മലങ്കരസഭയില്‍ ദീര്‍ഘകാലം തര്‍ക്കവിതര്‍ക്കങ്ങളും ഭിന്നിപ്പും കേസുകളും നിലനിന്നു എന്നും അവയെല്ലാം കഴമ്പില്ലാത്ത നിസ്സാര കാര്യങ്ങളുടെ പേരില്‍ ആയിരുന്നു എന്നും 1958 ഡിസംബര്‍ 16-നു സഭാകേന്ദ്രവും പരിപാവനവുമായ പഴയസെമിനാരിയില്‍ നടന്ന പരസ്പര സ്വീകരണം വഴി സഭയിലെ രണ്ടു ചിന്താഗതിക്കാരും ഐക്യം പുനസ്ഥാപിച്ചതില്‍ അതിരറ്റ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു എന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഒട്ടധികം വിശ്വാസികള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഇതെല്ലാം പഴങ്കഥകള്‍ ആണെന്നും അവയെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും പറയുന്ന ഏതാണ്ടു സമനില തെറ്റിയ ഏതാനും വ്യക്തികളും ഇന്നും ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്നു. അവരുടെ നല്ല കാലവും സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള മേധാശക്തിയും നശിച്ചുതുടങ്ങിയിട്ടും ദശാബ്ദങ്ങളായി. തന്നിമിത്തം 1958-ലെ പരസ്പര സ്വീകരണത്തിന്‍റെയും ഐക്യത്തിന്‍റെയും തുടര്‍ന്നുണ്ടായ 12 വര്‍ഷത്തെ സഹകരണം, ബോധവല്‍ക്കരണം, ഉത്സാഹം, സന്തോഷം, സഭയുടെ പുരോഗതി എന്നിവയുടെയും സല്‍ഫലങ്ങള്‍ നേരിട്ടു കണ്ടും ഉള്ളുകള്ളികള്‍ മനസ്സിലാക്കിയും ജീവിച്ച ഒരാള്‍ പറയുന്ന വസ്തുതകള്‍ക്കു നേരെ ആരും മുഖം തിരിഞ്ഞു നിന്നിട്ടു കാര്യമില്ല.
മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച മലങ്കരസഭ അന്നും ഇന്നും ഒന്നാണ്. കാലക്രമത്തില്‍ ഭിന്നതകളും വ്യക്തിതാല്‍പര്യങ്ങളും സാമ്പത്തിക സ്ഥാനമാനലക്ഷ്യങ്ങളും മൂലം സഭയില്‍ ഭിന്നിപ്പുണ്ടായി. ചിലര്‍ മറുകണ്ടം ചാടി. ഭിന്നിപ്പിനെ തുടര്‍ന്നു ദൈവശാസ്ത്രവും വേദശാസ്ത്രവും സഭാഭരണ സംവിധാനവും നിശ്ചയമില്ലാതിരുന്ന ഏതാനും സമ്പന്നരായ വ്യക്തികള്‍, മനപൂര്‍വ്വം മടവെട്ടി വെള്ളം തുറന്നുവിട്ടു നല്ല കൃഷി നശിപ്പിക്കുന്നതുപോലെ കേസുകള്‍ കൊടുത്തു മലങ്കര മെത്രാപ്പോലീത്തായെ ഇറക്കിവിടാനും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു കൊലപ്പെടുത്താനും നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. കേസുകള്‍ ആരംഭിച്ച കാലം മുതല്‍ തന്നെ അനുരഞ്ജനശ്രമങ്ങളും നടന്നുവന്നു. അന്നും സഭ ഒന്നാണെന്നും ഒരിക്കലും ഭാഗിച്ചു പിരിയാന്‍ സാധ്യമല്ലെന്നും ഇരുകക്ഷികളിലും പെട്ടവരും മികച്ച മേധാശക്തിയുള്ളവരും ആയ സമുന്നത വ്യക്തികള്‍ നിലപാടു വ്യക്തമാക്കി. മലങ്കരസഭ ഒന്നായതുകൊണ്ടാണ് ഒരിക്കലും സഭയ്ക്കുള്ളില്‍ മറ്റൊരു സഭ എന്ന യുക്തിരഹിതമായ വാദം വേരെടുക്കാതെ പോയത്. ഏതാനും വ്യക്തികളുടെ കടുംപിടുത്തം മൂലം സഭ നശിക്കരുതെന്നും അതിന്‍റെ ദൗത്യം നിറവേറ്റാന്‍ ഐക്യം അനിവാര്യമാണെന്നും പല സമുന്നതരായ നേതാക്കള്‍ മനസ്സിലാക്കി. ഇതിനിടയില്‍ കോടതിവിധികള്‍ പ്രതികൂലമായപ്പോള്‍ ചിലര്‍ ‘റസ്ജൂഡിക്കേറ്റ’ എന്ന രോഗം മൂലം അക്കര കടന്നു. ശേഷിച്ചവര്‍ യോജിപ്പിന്‍റെ ശാദ്വല പ്രദേശം കണ്ടെത്തുകയും സഭ 1958-ല്‍ പരസ്പരസ്വീകരണം മൂലം സമാധാനത്തിന്‍റെ സുഖശീതള സമതലത്തില്‍ എത്തുകയും ചെയ്തു.
