ആര്‍ച്ചുബിഷോപ്പിന്‍റെ വാസസ്ഥലം
ഡൂവല്‍, കെവാനികൊ,
വിസകൊന്‍സിന്‍
1894 ജനുവരി 29-ന്
ബഹുമാനപ്പെട്ട മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ക്കു.
എന്‍റെ കൈകളില്‍ നിങ്ങളുടെ എത്രയും സന്തോഷകരമായ എഴുത്തു തക്കസമയത്തു കിട്ടുകയും അതു ഇനിക്കു സന്തോഷം ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഔദാര്യം നിമിത്തം കഴിയുവണ്ണം ഇനിക്കു കൂടെക്കൂടെ എഴുതി അയക്കുക. എന്‍റെ എഴുത്തുകളില്‍ വല്ലതും നിങ്ങള്‍ക്കു കിട്ടാതിരിക്കുന്നുണ്ടോ എന്നു ഇനിക്കു സന്ദേഹമുണ്ട്.
നമ്മുടെ സ്നേഹിക്കപ്പെട്ട സഹോദരന്‍ മാര്‍ യൂലിയോസില്‍ നിന്നു കുറെ ദിവസം മുമ്പു ഇനിക്കു ഒരു എഴുത്തു കിട്ടി. സത്യമുള്ള ആട്ടിന്‍കൂട്ടത്തിലെ അനുഗ്രഹിക്കപ്പെട്ട മെത്രാന്മാരായ നിങ്ങളോടും അദ്ദേഹത്തോടും കൂടി ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ. കുറെ മുമ്പു വിശുദ്ധ പാത്രിയര്‍ക്കീസു ബാവാ അവര്‍കളുടെ ഒരു കല്പന ഇനിക്കു കിട്ടി. അദ്ദേഹവുമായി നേരിട്ടും സ്വാതന്ത്ര്യമായും എഴുത്തുകുത്തുകള്‍ ചെയ്വാന്‍ ഇനിക്കു മനസ്സും താല്പര്യവും ഉണ്ട്. എന്നാല്‍ ബാവായുടെ എഴുത്തുകള്‍ നിങ്ങളുടെ സ്വന്ത കിഴക്കന്‍ ഭാഷയാണ്. ആയത് ഇനിക്കോ ഇവിടെയുള്ള ക്രിസ്ത്യാനികളില്‍ വല്ലവര്‍ക്കുമോ വായിപ്പാന്‍ പാടില്ലാ. മുമ്പെത്തെ ഒരു എഴുത്ത് വാഷിംഗ്റ്റനിലെ തുര്‍ക്കി അമ്പാസിഡര്‍ മുഖാന്തിരം ന്യൂയോര്‍ക്കിലെ തുര്‍ക്കി കോണ്‍സലിനെക്കൊണ്ടു വളരെ താമസിച്ചതിന്‍റെ ശേഷം ഞാന്‍ തര്‍ജ്ജമ ചെയ്യിച്ചു. മേല്പറഞ്ഞ ആള്‍ ആദ്യത്തെ എഴുത്തു വളരെ മനസ്സുകേടോടുകൂടി തര്‍ജ്ജമ ചെയ്കയാല്‍ രണ്ടാമതു അയാളോടു ആവശ്യപ്പെടുന്നതിനു ഞാന്‍ ഭയപ്പെടുന്നു. ഇന്നു ഞാന്‍ ബാവായിക്കു എഴുതുന്നുണ്ട്. ഈ രാജ്യത്തു നടപ്പുള്ള ഫ്രെഞ്ചു, ഇംഗ്ലീഷ്, ജെര്‍മന്‍, ഡച്ച്, ലത്തീന്‍ എന്നീ ഭാഷകള്‍ ഒന്നില്‍ ഇനിമേല്‍ ദയവു ചെയ്ത് എഴുതി അയയ്ക്കണമെന്നു ഞാന്‍ ബാവായോടു അപേക്ഷിക്കുന്നുണ്ട്. നിങ്ങളുടെ നിരന്തരമായ ക്ഷേമത്തിനുവേണ്ടി ഞാന്‍ ദൈവത്തെ സ്തുതിക്കയും നിങ്ങളുടെ ക്രിസ്ത്യാനികളുടെയും ഞങ്ങളുടെയും ഉപകാരത്തിനായി നിങ്ങളെ ദീര്‍ഘമായി കാത്തു രക്ഷിക്കുന്നതിനു പ്രാര്‍ത്ഥിക്കയും ചെയ്യുന്നു. നിങ്ങളുടെ ആഗ്രഹപ്രകാരം എന്‍റെ ദാരിദ്ര്യം എന്നെ ശക്തിപ്പെടുത്തി. ഞാന്‍ പ്രസിദ്ധം ചെയ്യുന്ന വര്‍ത്തമാന പുസ്തകങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു അയച്ചുതരാം. അധികം പ്രവൃത്തിക്കുന്നതിനു ഞാന്‍ മടിക്കുന്നതു മനസ്സുകേടു കൊണ്ടല്ല. എന്നാല്‍ ദ്രവ്യച്ചുരുക്കം കൊണ്ടാകുന്നു എങ്കിലും ഞാന്‍ സദാ ആശയില്‍ ഇരിക്കുന്നു.
