൊരുതുന്ന പരിപാടിയുടെ ആസൂത്രകരില്‍ ഒരാളും, ഇതര മതവിഭാഗങ്ങളുമായി സംവാദം നടത്തുന്ന ഗ്രൂപ്പിന്‍റെ വക്താവുമായിരുന്നു അദ്ദേഹം. ബോസ്സെ ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെയും കൗണ്‍സിലിന്‍റെ വിവിധ ഡലിഗേഷനുകളുടെയും നേതൃത്വവും അദ്ദേഹം വഹിച്ചിരുന്നു. സി.ഐ. ഇട്ടി, ‘വികസനത്തിന്‍റെ ജനപങ്കാളിത്തം’ സംബന്ധിച്ച കമ്മീഷന്‍റെ ഡയറക്ടറായി ദീര്‍ഘസംവത്സരങ്ങള്‍ സേവനമനുഷ്ഠിച്ചു. കൗണ്‍സിലിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ. കെ.സി. ജോസഫ് അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് ബോസ്സെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രൊഫസറായും സേവനം നടത്തി.
എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ മുന്നണി നേതാവായ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കൗണ്‍ലിലിന്‍റെ ഏഴു പ്രസിഡണ്ടുമാരില്‍ ഒരാളായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു (1983-1991). സെന്‍ട്രല്‍ കമ്മറ്റിയംഗമായും (1968-1991), എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായും (1975-1991), ‘ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ കമ്മീഷന്‍ അംഗമായും (1968-1975), ‘ചര്‍ച്ച് ആന്‍ഡ് സൊസൈറ്റി’ ഡിപ്പാര്‍ട്ട്മെന്‍റ് മോഡറേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായും, ഡോ. എല്‍സി ഫിലിപ്പും, ഫാ. ഡോ. കെ.എം. ജോര്‍ജ്ജും കൗണ്‍സിലിന്‍റെ സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളായി പ്രവര്‍ത്തിച്ചു. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ കൗണ്‍സിലിന്‍റെ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഫാ. ഡോ. വി.സി. ശമുവേലും, ഫാ. ഡോ. ജോണ്‍സ് എബ്രഹാമും, ‘ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ കമ്മീഷന്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു. ഫാ. ഡോ. ജേക്കബ് കുര്യന്‍ ‘ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ അംഗമായും സ്റ്റാന്‍ഡിങ് കമ്മീഷന്‍ മെമ്പറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്താ കൗണ്‍സിലിന്‍റെ സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്.
അഗ്നിനരകം
യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും പാരമ്പര്യമനുസരിച്ച് മരണാനന്തരം പാപികള്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയാണ് അഗ്നിനരകത്തിലേക്കു തള്ളപ്പെടുക എന്നത്. യെരുശലേമിലെ ഹിന്നോം താഴ്വരയില്‍ ചപ്പുകള്‍ കൂട്ടി തീയിടുക പതിവായിരുന്നു. അത് എപ്പോഴും കത്തിക്കൊണ്ടിരിക്കുന്നതിനെ അടിസ്ഥാനമാക്കി നരകത്തിലും കെടാത്ത തീ കത്തുന്നു എന്ന ആശയമുണ്ടായി.
“അവര്‍ പുറപ്പെട്ടുചെന്ന് എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും. അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍ സകല ജഡത്തിനും അറപ്പായിരിക്കും” (യെശ. 66:24) എന്ന് യെശയ്യാ പ്രവാചകന്‍ പറയുന്നു. അന്ത്യന്യായവിധി നടക്കുമ്പോള്‍ ഇടത്തുഭാഗത്തുള്ളവരോട് വിധികര്‍ത്താവ് പറയുന്നത് “ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍” (മത്താ. 25:41) എന്നാണ്. കളകളെക്കുറിച്ചുള്ള ഉപമയില്‍ “എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്ത് തീച്ചൂളയില്‍ ഇട്ടുകളയും” (മത്താ. 13:42) എന്ന് പറയുന്നു. എതിരാളികളെ ദഹിപ്പിക്കുന്ന ക്രോധാഗ്നിയെപ്പറ്റി എബ്രായ ലേഖനകര്‍ത്താവ് പറയുന്നുണ്ട് (എബ്രാ. 10:27). പാപികള്‍ക്കുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയുമാണ് (വെളി. 21:8) എന്ന് വെളിപാടു പുസ്തകത്തില്‍ പറയുന്നു.
ദൈവം കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം ദുര്‍വ്വിനിയോഗം ചെയ്ത് പാപത്തില്‍ ജീവിക്കുന്നവര്‍, സ്വര്‍ഗ്ഗീയാനന്ദം നഷ്ടപ്പെടുത്തി തുടര്‍ച്ചയായി ഹൃദയവേദന അനുഭവിക്കുന്നു. അവരുടെ വേദന കെടാത്ത അഗ്നികൊണ്ട് പൊള്ളുന്നതു പോലെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ ധനവാന്‍ പാതാളത്തിലെ യാതന അനുഭവിക്കുന്നതായും ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നതായും കാണുന്നു (ലൂക്കോ. 16:19-31).
അഗ്നിമയര്‍
മാലാഖമാരെ അഗ്നിമയര്‍ എന്നു വിശേഷിപ്പിക്കുന്നു. പദാര്‍ത്ഥമയരല്ലാത്ത അവര്‍ തേജോധാരികളായതുകൊണ്ടാണ് ഈ വിശേഷണം അവര്‍ക്കു നല്‍കിയിട്ടുള്ളത്.
അങ്കമാലി, കേരളക്രൈസ്തവ ചരിത്രത്തില്‍
പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പ് മലങ്കരസഭയുടെ തലസ്ഥാനം. എറണാകുളം ജില്ലയില്‍ ആലുവായില്‍നിന്ന് പതിനേഴു കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്നു. അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും ഗീവറുഗീസ് സഹദായുടെ നാമത്തില്‍ ഒരു ദേവാലയം ഇവിടെ നിലനിന്നു പോന്നു. ക്രി.വ. 1568-ല്‍ മലങ്കരയിലേക്കു വന്ന പേര്‍ഷ്യന്‍ മെത്രാന്‍ മാര്‍ അബ്രഹാമിന്‍റെ കാലത്ത് മെത്രാപ്പോലീത്തായുടെ ആസ്ഥാനമായിരുന്നു അങ്കമാലി. 1597-ല്‍ അദ്ദേഹം നിര്യാതനായി അങ്കമാലിയില്‍ കബറടങ്ങി. അങ്കമാലി ചെറിയ പള്ളി ഗീവറുഗീസ് അര്‍ക്കദിയാക്കോന്‍ പണികഴിപ്പിച്ചതാണ്. ഒന്നാം മാര്‍ത്തോമ്മാ ഇവിടെയാണ് സംസ്ക്കരിക്കപ്പെട്ടിരിക്കുന്നത്.
പതിന്നാലാം നൂറ്റാണ്ടില്‍ മലബാര്‍ സന്ദര്‍ശിച്ച മോണ്ടി കാര്‍ണിയാരോ എന്ന വിദേശസഞ്ചാരിയുടെ വിവരണത്തില്‍നിന്ന് അങ്കമാലിയില്‍ ഒരു വേദശാസ്ത്ര പഠനകേന്ദ്രം ഉണ്ടായിരുന്നതായി മനസ്സിലാകുന്നു. 1599-ലെ സുന്നഹദോസ്, ഉദയംപേരൂര്‍ വച്ചു നടത്തുന്നതിനു പകരം സുറിയാനിക്കാരുടെ കേന്ദ്രമായിരുന്ന അങ്കമാലിയില്‍ നടത്തണമെന്ന് അര്‍ക്കദിയാക്കോനും അനുയായികളും ആഗ്രഹിച്ചുവെങ്കിലും പോര്‍ട്ടുഗീസുകാര്‍ അതിനു സമ്മതിച്ചില്ല. പിന്നീടുണ്ടായ രാഷ്ട്രീയ, സഭാ സാഹചര്യങ്ങള്‍ നിമിത്തം മലങ്കരസഭാതലവന്മാര്‍ (അര്‍ക്കദിയാക്കോന്മാരും മാര്‍ത്തോമ്മാമാരും) അവരുടെ ആസ്ഥാനം കണ്ടനാട്ടേക്കു മാറ്റി.
1876-ല്‍ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരസഭയെ ഏഴ് ഭദ്രാസനങ്ങളായി വിഭജിച്ചപ്പോള്‍ അതില്‍ ഒരെണ്ണത്തിന് ‘അങ്കമാലി ഭദ്രാസനം’ എന്നു പേരു നല്‍കുകയും അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസിനെ അതിന്‍റെ മെത്രാപ്പോലീത്തായായി നിയമിക്കുകയും ചെയ്തു.
1897-ല്‍ അങ്കമാലിയില്‍ സുറിയാനിക്കത്തോലിക്കരുടെ ഒരു യോഗം നടന്നു. അതിലെ നിശ്ചയങ്ങളെയാണ് ‘അങ്കമാലി പടിയോല’ എന്നു പറയുന്നത്.
ഇന്ന് കത്തോലിക്കാസഭയ്ക്കും ഓര്‍ത്തഡോക്സ് സഭയ്ക്കും അങ്കമാലിയില്‍ വേറെവേറെ പള്ളികളുണ്ട്. പുരാതനമായ പേരു നിലനിര്‍ത്തുന്ന വിധത്തില്‍ മലങ്കരസഭയ്ക്ക് ഇന്നും ‘അങ്കമാലി ഭദ്രാസനം’ ഉണ്ട്.
‘അങ്കമാലി നിരണം മുതല്‍’
മുന്‍കാലങ്ങളില്‍ നസ്രാണികളുടെ പൊതുയോഗങ്ങളുടെ പടിയോലകളില്‍ (മിനിറ്റ്സില്‍) ആദ്യം അങ്കമാലിയും രണ്ടാമത് നിരണവും തുടര്‍ന്ന് മറ്റു പള്ളികളുമാണ് ഒപ്പിടുക പതിവുണ്ടായിരുന്നത്. അര്‍ക്കദിയാക്കോന്‍റെ ആസ്ഥാനം എന്ന നിലയിലും വടക്കന്‍ഭാഗത്തെ തലപ്പള്ളി എന്ന നിലയിലുമാണ് അങ്കമാലിക്ക് ഒന്നാം സ്ഥാനം കിട്ടിയത്. തെക്കന്‍പ്രദേശത്തെ തലപ്പള്ളി എന്ന നിലയിലാണ് നിരണത്തിനു രണ്ടാം സ്ഥാനം ലഭിച്ചത്. ‘അങ്കമാലി നിരണം മുതല്‍’ എന്നാണ് ഇതിനെക്കുറിച്ച് മുന്‍കാലങ്ങളില്‍ പറഞ്ഞിരുന്നത്.
അങ്കമാലി ഭദ്രാസനം
മലങ്കരയില്‍ ആദിമുതല്‍ക്കേ സമുന്നതമായ സ്ഥാനമലങ്കരിച്ചിരുന്ന പട്ടണമാണ് അങ്കമാലി. പോര്‍ട്ടുഗീസുകാരുമായി മലങ്കരസഭ ബന്ധപ്പെടുന്ന സമയത്ത് അര്‍ക്കദിയാക്കോന്മാരുടെ ആസ്ഥാനം അങ്കമാലി ആയിരുന്നു.
മലങ്കരസഭയില്‍ ഇന്നുള്ള അങ്കമാലി ഭദ്രാസനം രൂപവത്ക്കരിച്ചത് 1876-ലെ മുളന്തുരുത്തി സുന്നഹദോസിനു ശേഷമാണ്. ഒന്നായിരുന്ന മലങ്കരസഭയെ ഭരണ സൗകര്യത്തിനായി ഏഴ് ഭദ്രാസനങ്ങളായി വിഭജിച്ചതില്‍ ഒന്നാണ് അങ്കമാലി ഭദ്രാസനം. 22 പള്ളികള്‍ ചേര്‍ത്താണ് ഈ ഭദ്രാസനം രൂപീകരിച്ചത്. അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസ്, കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ,് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ്, പൗലോസ് മാര്‍ അത്താനാസിയോസ്, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തന്മാര്‍ വിവിധ കാലയളവില്‍ ഭദ്രാസനഭരണം നടത്തി. പൗലോസ് മാര്‍ പക്കോമിയോസ് സഹായ മെത്രാപ്പോലീത്തയായി ദീര്‍ഘകാലം സേവനം ചെയ്തു. ഇപ്പോള്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസാണ് ഭദ്രാസന മെത്രാപ്പോലീത്ത.
ആലുവ തൃക്കുന്നത്തു സെമിനാരി അങ്കമാലി ഭദ്രാസനത്തിന്‍റെ കേന്ദ്രമായി വര്‍ത്തിക്കുന്നു. കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ,് അയ്യമ്പിള്ളില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തന്മാര്‍ ഈ അരമനയില്‍ കബറടങ്ങിയിട്ടുണ്ട്.
അങ്കി
യഹൂദന്മാര്‍ ഒരേ സമയത്ത് രണ്ട് കുപ്പായങ്ങള്‍ ധരിച്ചിരുന്നു. അകത്ത് ധരിച്ചിരുന്നത് ‘അങ്കി’യും, അതിന്‍റെ പുറത്ത് ധരിച്ചിരുന്നത് ‘പുറംകുപ്പാ’യവുമായിരുന്നു. ഗ്രീക്കില്‍ ഇവയ്ക്ക് വ്യത്യസ്ത പേരുകളാണ് പറഞ്ഞുവരുന്നത്. ‘അങ്കി’ (ഠവല ൃീയല) എന്നുമാത്രം എടുത്തുപറഞ്ഞാല്‍ യേശുക്രിസ്തു ധരിച്ചിരുന്ന കുപ്പായത്തെയാണ് അത് സൂചിപ്പിക്കുന്നത്. യേശുക്രിസ്തുവിന്‍റെ അങ്കി തയ്യലില്ലാതെ നെയ്തുണ്ടാക്കിയിരുന്നതാണെന്നും അതിനുവേണ്ടി റോമാ പടയാളികള്‍ നറുക്കിട്ടു എന്നും സുവിശേഷത്തില്‍ കാണാം (യോഹ. 19:23-24). ലോയ്ഡ് സി. ഡഗ്ലാസ് എന്ന ആംഗലേയ സാഹിത്യകാരന്‍ യേശുക്രിസ്തുവിന്‍റ അങ്കിയെ പുരസ്കരിച്ച് എഴുതിയിട്ടുള്ള പ്രസിദ്ധ നോവലിന്‍റെ പേര് ‘അങ്കി’ (ഠവല ൃീയല) എന്നാണ്.
അങ്കോറൈറ്റ്
ക്രൈസ്തവ സന്യാസപ്രസ്ഥാനത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു വിഭാഗം. മതജീവിതത്തോടുള്ള ആഭിമുഖ്യം മൂലം ഇവര്‍ ലോകജീവിതം ഉപേക്ഷിച്ച് ഏകാന്തവാസം നയിക്കുന്നു.
അച്ചന്‍
ഒരു പൂജകപദം. സ്ഥാനവലിപ്പമുള്ളവരെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു. ഹിന്ദുക്കള്‍ പൂജാരികളെ ഇപ്രകാരം സംബോധന ചെയ്തിരുന്നു. ക്രൈസ്തവ പുരോഹിതന്മാരാണ് ഈ പേരില്‍ അറിയപ്പെടുന്നതെങ്കിലും കേരളത്തിലെ ഹിന്ദുക്കള്‍ സ്ഥാനികളെ സംബോധന ചെയ്തിരുന്നത് ഈ പദം ചേര്‍ത്തായിരുന്നു (ഉദാ. പണിക്കരച്ചന്‍). ക്രിസ്ത്യാനികളും ഈ പതിവു തുടര്‍ന്നു (ഉദാ. കത്തനാരച്ചന്‍, മെത്രാച്ചന്‍). നായന്മാര്‍ തങ്ങളുടെ പുരോഹിതന്മാരായ ‘ഇളയതു’മാരെ ‘അച്ചന്‍’ എന്നു സംബോധന ചെയ്യുന്നതിനു സമാനമായി ആയിരിക്കണം ക്രൈസ്തവരും ഈ പതിവു തുടര്‍ന്നത്.