1958 സെപ്റ്റംബര്‍ 12-നു സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയെ തുടര്‍ന്നു നല്ല ആലോചനകള്‍ നടത്തി മലങ്കരസഭയില്‍ സമാധാനം 1958 ഡിസംബര്‍ 16-നു ഉണ്ടായതിന്‍റെ പിന്നില്‍ ഇരുവിഭാഗങ്ങളും സന്തോഷിച്ചു. അന്ന് പാത്രിയര്‍ക്കീസിന്‍റെ അധികാരം ഭൂമിശാസ്ത്രപരമായും നിജപ്പെടുത്തി. മലങ്കരസഭയില്‍ വിഘടിച്ചു നിന്നവര്‍ 1934-ലെ സഭാഭരണഘടന വായിച്ചു അംഗീകരിക്കുകയും അന്നുവരെ “വൃദ്ധന്‍ പുന്നൂസാ”യിരുന്ന പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കായെ പ. കാതോലിക്കാ ബാവായായി കൈമുത്തി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ശരിക്കും ഐക്യം ഉണ്ടായത്. പരസ്പരസ്വീകരണം മാത്രമാണ് ശാശ്വത സമാധാനത്തിനുള്ള മാര്‍ഗ്ഗമെന്നുള്ള പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സുചിന്തിത അഭിപ്രായം ഒരു പ്രവാചക ദര്‍ശനമായിരുന്നു എന്ന് അന്നാണു മലങ്കരസഭ വ്യക്തമായി മനസ്സിലാക്കിയത്.
ഐക്യം ഉണ്ടായതോടെ നേരത്തെ എതിര്‍ വിഭാഗം ഉന്നയിച്ച എല്ലാ തര്‍ക്കങ്ങളും വെള്ളത്തില്‍വീണ ഉപ്പുപോലെ അലിഞ്ഞുപോയി. മലങ്കരസഭയുടെ ഭരണപരമായ പരമാധികാരം, ഭരണഘടന, മാര്‍ത്തോമ്മായുടെ സിംഹാസനം മുതലായവ സംബന്ധിച്ച പ്രധാന തര്‍ക്കപ്രശ്നങ്ങള്‍ അപ്രത്യക്ഷമായി. എതിര്‍ഭാഗത്തു നിന്ന പ്രമുഖരായ മേല്‍പട്ടക്കാരും വൈദികരും വിവേകശാലികളായ സഭാംഗങ്ങളും ഐക്യത്തിന്‍റെ ശംഖനാദം കേട്ടു സന്തോഷിച്ചു; അവര്‍ ആനന്ദനൃത്തം ചെയ്തു.
