അനുഗൃഹീതമായ കണ്ണുനീര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്


“എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ,
നിന്‍റെ രക്തം എന്‍റെ ഹൃദയത്തിലൊഴുകട്ടെ.
നീയല്ലാതെ ആരാണ് എനിക്ക്
കണ്ണുനീര്‍ പ്രവാഹത്തെ സമ്മാനിക്കുന്നത്?”

– നിനുവയിലെ വി. ഇസ്സഹാക്ക്

ഓര്‍ത്തഡോക്സ് ആദ്ധ്യാത്മികതയില്‍, പ്രത്യേകിച്ചും സുറിയാനി പാരമ്പര്യത്തില്‍ കണ്ണുനീരിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ദുഃഖം, പശ്ചാത്താപം, സഹതാപം, നഷ്ടബോധം തുടങ്ങിയ മാനുഷിക വികാരങ്ങളോടാണ് കണ്ണുനീരിനെ നാം സാധാരണ ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരി, കണ്ണുനീരിനെ പരിശുദ്ധാത്മാവിന്‍റെ ഒരു നല്‍വരമായി കാണുന്ന പ്രബലമായ ഒരു പാരമ്പര്യം സഭയിലുണ്ട്.

പുരുഷമേധാവിത്വം കൊടികുത്തി വാഴുന്ന സംസ്ക്കാരത്തില്‍ കണ്ണുനീരിനെ പുരുഷത്വത്തിന് യോജിക്കാത്ത ബലഹീനതയുടെ അടയാളമായി പൊതുവെ നാം വിശേഷിപ്പിക്കുന്നു. പരസ്യമായി കണ്ണീരൊഴുക്കുന്നത് പുരുഷന് കുറച്ചിലായി നാം കാണുന്നു. ആധുനികതയുടെ കാറ്റേല്‍ക്കാത്ത “പ്രാകൃത മനുഷ്യന്‍” കടുത്ത ദുഃഖം വരുമ്പോള്‍ പൊട്ടിക്കരയുന്നു. “സംസ്ക്കാര”ത്തിന്‍റെ അളവു കൂടുന്നതനുസരിച്ച് എത്ര വലിയ ദുഃഖവും വിതുമ്മലായോ കണ്‍കോണുകളില്‍ നിന്ന് കൈലേസു കൊണ്ട് തുടച്ചു നീക്കപ്പെടുന്ന ഒന്നോ രണ്ടോ തുള്ളി കണ്ണുനീരായോ പുറത്തു വരുന്നു. കണ്ണുനീരിനെ അടിച്ചമര്‍ത്തുന്ന സംസ്ക്കാരമാണ് ഇന്ന് “പരിഷ്കൃത” ലോകത്തില്‍ മാന്യതയണിഞ്ഞു നില്‍ക്കുന്നത്. പുരുഷനുമായി മത്സരിക്കുന്ന സ്ത്രീകളും കണ്ണുനീരിനെ അടക്കുവാന്‍ പരിശ്രമിക്കുന്നു.

വികാരപ്രധാനവും ഭൗതിക ദുഃഖങ്ങളെ ആശ്രയിച്ചും വരുന്ന കണ്ണുനീരിനെപ്പറ്റിയല്ല, കണ്ണുനീരെന്ന വരത്തെക്കുറിച്ചാണ് ഈ ചെറിയ ലേഖനത്തില്‍ പ്രധാനമായും പറയുന്നത്. പക്ഷേ, പലപ്പോഴും ഇവ തമ്മില്‍ വേര്‍തിരിക്കാനാവാത്തവിധം സമ്മേളിക്കാറുണ്ട്. കുറ്റബോധം, അനുതാപം, പശ്ചാത്താപം തുടങ്ങിയവയോട് ചേര്‍ന്നുവരുന്ന കണ്ണുനീരിനെപ്പറ്റി നോമ്പിലെ പ്രാര്‍ത്ഥനകളില്‍ കൂടെക്കൂടെ പറയുന്നുണ്ട്. “നിനക്ക് കണ്ണീരില്ലെങ്കില്‍, പാവപ്പെട്ടവരോട് കണ്ണീരിനെ വിലയ്ക്കു വാങ്ങുക’ എന്ന സ്രൂഗിലെ വി. യാക്കോബ് നോമ്പുകാരോട് ഉപദേശിക്കുന്നു. അനുതാപം പൂര്‍ണ്ണമാകണമെങ്കില്‍ കണ്ണുനീര്‍ വേണമെന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഭൗതികദുഃഖങ്ങള്‍ ധാരാളമുള്ളതുകൊണ്ട് കണ്ണുനീരും ധാരാളം കാണും എന്ന് വിവക്ഷയുണ്ട്. ബാഹ്യദുഃഖങ്ങള്‍ കൊണ്ടുണ്ടാകുന്ന കണ്ണുനീര്‍ ആ ദുഃഖം മാറുമ്പോള്‍ വറ്റിപ്പോകും. അനുതപിക്കുന്ന മനുഷ്യന്‍റെ കണ്ണുനീര്‍ അനുതപിച്ചു കഴിയുമ്പോള്‍ അവസാനിച്ചേക്കാം. എന്നാല്‍ കണ്ണുനീരെന്ന ദാനം ഭൗതിക ദുഃഖത്തെയോ ആത്മീയ ദുഃഖത്തെയോ ആശ്രയിച്ച് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നില്ല.