അച്ചാമ്മ ജോണ്‍ മത്തായി (1894-1977)
വൈ.ഡബ്ലിയു.സി.എ.യുടെ ദേശീയ പ്രസിഡന്‍റ്. നിരണം ഇലഞ്ഞിക്കല്‍ ഇ.ജെ. ജോണ്‍ വക്കീലിന്‍റെ പുത്രിയായി 1894-ല്‍ ജനിച്ചു. ഡോ. ജോണ്‍ മത്തായിയുടെ ഭാര്യയും ഇ. ജോണ്‍ കുരുവിള, ഇ. ജോണ്‍ ജേക്കബ് എന്നിവരുടെ സഹോദരിയുമാണ്. ഭര്‍ത്താവിനോടൊപ്പം ബോംബെയില്‍ താമസിക്കുന്ന കാലത്ത് ദാദര്‍ ഓര്‍ത്തഡോക്സ് പളളി സ്ഥാപനത്തിന് നേതൃത്വം കൊടുത്തു. ഇന്ത്യയുടെ വിഭജനകാലത്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന രാജ്കുമാരി അമൃത്കൗറിനോപ്പം അച്ചാമ്മ മത്തായിയും വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ചു. ബോംബെയില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വൈ.ഡബ്ലിയു.സി.എ.യുടെ നാഷണല്‍ പ്രസിഡണ്ടായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ രണ്ടു തവണ സേവനം അനുഷ്ഠിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കു വേണ്ടി പല സുപ്രധാന ഘട്ടങ്ങളിലും പ്രവര്‍ത്തിച്ച ഈ മഹതി 1977-ല്‍ നിര്യാതയായി.
അഞ്ചുവര്‍ണ്ണം (അഞ്ചുവണ്ണം)
തരീസാപ്പള്ളി ശാസനത്തില്‍ പരാമര്‍ശിക്കുന്ന രണ്ടു സംജ്ഞകളാണ് അഞ്ചുവര്‍ണ്ണവും മണിഗ്രാമവും. അഞ്ചുവര്‍ണ്ണക്കാര്‍ അഞ്ചുതരം ചരക്കുകള്‍ വ്യാപാരം ചെയ്തിരുന്ന വാണിജ്യസംഘമാണെന്നു പറയുന്നു. കൊല്ലം പട്ടണത്തില്‍ ചുങ്കം, തരക് ഇവ പിരിച്ചിരുന്നത് ഇവരായിരുന്നു. നഗരത്തിന്‍റെ പ്രതിരോധവും സംരക്ഷണവും കൂടി ഇവരുടെ ചുമതലയിലായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. കൂടാതെ അഞ്ചു കുടികളിലെ കമ്മാളന്മാരുടെ (അയ്ങ്കുടി കമ്മാളരുടെ) രക്ഷയും ശിക്ഷയും ഇവരുടെ ചുമതലയിലായിരുന്നു.
എ.ഡി. 1000-ാം ആണ്ടില്‍ ഭാസ്കര രവിവര്‍മ്മ ക ജോസഫ് റമ്പാനു നല്‍കിയ ജൂതചെപ്പേടില്‍ ഇതെപ്പറ്റി പരാമര്‍ശമുണ്ട്. 12-ാം ശതകമായപ്പോള്‍ ഇതിന്‍റെ പ്രാധാന്യം നഷ്ടപ്പെട്ടു. അഞ്ചു ജാതിയില്‍പെട്ടവരുടെ കൂട്ടം എന്നും, അഞ്ചുതരം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എന്നും ചിലര്‍ ഇതിന് അര്‍ത്ഥം കല്പിക്കുന്നു. (‘മണിഗ്രാമപട്ടക്കാര്‍’ കാണുക).
അടച്ചുതുറപ്പാട്ട്
ക്രിസ്ത്യാനികളുടെ വിവാഹാഘോഷത്തിന്‍റെ ഭാഗമായി കല്യാണം കഴിഞ്ഞ് നാലാം ദിവസത്തെ ‘അടച്ചുതുറ’ എന്ന ചടങ്ങില്‍ പാടിവന്നിരുന്ന ഗാനം. മണവാളന്‍ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി ‘മണവറ’യില്‍ കയറി കതകടച്ചിരിക്കും. അപ്പോള്‍ അമ്മാവിയമ്മ (വധുവിന്‍റെ അമ്മ) പലതരം പാട്ടുകള്‍ പാടി, വാതില്‍ തുറക്കാന്‍ വിനീതയായി അപേക്ഷിക്കും. തുടര്‍ന്ന്
വട്ടക്കിണ്ടിയും തരാം
വട്ടമൊത്ത താലം തരാം
കട്ടില്‍ തരാം മെത്ത തരാം
കണ്ടിരിപ്പാന്‍ വിളക്കു തരാം
പട്ടുചേല ഞാന്‍ തരുവേന്‍
ഭംഗിയൊത്ത മേല്‍വിതാനം
ഇഷ്ടമൊത്തരെന്‍ വകയു-
മിതത്തിനോടെ ഞാന്‍ തരുവേന്‍
ഒത്തവണ്ണം ഞാന്‍ തരുവേ-
നൊന്നിനും കുറവില്ലാതെ
എന്നിങ്ങനെ പലതരം വസ്തുക്കള്‍ ദാനം (ഗോദാനം, സ്വര്‍ണ്ണദാനം, വസ്ത്രദാനം) ചെയ്യാമെന്ന് പറഞ്ഞതിനു ശേഷമേ മണവാളന്‍ വാതില്‍ തുറക്കുകയുള്ളു. എത്ര ഉറക്കെ പാടിയാലും ‘കേട്ടില്ല, കേട്ടില്ല’ എന്നേ മണവാളന്‍റെ തോഴര്‍ പറയൂ. ഇങ്ങനെ അമ്മായവിയമ്മയെ നന്നായി വിഷമിപ്പിക്കാതെ കല്യാണം ഭംഗിയാവുകയില്ലെന്നായിരുന്നു വിശ്വാസം.
കതകടയ്ക്കുമ്പോള്‍ ചില ദിക്കുകളില്‍ പാടിയിരുന്ന പാട്ടിന്‍റെ തുടക്കം ഇതാണ്:
അക്കാലം ബാവായുമ്മായുമായി
പുക്കിതു മോക്ഷമൊരാലയത്തില്‍.
അകത്തുനിന്നു പാടുന്ന പാട്ടുകളിലൊന്ന് ഇങ്ങനെ തുടരുന്നു:
അരചരിരിക്കുന്ന നാള്‍ പെരിയോ-
രിരുവരുമായി മണിയറയില്‍…
അമ്മാവിയമ്മ അരിശം മൂത്ത് ഉറക്കെപ്പാടുന്ന പാട്ടുകളുമുണ്ട്:
അന്‍പനനുകൂലം തമ്പുരാനേ തുണ
ഇമ്പമായി പാടിയടച്ചോരു വാതില്‍
എന്നു തുടങ്ങുന്ന ഗാനശകലം ആ ഇനത്തില്‍ പെടും.
ഈ ചടങ്ങ് ഇപ്പോഴും ക്നാനായക്കാരുടെ ഇടയില്‍ നടപ്പുണ്ട്.
അടിച്ചുകാച്ചുക
ഓര്‍ത്തഡോക്സ് സുറിയാനിസഭയില്‍ വി. കുര്‍ബ്ബാനയ്ക്കുള്ള അപ്പം ഉണ്ടാക്കുന്നതിനെ സൂചിപ്പിക്കുന്നു. ഓരോ കുര്‍ബ്ബാനയ്ക്കും അതതു ദിവസം അപ്പം ഉണ്ടാക്കണമെന്നാണ് നിയമം. വൃത്താകാരത്തിലുള്ള അച്ചിന്മേല്‍ തലേദിവസം പുളിപ്പു ചേര്‍ത്ത് കുഴച്ചുവച്ചിട്ടുള്ള മാവ് പരത്തി, ചൂടാക്കിയ ചട്ടുകത്തിന്മേല്‍ പതിപ്പിക്കുകയും, തീക്കനലിന്‍റെ (സ്റ്റൗവിന്‍റെ) മീതേ അതുയര്‍ത്തിപ്പിടിച്ച് വേവിച്ചെടുക്കുകയും ചെയ്യുന്നു.
അടിമപ്പണം
വിശുദ്ധരുടെ, പ്രത്യേകിച്ച് ദേവാലയനാമഹേതുകരുടെ ആത്മീയരക്ഷയില്‍ കുട്ടികളെ സമര്‍പ്പിക്കുന്ന സമ്പ്രദായത്തില്‍ പള്ളിക്കു കൊടുക്കുന്ന പണം. കുട്ടികളെ അടിമ വച്ച ദേവാലയത്തില്‍ മാതാപിതാക്കളോ ബന്ധുക്കളോ എല്ലാ വര്‍ഷവും ഒരു തുക സ്തോത്രകാഴ്ചയായി സമര്‍പ്പിക്കുന്നു. ഈ തുകയെയാണ് ‘അടിമപ്പണം’ എന്നു പറയുന്നത്. കുട്ടികളുടെ ആത്മീയ സംരക്ഷണം നടത്തുന്നതിന് മാതാപിതാക്കള്‍ നല്‍കുന്ന നന്ദിപ്രകടനമാണിത്.
അടിമ വയ്ക്കുക
വിശുദ്ധരുടെ ആത്മീയ സംരക്ഷണത്തിലും മദ്ധ്യസ്ഥതയിലും കുട്ടികളെ സമര്‍പ്പിക്കുന്ന സമ്പ്രദായം. വിജാതീയ ദേവാലയങ്ങളില്‍ വ്യക്തികളെ അടിമവയ്ക്കുന്ന സമ്പ്രദായം നിലവിലിരുന്നു. ദേവന്‍റെ (ദേവിയുടെ) രൂപം ശരീരത്തില്‍ പച്ചകുത്തുന്നതും പതിവായിരുന്നു. ക്രൈസ്തവരുടെ ഇടയിലും ചില പ്രസിദ്ധ ദേവാലയങ്ങളില്‍ കുട്ടികളെ അടിമ വയ്ക്കുന്ന സമ്പ്രദായം നിലവില്‍ വന്നു. അടിമവയ്ക്കുന്ന സമയത്ത് ദേവാലയത്തില്‍ ഒരു തുക നല്‍കണം. പിന്നീട് ഓരോ വര്‍ഷവും ‘അടിമപ്പണ’വും ദേവാലയത്തില്‍ സമര്‍പ്പിക്കണം. അടിമവയ്ക്കപ്പെട്ട വ്യക്തിയെ ദേവാലയത്തിന് ഒരു തുക നല്‍കി സ്വതന്ത്രനാക്കാം. ഈ സമ്പ്രദായത്തിന് ‘അടിമ വിടര്‍ത്തുക’ എന്നു പറയുന്നു. ആരുടെ നാമത്തില്‍ പള്ളി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരിശുദ്ധന്‍റെ (പരിശുദ്ധയുടെ) മദ്ധ്യസ്ഥതയില്‍ പൈതലിനെ സമര്‍പ്പിക്കുന്നു എന്ന ആശയമാണ് ‘അടിമവയ്ക്കുക’ എന്ന ആചാരത്തിന്‍റെ പിമ്പിലുള്ളത്.
അടിയന്‍, അടിയാന്‍
ജന്മിത്വവും അടിമത്തവും നിലനിന്നിരുന്ന കാലത്ത് ജന്മികളുടെ ആശ്രിതര്‍ അടിമകളായിരുന്നു. അവര്‍ ഉന്നതസ്ഥാനീയരോട് സംസാരിക്കുമ്പോള്‍ ‘അടിയന്‍’ എന്നു സ്വയം വിശേഷിപ്പിക്കും. അവരുടെ വിധേയത്വവും ഭവ്യതയും ഇതിലൂടെ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ മെത്രാപ്പോലീത്താമാരുടെ മുമ്പില്‍ അത്മായക്കാര്‍ ‘അടിയന്‍’ എന്നു വിനയപൂര്‍വ്വം പറഞ്ഞുവന്നിരുന്നു.
അടിയന്തിരം (ശ്രാദ്ധം/ചാത്തം)
വിവാഹം, ഉപനയനം, പുലകുളി, ശ്രാദ്ധം എന്നിവയ്ക്കെല്ലാം അടിയന്തിരം എന്നു പറയാറുണ്ട്. എന്നാല്‍ മലങ്കര നസ്രാണികള്‍ ശ്രാദ്ധം എന്ന അര്‍ത്ഥത്തിലാണ് ഇതു നടത്തുന്നത്. ശ്രാദ്ധം എന്നതിന് ശ്രദ്ധയോടെ ചെയ്യുന്ന ദാനം എന്നര്‍ത്ഥം. പരേതരെ അനുസ്മരിച്ചുകൊണ്ട് മരണത്തിന്‍റെ ഒന്‍പത്, മുപ്പത്, നാല്പത് എന്നീ ദിവസങ്ങളില്‍ മലങ്കരനസ്രാണികള്‍ ഈ ചടങ്ങ് നടത്തുന്നു. ദേവാലയത്തില്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് പരേതന്‍റെ വീട്ടില്‍ പ്രാര്‍ത്ഥനയും സദ്യയുമാണ് ചടങ്ങ്. സാധുക്കള്‍ക്ക് അന്നദാനം നല്‍കിയാല്‍ പരേതന്‍റെ ആത്മാവിനു പുണ്യം കിട്ടുമെന്നാണ് ഭാരതീയവിശ്വാസം. മാത്രമല്ല, പലതരത്തിലുള്ള സേവനങ്ങള്‍ ചെയ്തിട്ടുള്ള ബന്ധുമിത്രാദികളെയും സുഹൃത്തുകളെയും പ്രത്യേകമായി ആദരിക്കാനുള്ള സന്ദര്‍ഭവുമാണിത്.
അഡോപ്ഷനിസം
സമോസാട്ടക്കാരന്‍ പൗലേയുടെ (മൂന്നാം നൂറ്റാണ്ട്) ‘ഡയനമിക് മൊണാര്‍ക്കിയനിസം’ എന്ന വേദശാസ്ത്ര വീക്ഷണത്തില്‍നിന്ന് ഉരുത്തിരിഞ്ഞ വേദവിപരീതം. ദൈവത്തിന്‍റെ വചനം യേശു എന്ന മനുഷ്യന്‍റെമേല്‍ ആവസിച്ച് ദൈവശക്തി (ഡുനാമിസ്) പകര്‍ന്നുകൊടുത്ത് അദ്ദേഹത്തെ ദൈവപുത്രനായി ദത്തെടുത്തു. അതാണ് ദൈവത്തിന്‍റെ മനുഷ്യാവതാരം എന്ന് പൗലേ പഠിപ്പിച്ചു. ഈ അര്‍ത്ഥത്തില്‍ ‘ദത്തെടുക്കല്‍ ക്രിസ്തുശാസ്ത്രം’ എന്ന് ഇതിനെ വിശേഷിപ്പിക്കാം. എ.ഡി. 260-ല്‍ അന്ത്യോക്യയിലെ ബിഷപ്പായിത്തീര്‍ന്ന ഇദ്ദേഹത്തിന്‍റെ ഈ ക്രിസ്തുശാസ്ത്ര വീക്ഷണം അവിടുത്തെ സുന്നഹദോസ് മൂന്നുപ്രാവശ്യം തള്ളിക്കളഞ്ഞു. 268-ല്‍ ഇദ്ദേഹത്തെ സഭാദ്ധ്യക്ഷപദവിയില്‍നിന്ന് ഭ്രഷ്ടനാക്കി. പൗലേയുടെ അഡോപ്ഷനിസം തര്‍സൂസിലെ തിയദോറിന്‍റെയും, മൗപ്സുവെസ്റ്റിയായിലെ തിയദോറിന്‍റെയും, നെസ്തോറിയോസിന്‍റെയും അന്ത്യോക്യന്‍ വേദശാസ്ത്രവീക്ഷണങ്ങള്‍ക്ക് ഊടും പാവും നല്‍കി. സ്പെയിനില്‍ റ്റൊലെദ്രഡായിലെ ആര്‍ച്ച് ബിഷപ്പായിരുന്ന എപ്പിലാഡസ് ലത്തീന്‍സഭയിലേക്ക് എ.ഡി. 785-നോടുകൂടി ഇത് വ്യാപിപ്പിച്ചു. റോമിലെ പോപ്പായിരുന്ന ആഡ്രിയാന്‍ ക (എ.ഡി. 795) ഈ ക്രിസ്തുശാസ്ത്ര വീക്ഷണത്തെ ‘നെസ്തോറിയനിസത്തിന്‍റെ പുനര്‍ജ്ജീവനം’ എന്നാരോപിച്ചുകൊണ്ട് നിരോധിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ അബലാര്‍ഡ്, ഡണ്‍സ് സ്കോട്ടസ്, സുറാന്‍ഡസ് തുടങ്ങിയ പല പാശ്ചാത്യ വേദശാസ്ത്രജ്ഞന്മാരും ഇതിന് ‘സത്യവിശ്വാസ’ത്തിന്‍റെ നിറം കൊടുക്കുവാന്‍ ശ്രമിച്ചു. എങ്കിലും പിതാവാം ദൈവത്തിന്‍റെ സ്വാഭാവിക നിത്യപുത്രനായ ക്രിസ്തുവിനെ ഏതുവിധത്തിലായാലും ദത്തുപുത്രനായി വീക്ഷിക്കുന്നത് ശരിയായ ക്രിസ്തുശാസ്ത്ര വീക്ഷണമല്ലാത്തതിനാല്‍ സഭ എക്കാലത്തും ഇതിനെ വേദവിപരീതമായി പ്രഖ്യാപിച്ചിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടോടുകൂടി ഈ വേദശാസ്ത്രവീക്ഷണം വേദശാസ്ത്രരംഗത്തുനിന്നും പാടേ തിരോധാനം ചെയ്തു.