പഴയസെമിനാരിയെ ഗതിമാറാതെ വലംവച്ച് മങ്ങാതെ ഒഴുകുന്ന മീനച്ചിലാറും പരസ്പരസ്വീകരണ രംഗങ്ങള്‍ കണ്ടു സന്തുഷ്ടയായി ഒഴുക്കു നിര്‍ത്തി തരിച്ചുനിന്നു. നിശാന്ത്യത്തിലേക്കു നീങ്ങിയ പൂര്‍ണ്ണചന്ദ്രന്‍ നീലാകാശത്തു ക്രിസ്തുമസ് രാത്രിയിലെപ്പോലെ അസാധാരണ പ്രഭ ചൊരിഞ്ഞു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനവും സന്തോഷവും. പരസ്പര സ്വീകരണചടങ്ങില്‍ സംബന്ധിച്ച ശതക്കണക്കിനാളുകളുടെ ദീര്‍ഘകാല പ്രാര്‍ത്ഥനകളുടെയും സന്തോഷത്തിന്‍റെയും സുഗന്ധം സ്വര്‍ഗ്ഗത്തിന്‍റെ കനകകവാടം വരെ ഉയര്‍ന്നുചെന്നു പ്രതിധ്വനിച്ചു. ലോകം കണ്ട മറ്റൊരു അത്ഭുതത്തിന്‍റെ മാറ്റൊലി എല്ലാ ക്രൈസ്തവസഭകളിലും മാറ്റത്തിന്‍റെ കാറ്റുവീശാന്‍ ഇടവരുത്തി.
കേസ് ജയിച്ചപ്പോള്‍ അതുവരെ ഭിന്നിച്ചുനിന്നവരും സ്ഥാനമാനങ്ങളും അധികാരവും നഷ്ടപ്പെട്ട മേല്‍പട്ടക്കാരും വൈദികരും വിശ്വാസികളും സ്വന്തം സഹോദരങ്ങളാണെന്നും അവരെ സസന്തോഷം സ്വീകരിക്കുകയാണെന്നും കോടതിചെലവുകള്‍ സ്വന്തം ജനങ്ങളോടു ആവശ്യപ്പെടുകയില്ലെന്നും മറ്റും പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ ദൈവാത്മനിറവില്‍ പറഞ്ഞപ്പോള്‍, കോളജ് കണ്ടിട്ടില്ലാത്ത ആ മഹാപരിശുദ്ധന്‍റെ പദവി സ്വര്‍ഗ്ഗത്തോളം ഉയരുകയായിരുന്നു. സ്നേഹത്തില്‍ കുതിര്‍ന്ന അന്തരീക്ഷം. അധികാരത്തിന്‍റെയും അഹങ്കാരത്തിന്‍റെ ഭാഷയ്ക്ക് അര്‍ത്ഥമില്ലാതായി. വിനയത്തിന്‍റെ എവറസ്റ്റില്‍ എത്തിയ അദ്ദേഹം ഒരു സഭാദ്ധ്യക്ഷന്‍ എങ്ങനെ പെരുമാറണമെന്നു കാണിച്ചു കൊടുത്തു. ഇതൊക്കെ ശരിക്കു മനസ്സിലാക്കണമെങ്കില്‍ സ്വാര്‍ത്ഥരാഹിത്യവും പ്രാര്‍ത്ഥനാജീവിതവും ദൈവഭയവുമുള്ളവര്‍ക്കുമേ സാധിക്കുകയുള്ളു.
പരസ്പരസ്വീകരണത്തിനു മുമ്പുതന്നെ 1934-ലെ സഭാഭരണഘടന പലതവണ വായിക്കുകയും കാര്യങ്ങള്‍ ശരിക്കു മനസ്സിലാക്കുകയും ചെയ്ത ശേഷമാണു സ്വീകരണവേളയില്‍ ഭരണഘടനയ്ക്കു വിധേയമായി പരസ്പരം കത്തുകള്‍ കൈമാറിയത്. മാര്‍ത്തോമ്മായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന കാതോലിക്കാബാവാ എന്ന ഹെഡ്ഡിംഗ് പേപ്പറിലാണു ബാവായുടെ കത്ത് എഴുതിയിരുന്നത്. ഇതിലെല്ലാം അല്പം അസന്തുഷ്ടരായിരുന്ന ചില ആളുകള്‍ അപ്രതീക്ഷിത ഐക്യം തകര്‍ക്കാന്‍ വൈകാതെ മാര്‍ത്തോമ്മായ്ക്കു സിംഹാസനമില്ലെന്നു കാണിക്കാന്‍ വേണ്ടി ക്രിസ്തുശിഷ്യനായ അദ്ദേഹത്തിനു പട്ടം ഇല്ലെന്നുള്ള 1970-ലെ കല്പന എഴുതിച്ചു.