ഗ്രീക്ക് പാരമ്പര്യത്തിലുണ്ടായ സ്റ്റോയിക്ക് ദര്‍ശനം (ടീശേരശാെ) ക്രിസ്തീയ ചിന്തയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ദാര്‍ശനികന്‍ എല്ലാ ദുഃഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും അതീതമായ നിസ്സംഗത കൈവരിക്കണം എന്നാണ് സ്റ്റോയിക് ഗുരുക്കന്മാര്‍ പഠിപ്പിച്ചത്. നിര്‍വ്വികാരതയോളമെത്തുന്ന വിരക്തിയാണ് ആദ്ധ്യാത്മികതയുടെ കാതല്‍ എന്നവര്‍ ഉപദേശിച്ചു. ഇന്‍ഡ്യയിലെ ചില ആത്മിക സാധനകളോട് സാമ്യമുള്ള ഈ ദര്‍ശനം ഗ്രീക്ക് ക്രിസ്തീയ പാരമ്പര്യത്തില്‍ വളര്‍ന്ന പല സഭാപിതാക്കന്മാരെയും വളരെ ആകര്‍ഷിച്ചിട്ടുണ്ട്. ഒരുറ്റ സ്നേഹിതന്‍ മരിച്ചാല്‍പ്പോലും ദുഃഖിക്കുകയോ കരയുകയോ ചെയ്യുന്നത് ആത്മിക ജീവിതത്തിന് ചേര്‍ന്നതല്ല എന്നു പൊതുവേ സന്യാസപ്രസ്ഥാനത്തില്‍ പഠിപ്പിക്കുന്നു. എന്നാല്‍ ഗ്രീക്ക് സ്വാധീനം അധികം ഏല്ക്കാത്ത പൗരസ്ത്യ ആദ്ധ്യാത്മികതയില്‍ കണ്ണുനീരിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. കണ്ണീര്‍ ഇവിടെ കാതലായ ജീവന്‍റെ അടയാളമാണ്.

കണ്ണീരെന്ന നല്‍വരത്തിന്‍റെ അടിസ്ഥാനം ദൈവത്തിന്‍റെ മനുഷ്യസ്നേഹമാണ്. ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യം വേരൂന്നിയിരിക്കുന്നത് ഈ ദിവ്യസ്നേഹത്തിലും അപരിമേയമായ സഹാനുഭൂതിയിലുമാണ്. തന്‍റെ സൃഷ്ടിയോടുള്ള സ്നേഹവും സഹതാപവും മൂലം സ്രഷ്ടാവായ ദൈവം ഒഴുക്കിയ അമൂല്യമായ കണ്ണീര്‍ത്തുള്ളിയാണ് മനുഷ്യാവതാരത്തില്‍ നാം കാണുന്നത്. സ്വയം വെറുമയാക്കി ക്രൂശിലെ മരണത്തോളം സ്വയം ത്യജിച്ച ദൈവപുത്രന്‍ സ്വര്‍ഗ്ഗീയമായ കണ്ണീരിന്‍റെ അലിവും ആര്‍ദ്രതയും സഹാനുഭൂതിയും നമുക്ക് വെളിപ്പെടുത്തി. “യേശു കരഞ്ഞു” എന്ന ചെറു വാക്യത്തിലൂടെ ദൈവത്തിന്‍റെ മനസ്സലിവും കരുണയുമാണ് സുവിശേഷം ഊന്നിപ്പറയുന്നത്.

ഈജിപ്തിലെ പ്രസിദ്ധമായ വിശുദ്ധ മക്കാറിയോസിന്‍റെ ആശ്രമത്തില്‍ ഇന്നും സന്യാസിമാര്‍ പ്രാര്‍ത്ഥനയില്‍ പരസ്യമായി കണ്ണീരൊഴുക്കുന്നത് പതിവാണ്. പൗരസ്ത്യ പാരമ്പര്യത്തില്‍ ജീവിച്ച വിശുദ്ധരായ വ്യക്തികളെല്ലാം കണ്ണീരിന്‍റെ ആത്മീയ പ്രാധാന്യം മനസ്സിലാക്കിയിട്ടുള്ളവരാണ്. പലരും കണ്ണീരെന്ന നല്‍വരത്തിനായി പ്രത്യേകിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. നിനുവേയിലെ വിശുദ്ധ ഇസ്സഹാക്ക് (7-ാം നൂറ്റാണ്ട്) “നെസ്തോറിയന്‍” പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയായിരുന്നെങ്കിലും ഓര്‍ത്തഡോക്സ് ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ സുസമ്മതമായ സ്ഥാനം നേടിയ വിശുദ്ധനാണ്. കണ്ണീരെന്ന നല്‍വരത്തെ വളരെയധികം ഊന്നിപ്പറഞ്ഞിരുന്നു അദ്ദേഹം.