ക്രിസ്ഥമസ്സിനു (25 നോമ്പുവീടല്‍) ഡെറ്റ്യൊയിറ്റ എന്ന സ്ഥലത്തു ഞാന്‍ ഒരു പള്ളി പ്രതിഷ്ഠ കഴിച്ചു. ഞങ്ങളുടെ മേല്‍ഗതിയെ പ്രൊത്തെസ്ഥാന്തുകാരും റോമ്മാക്കാരും പുറമെ തടസ്സപ്പെടുത്തി പീഢിപ്പിച്ചു എങ്കിലും ഇനിമേല്‍ ശുഭമായി വരുമെന്നു ആശിപ്പാന്‍ കാരണമുണ്ട്. സമാധാനം എന്നാല്‍ നിശ്ചയമെന്നാണല്ലോ പ്രമാണം.
നൌവെല്‍സ പാദ്രിയുടെ സംഗതിക്കു അയാള്‍ പ്രായശ്ചിത്തം അനുഭവിക്കുന്നപക്ഷം അയാളെ കൈക്കൊണ്ടു മുന്‍സ്ഥിതിയില്‍ ആക്കാമെന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ ചെവിക്കൊള്ളുന്നില്ലാ. അതിനാല്‍ അയാളെക്കൊണ്ടു ഇനിക്കു ഒരു കാര്‍യ്യമില്ലെന്നു മാത്രം പറയുന്നു.
നിങ്ങളുടെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനു ആഗ്രഹമുള്ള നമ്മുടെ സഹോദരന്‍ അഗസ്ഥീന്‍ അധിക താമസം കൂടാതെ നിങ്ങളെ വന്നു കാണുന്നതിനു മനസ്സാകുന്നു. അദ്ദേഹം അങ്ങിനെ ചെയ്യുന്നപക്ഷം നിങ്ങള്‍ അദ്ദേഹത്തെ ദയയോടെ കൈക്കൊള്ളണമെന്നു ഞാന്‍ അദ്ദേഹത്തിനുവേണ്ടി മദ്ധ്യസ്ഥതയണക്കുന്നു.
അമ്മേറിക്കായിലെ … യില്‍ പണത്തിനു ഒരു മുഖ്യമായ ദുര്‍ല്ലഭമുണ്ട്. ഞങ്ങളുടെ പണക്കാരായ സഹോദരന്മാരേക്കാള്‍ അധികം ഇതു നിമിത്തം ഞങ്ങള്‍ ബുദ്ധിമുട്ടുന്നു.
ശുദ്ധ കുര്‍ബ്ബാനയിലും പ്രാര്‍ത്ഥനകളിലും ഞാന്‍ സദാ നിങ്ങളെ ഓര്‍ക്കുന്നു. എന്നെ നിങ്ങളും മറക്കരുതേ. പാത്രിയര്‍ക്കീസു ബാവാ പാപ്പാ മതം കൈക്കൊണ്ടു എന്നു പാപ്പാ മതക്കാര്‍ പ്രസിദ്ധി ചെയ്ത ശ്രുതി അവരുടെ മറ്റൊരു കളവാണെന്നു ഞങ്ങളുടെ ക്രിസ്ത്യാനികള്‍ സന്തോഷപൂര്‍വ്വം ഗ്രഹിച്ചു.
പട്ടക്കാരും ജനങ്ങളും എന്നോടു കൂടി നിങ്ങള്‍ക്കു വന്ദനം പറകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ പ്രിയമുള്ള തീമോത്തിയോസ് റിനിവിലാത്തി (ഒപ്പ്)
(1894 മീനം ഇടവക പത്രിക)