അത്താനാസ്യോസ്, മാര്‍ (എ.ഡി. 295 – 373)
ക്രൈസ്തവ സഭാചരിത്രത്തിലെ സത്യവിശ്വാസത്തിന്‍റെ സമര്‍ത്ഥനായ പോരാളി. വി. ബസേലിയോസിന്‍റെ ഭാഷയില്‍, ‘സഭയ്ക്കായി നല്‍കപ്പെട്ട ദൈവിക വൈദ്യനും, നാസിയാന്‍സിലെ വി. ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍ ‘സഭയുടെ തൂണും’ ആയ ഇദ്ദേഹത്തിന്‍റെ ജീവിതം സംഭവബഹുലമായിരുന്നു. അലക്സാന്ത്രിയായില്‍ ജനിച്ചു. ബാല്യത്തില്‍ അലക്സന്ത്രയോസ് മെത്രാന്‍റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും വളര്‍ന്നു. പിന്നീട് ആഫ്രിക്കന്‍ മരുഭൂമിയിലെ സന്യാസികളെ തേടി പുറപ്പെട്ട ഇദ്ദേഹം വി.അന്തോണിയോസിന്‍റെ ശിഷ്യനും സഹായിയുമായി. ഈ സഹവാസത്തിന്‍റെ ഊഷ്മളതയാണ് ‘അന്തോണിയോസിന്‍റെ ജീവിതം’ എന്ന കൃതിയില്‍ ഇദ്ദേഹം പ്രകടമാക്കുന്നത്. അലക്സന്ത്രയോസിന്‍റെ സെക്രട്ടറിയും, ശെമ്മാശ്ശനും ആയ ഇദ്ദേഹം ഏറ്റവും അധികം ശ്രദ്ധേയനായത് അറിയൂസിന്‍റെ വേദവിപരീതത്തിന്‍റെ പശ്ചാത്തലത്തിലാണ്. നിഖ്യാസുന്നഹദോസില്‍, പുത്രനാം ദൈവത്തിന് ‘പിതാവിനോടു സാരാംശത്തില്‍ സമത്വമുള്ളവന്‍’ എന്ന വിശേഷണം അംഗീകരിക്കപ്പെട്ടു കിട്ടുവാനും വിശ്വാസപ്രമാണത്തില്‍ അതു ചേര്‍ക്കുവാനും ഇദ്ദേഹം കഠിനമായി പ്രയത്നിച്ചു.
പിന്നീട് അലക്സാന്ത്രിയായിലെ മെത്രാനായിത്തീര്‍ന്ന അത്താനാസ്യോസ്, സത്യവിശ്വാസസംരക്ഷണത്തിനു വേണ്ടി ധീരതയോടെ പോരാടി. പതിനേഴു വര്‍ഷത്തോളം പീഡിപ്പിക്കപ്പെട്ടു. നാടുകടത്തല്‍ അനുഭവിച്ചു. ഇദ്ദേഹത്തിനെതിരേ അറിയൂസുകാരുടെ കുബുദ്ധിതന്ത്രങ്ങള്‍ കണ്ട് മനസ്സുമടുത്ത ജനങ്ങള്‍, അവസാനം ചക്രവര്‍ത്തിയായ വാലന്‍സിന്‍റെയടുക്കല്‍ സമ്മര്‍ദ്ദം ചെലുത്തി, അത്താനാസ്യോസിനെ 366-ല്‍ തിരിച്ചുവരുത്തി. അതുമുതല്‍ താരതമ്യേന സമാധാനപരമായ ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്‍റെ പിന്‍ഗാമിയായി പത്രോസ് എന്ന മെത്രാനെ നിയമിച്ചതിനു ശേഷം 373-ല്‍ കാലം ചെയ്തു.
പഴയനിയമത്തിലെ പല ഗ്രന്ഥങ്ങള്‍ക്കും അത്താനാസ്യോസ് വ്യാഖ്യാനം എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം സങ്കീര്‍ത്തനത്തിനെഴുതിയ വ്യാഖ്യാനം മാത്രമേ ലഭ്യമായിട്ടുള്ളൂ. വിശ്വാസസംവാദപരമായ ‘പുറജാതികള്‍ക്കെതിരേ’ എന്ന കൃതിയും, ‘വചനം ജഡമായതിനെക്കുറിച്ച്’ എന്ന കൃതിയും ആദ്യകാല സൃഷ്ടികളില്‍പെടുന്നു. കൂടാതെ നിഖ്യാ സുന്നഹദോസിന്‍റെ പ്രഖ്യാപനങ്ങള്‍ എന്ന ലേഖനവും, അന്തോനിയോസിന്‍റെ ജീവചരിത്രവും, മറ്റു ചില ലഘുപ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അത്താനാസ്യോസിന്‍റെ ഏറ്റവും വലിയ വേദശാസ്ത്ര സംഭാവന യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ചുള്ള വിശദീകരണവും ദൈവത്വത്തില്‍ പുത്രന്‍ പിതാവിനോടു തുല്യനാണ് എന്ന പ്രഖ്യാപനവുമാണ്.
അത്താനാസ്യോസ് ഗാമോലൊ, പാത്രിയര്‍ക്കീസ് (597-630)
അന്ത്യോക്യന്‍ സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍. എ.ഡി. 597-ല്‍ സ്ഥാനാരോഹണം ചെയ്തു. റോമും പേര്‍ഷ്യയും തമ്മില്‍ നടന്ന യുദ്ധസമയത്ത് സഭാംഗങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗദര്‍ശനം നല്‍കി. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നിവസിക്കുന്ന അന്ത്യോക്യന്‍ സുറിയാനിക്കാരും (കല്‍ക്കദോന്യ സുന്നഹദോസിന് ഇതര നിലപാട് എടുത്തിട്ടുള്ളവര്‍) റോമന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ടവരും തമ്മിലുള്ള ബന്ധം ക്രമീകരിക്കുവാന്‍ ആവശ്യമായ നടപടിയെടുത്തു. ഇതിന്‍പ്രകാരം, പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടവരെ ‘മഫ്രിയാന’യുടെ കീഴിലാക്കി. കല്‍ക്കദോന്യ സുന്നഹദോസിനെ അനുകൂലിച്ചവരും എതിര്‍ത്തവരുമായ രണ്ടുവിഭാഗങ്ങളെയും ഒരു ധാരണയിലെത്തിക്കാന്‍ 610-ല്‍ ഇദ്ദേഹത്തിനു സാധിച്ചു. ഇത് സാദ്ധ്യമായത് അലക്സാന്ത്രിയാ പാത്രിയര്‍ക്കീസായിരുന്ന അനസ്താസീസ് മൂലമാണ്. അത്താനാസ്യോസും അനസ്താസീസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍, തമ്മില്‍ ഭിന്നിച്ചു നില്‍ക്കാന്‍ തക്കതായ കാരണമൊന്നുമില്ലെന്ന് ഇരുവര്‍ക്കും ബോദ്ധ്യമായി. അങ്ങനെ ‘വിശ്വാസത്തെ’ അടിസ്ഥാനമാക്കി ഏറെക്കാലം നടന്ന പോരാട്ടത്തിന് വിരാമമിടാന്‍ കഴിഞ്ഞു. 630-ല്‍ ഇദ്ദേഹം കാലം ചെയ്തു.
അത്താനാസ്യോസ് പാത്രിയര്‍ക്കീസ് ( – എ.ഡി. 1129)
എ.ഡി. 1090 ഡിസംബര്‍ ഒന്നാം തീയതി പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. മെലിത്തേന്‍ എന്ന സ്ഥലത്ത് പഠിച്ച് ബര്‍സൗമാ ആശ്രമാംഗമായിതീര്‍ന്ന ഇദ്ദേഹത്തിന്‍റെ ആദ്യത്തെ പേര് അബൂല്‍ ഫര്‍ഡ്ജ് എന്നായിരുന്നു. എഡേസയിലെ ബസേലിയോസ് ബര്‍സാബൂനിയോടും, പാത്രിയര്‍ക്കസ്ഥാനം മോഹിച്ചിരുന്ന അബ്ദുനോടും എതിരിടേണ്ടി വന്ന ഇദ്ദേഹത്തിന്‍റെ ഭരണകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. എ.ഡി. 1129 ജൂണ്‍ 8-ന് കാലം ചെയ്തു.
അത്താനാസ്യോസ്, പാലക്കുന്നത്ത് മാത്യൂസ് മാര്‍ (1818-1877)
മലങ്കര മെത്രാപ്പോലീത്താ. 1818 മേടമാസം പത്താം തീയതി ജനിച്ചു. പാലക്കുന്നത്ത് അബ്രഹാം മല്പാന്‍റെ സഹോദരനായിരുന്നു പിതാവ്. മാര്‍ ദീവന്നാസ്യോസ് നാലാമനില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. മദ്രാസിലെ ബിഷപ്പ് കോറീസ് ഗ്രാമര്‍ സ്കൂളില്‍ ചേര്‍ന്നു പഠിച്ചു. തന്‍റെ നവീകരണപ്രസ്ഥാനം വേണ്ടവിധത്തില്‍ വളരണമെങ്കില്‍ അതിനെ ബലപ്പെടുത്തുന്നതിന് ഒരു മെത്രാപ്പോലീത്താ മലങ്കരസഭയില്‍ ഉണ്ടാകണം എന്നു മനസ്സിലാക്കിയ അബ്രഹാം മല്പാന്‍ ആ സ്ഥാനത്തിനായി ഇദ്ദേഹത്തെ അന്ത്യോക്യയിലേക്ക് അയച്ചു. ഏലിയാസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് 1842 ഫെബ്രുവരി 14-ാം തിയതി ഇദ്ദേഹത്തിന് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. മൂസല്‍ ഇടവകയുടെ മെത്രാപ്പോലീത്തായായി കുറെനാള്‍ ഭരണം നടത്തി.
1843 മെയ് മാസത്തില്‍ മലങ്കരയില്‍ എത്തി. അബ്രഹാം മല്പാന്‍റെ ഇംഗിതത്തിനെതിരായി പ്രവര്‍ത്തിച്ചു. മാര്‍ അത്താനാസ്യോസിന്‍റെ സ്ഥാത്തിക്കോന്‍ വായിച്ചുകേള്‍ക്കുവാന്‍ 1844-ല്‍ ദീവന്നാസ്യോസ് നാലാമന്‍ കണ്ടനാട്ട് ഒരു യോഗം വിളിച്ചുകൂട്ടി. എന്നാല്‍ സ്ഥാത്തിക്കോന്‍ യോഗം അംഗീകരിച്ചില്ല. ഒരു മാസത്തിനു ശേഷം മാര്‍ അത്താനാസ്യോസിന്‍റെ അനുയായികള്‍ കല്ലുങ്കത്ര പള്ളിയില്‍ യോഗം കൂടുകയും, ജനങ്ങളുടെ പിന്‍ബലം ഇദ്ദേഹത്തിനുണ്ടെന്നു കാണിക്കുന്ന ഒരു പടിയോല ഉണ്ടാക്കി പാസ്സാക്കുകയും ചെയ്തു. ഈ പടിയോലയുടെ പിന്‍ബലത്തോടെ രാജകീയ വിളംബരം തനിക്ക് അനുകൂലമായി ലഭിക്കുവാന്‍ ഇദ്ദേഹം പരിശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതിനിടയില്‍ യൂയാക്കിം മാര്‍ കൂറിലോസ് എന്ന അന്ത്യോക്യന്‍ മെത്രാപ്പോലീത്താ മലങ്കരയിലെത്തി. 1846-ല്‍ ദീവന്നാസ്യോസ് നാലാമന്‍ തന്‍റെ അധികാരങ്ങള്‍ ത്യജിക്കുകയും മാര്‍ കൂറിലോസിന് അവ നല്‍കുകയും ചെയ്തു.
കൊല്ലം പഞ്ചായത്ത് വിധിപ്രകാരം 1852-ല്‍ രാജകീയ വിളംബരം മാര്‍ അത്താനാസ്യോസിന് അനുകൂലമായി ലഭിക്കുകയും, അദ്ദേഹം നിയമാനുസൃതം മലങ്കര മെത്രാപ്പോലീത്താ ആയിത്തീരുകയും ചെയ്തു. ഒരു മെത്രാപ്പോലീത്തായുടെ ആത്മിക പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഒരു ഭരണാധിപന്‍റെ മേധാശക്തിയും ഇദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. അനിതര സാധാരണമായ കഴിവുകള്‍ ഉണ്ടായിരുന്ന ഊര്‍ജ്ജസ്വലനായ ഇദ്ദേഹം മലങ്കര നസ്രാണികളുടെ ചരിത്രത്തിലെ പ്രഭാപൂര്‍ണ്ണരായ നായകന്മാരില്‍ ഒരാളായിത്തീര്‍ന്നു. 1868-ല്‍ തന്‍റെ പിന്‍ഗാമിയായി തോമസ് മാര്‍ അത്താനാസ്യോസിനെ വാഴിച്ചു. 1869-ല്‍ വട്ടിപ്പണത്തിന്‍റെ 35 വര്‍ഷത്തെ പലിശ ഒരുമിച്ച് ഗവണ്മെന്‍റില്‍ നിന്നു വാങ്ങി. 1877 ജൂലൈ 16-ന് കാലം ചെയ്ത് മാരാമണ്‍ മാര്‍ത്തോമ്മാ പള്ളിയില്‍ കബറടങ്ങി.
അത്താനാസ്യോസ് (അന്ത്യോക്യന്‍ സിറിയന്‍ ബിഷപ്)
1825-ല്‍ മലങ്കരയിലെത്തിയ അന്ത്യോക്യന്‍ സഭയുടെ മെത്രാപ്പോലീത്താ. ഇദ്ദേഹം വന്ന ഉടനെ ബ്രിട്ടീഷ് റസിഡണ്ടിനെ കണ്ട് തന്‍റെ അധികാരപത്രം സമര്‍പ്പിച്ചു. എന്നാല്‍ മലങ്കരസഭയുടെ മേല്‍ യാതൊരു അധികാരവും ഇദ്ദേഹത്തിനു റസിഡണ്ട് നല്‍കിയില്ല. മലങ്കരസഭയിലെ പള്ളികള്‍ സന്ദര്‍ശിക്കുവാന്‍ മാത്രം റസിഡണ്ട് അനുവദിച്ചു. മലങ്കരസഭയിലെ ഒരു വിഭാഗത്തിന്‍റെ പിന്‍ബലത്തോടെ പഴയ സെമിനാരിയില്‍ പ്രവേശിക്കുവാനും അത് തന്‍റെ നിയന്ത്രണത്തിലാക്കുവാനും ഇദ്ദേഹം ശ്രമം നടത്തി. മലങ്കരയിലുണ്ടായിരുന്ന മെത്രാന്മാരുടെ സ്ഥാനസാധുതയെ ചോദ്യം ചെയ്യുകയും വീണ്ടും മേല്പട്ടസ്ഥാനം നല്‍കുവാന്‍ ശ്രമിക്കുകയും ചെയ്തു. അന്ത്യോക്യന്‍ സുറിയാനി പാത്രിയര്‍ക്കീസിന്‍റെ അധികാരം മലങ്കരസഭയുടെമേല്‍ സ്ഥാപിക്കുവാന്‍ ഇദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. മാര്‍ ദീവന്നാസ്യോസിന്‍റെ സമ്മതത്തോടെ ഗവണ്മെന്‍റ് ഇദ്ദേഹത്തെ നാടുകടത്തി.
അത്താനാസ്യോസ്, ശെമവൂന്‍ മാര്‍ (-1889)
അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധി എന്നവകാശപ്പെട്ടുകൊണ്ട് മലങ്കരസഭയിലെത്തിയ ഒരു വിദേശ മേല്പട്ടക്കാരന്‍. 1881 ജനുവരിയില്‍ മലങ്കരയിലെത്തി. മുളന്തുരുത്തി സുന്നഹദോസിനു ശേഷം ഔദ്യോഗികനിലയില്‍ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധി എന്ന് അവകാശപ്പെട്ടുകൊണ്ട് വന്ന ആദ്യത്തെ മെത്രാപ്പോലീത്തായാണ് ഇദ്ദേഹം. കോട്ടയം ചെറിയപള്ളിയില്‍ താമസിച്ചിരുന്ന ഇദ്ദേഹം 1889 ജൂണ്‍ 11-ാം തീയതി കാലംചെയ്ത് കോട്ടയം പുത്തന്‍പള്ളിയില്‍ കബറടക്കപ്പെട്ടു.