ദൈവത്തിന്‍റെ സൃഷ്ടിയോട് ദൈവം കാണിക്കുന്ന അതേ സ്നേഹവും സഹാനുഭൂതിയും സ്വന്തം ജീവിതത്തില്‍ കാണിക്കുന്ന വിശുദ്ധ വ്യക്തികളാണ് കണ്ണീരിലൂടെ ആഴമേറിയ ആര്‍ദ്രത വെളിപ്പെടുത്തുന്നത്. ദൈവത്തിന്‍റെ സകല സൃഷ്ടിക്കും വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ കര്‍ത്താവിന്‍റെ മഹാപുരോഹിത ധര്‍മ്മത്തില്‍ പങ്കുചേരുന്നു. മനുഷ്യാവതാര രഹസ്യത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന അതുല്യമായ വാതിലാണ് കണ്ണീര്‍. കാരണം അത് ദിവ്യസ്നേഹത്തിന്‍റെയും സഹതാപത്തിന്‍റെയും ആഴക്കടലിലെ തുള്ളികള്‍ തന്നെയാണ്.

ദൈവത്തിന് തന്‍റെ സൃഷ്ടിയോടുള്ള മൗലികമായ ബന്ധത്തെയും മനോഭാവത്തെയും സൂചിപ്പിക്കാന്‍ സഭാപാരമ്പര്യം ഉപയോഗിക്കുന്ന പദമാണ് ആര്‍ദ്രസ്നേഹം. ശിക്ഷണവും ന്യായവിധിയുമെല്ലാം സ്നേഹവലയത്തിനുള്ളിലാണ്. മനുഷ്യന്‍ മാത്രമല്ല സകല ജീവജാലങ്ങളും അചേതനമെന്ന് നാം വിളിക്കുന്ന വസ്തുക്കളും ദൈവത്തിന്‍റെ ആര്‍ദ്ര സ്നേഹത്തിന്‍റെയും മനസ്സലിവിന്‍റെയും പാത്രങ്ങളാണ്. അതുകൊണ്ടാണ് ഈ സ്നേഹത്തിന്‍റെയും സഹഭാവത്തിന്‍റെയും മാധുര്യമറിഞ്ഞ വിശുദ്ധന്മാര്‍ സകല ജീവികളോടും കാരുണ്യം കാണിക്കുന്നത്. വന്യമെന്നും ക്രൂരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ജീവികളും വിശുദ്ധന്മാരും തമ്മിലുള്ള ഇണക്കം പ്രസിദ്ധമാണല്ലോ. പറുദീസായില്‍ വച്ച് ആദാമും ഹവ്വായുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന മൃഗങ്ങള്‍, പറുദീസായില്‍ നിന്ന് ബഹിഷ്കൃതനായ മനുഷ്യനെ കണ്ടപ്പോള്‍ “പേടിയും നടുക്കവും” അനുഭവിച്ചു തുടങ്ങിയെന്ന് ഉല്‍പ്പത്തി പുസ്തകം പറയുന്നു. അവയുടെ ഭയത്തില്‍ നിന്ന് ആക്രമണവാസന ഉടലെടുത്തു. പാപം ചെയ്യുന്ന മനുഷ്യനോടും വിശുദ്ധന്മാര്‍ക്കുള്ള മനോഭാവം ദൈവത്തിന്‍റെ അനന്തമായ സഹതാപഭാവം തന്നെയാണ്. സൃഷ്ടി അതിന്‍റെ ആകെത്തുകയില്‍ സഹതാപം അര്‍ഹിക്കുന്നു. ഇവിടെ സഹതാപം എന്നത് ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന ശക്തനായ വ്യക്തി ബലഹീനനായ ഒരു താണ വ്യക്തിയോടു കാണിക്കുന്ന തരത്തിലുള്ള സഹതാപമല്ല. നേരെമറിച്ച് സൃഷ്ടിയോടു ചേര്‍ന്നുള്ള സഹഭാവമാണ്. ഈ സഹഭാവമായിരുന്നല്ലോ കര്‍ത്താവിന്‍റെ മനുഷ്യാവതാരത്തില്‍ നാം കണ്ടത്. “ദാസവേഷമെടുത്തു മനുഷ്യനായ” കര്‍ത്താവ് സൃഷ്ടിയുടെ സ്വഭാവത്തെ പൂര്‍ണ്ണമായും സ്വീകരിച്ചു. ഇതാണ് യഥാര്‍ത്ഥ സഹതാപം. കണ്ണീരെന്ന നല്‍വരം ലഭിക്കുന്നവര്‍ ഈ സഹതാപം വെളിപ്പെടുത്തുവാന്‍ കഴിവുറ്റവരായിത്തീരുന്നു. അവരുടെ കണ്ണീരിലൂടെ വഴിയുന്നത് ദൈവത്തിന്‍റെ മഹാകരുണയും മനസ്സലിവുമാണ്. അതുകൊണ്ട് സ്വയം മറന്ന്, സകല സൃഷ്ടിയുടെയും രക്ഷയ്ക്കും ജീവനും വേണ്ടിയും അവര്‍ പ്രാര്‍ത്ഥനയില്‍ കണ്ണീരൊഴുക്കുന്നു. ഇവിടെ കാതലായ ഒരു വ്യത്യാസം കാണാം. ആത്മീയ ജീവിതത്തില്‍ സാധാരണക്കാരായവര്‍ അവരുടെ വ്യക്തിപരമായ ദുഃഖങ്ങള്‍, പാപങ്ങള്‍, കുറവുകള്‍, വേദനകള്‍ ആവശ്യങ്ങള്‍ എന്നിവയെ ഓര്‍ത്തു പ്രാര്‍ത്ഥനയില്‍ കണ്ണീരൊഴുക്കുമ്പോള്‍ യഥാര്‍ത്ഥ വിശുദ്ധി പ്രാപിച്ചവര്‍ “തന്‍റെ ഏകജാതനായ പുത്രനെ ലോകത്തിലേക്കയക്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ച” ദൈവത്തിന്‍റെ സ്നേഹത്താല്‍ പ്രേരിതരായി സര്‍വ്വസൃഷ്ടിയ്ക്കും വേണ്ടി കണ്ണീരൊഴുക്കുന്നു. പൂര്‍ണ്ണമായ ആത്മത്യാഗവും സ്വയം ഇല്ലാതാക്കലും ഇവിടെയുണ്ട്. സ്വന്തം ആത്മാവിലേക്ക് മാത്രം തിരിഞ്ഞിരിക്കുന്ന അന്തര്‍മുഖമായ ഭക്തി ചിലതരം മനോരോഗങ്ങളുടെ അതിരില്‍ ചേര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ ദൈവസൃഷ്ടിയുടെ ജീവസ്രോതസ്സുകള്‍ ദര്‍ശിക്കുകയും ആര്‍ദ്രമായ സ്നേഹത്താല്‍ അതിനോട് സഹഭാവം പ്രാപിക്കുകയും ചെയ്യുന്ന ഭക്തി ദൈവത്തിന്‍റെ ജീവനില്‍ പങ്കു ചേരുന്നു.

കണ്ണുനീര്‍ ബലഹീനതയുടെ അടയാളമായി സാധാരണ ചിത്രീകരിക്കപ്പെടുന്നതുപോലെ കണ്ണീരിന്‍റെ അഭാവം ധൈര്യത്തിന്‍റെയും ശക്തിയുടെയും അടയാളമായി പലരും കാണുന്നു. ശക്തി, അധികാരം എന്നിവയെക്കുറിച്ചുള്ള നമ്മുടെ പരിഷ്കൃത സമൂഹത്തിന്‍റെ ഇന്നത്തെ ധാരണകള്‍ മനുഷ്യത്വത്തെ നിരാകരിക്കുന്നവയാണ്. വ്യവസായികമായും സാങ്കേതിക വിദ്യാപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന സമൂഹങ്ങളില്‍ കടുത്ത അധികാര മത്സരങ്ങള്‍ ഉണ്ട്. പണം, സ്ഥാനം, മുതല്‍ എന്നിവയ്ക്കു വേണ്ടിയുള്ള മത്സരം എല്ലായിടത്തുമുണ്ടെങ്കിലും സാമ്പത്തിക പുരോഗതി ഉണ്ടെന്നു പറയുന്ന ആധുനിക സമൂഹങ്ങളില്‍ രൂക്ഷവും പൈശാചികവുമായ മത്സരങ്ങള്‍ ആളിക്കത്തിക്കൊണ്ടിരിക്കും. ഇവയുടെ പ്രധാനമൂല്യം നിഷ്ക്കരുണമായി, അപരനെ അടിച്ചമര്‍ത്തി, സ്വന്തം വിജയക്കൊടി നാട്ടുക എന്നതാണ്. “ജീവിതവിജയം” പൂര്‍ണ്ണമായും പണം, അധികാരം എന്നിവയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കണ്ണുനീരും അതിനോടു ചേര്‍ന്ന മാനുഷികഭാവവും ഈ മത്സരങ്ങളുടെ അടുത്തൊന്നും എത്തുവാന്‍ ഇവയുടെ പിണിയാളുകള്‍ സമ്മതിക്കുകയില്ല.

