ഓര്‍ത്തഡോക്സ് സഭ 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി അര്‍ഹരായവര്‍ക്ക് 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്‍കുന്നു. പ്ലസ് ടൂ തലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ തലം വരെ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ജാതിമതഭേദമെന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെയാണ് സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി ഇതുവരെ നാലു കോടി രൂപയുടെ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ അപേക്ഷ സമര്‍പ്പിച്ച 665 കുട്ടികള്‍ക്കായി 70 ലക്ഷത്തിലേറെ രൂപയുടെ സ്കോളര്‍ഷിപ്പാണ് നല്‍കുന്നത്. ഫെബ്രുവരി മാസത്തില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന സമ്മേളനങ്ങളില്‍ വച്ച് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.

ഇന്ത്യയ്ക്ക് അകത്തും പുറത്തും സേവനമനുഷ്ഠിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഐക്കണ്‍ ചാരിറ്റീസ് സന്നദ്ധപ്രവര്‍ത്തകരാണ് സ്കോളര്‍ഷിപ്പിനുളള സമ്മാനതുക സമാഹരിക്കുന്നത്. ഈ പദ്ധതിയില്‍ നിന്ന് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി, ഹ്യൂമന്‍ എംപവര്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ്, മലങ്കര ഓര്‍ത്തഡോക്സ് സഭ, ദേവലോകം, കോട്ടയം എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഫാ.പി.എ. ഫിലിപ്പ് അറിയിച്ചു.