അത്താനാസ്യോസ്, പാലക്കുന്നത്ത് തോമസ് മാര്‍ (1837 – 1893)
മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്താ. മാരാമണ്‍ പാലക്കുന്നത്ത് അബ്രഹാം മല്പാന്‍റെ പുത്രനായി 1837 ഒക്ടോബറില്‍ ജനിച്ചു. പഴയസെമിനാരി, കോട്ടയം സി.എം.എസ്. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസില്‍ ഉപരിപഠനം നടത്തി. പട്ടക്കാരനായി മാരാമണ്‍ മാര്‍ത്തോമ്മാ ഇടവകയില്‍ വൈദികശുശ്രൂഷ ആരംഭിച്ചു. മാത്യൂസ് മാര്‍ അത്താനാസ്യോസ് 1868 മെയ് 31-ന് ഇദ്ദേഹത്തെ മെത്രാപ്പോലീത്തായായി വാഴിച്ചു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ദ്വിതീയനുമായി (1833-1909) ദീര്‍ഘകാലം വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം 1889-ല്‍ കേസില്‍ പരാജയപ്പെട്ടു. പഴയസെമിനാരിയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് അവിടെനിന്നും ഇറങ്ങി കൊടുക്കേണ്ടതായി വന്നു. എങ്കിലും ആത്മവീര്യം നശിക്കാത്തവനായി മാര്‍ത്തോമ്മാസഭയെ പടുത്തുയര്‍ത്തുവാന്‍ പരിശ്രമിച്ചു. വ്യവഹാരങ്ങള്‍ക്കിടയിലും ഇരുപക്ഷവും തമ്മില്‍ സമാധാന സംഭാഷണങ്ങള്‍ നടന്നു എങ്കിലും ഫലമുണ്ടായില്ല. 1893 ആഗസ്റ്റ് 10-ന് കാലം ചെയ്ത് മാരാമണ്‍ മാര്‍ത്തോമ്മാ പള്ളിയില്‍ കബറടങ്ങി.
അത്താനാസ്യോസ്, കടവില്‍ പൗലൂസ് മാര്‍ (1833-1907)
കോട്ടയം, അങ്കമാലി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ. പറവൂര്‍ ഇടവകയില്‍ കടവില്‍ വീട്ടില്‍ കൂരന്‍ അവിരാ വര്‍ക്കിയുടെ പുത്രനായി 1833 വൃശ്ചികം 19-നു ജനിച്ചു. നാട്ടുഭാഷയും അകപ്പറമ്പില്‍ ചക്കരയകത്ത് ഇട്ടൂപ്പ് മല്പാനില്‍ നിന്ന് സുറിയാനിഭാഷയും അഭ്യസിച്ചു. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് 1021-ാമാണ്ട് കുംഭമാസം 10-നു പതിമൂന്നാമത്തെ വയസ്സില്‍ ശെമ്മാശ പട്ടവും 1846-ല്‍ കേരളത്തില്‍ വന്ന യൂയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്ന് 1029-ാമാണ്ട് മകരമാസം 6-നു കശീശ്ശാസ്ഥാനവും ഏറ്റു. വളരെക്കാലം കോട്ടയം പഴയ സെമിനാരിയില്‍ സുറിയാനി മല്പാനായി പ്രവര്‍ത്തിച്ചു.
പത്രോസ് പാത്രിയര്‍ക്കീസ് 1876 ഡിസംബര്‍ 3-ന് ഇദ്ദേഹത്തെ മാര്‍ അത്താനാസ്യോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്തു. കോട്ടയം ഭദ്രാസനത്തിന്‍റെ മാത്രം മെത്രാപ്പോലീത്തായായിരുന്ന ഇദ്ദേഹത്തിന് അങ്കമാലി ഇടവകയുടെ അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തതോടെ (1891 മാര്‍ച്ച്) ആ ഭദ്രാസനത്തിന്‍റെ ചുമതല കൂടി ലഭിച്ചു. 1907-ല്‍ ആലുവാ തൃക്കുന്നത്ത് സെമിനാരി സ്ഥാപിച്ചു. അമേരിക്കയിലെ ഒരു പ്രധാനസംഘം ‘കമാന്‍ഡര്‍ ഓഫ് ദി ക്രൗണ്‍ ഓഫ് തോണ്‍സ്’ എന്ന ബഹുമതി നല്‍കി. പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ, പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പ. ഔഗേന്‍ ബാവാ എന്നീ കാതോലിക്കാമാരെയും പ. പാമ്പാടി തിരുമേനി, പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ എന്നിവരെയും പൗരോഹിത്യ പാതയിലേക്ക് കൈപിടിച്ചു നയിക്കുവാന്‍ ഇദ്ദേഹത്തിന് അപൂര്‍വ്വഭാഗ്യം സിദ്ധിച്ചു. സുറിയാനിഭാഷയില്‍ നിന്നും മക്കാബിയര്‍, രൂഥ്, തൂബീദ്, മസുമൂര്‍ മുതലായ അനേകം ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. 1907 നവംബര്‍ 2-ന് കാലം ചെയ്ത് ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങി.
അത്താനാസ്യോസ്, അയ്യമ്പിള്ളില്‍ (പൈനാടത്ത് കുറ്റിക്കാട്ടില്‍) പൗലൂസ് മാര്‍ (1869-1953)
പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ മലങ്കരമെത്രാപ്പോലീത്താ. അയ്യമ്പിള്ളില്‍ തെക്കേക്കര മത്തായിയുടെ പുത്രനായി 1869 ജനുവരി 23-ന് ജനിച്ചു. പത്താമത്തെ വയസ്സില്‍ അങ്കമാലി ഭദ്രാസനാധിപനായിരുന്ന അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. പ്രാഥമിക സുറിയാനി പഠനത്തിനുശേഷം ആലുവായിലും കോട്ടയത്തുമായി ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തി. പഴയ സെമിനാരിയിലെ വൈദികപഠനത്തിനു ശേഷം അവിടെത്തന്നെ അദ്ധ്യാപകനായി. 1898 നവംബര്‍ 24-ന് സെമിനാരിസ്ഥാപകന്‍റെ ഓര്‍മ്മദിവസം കശീശ്ശാസ്ഥാനവും നവംബര്‍ 27-ന് റമ്പാന്‍ സ്ഥാനവും പ. പരുമല തിരുമേനിയില്‍ നിന്നും സ്വീകരിച്ചു. അബ്ദുള്ളാ പാത്രിയര്‍ക്കീസ് 1910 ജൂണ്‍ 9-ന് മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. 1920-ല്‍ കണ്ടനാട്, കോട്ടയം, നിരണം, കൊല്ലം, തുമ്പമണ്‍ എന്നീ ഭദ്രാസനങ്ങളുടെ (പാത്രിയര്‍ക്കീസ് പക്ഷം) അധിപനായി ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ നിയോഗിക്കപ്പെട്ടു. 1935 ആഗസ്റ്റ് 22-ന് കരിങ്ങാച്ചിറ പള്ളിയില്‍ ചേര്‍ന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ പള്ളി പ്രതിപുരുഷയോഗം ഇദ്ദേഹത്തെ ബദല്‍ മലങ്കരമെത്രാപ്പോലീത്തായായി തിരഞ്ഞെടുത്തു. 1953 ജനുവരി 25-ന് കാലം ചെയ്ത് ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങി.
അത്താനാസ്യോസ്, യൂഹാനോന്‍ മാര്‍ (1928-1980)
കോട്ടയം ചക്കാലപ്പറമ്പില്‍ കുടുംബത്തില്‍ വടക്കേപറമ്പില്‍ വര്‍ക്കിയുടെ പുത്രനായി 1928 മാര്‍ച്ച് 21-ന് ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്ന് ബി.എസ്.സി.യും കരസ്ഥമാക്കി. 1958 മുതല്‍ ഇംഗ്ലണ്ടിലെ മെര്‍ഫീല്‍ഡില്‍ വേദശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി. തിരിച്ചുവന്ന് കോളജ് അദ്ധ്യാപകനായിരിക്കുമ്പോള്‍ ജോലി രാജിവച്ച് ബഥനി ആശ്രമത്തില്‍ ചേര്‍ന്നു. 1956 ജൂണ്‍ 14-ന് മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി ബഥനി ആശ്രമത്തിന്‍റെ സുപ്പീരിയറായി. 1978 മെയ് 15-ന് പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ പഴഞ്ഞിപ്പള്ളിയില്‍ വച്ച് യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ എപ്പിസ്കോപ്പായായി വാഴിച്ചു. കോട്ടയം ഭദ്രാസനത്തിന്‍റെ സഹായ മെത്രാനായി നിയമിതനായി. 1980 ഒക്ടോബര്‍ 12-ന് കാലം ചെയ്ത് റാന്നി പെരുനാട് ബഥനി ആശ്രമചാപ്പലില്‍ കബറടങ്ങി.
അത്താനാസ്യോസ്, തോമസ് മാര്‍ (1939-2018)
ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ. 1938 ഏപ്രില്‍ 3-ന് പുത്തന്‍കാവില്‍ കിഴക്കേത്തലയ്ക്കല്‍ തോമസിന്‍റെ പുത്രനായി ജനിച്ചു. പ്രഥമിക വിദ്യാഭ്യാസാനന്തരം ഹൈസ്കൂള്‍ വിദ്യാഭ്യാസം എം.ഡി. സെമിനാരിയില്‍ നടത്തി. കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും, ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് ബി.എസ്.സി. യും, ബറോഡാ എം.എസ്. യൂണിവേഴ്സിറ്റിയില്‍നിന്നും എം.എഡും, സെറാമ്പൂര്‍ കോളേജില്‍നിന്നും ബി.ഡി. യും കരസ്ഥമാക്കി.
1970 മെയ് 7-ന് ശെമ്മാശുപട്ടവും, മെയ് 26-ന് വൈദികപട്ടവും സ്വീകരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള പല ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ഗുജറാത്തില്‍ ബള്‍സാര്‍, സൂറത്ത്, ബറൂച്ച്, മെഹസാനാ, ജാംനഗര്‍, രാജ്കോട്ട്, ഗാന്ധിദാം, പോര്‍ബന്തര്‍, രാജസ്ഥാനിലെ ഉദയപ്പൂര്‍, മഹാരാഷ്ട്രയിലെ അന്ധേരി എന്നിവിടങ്ങളില്‍ സഭാംഗങ്ങളെ ചേര്‍ത്ത് പുതിയ ഇടവകകള്‍ സ്ഥാപിക്കുവാന്‍ കഴിഞ്ഞു. അബുദാബി ഇടവകയിലെ വികാരിയായി പ്രവര്‍ത്തിച്ചു. ബറോഡാ ബേസില്‍ സ്കൂള്‍, എം.ജി.എം. സ്കൂള്‍ ഹലോള്‍, സെന്‍റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബറോഡാ, സെന്‍റ് പോള്‍സ് ഗുജറാത്ത് മീഡിയം സ്കൂള്‍ ബറോഡാ, സെന്‍റ് പോള്‍സ് സ്കൂള്‍ അങ്കലേശ്വര്‍ എന്നിവ ഇദ്ദേഹം സ്ഥാപിച്ചവയാണ്.
1982 ഡിസംബര്‍ 28-ാം തീയതി മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1983 മെയ് 14-നു റമ്പാന്‍സ്ഥാനം സ്വീകരിച്ചു. 1985 മെയ് 15-നു മെത്രാന്‍ സ്ഥാനാഭിഷിക്തനായി. 1985 ആഗസ്റ്റ് 25-നു ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു. സഭവകയായിട്ടുള്ള കോര്‍പ്പറേറ്റ് സ്കൂള്‍ മാനേജര്‍, ബാലസമാജം, അഖില മലങ്കര പ്രാര്‍ത്ഥനായോഗം, എം.ഒ.സി. പബ്ലിക്കേഷന്‍സ്, വൈദികസംഘം, ബസ്ക്യോമോ അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റ്, പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. 2018 ഓഗസ്റ്റ് 24-ന് കാലം ചെയ്തു. ഓതറ ദയറായില്‍ കബറടക്കി.
അത്താനാസ്യോസ്, ഡോ. തോമസ് മാര്‍
കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ. അരിക്കുഴിയില്‍ യൂഹാനോന്‍ പുറ്റാനില്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി 1952 ജൂണ്‍ 28-ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് ഡിഗ്രിയും ആഗ്ര സെന്‍റ് ജോണ്‍സ് കോളേജില്‍ നിന്നും എം.എ.യും ബാംഗ്ലൂര്‍ യു.റ്റി.സി.യില്‍ നിന്ന് ബി.ഡി.യും ജര്‍മ്മനിയിലെ മ്യുണിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി.റ്റി.എച്ചും കരസ്ഥമാക്കി.
1990-ല്‍ വൈദികനായും അതേവര്‍ഷം തന്നെ ബിഷപ്പായും 1990-1995 വരെ വെട്ടിക്കല്‍ സിറിയിന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപകനായും 1992 മുതല്‍ 1998 വരെ കെ.സി.സിയുടെ പ്രസിഡന്‍റായും ചുമതലകള്‍ വഹിച്ചു.
നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2002 മുതല്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായാണ്. ഇപ്പോള്‍ എം.ഒ.സി. കോളേജുകളുടെ പ്രസിഡന്‍റാണ്.
അത്ഭുതപ്രവൃത്തികള്‍, ക്രിസ്തുവിന്‍റെ
ക്രിസ്തുവിന്‍റെ അത്ഭുതപ്രവൃത്തികളെ വീര്യപ്രവൃത്തികള്‍, അത്ഭുതശക്തി, അടയാളങ്ങള്‍ എന്നീ പേരുകളിലും വിളിക്കുന്നു. പഴയനിയമത്തില്‍ ദൈവം ചെയ്യുന്ന പല അത്ഭുതപ്രവൃത്തികളെക്കുറിച്ച് വിവരിക്കുന്നുണ്ട് (പുറ. 8-12; 14:21 മു.). യുഗാന്ത്യത്തില്‍ മശിഹായുടെ ആഗമനത്തില്‍ അത്ഭുതപ്രവൃത്തികള്‍ പലതും സംഭവിക്കുമെന്നാണ് വിശ്വാസം (യെശ. 35:5 മു.; 61:1).
സുവിശേഷങ്ങളിലെ ഏറ്റവും വലിയ അത്ഭുതപ്രവൃത്തി യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ്. പുതിയനിയമത്തിലെ എല്ലാ കൃതികളുംതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. പുനരുത്ഥാനം സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍, സുവിശേഷങ്ങളില്‍ വിവരിക്കുന്ന മറ്റ് അത്ഭുതപ്രവൃത്തികള്‍ അസംഗതവും അര്‍ത്ഥശൂന്യവുമായിത്തീരുമായിരുന്നു; നസറായനായ യേശുവിന്‍റെ നാമം തന്നെ നാം കേള്‍ക്കുമായിരുന്നില്ല. ദൈവം യേശുവിനെ മരിച്ചുപോയവരില്‍ നിന്നും ഉയിര്‍പ്പിച്ചു എന്നുള്ളത് യേശു ദൈവപുത്രനാകുന്നു എന്നുള്ളതിന്‍റെ തെളിവാണ്.
സുവിശേഷങ്ങളിലെ അത്ഭുതങ്ങള്‍ സമകാലീനരുടെ സാക്ഷ്യങ്ങളാകയാല്‍ അവയെ അവിശ്വസിക്കേണ്ടതില്ല. യേശുവിനെ അറിഞ്ഞവരെല്ലാം, അവിടുത്തെ ശത്രുക്കള്‍പോലും, അവിടുന്ന് അത്ഭുതങ്ങള്‍ ചെയ്യുന്നവനെന്ന് അംഗീകരിച്ചു (മര്‍ക്കോ. 3:22). എന്നാല്‍ ജനങ്ങളില്‍ വിസ്മയവും ആശ്ചര്യവുംഉളവാക്കുവാന്‍ വേണ്ടി അവിടുന്ന് ഒരിക്കല്‍പോലും അത്ഭുതപ്രവൃത്തികള്‍ ചെയ്തിട്ടില്ല. ദേവാലയത്തിന്‍റെ ഉന്നതിയില്‍നിന്നു താഴേക്കു ചാടുവാന്‍ പിശാച് പ്രലോഭിപ്പിച്ചപ്പോള്‍ അതു യേശു നിരസിച്ചു (മത്താ. 4:5-7; ലൂക്കോ. 4:9-12). പരീശന്മാര്‍ യേശുവിനെ സമീപിച്ച്, ആകാശത്തില്‍നിന്ന് അടയാളം ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് പ്രസ്താവിച്ചത് “ഈ തലമുറയ്ക്ക് ഒരു അടയാളവും നല്‍കപ്പെടുകയില്ല” എന്നായിരുന്നു. ഒരു അത്ഭുതപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ യേശു ആഗ്രഹിച്ചില്ല.