അവരുടെ നോട്ടത്തില്‍ കണ്ണീരിലൂടെ വെളിപ്പെടുന്നത് ബലഹീനതയാണ്, അഥവാ ജീവിതവിജയത്തിന്‍റെ നേരെ എതിര്‍വശത്ത് നില്‍ക്കുന്ന ശക്തി ശൂന്യത. പക്ഷേ, ഈ ശക്തിരാഹിത്യത്തിന് ആത്മീയമായ നിരവധി സാദ്ധ്യതകളുണ്ട്. ലൗകികശക്തിയുടെ മേല്‍ ആത്യന്തികമായി വിജയം നേടുന്നതാണ് ഈ ശക്തിരാഹിത്യം. കര്‍ത്താവിന്‍റെ മനുഷ്യാവതാരത്തില്‍ പ്രകടമായത് ശക്തി ശൂന്യതയായിരുന്നു. സ്വയം ത്യജിച്ച്, ബാഹ്യശക്തികളെയെല്ലാം ദൈവ തിരുവിഷ്ടത്തിന് അടിയറ വച്ച്, ദൈവസൃഷ്ടിയെ സഹഭാവപൂര്‍വ്വം സ്നേഹിച്ച ശക്തിരാഹിത്യം. കണ്ണീരിനെ ദാനമായിക്കണ്ട വിശുദ്ധ വ്യക്തികള്‍ ഈ ദുര്‍ബലതയുടെ ശക്തി കണ്ടറിഞ്ഞു. നമ്മുടെ കാലത്ത് ‘സ്ത്രീകളുടെ വിമോചന പ്രസ്ഥാനത്തിന്‍റെ’ സ്വാധീനത്തില്‍ വന്ന ആത്മീയ കാഴ്ചപ്പാടുള്ള ചില വ്യക്തികള്‍ കണ്ണീരും ശക്തിയും തമ്മിലുള്ള ബന്ധത്തിലേക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വളരെ പുരാതനമായ ഒരു ബന്ധമാണിത്. കണ്ണീരിനെ വിലയിടിച്ചു കാണിക്കുന്നതും പുരുഷമൂല്യങ്ങള്‍ അടക്കി വാഴുന്നതുമായ പുതിയ വ്യവസായിക – സാങ്കേതിക സംസ്കാരത്തില്‍ നഷ്ടപ്പെട്ടുപോയ ഈ ബന്ധത്തെ വീണ്ടെടുക്കാനുള്ള ശ്രമം തികച്ചും ആത്മീയസംരംഭം തന്നെയാണ്. മനുഷ്യവംശത്തോടും സഹഭാവമുണ്ടാകണമെങ്കില്‍ കണ്ണീരിലൂടെയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

കണ്ണുനീര്‍ ജീവന്‍റെ അടയാളമായിട്ട് ആത്മീയാചാര്യന്മാര്‍ കാണുന്നു: “സ്വാഭാവികമായിട്ട് തന്നെ കരയുവാന്‍ കഴിയുന്നവരാണ് നാം എന്നത് വാസ്തവമാണ്. ജനിച്ചുവീഴുന്ന കുട്ടികള്‍ തന്നെ നമ്മെ ഇതു പഠിപ്പിക്കുന്നു. മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തുവന്ന് ഭൂമിയില്‍ പതിക്കുന്ന നിമിഷം തന്നെ കുഞ്ഞുങ്ങള്‍ കരയുന്നു. അമ്മമാരും സൂതികര്‍മ്മിണികളും ഇത് പുതിയ ജീവന്‍റെ അടയാളമായി സ്വീകരിക്കുന്നു. കുട്ടി കരയുന്നില്ലെങ്കില്‍ അതിന് ജീവനുണ്ടോ എന്ന് സംശയിക്കാം. കരയുന്നതിലൂടെ, പ്രകൃതി തന്നെ കണ്ണീരും അതിനോടു ബന്ധപ്പെട്ട കഷ്ടതയും ജീവിതത്തിന്‍റെ അവിഭാജ്യ ഭാഗമാണെന്ന് നമ്മെ കാണിക്കുന്നു…. ശരീരത്തിന് ആഹാരവും പാനീയവും ആവശ്യമായിരിക്കുന്നതില്‍ ഒട്ടും കുറയാതെ ആത്മാവിന് കണ്ണീര് അത്യന്താപേക്ഷിതമാണ്. എല്ലാ ദിവസവും കരയാന്‍ കഴിയാത്ത വ്യക്തി – എല്ലാ മണിക്കൂറുമെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷേ അതിശയോക്തിയെന്ന് ചിലര്‍ പറഞ്ഞേക്കാം – ആത്മാവിന്‍റെ വിശപ്പിനെ കൊല്ലുകയും ആത്മാവിനെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു” (നിനുവേയിലെ വി. ഇസഹാക്ക്).

