അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്


ഗോവ
സെപ്തംബര്‍ 1893

മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും ഒരു സഹോദര പുത്രിയും ഒരു പേരപ്പനും തന്നെ. ഈ ദുഃഖത്തില്‍ മുഴുകിയിരിക്കുമ്പോള്‍ സവാന്‍റുവാടി സംസ്ഥാനത്തെ ക്രിസ്ത്യാനികള്‍ വന്നു. അവരെപ്രതി അവരുടെ രാജ്യത്തേക്കു ഞാന്‍ ചെല്ലണമെന്നു അപേക്ഷിച്ചു. റോമാ അധികാരത്തോടു മുഷിഞ്ഞു അവര്‍ അന്ത്യോഖ്യാ അധികാരത്തിനു കീഴ്പ്പെടുന്നതിനും പള്ളി എന്‍റെ കൈവശം ഭരമേല്‍പ്പിക്കുമാറും നിശ്ചയിച്ചു. വേണ്ട കരുതലോടു കൂടെ ഞാന്‍ അവിടെ എത്തി. റോമാ പാദ്രി വളരെ തടസ്സങ്ങള്‍ ഉണ്ടാക്കി. സര്‍ക്കാരില്‍ അപേക്ഷിച്ച് അയാളുടെ കൈവശത്തെ നിലനിര്‍ത്തി. അവിടെ ഞാന്‍ രണ്ടുമാസം താമസിക്കേണ്ടി വന്നു പോയി. വളരെ ക്ഷീണിച്ചു ഈ മാസം 7-ന് ഞാന്‍ മടങ്ങിഎത്തി. സാവന്‍റുവാടി സഭയില്‍ 6000 ക്രിസ്ത്യാനികള്‍ ഉണ്ട്. ഈ പട്ടണത്തില്‍ ഏകദേശം 1000 ഉണ്ട്. അതില്‍ 600-ല്‍ ചില്വാനം നമ്മുടെ ഭാഗത്തും 300-ല്‍ ചില്വാനം റോമാ ഭാഗത്തുമാണ്. ആകെയുള്ളതില്‍ 2000 റോമാ ഭാഗത്തും 4000 നമ്മുടെ ഭാഗത്തുമാണ്. കോര്‍ട്ടുവിധി കിട്ടുന്നതുവരെ നമ്മുടെ ജനം തല്ക്കാലത്തേയ്ക്കു പള്ളികള്‍ കെട്ടിയിട്ടുമുണ്ട്. ഈ പുതിയ സഭയെ ദൈവം അനുഗ്രഹിക്കുന്നതിനു നിങ്ങളും അപേക്ഷിക്കണം ഇതിനാല്‍ എഴുത്തുകള്‍ അയപ്പാന്‍ താമസിച്ചതാണ്. കൊളമ്പു ഹൈക്കോര്‍ട്ടില്‍ മന്നാര്‍ പള്ളിക്കേസു വിധിച്ചു. നമ്മുടെ ലുവിസസോ ആറസു അച്ചന്‍ പള്ളി ഭരമേല്ക്കയും ചെയ്തു. അവിടെ കഴിഞ്ഞ ചിങ്ങത്തില്‍ കന്യാസ്ത്രീ അമ്മയുടെ വാങ്ങിപ്പിന്‍റെ പെരുന്നാള്‍ ഘോഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്‍റെ അച്ചടി പ്രസു ശരിയാക്കി വരുന്നു.

വിശുദ്ധ പാത്രിയര്‍ക്കീസു ബാവാ അയച്ചുതന്നിട്ടുള്ള എന്‍റെ സ്ഥാത്തിക്കോന്‍ ഇതേവരെ കിട്ടിയില്ല. വന്ദ്യ സഹോദരന്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്താ അതു അയയ്ക്കുമെന്നു വാഗ്ദത്തം ചെയ്തിട്ടുണ്ട്. അയക്കാതെ ഇരിക്കുന്നതു എന്‍റെ മേല്‍വിലാസം അറിയായ്കകൊണ്ടായിരിക്കാം. അത് അദ്ദേഹം വേഗം അയച്ചുതരുവാന്‍ നിങ്ങള്‍ ഉത്സാഹിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. അതു വായിച്ചു കാണ്മാന്‍ ഞാന്‍ വളരെ വാഞ്ചിക്കുന്നു. എന്‍റെ സഭയേയും എന്നെയും കുറിച്ചു നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. എനിക്കു എഴുത്തയക്കുമാറാകണം. നമ്മുടെ പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും ഒക്കെ എന്‍റെ വന്ദനം. വിശുദ്ധ ചുംബനത്തോടു ഞാന്‍ നിര്‍ത്തുന്നു.

അല്‍വാറീസ് മാര്‍ യൂലിയോസ് (ഒപ്പ്)

(1894 മീനം ലക്കം ‘ഇടവകപത്രിക’യില്‍ നിന്നും)