യേശുവിന്‍റെ അത്ഭുതങ്ങള്‍ അടയാളങ്ങള്‍ (ശെഴിെ) കൂടിയാണ്. വിശ്വാസത്തിന്‍റെ ദൃഷ്ടിയുള്ളവര്‍ക്ക് യേശു ആരാണെന്ന വസ്തുത അവ വെളിപ്പെടുത്തി. യേശുവിന്‍റെ ആളത്വത്തെ മനസ്സിലാക്കിയവര്‍ക്കും അംഗീകരിച്ചവര്‍ക്കും അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ അര്‍ത്ഥവത്തായിٽഅനുഭവപ്പെട്ടു. യേശു യഥാര്‍ത്ഥത്തില്‍ വാഗ്ദത്തമശിഹാ ആകുന്നു എന്ന സത്യം അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ തെളിയിച്ചു. പ്രവാചകന്മാര്‍ അതിനെപ്പറ്റി മുന്‍കൂട്ടി സൂചിപ്പിച്ചിട്ടുള്ളതാണ്. അവിടുത്തെ പ്രവൃത്തികള്‍ ദൈവരാജ്യം ആഗതമായി എന്നു പ്രഖ്യാപിക്കുകയായിരുന്നു. “എന്നാല്‍ ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം” (ലൂക്കോ. 11:20; മത്താ. 12:28). യോഹന്നാന്‍ സ്നാപകന്‍റെ ശിഷ്യന്മാര്‍ വരുവാനുള്ളവന്‍ (മശിഹാ) നീ തന്നെയോ എന്നു ചോദിക്കുമ്പോള്‍ യേശുവിന്‍റെ മറുപടി, “കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു, ചെകിടര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍ക്കുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നത് യോഹന്നാനെ ചെന്നറിയിപ്പിന്‍” എന്നാണ് (മത്താ. 11:4, 5). ഈ വാക്കുകള്‍ യെശയ്യാ പ്രവചനത്തിന്‍റെ (35:3 മു.) പ്രതിദ്ധ്വനിയാണ്. അനേകം പ്രവാചകന്മാരും നീതിമാന്മാരും കാണുവാനും കേള്‍ക്കുവാനും ആഗ്രഹിച്ചിരുന്ന കാര്യമാണ് യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് കാണുവാനും കേള്‍ക്കുവാനും കഴിഞ്ഞത് (മത്താ. 13:17; ലൂക്കോ. 10:24).
ദൈവരാജ്യം വന്നു എന്നതിന്‍റെ ഒരു തെളിവാണ് അത്ഭുതപ്രവൃത്തികള്‍. അത് ജനങ്ങളില്‍ ആശ്ചര്യഭാവം ഉളവാക്കുവാനല്ലായിരുന്നു. പിന്നെയോ, അനുതാപം ഉയര്‍ത്തുവാനായിരുന്നു. കോരസീനും, ബേത്സയിദായും, അത്ഭുതങ്ങള്‍ കണ്ടെങ്കിലും അനുതപിച്ചില്ല എന്നു കുറ്റപ്പെടുത്തിയിരിക്കുന്നു (മത്താ. 11:21; ലൂക്കോ. 10:13). വിജാതീയര്‍ പോലും, അവ കണ്ടിരുന്നെങ്കില്‍ അനുതപിക്കുമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നു.
ആത്മീയനയനങ്ങള്‍ ഉള്ളവര്‍ക്ക് യേശുവിന്‍റെ അത്ഭുതപ്രവൃത്തികളെ അവിടുന്ന് ആരാണെന്ന് വ്യക്തമാക്കുന്ന തെളിവുകളായി കാണുവാന്‍ കഴിഞ്ഞു. ഭൂതങ്ങളെ പുറത്താക്കിയപ്പോള്‍, “ബലവാനായവന്‍ ബന്ധിക്കപ്പെട്ടുവെന്നും” സാത്താന്‍റെ ആധിപത്യം അവിടുന്നു തകര്‍ത്തു എന്നും വെളിപ്പെടുത്തി. ശാരീരിക രോഗങ്ങളെ സൗഖ്യമാക്കിയപ്പോള്‍, പാപങ്ങള്‍ മോചിക്കുവാനുള്ള യേശുവിന്‍റെ അധികാരവും, ശക്തിയും പ്രകടമാക്കി (മര്‍ക്കോ. 2:1-12). പ്രകൃതിശക്തികളിന്മേല്‍ അധികാരം പ്രയോഗിച്ചപ്പോള്‍, പ്രകൃതിയും തനിക്കു വിധേയമായിരിക്കുന്നു എന്നറിയുവാന്‍ കഴിഞ്ഞു. അദ്ഭുതകരമായി പുരുഷാരത്തെ അപ്പംകൊണ്ടു തൃപ്തിപ്പെടുത്തിയതില്‍ക്കൂടി അവിടുന്ന് ജീവന്‍റെ അപ്പമാകുന്നുവെന്ന സത്യം വെളിവാക്കി. മരിച്ചവരെ ഉയിര്‍പ്പിച്ചതില്‍ക്കൂടി, ജീവന്‍റെമേല്‍ അധികാരമുള്ള ദൈവികശക്തി തനിക്കുണ്ടെന്നു തെളിഞ്ഞു.
യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ യേശുവിന്‍റെ അത്ഭുതപ്രവൃത്തികള്‍, ‘അടയാളങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അവ യേശുവിന്‍റെ മഹത്വം വെളിപ്പെടുത്തുവാന്‍ മതിയായവയായിരുന്നു. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു ചെയ്ത് തന്‍റെ മഹത്വം വെളിപ്പെടുത്തി, അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു” (യോഹ. 2:11, 10:40-41 കാണുക).
അഥനാഗോറോസ് (രണ്ടാം നൂറ്റാണ്ട്)
അഥേനയിലെ ഒരു ക്രൈസ്തവ ദാര്‍ശനികന്‍. ഇദ്ദേഹത്തിന്‍റെ പേരില്‍ രണ്ടു കൃതികള്‍ പ്രചാരത്തിലിരുന്നു. ഒന്ന്, മാര്‍ക്കസ് ഔറേലിയസിനും അദ്ദേഹത്തിന്‍റെ മകന്‍ കൊമ്മൊദുസിനും എഴുതിയിരിക്കുന്ന ക്രിസ്ത്യാനികള്‍ക്കു വേണ്ടിയുള്ള അഭ്യര്‍ത്ഥന. രണ്ട്, മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചുള്ള ഒരു ലഘുപ്രബന്ധം. ക്രിസ്ത്യാനികള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനയില്‍ ക്രിസ്ത്യാനികള്‍ നിരീശ്വരന്മാരോ, നരഭോജികളോ, രാജ്യദ്രോഹികളോ അല്ലെന്നു വ്യക്തമാക്കുന്നു. മരിച്ചവര്‍ക്കെന്തുകൊണ്ട് ഉയിര്‍പ്പ് അനിവാര്യമാണെന്ന് ഉയിര്‍പ്പിനെക്കുറിച്ചുള്ള പ്രബന്ധത്തില്‍ പറയുന്നു. വി. ത്രിത്വത്തെക്കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കുന്നു.
അഥേന
പുരാതന ആറ്റിക്കയിലെ പ്രധാന പട്ടണമായ അഥേന ഇപ്പോള്‍ ആധുനിക ഗ്രീസിന്‍റെ തലസ്ഥാനമാണ്. څഅഥീനാچ എന്ന ഗ്രീക്കുദേവതയുടെ പേരില്‍ നിന്നാണ് ഈ പേരുണ്ടായത്. വിഗ്രഹാരാധനക്കാരായ ഇവരുടെ അടുത്ത് വി. പൗലോസ് ശ്ലീഹാ ചെല്ലുകയും ഇവരുമായി തര്‍ക്കിക്കുകയും ചെയ്തതായി അപ്പോസ്തോല പ്രവൃത്തികള്‍ 17-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. പ്രസിദ്ധ ചിന്തകരായ പെരിക്ലിസിന്‍റെയും, സോക്രട്ടീസിന്‍റെയും ജന്മസ്ഥലമാണിത്. കല, സാഹിത്യം, തത്വചിന്ത, കായികപ്രകടനങ്ങള്‍ എന്നിവയ്ക്ക് ഈ നഗരം വിശ്വപ്രസിദ്ധമാകുന്നു.
അദ്രവത്വം
അനശ്വരം എന്ന അര്‍ത്ഥത്തില്‍ ഈ പദം വി. വേദപുസ്തകത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. യുഗാന്ത്യാനുഭവത്തെപ്പറ്റി പറയുമ്പോള്‍ പൗലോസ് വിവരിക്കുന്നു: ഈ ദ്രവത്വമുളളത് അദ്രവത്വത്തെയും ധരിക്കണം (1 കൊരി. 15:54). ഇപ്പോഴുളള നമ്മുടെ പദാര്‍ത്ഥമായ ശരീരം ദ്രവത്വമുളളതാണ്; അത് ദ്രവിച്ച് ഇല്ലാതായിത്തീരും. എന്നാല്‍ അതിന്‍റെ സ്ഥാനത്ത് നാം ധരിക്കുന്ന ആത്മീക ശരീരം അനശ്വരമാണ്; അഥവാ അദ്രവത്വമുളളതാണ്. ഈ അനുഭത്തെ മറ്റൊരു ഭാഗത്തും പൗലോസ് വിവരിക്കുന്നു: കൂടാരമാകുന്ന ഈ ഭൗമ ശരീരം പൊളിഞ്ഞുപോകുമ്പോള്‍ ഞങ്ങള്‍ക്കു വസിക്കുന്നതിന് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം ദൈവം നല്‍കും. മനുഷ്യകരങ്ങളല്ല, ദൈവം തന്നെ നിര്‍മ്മിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു (2 കൊരി. 5:1).
അനന്യാസ്
ഈ പേരില്‍ മൂന്നു വ്യക്തികള്‍ പുതിയനിയമത്തിലുണ്ട്.
1. മഹാപുരോഹിതനായ അനന്യാസ്
(അപ്പോ. പ്ര. 23:2-5; 24:1) പൗലോസിനെ ന്യായാധിപസംഘത്തില്‍ വച്ച് വിസ്തരിക്കുമ്പോള്‍, അനന്യാസ് അവന്‍റെ വായിക്ക് അടിക്കുവാന്‍ കല്‍പ്പിച്ചു. പൗലോസിനെതിരായി ദേശാധിപതിയായ ഫെലിക്സിന്‍റെ മുമ്പില്‍ ഇദ്ദേഹം അന്യായം ബോധിപ്പിച്ചു. എ.ഡി. 47 മുതല്‍ 52 വരെ യെരുശലേമില്‍ അനന്യാസ് മഹാപുരോഹിതനായിരുന്നു.
2. സഫീറയുടെ ഭര്‍ത്താവ്
(അപ്പോ. പ്ര. 5:1-11) തങ്ങളുടെ നിലം വിറ്റ തുകയെപ്പറ്റി അസത്യം ബോധിപ്പിച്ചതുമൂലം ശിക്ഷിക്കപ്പെട്ടു.
3. ദമസ്ക്കോസുകാരനായ യഹൂദ ക്രിസ്ത്യാനി
(അപ്പോ. പ്ര. 9:10-17; 22:12) പ്രശസ്തനും പണ്ഡിതനും ജനസമ്മതനുമായിരുന്ന ഇദ്ദേഹം തിരുവെഴുത്തുകള്‍ ഉദ്ധരിച്ച് ക്രൈസ്തവ സുവിശേഷഘോഷണം നടത്തിയിരുന്നു. അന്ധനായിത്തീര്‍ന്ന ശൗലിന്‍റെമേല്‍ (വി. പൗലോസ്) കൈവെച്ച് അനന്യാസ് അദ്ദേഹത്തെ സുഖപ്പെടുത്തി. അനന്യാസ് പിന്നീട് ദമസ്ക്കോസിലെ ബിഷപ്പായിത്തീര്‍ന്നു എന്നും രക്തസാക്ഷിയായിട്ട് മരിച്ചു എന്നും പാരമ്പര്യമുണ്ട്.
അനസ്താസിയോസ് (491-518)
റോമന്‍ ചക്രവര്‍ത്തി. അല്‍ബേനിയയിലെ ഡിര്‍ഹാക്കിയം എന്ന സ്ഥലത്ത് എ.ഡി. 431-ല്‍ ജനിച്ചു. ഉത്തമമായ ക്രിസ്തീയജീവിതം നയിച്ചിരുന്ന ഇദ്ദേഹം ചെറുപ്പകാലത്ത് സുവിശേഷപ്രസംഗങ്ങള്‍ നടത്തി. എ.ഡി. 491-ല്‍ സീനോ ചക്രവര്‍ത്തി മരിച്ചപ്പോള്‍ റോമാ സാമ്രാജ്യത്തിന്‍റെ ഭരണാധിപനായിത്തീര്‍ന്നു. കല്‍ക്കദോന്യ സുന്നഹദോസിന്‍റെ പേരില്‍ സഭയിലുണ്ടായ ഭിന്നതകള്‍ അവസാനിച്ചെങ്കില്‍ മാത്രമേ സാമ്രാജ്യത്തില്‍ ശാശ്വതസമാധാനം സ്ഥാപിതമാകൂ എന്ന് ഭരണം ഏറ്റ ഉടന്‍ തന്നെ അദ്ദേഹം മനസ്സിലാക്കി. കിഴക്കുള്ള പാത്രിയര്‍ക്കേറ്റുകളെ യോജിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. അതിന് ‘ഹൈനോത്തിക്കോണ്‍’ നല്ല അടിസ്ഥാനമാണെന്നു കണ്ട് അതു മുഖാന്തരം സമാധാനം സ്ഥാപിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഹൈനോത്തിക്കോണിന്‍റെ അടിസ്ഥാനത്തില്‍ യാതൊന്നും നടക്കുകയില്ല എന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തിയുടെ നിലപാട്, അന്ത്യോക്യ പാത്രിയര്‍ക്കീസായിരുന്ന സേവേറിയോസിന്‍റെ പ്രേരണയാല്‍ കല്‍ക്കദോന്യേതരര്‍ക്ക് അനുകൂലമായി തീര്‍ന്നു. പത്രോസ് കാസോറോയുടെ കാലത്ത് “ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണ ചെയ്യണമേ” എന്ന ഭാഗം കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ച ‘കൗമ’ പ്രാര്‍ത്ഥന, സാമ്രാജ്യത്തില്‍ മുഴുവന്‍ നടപ്പില്‍ വരുത്തുവാന്‍ ചക്രവര്‍ത്തി ശ്രമിച്ചു. ഒരുകൂട്ടം കല്‍ക്കദോന്യരായ സന്യാസിമാരും ജനങ്ങളും ചേര്‍ന്ന് ഇദ്ദേഹത്തെ വധിക്കുവാന്‍ ശ്രമിച്ചു. 512-ല്‍ കൗമാപ്രാര്‍ത്ഥനയുടെ വികസിതരൂപം തലസ്ഥാനത്ത് നടപ്പില്‍ വരുത്തി. കല്‍ക്കദോന്യേതര വിശ്വാസം റോമാ സാമ്രാജ്യത്തില്‍ ശക്തിപ്പെടുത്തുന്നതിന് പരിശ്രമിച്ചു. കല്‍ക്കദോന്യ വിശ്വാസിയായിരുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഫ്ളേവിയന്‍ രണ്ടാമനെ സിംഹാസനത്തില്‍നിന്ന് നിഷ്ക്കാസനം ചെയ്തിട്ട്, സേവേറിയോസിനെ തല്‍സ്ഥാനത്ത് വാഴിച്ചതില്‍ ഇദ്ദേഹത്തിന് മുഖ്യപങ്കുണ്ട്. 518 ജൂലൈ 9-ാം തീയതി ഇദ്ദേഹം അന്തരിച്ചതോടെ കല്‍ക്കദോന്യേതര വിഭാഗത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം അവസാനിക്കുകയും അവരുടെ ശക്തി ക്ഷയിക്കുകയും ചെയ്തു.
അനാകേഫാലായോസിസ് (റീക്കാപ്പിച്ചുലേഷന്‍)
ഈ ഗ്രീക്കുപദത്തിന് തത്തുല്യമായ ഇംഗ്ലീഷ് പദം റീക്കാപ്പിച്ചുലേഷന്‍ (ഞലരമുശൗഹേമശേീി) എന്നാണ്. ഇതിന്‍റെ അര്‍ത്ഥം വീണ്ടും തലയ്ക്ക് (ഓര്‍മ്മയ്ക്ക്) വിധേയപ്പെടുത്തുക എന്നാണ്. വിജ്ഞാനമേഖലയില്‍, ‘ഓര്‍ത്തു സംഗ്രഹിക്കുക’ എന്നാണ് ഇതിന് അര്‍ത്ഥം നല്‍കപ്പെടുന്നത്. വേദശാസ്ത്രത്തില്‍ ഈ പദം സൂചിപ്പിക്കുന്നത്, ദൈവം എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായി കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയയെയാണ്. എഫേ. 1:10-ല്‍ ഈ പദത്തിന്‍റെ ക്രിയാരൂപം ഉപയോഗിച്ചിട്ടുണ്ട്. ഈ ആശയം കൂടുതല്‍ വിശദീകരിച്ചത് ഒറിഗനും രണ്ടാം നൂറ്റാണ്ടിലെ വി. ഐറേനിയസും (130-200) ആണ്. പാപത്തില്‍ നിപതിച്ച മനുഷ്യവര്‍ഗ്ഗം ക്രിസ്തുവിലൂടെ ദൈവകര്‍തൃത്വത്തിലേക്ക് പുനരേകീഭവിപ്പിക്കപ്പെട്ടതുപോലെ മുമ്പുണ്ടായ എല്ലാ ദൈവിക വെളിപ്പെടുത്തലുകളും ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തില്‍ സംഗ്രഹിക്കപ്പെടുന്നു. സൃഷ്ടി മുഴുവന്‍ യഥാസ്ഥാനപ്പെടുന്നു. ഈ സത്യം ദ്യോതിപ്പിക്കുന്ന ദൈവശാസ്ത്രപരമായ പദമായാണ് ഐറേനിയോസും ഇതിനെ ഉപയോഗിക്കുന്നത്.