എപ്പോഴും നവീകരിക്കപ്പെടുന്ന ജീവനെയാണ് കണ്ണീര്‍ പ്രതിനിധാനം ചെയ്യുന്നത്. ശരീരശാസ്ത്രപരമായി പറഞ്ഞാലും കണ്ണീരിന് ചില ധര്‍മ്മങ്ങളുണ്ട്. അതുകൊണ്ടാണല്ലോ ശരീരത്തില്‍ അത് സ്രവിപ്പിക്കാനുള്ള ഗ്രന്ഥികള്‍ നല്‍കിയിരിക്കുന്നത്. ചിലതരം വിഷമയമായ സ്രവങ്ങളെ കണ്ണീരിലൂടെ പുറന്തള്ളാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. അതുപോലെ ഓരോ തരത്തിലുള്ള കണ്ണീരിന്‍റെയും രാസസംയോഗത്തില്‍ പ്രത്യേകതകളുമുണ്ടത്രെ. കോപത്തിന്‍റെ കണ്ണീരില്‍ നിന്നും വ്യത്യസ്തമായിരിക്കും സന്തോഷത്തിന്‍റെ കണ്ണീര്‍. ഇവയില്‍ നിന്ന് വ്യത്യസ്തമായിരിക്കും സ്നേഹത്തിന്‍റെയും സഹതാപത്തിന്‍റെയും കണ്ണീര്‍. വൈകാരിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കണ്ണീരിനുള്ള കഴിവ് മിക്കവര്‍ക്കും അനുഭവമാണ്.

നമ്മുടെ സഭയില്‍ പരുമലത്തിരുമേനി, പാമ്പാടിത്തിരുമേനി തുടങ്ങിയവരും നമുക്ക് പലര്‍ക്കും അജ്ഞാതരും സാധാരണ കുടുംബജീവിതം നയിച്ചിരുന്നവരുമായ പല വ്യക്തികളും കണ്ണീരിന്‍റെ ആത്മീയ സാധ്യതകളെ സാക്ഷാത്ക്കരിച്ചവരായി നമുക്ക് സാക്ഷ്യം നല്‍കുന്നു. ഇത് അവര്‍ക്ക് കിട്ടിയത് പൗരസ്ത്യ സഭയുടെ ആത്മീയ പാരമ്പര്യത്തില്‍ നിന്നാണ്. റോമന്‍ കത്തോലിക്കരും ഇംഗ്ലീഷുകാരും ഇവിടെ നമ്മുടെ ഇടയില്‍ കൊണ്ടുവന്ന ആദ്ധ്യാത്മിക പാരമ്പര്യം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ആ പാരമ്പര്യങ്ങള്‍ക്ക് നമ്മുടെ സഭയില്‍ ആഴമായ ആത്മീയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ബാഹ്യമായ സംഘടനാശേഷിയും സാമൂഹ്യസേവനപരമായ ചില പ്രവര്‍ത്തനശൈലികളുമാണ് അവര്‍ നമ്മെ പഠിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സ്വന്തം ആത്മീയ പാരമ്പര്യത്തെ നാം വിസ്മരിച്ചു. പാശ്ചാത്യര്‍ കാണിച്ച സംഘടനാപാടവം, കാര്യക്ഷമമായ ഭരണം, പണമുണ്ടാക്കുന്ന പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തല്‍ എന്നീ സംഗതികള്‍ നമ്മുടെ സഭയിലെയും മുഖ്യ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. ഇവയൊക്കെ ഒരളവുവരെ ആവശ്യമാണെങ്കിലും, നമ്മുടെ സ്വന്തമായ സംഭാവനകള്‍ ഇവയിലല്ല നാം നല്‍കേണ്ടത്. വിശുദ്ധരായ വ്യക്തികളെ ലഭിക്കണമെങ്കില്‍ നമുക്കൊരു ആദ്ധ്യാത്മിക സംസ്ക്കാരമുണ്ടായിരിക്കണം. നോമ്പിന്‍റെയും ആത്മശിക്ഷണത്തിന്‍റെയും കണ്ണീരിന്‍റെയും അതിശക്തമായ ഒരു സംസ്കാരത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ് നാം. അത് എങ്ങനെ കൂടുതല്‍ ആഴവും ശക്തിയുമുള്ളതാക്കാം എന്നാണ് നാം കൂട്ടായി അന്വേഷിക്കേണ്ടത്. മനുഷ്യസ്നേഹത്തിന്‍റെയും സഹാനുഭൂതിയുടേയും പുതിയ നാളങ്ങള്‍ തീര്‍ച്ചയായും ഈ സംസ്കാരത്തില്‍ നിന്ന് കൊളുത്തപ്പെടും. ആത്മീയ സംസ്കാരമെന്ന് ഇവിടെ ബോധപൂര്‍വ്വം പറയുന്നതാണ്. കാരണം, സഭയെന്നുള്ള നിലയ്ക്ക് സമൂഹമായിത്തന്നെ നാം സ്വീകരിക്കുന്ന സമീപനങ്ങളും വിലമതിക്കുന്ന മൂല്യങ്ങളുമാണ് അതിലെ വ്യക്തികളെ പ്രചോദിപ്പിക്കുന്നതും പുതിയ ആദ്ധ്യാത്മികമാനങ്ങള്‍ തേടാന്‍ അവരെ സഹായിക്കുന്നതും. ഒറ്റപ്പെട്ട പല വ്യക്തികള്‍ ഇപ്പോഴും നമ്മുടെ പാരമ്പര്യത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കയും ആത്മീയ സാധനകള്‍ അഭ്യസിക്കയും ചെയ്യുന്നുണ്ട്. പക്ഷേ അതൊരു സമൂഹത്തിന്‍റെ മുഖമുദ്രയും ആവേശവുമായിത്തീരണമെങ്കില്‍ സമൂഹം കൂട്ടായി യത്നിക്കുകയും അനുകൂലമായ സാംസ്കാരിക – മൂല്യവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യണം.