അനാത്തിമ
ഈ ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം, ശപിക്കപ്പെട്ടത്, ബഹിഷ്ക്കരിക്കപ്പെട്ടത് എന്നാണ് (1 കൊരി. 16:22). സഭയുടെ കൂട്ടായ്മയില്‍നിന്നു ബഹിഷ്ക്കരിക്കുന്നതിനും ഈ പദം ഉപയോഗിക്കുന്നു. വേദശാസ്ത്രപരമായി, ഒരു സിദ്ധാന്തം തെറ്റാണെന്ന് സഭാകൗണ്‍സില്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ‘അനാത്തിമ’യാണ്. നെസ്തോറിയന്‍ വിശ്വാസം തെറ്റാണെന്നു കാണിച്ചുകൊണ്ട് അലക്സാന്ത്രിയായിലെ വി. കൂറിലോസ് പന്ത്രണ്ട് അനാത്തിമകള്‍ പ്രഖ്യാപിക്കുകയുണ്ടായി.
അനാഫോറാകള്‍, സുറിയാനി സഭയിലെ
സുറിയാനി സഭയില്‍ ഉപയോഗിക്കുന്നതും ഉപയോഗത്തിലിരിക്കുന്നതുമായ എണ്‍പതോളം തക്സാകളുണ്ട്. ഇവയില്‍ ചിലതാണ് യാക്കോബ്, ദീവന്നാസ്യോസ് ബര്‍സ്ലീബി, ഈവാനിയോസ്, ക്സൊസ്ത്തോസ് മുതലായവരുടെ അനാഫോറാകള്‍.
അനാലജി
‘അനാലോഗോണ്‍’ എന്ന ഗ്രീക്കുപദത്തില്‍ നിന്നുമാണ് അനാലജി എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. അനുപാതം അനുസരിച്ചുള്ള താരതമ്യ ചിത്രണമാണു അനാലജിയില്‍ക്കൂടി സാധിക്കുന്നത്. څനന്മچ എന്ന ആശയമാണു څഅറിയുവാന്‍چ നമ്മെ സഹായിക്കുന്നതെന്നു പറയുന്ന പ്ലേറ്റോ, സൂര്യന്‍ വസ്തുക്കളെ നിരീക്ഷിക്കാന്‍ സഹായിക്കുന്നതു പോലെയാണ് ഇതു സംഭവിക്കുന്നത് എന്ന അനാലജി ഉപയോഗിക്കുന്നു. പരമാണുവിന്‍റെ സംവിധാനത്തിനു സമാന്തരമാണു വിശ്വത്തിന്‍റെ സംവിധാനമെന്നു മദ്ധ്യയുഗത്തിലെ യൂറോപ്യന്‍ വേദശാസ്ത്രജ്ഞര്‍ വാദിച്ചു. ജീവികളുടെ ലോകത്ത് ശക്തിയുടെയും അധികാരത്തിന്‍റെയും ക്രമമുള്ളതുപോലെ മാനവിക തലത്തിലും അധികാരസംവിധാനക്രമം ആവശ്യമാണെന്ന് അവര്‍ വാദിച്ചു. പ്രപഞ്ചത്തില്‍ സൂര്യനും ചന്ദ്രനുമുള്ളതുപോലെ മദ്ധ്യയുഗയൂറോപ്പില്‍ മാര്‍പ്പാപ്പായും ചക്രവര്‍ത്തിയുമുണ്ടെന്നും വാദമുണ്ടായി. ചന്ദ്രനു സൂര്യനില്‍ നിന്നും പ്രകാശം ലഭിക്കുന്നതുപോലെ ചക്രവര്‍ത്തിക്കു മാര്‍പ്പാപ്പായില്‍ നിന്നും അധികാരം കിട്ടുന്നു. സ്വര്‍ഗ്ഗത്തിലും ഒരു സംവിധാനക്രമമുണ്ട്. ത്രിയേക ദൈവം, വി. മാതാവ്, പരിശുദ്ധന്മാര്‍ എന്നിങ്ങനെ. ഇതിനു സമാനമായിട്ടുളള (അനാലോഗസ് ആയി) സംവിധാനക്രമം ഭൂമിയിലുമുണ്ട്. മാര്‍പ്പാപ്പ, കര്‍ദ്ദിനാളന്മാര്‍, ആര്‍ച്ചുബിഷപ്പുമാര്‍ എന്നിങ്ങനെ. പക്ഷേ ദൈവത്തെ അനാലജി മുഖേന മനസ്സിലാക്കാമെന്ന് ഇതിനര്‍ത്ഥമില്ല. ദൈവം അനാലജിക്കു വിധേയനല്ല. അനാലജി ഒരു വിധത്തിലുള്ള ഉപമയാണ്. ധര്‍മ്മങ്ങള്‍ക്കു തമ്മിലുള്ള സമാനതയാണു ഇതിനു അവലംബം. താരതമ്യപ്പെടുത്തുന്നവ സമാനങ്ങളല്ല; അവയ്ക്കു സമാന സ്വഭാവങ്ങള്‍ ആനുപാതികമായി ഉണ്ടന്നേഉള്ളൂ.
അനുതാപം (മാനസാന്തരം)
വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്. അങ്ങനെ ചെയ്യുമ്പോള്‍ ധാര്‍മ്മികജീവിതത്തില്‍ അതിന്‍റെ പ്രതിഫലനം ഉണ്ടാകാതിരിക്കയില്ല. പാപത്തെ വിട്ട് നീതിയുടെയും വിശുദ്ധിയുടെയും മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ശ്രമിക്കണം. ഇതിനായിട്ടാണ് പ്രവാചകന്മാര്‍ യിസ്രായേലിനെ നിരന്തരമായി ആഹ്വാനം ചെയ്തത്.
യാഗങ്ങളും വഴിപാടുകളുമല്ല യഹോവയ്ക്കു പ്രസാദം, തകര്‍ന്നതും നുറുങ്ങിയതുമായ ഹൃദയമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു (സങ്കീ. 51:17; യെഹെ. 36:26; യിരെ. 31:33). “നിങ്ങളുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെത്തന്നെ കീറുവിന്‍” (യോവേ. 2:13) എന്നു പറയുന്നുണ്ട്.
പുതിയനിയമത്തിലേക്കു കടക്കുമ്പോള്‍, ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് അവശ്യം വേണ്ടത് അനുതാപമാണെന്നു കാണാം. യോഹന്നാന്‍ സ്നാപകന്‍ അതു പ്രഖ്യാപിച്ചു. യേശുക്രിസ്തു ആവര്‍ത്തിച്ച് ജനങ്ങളെ അത് അനുസ്മരിപ്പിച്ചു. പരീശന്മാര്‍ ബാഹ്യമായ അനുഷ്ഠാനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തപ്പോള്‍, ഹൃദയപരിവര്‍ത്തനമാണ് യേശുക്രിസ്തു നിര്‍ദ്ദേശിച്ചത് (മര്‍ക്കോ. 1:15; ലൂക്കോ. 15). അനുതാപം വിശ്വാസത്തിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നു.
അപ്പോസ്തലന്മാരുടെ പ്രബോധനങ്ങള്‍ അനുതാപത്തിലേക്കുള്ള ആഹ്വാനം ഉള്‍ക്കൊണ്ടിരുന്നു. കാരണം അനുതാപം കൂടാതെ വിശ്വാസം സാദ്ധ്യമായിരുന്നില്ല. അനുതാപത്തിനുപയോഗിക്കുന്ന ‘മെറ്റനൊയിയ’ എന്ന ഗ്രീക്കുപദം വിവക്ഷിക്കുന്നത് മനംമാറ്റമെന്നതു മാത്രമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവും ആളത്വത്തിന്‍റെ മുഴുവനായുള്ള പരിവര്‍ത്തനവുമാണ്.
അനുതാപം അഥവാ മാനസാന്തരം ഒരു പ്രത്യേക ദിവസത്തിലോ, ഘട്ടത്തിലോ മാത്രം നടക്കുന്ന ഒന്നല്ല. ജീവിതത്തില്‍ ഉടനീളം വ്യാപരിക്കുന്ന ഒന്നാണ്. എപ്പോഴൊക്കെ ദൈവത്തില്‍നിന്നും, അവിടുത്തെ കൃപയില്‍നിന്നും അകന്നുപോകുന്നുവോ അപ്പോഴൊക്കെ അവിടുത്തെ സന്നിധിയിലേക്ക് തിരികെ പോകേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ആരാധനയുടെ ഒരു മുഖ്യഘടകമായി അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അന്‍സൈറാ സുന്നഹദോസുകള്‍
ഏഷ്യാമൈനറിലെ ഗലാത്തിയയിലെ അന്‍സൈറാ, ആധുനിക തുര്‍ക്കിയിലെ അങ്കാറാ എന്നറിയപ്പെടുന്ന പട്ടണമാണ്. ഇവിടെ വച്ചു നടന്ന സുന്നഹദോസുകള്‍ അന്‍സൈറാ സുന്നഹദോസുകള്‍ (അങ്കാറാ സുന്നഹദോസുകള്‍) എന്ന പേരില്‍ അറിയപ്പെടുന്നു. എ.ഡി. 273-ലും 297-ലും അപ്രധാനങ്ങളായ രണ്ട് പ്രാദേശിക സുന്നഹദോസുകള്‍ ഇവിടെ വച്ചു നടന്നു. എ.ഡി. 314-ല്‍ കൂടിയ പ്രാദേശിക സുന്നഹദോസ് വിശ്വാസത്യാഗികളെ ഏതുവിധത്തില്‍ സഭയില്‍ തിരികെ ചേര്‍ക്കണം എന്നതിനെക്കുറിച്ച് വിശദമായ നിയമങ്ങള്‍ ക്രോഡീകരിച്ചു. ചെയ്ത തെറ്റുകളുടെ കാഠിന്യമനുസരിച്ച് അനുഭവിക്കേണ്ട ശിക്ഷകളെക്കുറിച്ചും അനുതാപകാലത്തെക്കുറിച്ചും ഈ കാനോനാകളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 358-ല്‍ കൂടിയ സുന്നഹദോസ് ഇവയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നിഖ്യാ സുന്നഹദോസിനു ശേഷം അറിയൂസ് പക്ഷക്കാരും സത്യവിശ്വാസികളും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്ന കാലത്ത് വിളിച്ചുകൂട്ടിയ ഈ സുന്നഹദോസിന്‍റെ അദ്ധ്യക്ഷന്‍ അന്‍സൈറായിലെ ബസേലിയോസ് ആയിരുന്നു. പുത്രന്‍റെ സാരാംശം പിതാവിന്‍റേതല്ലെന്നും, ഇരുസാരാംശങ്ങളും തമ്മില്‍ അടുത്ത സാമ്യം (ഒീാീശീൗശെീെ) മാത്രമേ ഉള്ളൂ എന്നും ഈ സുന്നഹദോസ് തീരുമാനിച്ചു. സഭയിലെ ഇരുകക്ഷികളെയും തമ്മില്‍ അനുരഞ്ജിപ്പിക്കുന്നതിനാണ് ഈ പഠിപ്പിക്കല്‍ കൊണ്ടുവന്നത്. എങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. മൂന്നാമത് ഒരു പക്ഷക്കാരെ സൃഷ്ടിക്കുവാന്‍ സുന്നഹദോസ് കാരണമായിത്തീര്‍ന്നു. 375-ലും ഒരു സുന്നഹദോസ് ഇവിടെവച്ചു നടന്നു. പൂര്‍ണ്ണമായും അറിയൂസ് പക്ഷക്കാരുടെ സ്വാധീനത്തില്‍ നടത്തപ്പെട്ട ഈ കൗണ്‍സില്‍ ഹിപ്സിസിലെ മെത്രാപ്പോലീത്തായായിരുന്ന പര്‍നാസൂസിനെയും നിസ്സായിലെ ഗ്രീഗോറിയോസിനെയും മുടക്കുകയുണ്ടായി.
അന്തംചാര്‍ത്തല്‍
കേരളക്രൈസ്തവരുടെ പുരാതന വിവാഹാചാരങ്ങളിലൊന്ന്. ഇപ്പോഴും ചില സമുദായങ്ങളില്‍ ഇതു നിലവിലുണ്ട്. വിവാഹത്തിന്‍റെ തലേദിവസം വൈകിട്ട് വരന്‍റെ വീട്ടില്‍ നടക്കുന്ന ഒരു ചടങ്ങാണിത്. കരയിലെ ക്ഷുരകന്‍ വരനെ പന്തലിലുള്ള പ്രത്യേക പീഠത്തിലിരുത്തി ക്ഷൗരം ചെയ്യുന്നതാണ് മുഖ്യ ചടങ്ങ്. “പതിനേഴു പരിഷമേല്‍ മാളോരേ, അന്തം ചാര്‍ത്താന്‍ കയറ്റിയിരുത്തട്ടെ” എന്നു ക്ഷുരകന്‍ മൂന്നു പ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങിയ ശേഷമാണ് കര്‍മ്മം നടത്തുന്നത് (ക്രിസ്ത്യാനികള്‍ക്ക് ചേരമാന്‍ പെരുമാളില്‍നിന്നു കിട്ടിയ പദവിയാണ് പതിനേഴുപരിഷമേല്‍ സ്ഥാനം). ഈ സമയത്ത് അന്തംചാര്‍ത്തുപാട്ട്, മാര്‍ത്തോമ്മന്‍ പാട്ട് എന്നീ പാട്ടുകള്‍ പാടാറുണ്ട്. ചില സ്ഥലങ്ങളില്‍ ഇതിന് “ചന്തം ചാര്‍ത്ത്” എന്നും പറയുന്നു.
അന്തിക്രിസ്തു (എതിര്‍ക്രിസ്തു)
ആന്‍റി എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്‍റെ അര്‍ത്ഥം څഎതിരായിട്ടുള്ളത്, ‘ശത്രുവായിട്ടുള്ളത്’ എന്നാണ്. ക്രിസ്തുവിനെതിരായി നില്‍ക്കുന്നവനെ ആന്‍റി ക്രൈസ്റ്റ് എന്നു പറയും. അതിന്‍റെ മലയാളപരിഭാഷ ‘എതിര്‍ക്രിസ്തു’ എന്നാണ്. എന്നാല്‍ ‘അന്തിക്രിസ്തു’ എന്നും ഈ വാക്കിനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
എതിര്‍ക്രിസ്തുക്കളെപ്പറ്റി യോഹന്നാന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട്. “എതിര്‍ക്രിസ്തു വരുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു” (1 യോഹ. 2:18). ڇപിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ എതിര്‍ക്രിസ്തു ആകുന്നു” (1 യോഹ. 2:22, 4:3; 2 യോഹ. 7).
പൗലോസിന്‍റെ ലേഖനത്തില്‍ ഈ പദം ഉപയോഗിച്ചിട്ടില്ല. എങ്കിലും ക്രിസ്തുവിനെയും അവിടുത്തെ ജനത്തെയും എതിര്‍ക്കുന്ന ‘അധര്‍മ്മമൂര്‍ത്തി’ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നു (2 തെസ്സ. 2:7).
അന്തിമാളന്‍കാവ്
കുന്നംകുളം തെക്കേ അങ്ങാടിയില്‍ കൊച്ചി സര്‍ക്കാര്‍ വകയുണ്ടായിരുന്ന ഈ ദേവീക്ഷേത്രം കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ക്ക് (ജോസഫ് മാര്‍ ദീവന്നാസ്യോസ് പ്രഥമന്‍) ഒരു പള്ളിയാക്കുവാന്‍ ദാനമായി നല്‍കി. ഇന്നും ആ പഴയ ക്ഷേത്രം തന്നെയാണ് കുരിശുപള്ളിയായി നിലനില്‍ക്കുന്നത്.
അന്തീമോസ്
കുസ്തന്തീനോപ്പോലീസിലെ പാത്രിയര്‍ക്കീസ്. ട്രെബിസോണ്‍ഡിലെ മേല്‍പ്പട്ടക്കാരനായിരുന്ന ഇദ്ദേഹം എ.ഡി. 535-ല്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. കര്‍ക്കശമായ സന്യാസജീവിതം ഇദ്ദേഹം നയിച്ചിരുന്നു. കല്‍ക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ യോജിപ്പുണ്ടാക്കുവാന്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി എ.ഡി. 532-ല്‍ വിളിച്ചുകൂട്ടിയ സമാധാനാലോചനയില്‍ ഇദ്ദേഹം കല്‍ക്കദോന്യ പക്ഷത്തെ പ്രതിനിധാനം ചെയ്തു. അഞ്ചാം തുബ്ദേനില്‍ പേര് ഓര്‍ക്കുന്നുണ്ട്.
അന്തോണിയോസ്, വിശുദ്ധ (എ.ഡി. 251-356)
ക്രൈസ്തവ സന്യാസപ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. ഇരുപതാമത്തെ വയസ്സില്‍ തനിക്കുണ്ടായിരുന്നതെല്ലാം ദാനം ചെയ്തിട്ട് സമ്പൂര്‍ണ്ണ ഏകാന്തവാസം നയിക്കുവാന്‍ ഈജിപ്റ്റിലെ മരുഭൂമിയിലേക്കു പോയി. കഠിനമായ ഏകാന്തവാസവും തീവ്രമായ വ്രതാനുഷ്ഠാനങ്ങളുംകൊണ്ട് പരിശുദ്ധനായിത്തീര്‍ന്നു. അനേകര്‍ ഇദ്ദേഹത്തില്‍ ആകൃഷ്ടരായി ആ മാതൃക പിന്‍പറ്റി. ലൗകീകതയില്‍ മുങ്ങിക്കൊണ്ടിരുന്ന സഭയ്ക്ക് ആദ്ധ്യാത്മിക നവോന്മേഷം പകരുവാന്‍ ഇതു വഴിതെളിച്ചു. അറിയോസിന്‍റെ വേദവിപരീതത്തെ എതിര്‍ത്ത് സഭാംഗങ്ങളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കുവാന്‍ കഠിനമായി ഇദ്ദേഹം പരിശ്രമിച്ചു. വി. അത്താനാസ്യോസ് രചിച്ച അന്തോണിയോസിന്‍റെ ജീവചരിത്രം ശ്രദ്ധേയമാണ്. വി. അന്തോണിയോസ്, പൗലോസ് എന്ന സന്യാസിയുമായി കാണുന്നതും, വി. അത്താനാസ്യോസ് വി. അന്തോണിയോസിനെ കാണുന്നതുമായ ചരിത്രവും ലഭ്യമായിട്ടുണ്ട്.
അന്തോണിയോസ്, സഖറിയാസ് മാര്‍ (1946-)
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ. 1946 ജൂലൈ 19-ന് ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്‍റെ പുത്രനായി പുനലൂരില്‍ ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍ നിന്ന് ജി.എസ്.ടി. യും സെറാമ്പൂരില്‍ നിന്ന് ബി.ഡി. യും കരസ്ഥമാക്കി.
ദീര്‍ഘനാള്‍ കൊല്ലം അരമനയില്‍ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു. നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1989 ഡിസംബര്‍ 28-ന് മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30-ന് മെത്രാനഭിഷേകം നടന്നു. തുടര്‍ന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. സ്ലീബാദാസ സമൂഹം പ്രസിഡന്‍റ്, അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു.
അന്ത്യോക്യാ (നഗരങ്ങള്‍: ക. സിറിയ, കക. ഏഷ്യാമൈനര്‍, കകക. പേര്‍ഷ്യ)
ക്രിസ്തുവര്‍ഷത്തിന്‍റെ ആദിമ നൂറ്റാണ്ടുകളില്‍ അന്ത്യോക്യാ എന്നു പേരുള്ള ഒന്നിലധികം പട്ടണങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ പ്രധാനപ്പെട്ടവ മൂന്നെണ്ണമായിരുന്നു.
(1) 1. സിറിയ: കുസ്തന്തീനോപോലീസ് സ്ഥാപിതമാകുന്നതുവരെ റോമാസാമ്രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളുടെ തലസ്ഥാനവും കിഴക്കിന്‍റെ മെത്രാപ്പോലീത്തന്‍ (പിന്നീട് പാത്രിയര്‍ക്കേറ്റ്) ആസ്ഥാനവുമായിരുന്ന സുറിയായിലെ അന്ത്യോക്യായാണ് ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ബി.സി. 300-ല്‍ സെലൂക്കസ് നിക്കേറ്ററാണ് ഒറോണ്‍ടസ് നദിയുടെ തീരത്ത് ഈ പട്ടണം സ്ഥാപിച്ചത്. തന്‍റെ പിതാവിന്‍റെ സ്മരണയ്ക്കായി അദ്ദേഹം ഇതിന് അന്ത്യോക്യാ എന്നു പേരു നല്‍കി. പിന്നീട് സെലൂക്കസ് കക കല്ലിനിക്കോസും, അന്ത്യോക്യസ് കഢ എപ്പിഫാനിയോസും കൂടുതല്‍ ഭാഗങ്ങള്‍ പണിതുചേര്‍ത്ത് പട്ടണത്തെ വിപുലമാക്കി. ടെട്രാപ്പോലീസ്, തെയോപോലീസ് എന്നീ നാമങ്ങളാലും അറിയപ്പെട്ടിരുന്ന ഈ പട്ടണത്തില്‍ സുറിയാനിയോടൊപ്പം ഗ്രീക്കു ഭാഷയും സംസാരിക്കപ്പെട്ടിരുന്നു.
അന്ത്യോക്യയില്‍ വച്ച് ക്രിസ്തുശിഷ്യര്‍ക്ക് ‘ക്രിസ്ത്യാനികള്‍’ എന്നു പേരു ലഭിക്കയും (അപ്പോ. പ്ര. 11:26) ഈ പട്ടണം പിന്നീട് ക്രൈസ്തവസഭയുടെ പ്രധാന ശക്തിദുര്‍ഗ്ഗമാകുകയും ചെയ്തു. റോമാ സാമ്രാജ്യത്തിലെ പ്രത്യേക പദവിയുള്ള പാത്രിയര്‍ക്കാസ്ഥാനമായി അന്ത്യോക്യ ഉയര്‍ന്നു. അന്ത്യോക്യന്‍ പാത്രിയര്‍ക്കാ സ്ഥാനത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന പലരും ഇന്നുണ്ട്. ഇന്നത്തെ സിറിയായിലെ ദമസ്കോസ് അസ്ഥാനമായുള്ള സിറിയന്‍ പാത്രിയര്‍ക്കേറ്റ് മലങ്കര സഭാചരിത്രവുമായി വളരെ ബന്ധപ്പെട്ടതാണ്.
(2) ഏഷ്യാ മൈനറിലെ പിസിദ്യയിലെ അന്ത്യോക്യയാണ് രണ്ടാമത്തേത്. ഇത് ആധുനിക തുര്‍ക്കിയുടെ അക്ഷെഹീന് (അസലെവശി) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. സുറിയായിലെ സെലൂക്കസ് പ്രഥമന്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ ഈ പട്ടണം സ്ഥാപിച്ചു. പൗലൂസ് ശ്ലീഹാ തന്‍റെ ഒന്നാം മിഷനറി യാത്രയില്‍ ഈ പട്ടണത്തില്‍ വന്ന് സുനഗോഗില്‍ പ്രസംഗിച്ചതായി കാണാം (അപ്പോ. പ്ര. 13:14 മു.). ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനം റോമാക്കാര്‍ ഈ പട്ടണം കീഴടക്കുകയും ഇതിനെ പിസിദ്യന്‍ പ്രോവിന്‍സിന്‍റെ തലസ്ഥാനമാക്കുകയും ചെയ്തു.
(3) പേര്‍ഷ്യന്‍ ചക്രവര്‍ത്തി കൊസറോവ് പ്രഥമന്‍ എ.ഡി. ആറാം നൂറ്റാണ്ടില്‍ സിറിയായിലെ അന്ത്യോഖ്യാ കീഴടക്കിയപ്പോള്‍ അവിടെനിന്നും ധാരാളം പേരെ അടിമകളായി പേര്‍ഷ്യയിലേക്കു കൊണ്ടുപോയി. ഇവരില്‍ നല്ല പങ്കും കല്‍ക്കദോന്യേതര വിശ്വാസം സ്വീകരിച്ചിരുന്ന ക്രിസ്ത്യാനികളായിരുന്നു. പേര്‍ഷ്യയില്‍ സെലൂക്യയ്ക്ക് അടുത്ത് അവര്‍ക്കു താമസിക്കുന്നതിനായി ഒരു പട്ടണം പണിതു. അതിനും അന്ത്യോക്യാ എന്നു തന്നെ നാമകരണം ചെയ്തു.
അന്ത്യോക്യാ സുന്നഹദോസ്
അന്ത്യോക്യായിലെ സുവര്‍ണ്ണ ദേവാലയത്തിന്‍റെ പ്രതിഷ്ഠയുടെ അവസരത്തില്‍ കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തി 341-ല്‍ വിളിച്ചുകൂട്ടിയ സുന്നഹദോസാണിത്. ചക്രവര്‍ത്തിയും 97 മെത്രാന്മാരും ഇതില്‍ സംബന്ധിച്ചു. നിഖ്യാ സുന്നഹദോസിലെ വിശ്വാസപ്രമാണങ്ങള്‍ക്ക് പകരമായി ഈ സുന്നഹദോസില്‍ നാലു വിശ്വാസപ്രമാണങ്ങള്‍ അവതരിപ്പിക്കുകയുണ്ടായെങ്കിലും അവയില്‍ യാതൊന്നുംതന്നെ അംഗീകരിക്കപ്പെട്ടില്ല. എന്‍കേനിയായിലെ സുന്നഹദോസ് എന്നാണ് 341-ല്‍ നടന്ന അന്ത്യോക്യായിലെ ഈ പ്രതിഷ്ഠാ സുന്നഹദോസിനു പേര്‍ പറയുന്നത്.
ഇരുപത്തിഞ്ചു കാനോനുകള്‍ ഈ യോഗത്തില്‍ അംഗീകരിക്കപ്പെട്ടതായി പഴയ കാനോന്‍ ശേഖരങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍ ചില ചരിത്രകാരന്മാര്‍ ഇത് 341-ലേത് അല്ല, പ്രത്യുത 330-ലെ അന്ത്യോക്യാ സുന്നഹദോസിലേതാണ് എന്ന് അഭിപ്രായപ്പെടുന്നു.
അന്ത്യോക്യന്‍ ഡെലിഗേറ്റ്
മലങ്കരസഭ അന്ത്യോക്യന്‍ സഭയുമായി ബന്ധപ്പെട്ട കാലംമുതല്‍ അവിടെനിന്നും വന്ന മെത്രാന്മാര്‍ തങ്ങള്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധി (ഡെലിഗേറ്റ്, തഹലൂപ്പാ)കള്‍ ആണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ‘ഡെലിഗേറ്റ്’ എന്ന പേരില്‍ ആദ്യമായി അറിയപ്പെട്ടത് ശെമവൂന്‍ മാര്‍ അത്താനാസ്യോസ് (1881-1889) ആയിരുന്നു. തുടര്‍ന്ന് സ്ലീബാ മാര്‍ ഒസ്താത്തിയോസ് (1908-1930), ഏലിയാസ് മാര്‍ യൂലിയോസ് (1923-1962) എന്നിവര്‍ പരസ്യമായി ഈ പേര് ഉപയോഗിക്കുകയും ഈ സ്ഥാനംമൂലം മലങ്കരയില്‍ തങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 1848-ലെ കൊല്ലം പഞ്ചായത്ത് വിധിയില്‍ വിദേശമെത്രാന്മാര്‍ക്ക് മലങ്കരയില്‍ യാതൊരു ഭരണാധികാരവും ഇല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. 1973-ല്‍ അപ്രേം ആബൂദി റമ്പാന്‍ (ആബൂദി മാര്‍ തീമോത്തിയോസ്) അന്ത്യോക്യാ പ്രതിനിധി ആണെന്നവകാശപ്പെട്ടുകൊണ്ടു വരികയും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അതിനാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഇദ്ദേഹത്തെ തിരിച്ചയച്ചു.
അന്ത്യോക്യന്‍ വേദശാസ്ത്രം
സഭയുടെ വേദശാസ്ത്രചിന്താവികാസത്തിനു നേതൃത്വം നല്‍കിയ നാലു സുപ്രധാന കേന്ദ്രങ്ങളുണ്ട്. അലക്സാന്ത്രിയ, അന്ത്യോക്യ, കൈസറിയ, എഡേസ എന്നിവയാണവ. ഇവയില്‍ അന്ത്യോക്യന്‍ ചിന്തയ്ക്ക് പൊതുവെ, പാശ്ചാത്യ ചിന്താസത്തയോടാണ് ആഭിമുഖ്യം. ആക്ഷരികമായ വ്യാഖ്യാനത്തിന് പ്രാധാന്യം നല്‍കിയുളള രീതിശാസ്ത്രമാണ് പിന്തുടരുന്നത്. താരതമ്യേന വ്യക്തതയ്ക്കും വൈവിധ്യത്തിനും പ്രാധാന്യം കൂടുതല്‍ കൊടുക്കുന്ന സമീപനമാണ് അന്ത്യോക്യന്‍ വേദശാസ്ത്രത്തിനുളളത്. അതുകൊണ്ട് ഇതിന്‍റെ ദാര്‍ശനികമായ അടിത്തറ അരിസ്റ്റോട്ടിലിന്‍റേതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്ത്യോക്യന്‍ വേദശാസ്ത്രത്തിന്‍റെ ആദ്യകാലത്തെ പ്രധാന വക്താക്കളായി അറിയപ്പെടുന്നത് അന്ത്യോക്യയിലെ ലൂസ്യയന്‍, തര്‍സോസിലെ ദിയോദോര്‍, മൗപ്സിസ്റ്റിയയിലെ തിയോദോര്‍, നെസ്തോറിയസ് മുതലായവരാണ്. അന്ത്യോക്യന്‍ വേദശാസ്ത്രത്തിന്‍റെ ഒരു പ്രധാന പ്രത്യേകത അത് മാനുഷിക യാഥാര്‍ത്ഥ്യത്തിന്‍റെ പ്രാഥമികാടിസ്ഥാനത്തില്‍ നിന്ന് എല്ലാ തത്ത്വങ്ങളെയും സമീപിക്കുന്നുവെതെന്നുള്ളതാണ്.
അന്ത്യോക്യന്‍ സുറിയാനിസഭ
ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്ന്. അപ്പോസ്തോലിക കാലത്തുതന്നെ ഈ സഭ സ്ഥാപിതമായി. കുപ്രോസുകാരും, കുറേനക്കാരുമായ വിശ്വാസികളാണ് ഇവിടെ ആദ്യം സുവിശേഷം പ്രസംഗിച്ചത് (അപ്പോ. പ്ര. 11:20). അതിനുശേഷം പൗലോസും ബര്‍ന്നബാസും ഇവിടെ ചെന്നു പ്രവര്‍ത്തിച്ചു. പിന്നീട് പത്രോസും അവിടെയെത്തിയതായി മനസ്സിലാക്കാം (ഗലാ. 2:11 മു.). പത്രോസ് ശ്ലീഹായാണ് ഈ സഭയുടെ സ്ഥാപകന്‍ എന്നു സഭാചരിത്രകാരനായ യൗസേബിയോസ് പറയുന്നു. വി. ഇഗ്നാത്തിയോസ്, വി. എഫ്രയിം മുതലായ പിതാക്കന്മാര്‍ അന്ത്യോക്യന്‍ സഭയെ പരിപോഷിപ്പിച്ചവരാണ്. അന്ത്യോക്യന്‍ സുറിയാനി സഭ പിന്തുടരുന്നത് അലക്സാന്ത്രിയന്‍ വേദശാസ്ത്രമാണ്.
അന്ത്യോക്യന്‍ സഭ മുസ്ലീം ഭരണാധികാരികളാല്‍ കഠിനയാതനകള്‍ അനുഭവിക്കേണ്ടിവന്ന ചരിത്രമാണ് ഏഴു മുതലുള്ള നൂറ്റാണ്ടുകളില്‍ കാണുന്നത്. ഓരോ പാത്രിയര്‍ക്കീസിനും വാഴിക്കപ്പെടുമ്പോള്‍ ഭരണാധികാരിയായ സുല്‍ത്താന്‍റെ അധികാരപത്രമായ ‘ഫര്‍മാന്‍’ ലഭിക്കേണ്ടിയിരുന്നു. ഇതു കോഴകൊടുത്തും മറ്റും വാങ്ങാവുന്ന ഒന്നായിത്തീര്‍ന്നപ്പോള്‍ സഭാനേതൃത്വത്തിന്‍റെ നിലവാരവും സ്വാഭാവികമായി താണുപോയി.
സഭ വൈപരീത്യങ്ങളുടെ നടുവില്‍ക്കൂടി കടന്നുപോയപ്പോഴും പ്രഗത്ഭമതികളും വേദശാസ്ത്രനിപുണരുമായ പലരും ഉയര്‍ന്നുവന്നു. അവരില്‍ പ്രമുഖരായ ചിലരാണ് എഡേസ്സായിലെ യാക്കോബ്, ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൂശ ബര്‍കീപ്പാ തുടങ്ങിയവര്‍. ഒന്‍പതുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ മുസ്ലീമുകളുടെ ഭീഷണിയും അസഹിഷ്ണുതയും സഭയ്ക്കു പ്രയാസങ്ങള്‍ വരുത്തി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രശോഭിച്ച പ്രഗത്ഭമതികളാണ് ദീവന്നാസ്യോസ് ബര്‍സ്ലീബി, ചരിത്രകാരനായ മീഖായേല്‍ റാബോ, ബാര്‍ എബ്രായ എന്നിവര്‍.