നമ്മുടെ സഭ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന പല കാര്യങ്ങളും ഇങ്ങനെയൊരു ദിശയിലേക്കല്ല ഉന്നം വയ്ക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. ചിട്ടി, ലോട്ടറി തുടങ്ങിയവയുടെ തത്വം സ്വീകരിച്ച് കോടിക്കണക്കിന് രൂപ സംഭരിക്കയാണ് സഭയുടെ ശക്തിക്ക് ഇന്ന് ഏറ്റവും ആവശ്യം എന്ന് ചിലര്‍ ചിന്തിക്കുന്നു. പടുകൂറ്റന്‍ റാലികളും റാസകളും സംഘടിപ്പിച്ച് രാഷ്ട്രീയ രീതിയില്‍ ശക്തിപ്രകടനം നടത്തിയാല്‍ സഭയ്ക്ക് പുതിയ ജീവന്‍ കൈവരും എന്ന് മറ്റൊരു കൂട്ടര്‍ ചിന്തിക്കുന്നു. ഇവിടെയൊന്നും നമ്മുടെ ആത്മിക പൈതൃകത്തിന്‍റെ ആഴത്തെക്കുറിച്ചോ, നമ്മുടെ യഥാര്‍ത്ഥമായ സംഭാവനകളെക്കുറിച്ചോ കാര്യമായ പരിജ്ഞാനമോ താല്‍പ്പര്യമോ കാണുന്നില്ല. നമ്മുടെ സഭ ഇവിടത്തെ മണ്ണില്‍ സ്വാതന്ത്ര്യത്തോടും തേജസ്സോടും കൂടി നിലനില്‍ക്കണമെങ്കില്‍ നമുക്ക് വിനയത്തിലും ദൈവസ്നേഹത്തിലും മനുഷ്യരോടുള്ള സഹാനുഭൂതിയിലും വേരൂന്നിയ ഒരു ആത്മീയ പരിതോവസ്ഥ ആവശ്യമാണ്. ഉത്തമ ക്രിസ്തീയ സാഹിത്യം, ആദ്ധ്യാത്മിക ചിത്രകല, സംഗീതം, ആരാധനാ രൂപങ്ങള്‍, ദേവാലയശില്പങ്ങള്‍, മനുഷ്യസ്നേഹപരമായ സേവനം എന്നിവയുണ്ടാകണമെങ്കില്‍ സുദൃഡവും ആത്മീയ മൂല്യങ്ങളിലടിയുറച്ചതുമായ സഭാജീവിതം ആദ്യമേ ആവശ്യമാണ്. നമ്മുടെ പാരമ്പര്യത്തിന്‍റെ ഉറവകള്‍ ഇപ്പോഴും കുറെയൊക്കെ സജീവമാണ്. അവ തീര്‍ത്തും വറ്റിപ്പോകുന്നതിനു മുന്‍പ് നമുക്ക് സമൂഹമായി ഒരു മാനസ്സാന്തരം ആവശ്യമാണ്.

നമ്മുടെ നോമ്പിന്‍റെ പാരമ്പര്യം വ്യക്തിയില്‍ കേന്ദ്രീകരിച്ചതല്ല. വ്യക്തിയുടെ ജീവിത വിശുദ്ധിയും ആത്മശിക്ഷണവും നോമ്പിന്‍റെ ഫലമായി ഉണ്ടാകണമെന്ന് നാം പ്രതീക്ഷിക്കുന്നു. സമൂഹത്തിന്‍റെ മാനസാന്തരം (Social metanoia) അതിന്‍റെ പ്രമുഖ ലക്ഷ്യങ്ങളിലൊന്നാണ്. അതുകൊണ്ടാണ് നാം കൂട്ടായ് ഉപവസിക്കുന്നതും കൂട്ടായ് കുമ്പിടുന്നതും കൂട്ടായി പ്രാര്‍ത്ഥനകള്‍ നടത്തുന്നതും. വ്യക്തികള്‍ നന്നായാലും സമൂഹം നന്നായില്ലെന്ന് വരാം. വ്യക്തികളുടെ ധാര്‍മ്മിക ബോധത്തിനും ആത്മീയ മനോഭാവത്തിനും വിരുദ്ധമായി നയപരിപാടികള്‍ ഉണ്ടാക്കുന്നതിനും, ദേശീയ സുരക്ഷിതത്വത്തിന്‍റെ പേരില്‍ മനുഷ്യരാശിയെ മുഴുവന്‍ നശിപ്പിക്കുന്ന മാരകായുധങ്ങള്‍ ഉണ്ടാക്കാനും വില്‍ക്കാനും പാവങ്ങളുടെ നീതിയും സമാധാനവും മറിച്ചുകളയുവാനും ക്രിസ്തീയമെന്നു പേരുള്ള രാജ്യങ്ങള്‍ക്ക് കഴിയുന്നുണ്ടല്ലോ. അതേസമയം, രാജ്യത്തിന്‍റെ പൊതുനയങ്ങളും കാര്യനിര്‍വ്വഹണവും നിയമസംവിധാനവും നീതിയിലും സത്യത്തിലും ഊന്നിയതാണെങ്കില്‍ ആ രാജ്യത്തെ വ്യക്തികളുടെ ധര്‍മ്മിക ജീവിതത്തെയും നീതിബോധത്തെയും അത് സ്വാധീനിക്കയും ശക്തിപ്പെടുത്തുകയും ചെയ്യും. വ്യക്തികളുടെ വെറും കൂട്ടമാണ് സമൂഹം എന്ന ചിന്ത അപകടമാണ്. വ്യക്തികളുടെ താല്പര്യങ്ങള്‍ക്കുപരിയായോ വിരുദ്ധമായോ നില്‍ക്കാന്‍ ആ വ്യക്തികള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനു കഴിയും. അതുകൊണ്ടാണ് നോമ്പ് ക്രിസ്തീയ സമൂഹത്തിന്‍റെ കൂട്ടായ വിമര്‍ശനത്തിനും മനംതിരിവിനുമുള്ള പരമ്പരാഗത മാര്‍ഗ്ഗമാണെന്ന് സൂചിപ്പിക്കുന്നത്.

കണ്ണീരിനെ പരിശുദ്ധാത്മാവിന്‍റെ നല്‍വരമായിക്കാണുന്ന ആദ്ധ്യാത്മികത ഒട്ടും ഉപരിപ്ലവമല്ല. നമ്മിലുള്ള പുറംപൂച്ചുകളെയും കാപട്യത്തേയും സ്വയം നീതീകരണത്തെയും വെല്ലുവിളിക്കാനും നശിപ്പിക്കാനും അതിനു കഴിവുണ്ട്. ദൈവസ്നേഹത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങാന്‍ നമ്മെ സഹായിക്കുന്ന ആത്മിക സാധനയാണത്. നിശ്ശബ്ദതയിലും ശാന്തതയിലും കണ്ണീരിന്‍റെ ആര്‍ദ്രതയിലും നാം കേള്‍ക്കേണ്ട പല ശബ്ദങ്ങളുമുണ്ട്, അറിയേണ്ട പല രഹസ്യങ്ങളുമുണ്ട്. അനുഗ്രഹീതമായ കണ്ണുനീര്‍ (holy tears), വിശുദ്ധ കണ്ണുനീര്‍ (blessed tears) എന്നൊക്കെയാണ് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ കണ്ണുനീരിനെ പാരമ്പര്യം വിശേഷിപ്പിക്കുന്നത്. അനുഗ്രഹീതമായ കണ്ണുനീരിന്‍റെ രഹസ്യ ഉറവകള്‍ ദൈവത്തിന്‍റെ അപ്രമേയ രഹസ്യത്തിന്‍റെ നിഗൂഢ ഗിരികളിലെവിടെയോ ആരംഭിക്കുന്നു.