തുര്‍ക്കികളുടെ ഭരണകാലം സഭയ്ക്ക് കൂടുതല്‍ പ്രയാസകരമായിത്തീര്‍ന്നു. സഭയുടെ കെട്ടുറപ്പ് നഷ്ടമായി. ആഭ്യന്തര കലഹങ്ങള്‍ തലപൊക്കി. അംഗസംഖ്യയിലും ഗണ്യമായ കുറവുണ്ടായി. പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനം മര്‍ദ്ദീനിലേക്കും, അവിടെനിന്നു ഹോംസിലേക്കും, അതിനുശേഷം ദമസ്കോസിലേക്കും മാറ്റപ്പെട്ടു.
ഇന്നു സുറിയാനിക്കാര്‍ തുര്‍ക്കിയിലും, സിറിയയിലും, ലബനോനിലും, യൂറോപ്പിലും, അമേരിക്കയിലുമായി ചിതറിപ്പാര്‍ക്കുന്നു. തുര്‍ക്കിയിലും സിറിയയിലുമുള്ളവര്‍ ഇന്നും പ്രതികൂലാവസ്ഥയിലാണ് കഴിയുന്നത്. മതതീവ്രവാദികളുടെ അക്രമണം കാരണം സിറിയായിലെ അവസ്ഥ ദയനീയമാണ്. ആകെ സുറിയാനിക്കാരുടെ അംഗസംഖ്യ ഒന്നര ലക്ഷത്തിലധികം വരികയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
അന്ത്രയോസ് ബാവാ
മലങ്കരയിലെത്തിയ ഒരു വിദേശ മെത്രാപ്പോലീത്താ. ഇദ്ദേഹം 1678-ല്‍ മലങ്കരയിലെത്തി. തെക്കന്‍ ഭദ്രാസനങ്ങളിലുള്ള പള്ളികള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ പുത്തന്‍കാവില്‍ എത്തി. പുത്തന്‍കാവിലെ ജനങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ നേടിയ ഇദ്ദേഹം കല്ലടയില്‍ വച്ച് കാലം ചെയ്ത് അവിടെ കബറടങ്ങി. പുത്തന്‍കാവിലെ ജനങ്ങള്‍ ഇദ്ദേഹത്തിന്‍റെ അസ്ഥിശകലം പുത്തന്‍കാവില്‍ കൊണ്ടുവന്ന് സംസ്കരിക്കുകയും അവിടെ ഒരു കുരിശു സ്ഥാപിക്കുകയും ചെയ്തു. കല്ലട പള്ളിയിലും പുത്തന്‍കാവ് പള്ളിയിലും ഇദ്ദേഹത്തിന്‍റെ ഓര്‍മ്മ ആഘോഷിക്കുന്നു. ഇദ്ദേഹം ഒരു മെത്രാപ്പോലീത്താ ആയിരുന്നില്ല എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പടുന്നു. ‘പുത്തന്‍കാവു വലിയപ്പന്‍’, ‘കല്ലട വലിയപ്പന്‍’ മുതലായ പേരുകളില്‍ ഇദ്ദേഹം അറിയപ്പെടുന്നു.
അന്ത്രയോസ് ശ്ലീഹാ, വിശുദ്ധ
യേശുക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍. യേശുവിന്‍റെ പ്രഥമ ശിഷ്യന്‍. വി. പത്രോസ് ശ്ലീഹായുടെ സഹോദരനും, ബത്സയിദാ ദേശക്കാരനും, മീന്‍പിടുത്തക്കാരനുമായിരുന്നു ഇദ്ദേഹം. ‘ആദ്യം വിളിക്കപ്പെട്ടവന്‍’ എന്ന അര്‍ത്ഥത്തില്‍ ‘പ്രോട്ടോക്ലേറ്റോസ്’ എന്ന വിശേഷണം ഇദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. വി. യോഹന്നാന്‍റെ സുവിശേഷപ്രകാരം, യോഹന്നാന്‍ സ്നാപകന്‍റെ ശിഷ്യനായിരുന്ന ഇദ്ദേഹമാണ് ആദ്യം യേശുവിനെ അന്വേഷിച്ചുചെന്ന് യേശുവിന്‍റെ പ്രഥമശിഷ്യത്വം സ്വീകരിച്ചത്. മറ്റു പലരേയും യേശുവിന്‍റെ അരികിലേക്ക് കൊണ്ടുവരുന്ന വ്യക്തിയായിട്ടാണ് വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇദ്ദേഹത്തെ ചിത്രീകരിക്കുന്നത്. മിശിഹായെ കണ്ടെത്തിയെന്നു പറഞ്ഞ് ഇദ്ദേഹം തന്‍റെ സഹോദരനായ പത്രോസിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു (യോഹ. 1:40-42). അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ തൃപ്തിപ്പെടുത്തുവാന്‍ മുഖാന്തരമായ അപ്പം കൈവശമുണ്ടായിരുന്ന ബാലനെ കണ്ടുപിടിച്ച് യേശുവിന്‍റെ അടുത്തേക്ക് നയിച്ചത് ഇദ്ദേഹമാണ് (യോഹ. 6:8-9). യവനന്മാരെ യേശുവിന്‍റെ അടുത്തേക്ക് നയിച്ചതും ഇദ്ദേഹം തന്നെ (യോഹ. 12:20-22). ഇദ്ദേഹത്തിന്‍റെ സുവിശേഷവയല്‍ വളരെ വിസ്തൃതമായിരുന്നു. കപ്പദോക്യ, ബിഥുന്യ, ഗലാത്യ, അഖായ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം അറിയിച്ചു. റഷ്യയുടെ ചില പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട,് ഗ്രീക്ക്, റഷ്യന്‍ സഭാപാരമ്പര്യങ്ങളുടെ ജനയിതാവായിട്ടാണ് ഇദ്ദേഹം കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ഒരു പുരാതനരേഖയില്‍ ഇദ്ദേഹം പത്രാസ് എന്ന സ്ഥലത്തുവച്ച് ത ആകൃതിയിലുള്ള കുരിശിന്മേല്‍ തൂക്കപ്പെട്ടു എന്നു പറയുന്നു. തന്‍നിമിത്തം ഈ ആകൃതിയിലുള്ള കുരിശിന് ‘അന്ത്രയോസിന്‍റെ കുരിശ്’ എന്നു പറയുന്നു.
അന്ന ജോര്‍ജ് (അന്ന രാജം മല്‍ഹോത്ര, 1927-)
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥ. നിരണത്ത് ഒ.എ. ജോര്‍ജ്ജിന്‍റെയും (നിരണം സെന്‍റ് മേരീസ് ഇടവക) അന്നാ പോളിന്‍റെയും മകളായി 1927-ല്‍ ജനിച്ചു. 1951-ല്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച അന്നയാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ സബ്കളക്ടറും ആദ്യത്തെ വനിതാ സെക്രട്ടറിയും. 1981-ല്‍ കേന്ദ്രവിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയായി. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. 1989 ജനുവരിയില്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ബോംബെ നവഷേവ തുറമുഖത്തിന്‍റെ ചെയര്‍പേഴ്സണ്‍ ആയി റിട്ടയര്‍ ചെയ്തു. മലയാളത്തിലെ ആദ്യത്തെ പുരാണനിഘണ്ടുവായ ‘പുരാണ കഥാ നിഘണ്ടു’വിന്‍റെ കര്‍ത്താവായ പൈലോ പോള്‍ അന്നയുടെ പിതാമഹനാണ്. ധനകാര്യവകുപ്പു സെക്രട്ടറിയായിരുന്ന ആര്‍.എന്‍. മല്‍ഹോത്രയാണ് ഭര്‍ത്താവ്.
അന്യഭാഷ (മറുഭാഷ)
അപ്പോസ്തോലികസഭയില്‍ പ്രകടമായ ഒരു പ്രതിഭാസത്തെ ഇതു സൂചിപ്പിക്കുന്നു. മറുഭാഷ, വരഭാഷ, അന്യഭാഷ, ഭാഷാനല്‍വരം എന്നെല്ലാം ഇതിനെപ്പറ്റി പറയുന്നു. മേല്‍പ്പറഞ്ഞ പദം ‘ഗ്ലോസ്സോലാലിയ’ എന്ന ഗ്രീക്കുപദത്തിന്‍റെ പര്യായമാണ്. പെന്തിക്കോസ്തി നാളില്‍ പരിശുദ്ധാത്മാവിന്‍റെ നല്‍വരം ലഭിച്ചപ്പോള്‍ അപ്പോസ്തലന്മാര്‍ അന്യഭാഷകളില്‍ സംസാരിച്ചു. അവിടെ കൂടിവന്ന ജനങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ട് (അപ്പോ. പ്ര. 2:6) അമ്പരന്നു. ഈ സംഭവം പിന്നീട് ആവര്‍ത്തിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ നല്‍വരം ലഭിച്ചവര്‍ അന്യഭാഷയില്‍ സംസാരിച്ചതായി (അപ്പോ. പ്ര. 19:6; 1 കൊരി. 12:30, 13:8, 14:21 -23) പറയുന്നുണ്ട്. എന്നാല്‍ വരം ലഭിച്ചവര്‍ പറഞ്ഞ ഭാഷ ശ്രോതാക്കള്‍ക്കു മനസ്സിലാകുമായിരുന്നില്ല. അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം വ്യക്തമാക്കിക്കൊടുക്കുവാന്‍ ‘വ്യാഖ്യാതാക്കള്‍’ വേണമായിരുന്നു.
ആധുനികകാലത്ത് ക്രിസ്തീയസഭകളില്‍ വളര്‍ന്നുവന്നിട്ടുള്ള ഒന്നാണ് കാരിസ്മാറ്റിക് പ്രസ്ഥാനമെന്നുള്ളത്. പരിശുദ്ധാത്മാവിന്‍റെ നല്‍വരത്തിനും ആത്മാവിന്‍റെ നിറവിനും പ്രത്യേകം പ്രാധാന്യം നല്‍കുന്നതാണ് ഈ പ്രസ്ഥാനം. അതിനു നേതൃത്വം നല്‍കുന്ന പലര്‍ക്കും ‘അന്യഭാഷാവരം’ ലഭിച്ചുവെന്ന് അവകാശപ്പെടുന്നു. പെന്തിക്കോസ്തല്‍ സഭാവിഭാഗങ്ങള്‍ പരിശുദ്ധാത്മാഭിഷേകത്തിന്‍റെ ഏകവും പ്രത്യക്ഷവുമായ അടയാളമായി അന്യഭാഷയിലുള്ള ഭാഷണത്തെ കണക്കാക്കുന്നു. പക്ഷെ അതിനു വേദപുസ്തകത്തില്‍ വേണ്ടതായ തെളിവില്ല. എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു നല്‍വരമായി പൗലോസ് ഇതിനെ കരുതിയില്ല (1 കൊരി. 12:28). ഇതു ചിലര്‍ക്കു മാത്രം ലഭിച്ചുവെന്നു വരാം. എന്നാല്‍ അന്യഭാഷ സംസാരിക്കുന്നതിന് അമിതപ്രാധാന്യം കൊടുക്കുന്നതിനെ അദ്ദേഹം നിരോധിച്ചിരിക്കുന്നു (1 കൊരി. 14-ാം അദ്ധ്യായം).
അന്യവത്ക്കരണം (ഐതര്യം)
ഏലിയനേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന്‍റെ മലയാളം. ‘സ്വന്തം’, ‘ഐക്യം’ എന്ന അവസ്ഥകളില്‍നിന്ന് മാറിപ്പോകുന്നതിന് അന്യവത്ക്കരണം എന്നു പറയാം. ദൈവവുമായി ഐക്യത്തില്‍ സ്ഥിതിചെയ്തിരുന്ന മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ അന്യവത്ക്കരിക്കപ്പെട്ടു. പരസ്പരബന്ധത്തിലും പാപത്തിന്‍റെ ഫലമായി അന്യവത്ക്കരണം സംഭവിച്ചു. ‘മോക്ഷം’, ‘രക്ഷ’ മുതലായ പദങ്ങള്‍ സൂചിപ്പിക്കുന്നത് അന്യവത്ക്കരണത്തില്‍നിന്നുള്ള മോചനത്തെക്കുറിച്ചാണ്. മനുഷ്യന്‍ മനുഷ്യനില്‍നിന്ന് അകലാന്‍ ഇടവന്നതിനെയും ‘ഐതര്യം’ സൂചിപ്പിക്കുന്നു.
അപ്പച്ചന്‍
അപ്പന്‍ എന്നാല്‍ പിതാവ് എന്നര്‍ത്ഥം. അപ്പന്‍ എന്ന വാക്കിനോട് കൂടി ‘അച്ചന്‍’ എന്ന ബഹുമാനസൂചകമായ പദംകൂടി ചേരുമ്പോള്‍ അപ്പച്ചന്‍ എന്നാകുന്നു. സ്നേഹവും ഈ പദം ദ്യോതിപ്പിക്കുന്നു. പിതാവിന്‍റെ സ്ഥാനത്തുള്ള ആളിനെ അപ്പച്ചന്‍ എന്നു വിളിക്കാറുണ്ട്. പിതാവിന്‍റെ അപ്പനെ (വല്യപ്പനെ) കൊച്ചുമക്കളും, പ്രായമായ അപ്പനെ മക്കളും ‘അപ്പച്ചന്‍’ എന്ന് സാധാരണ വിളിക്കുന്നു.
അപ്പന്‍
പിതാവിനെ കുറിക്കുന്നു; ചില സമുദായത്തില്‍ പിതാവിന്‍റെ അനുജനെ (അപ്ഫന്‍)യും സൂചിപ്പിക്കുന്നു. څഅപ്പന്‍چ എന്ന് ഓമനപ്പേരായും ഉപയോഗിക്കാറുണ്ട്.
അപ്പവും വീഞ്ഞും
സഭയുടെ പ്രധാന ആരാധനയായ വിശുദ്ധ കുര്‍ബ്ബാനയില്‍ അര്‍പ്പിക്കപ്പെടുന്നവയാണ് അപ്പവും വീഞ്ഞും. ഇതിനാധാരം “ഞാന്‍ വരുന്നതുവരെയും എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍” എന്ന് യേശുക്രിസ്തു തന്‍റെ അവസാന അത്താഴത്തില്‍ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കിക്കൊണ്ട് നല്‍കിയ കല്‍പ്പനയാണ്. അന്നുമുതല്‍ ഇന്നുവരെയും വിശുദ്ധ കുര്‍ബ്ബാനയില്‍ ഗോതമ്പുകൊണ്ടുള്ള അപ്പവും വീഞ്ഞും ഉപയോഗിച്ചുവരുന്നു. മിക്ക പൗരസ്ത്യ സഭകളെയും പോലെ ഓര്‍ത്തഡോക്സ് സുറിയാനിസഭ പുളിപ്പുള്ള അപ്പമാണ് (അമ്മീറാ) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്നത്. അത് ഓരോ കുര്‍ബ്ബാനയ്ക്കും മുമ്പ് ഉണ്ടാക്കുന്നു. കര്‍ത്താവ് പുളിപ്പുള്ള അപ്പം ഉപയോഗിച്ചതുകൊണ്ടാണ് സഭയും അപ്രകാരം ചെയ്യുന്നത്. അര്‍മ്മീനിയന്‍ സഭ പുളിപ്പില്ലാത്ത അപ്പമാണ് ഉപയോഗിക്കുന്നത്.
പഴയ നിയമത്തില്‍ ശാലേം രാജാവായ മല്‍ക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ട് പുരോഹിത ശുശ്രൂഷ ചെയ്തു എന്നു വായിക്കുന്നു (ഉല്‍പ. 14:18). അതിനെ വിശുദ്ധ കുര്‍ബ്ബാനയുടെ മുന്‍കുറിയായി സഭാപിതാക്കന്മാര്‍ കരുതുന്നുണ്ട്.
കുര്‍ബ്ബാനയില്‍ വീഞ്ഞ് ഉപയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കുന്ന പാരമ്പര്യം അര്‍മ്മീനിയന്‍ സഭ ഒഴികെ മറ്റെല്ലാ സഭകളും പിന്തുടരുന്നു. കര്‍ത്താവിന്‍റെ ദൈവത്വവും മനുഷ്യത്വവും തമ്മില്‍ യോജിക്കുന്നതിനെ കുറിക്കുന്നതോടൊപ്പം, യേശുവിന്‍റെ വിലാവില്‍ നിന്നൊഴുകിയ രക്തത്തെയും വെള്ളത്തെയും അത് അനുസ്മരിപ്പിക്കുന്നു.