മൂസല്‍ സെന്‍റ് തോമസ് പള്ളിയില്‍ വച്ചാണു മാര്‍ത്തോമ്മായുടെ ഭൗതികാവശിഷ്ടം അന്നത്തെ പാത്രിയര്‍ക്കീസ് ആയിരുന്ന യാക്കൂബ് മൂന്നാമന്‍ ഔഗേന്‍ ബാവായെ 1965-ല്‍ ഏല്പിച്ചതെന്നോര്‍ക്കണം. സിറിയന്‍ ഓര്‍ത്തഡോക്സ് സഭ വക മൂസല്‍ സെന്‍റ് തോമസ് പള്ളി ഒരു “കപ്യാരു പോലുമല്ലാത്ത മാര്‍ത്തോമ്മായുടെ” പേരിലാണു സ്ഥാപിച്ചിരിക്കുന്നതത്രെ! ചില കുഞ്ഞാടുകള്‍ ഇതു ഏറ്റുപാടി!! ഈ കല്പന പിന്‍ഗാമികള്‍ ഇന്നും പിന്‍വലിച്ചിട്ടില്ല.
പിന്നീടാണ് മലങ്കരസഭയോ കാതോലിക്കാ ബാവായോ അറിയാതെയും പരസ്പരസ്വീകരണ വ്യവസ്ഥകള്‍ പാലിക്കാതെയും വേണ്ടത്ര യോഗ്യതയില്ലാത്ത ഉന്നത കലാലയങ്ങള്‍ കണ്ടിട്ടില്ലാത്ത ചിലരെ ചുമന്ന കുപ്പായം ധരിപ്പിച്ചു മലങ്കരയിലേക്ക് കടത്തിവിട്ടു കലഹം ഉണ്ടാക്കിയത്. ഇതെല്ലാം മറക്കാം. പൊറുക്കാം. മറവിയും ഒരനുഗ്രഹമാണല്ലോ.
2017 ജൂലൈ മൂന്നിലെ സുപ്രധാന സുപ്രീംകോടതിവിധി മലങ്കരയില്‍ ഒരു സഭയേയുള്ളു എന്നും സമാന്തരഭരണം സാധ്യമല്ലെന്നും കൂടുതല്‍ ഊന്നിപ്പറഞ്ഞു. പള്ളികള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ഭാഗിക്കാനും സ്വത്തു കൈവശപ്പെടുത്താനും കൈകാര്യം ചെയ്യാനും മലങ്കരസഭ അംഗീകരിക്കാത്ത ആര്‍ക്കും സാധ്യമല്ല. ഇവിടെ വിഭജനം ആവശ്യമില്ല. ജനങ്ങള്‍ എല്ലാവരും പരസ്പരം ബന്ധമുള്ളവരും ഒരേ വിശ്വാസാചാരങ്ങള്‍ പാലിക്കുന്നവരുമാകയാല്‍ യോജിപ്പിലാണ്. പുതിയ ഐക്യത്തിന്‍റെ പ്രശ്നമില്ല. അകന്നുനില്‍ക്കുന്നവര്‍ ഒന്ന് അടുത്താല്‍ മതി. പള്ളികള്‍ ആരും എടുക്കുകയില്ല, കൊണ്ടുപോകുകയും ഇല്ല. ഇതു സംബന്ധിച്ച ദുഷ്പ്രചരണം അവസാനിപ്പിക്കണം. പള്ളി എല്ലാവരുടെയും ആണ്.
സുപ്രീംകോടതിവിധിക്കു മുകളില്‍ ചര്‍ച്ചയ്ക്കൊന്നും പ്രസക്തിയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാത്ത ഒരു സര്‍ക്കാരിനും ഒരു ഒത്തുതീര്‍പ്പും ഉണ്ടാക്കാനും സാധ്യമല്ല. 1958-ലെ പരസ്പരസ്വീകരണത്തെ തുടര്‍ന്ന് വടക്കന്‍ പ്രദേശങ്ങളില്‍ വേണ്ടത്ര ബോധവല്‍ക്കരണം യഥാസമയം നടത്താനായില്ല. ഇതാണു ഒരളവുവരെ പ്രശ്നം സങ്കീര്‍ണ്ണമാക്കിയത്. കള്ളപ്രമാണങ്ങള്‍, വ്യാജസാക്ഷിമൊഴികള്‍, വ്യാജരേഖകള്‍ മുതലായവ സമുന്ന ജഡ്ജിമാരുടെ തട്ടകമായ കോടതികളിലും സമര്‍പ്പിച്ചതുകൊണ്ടാണു കേസുകള്‍ തോറ്റത്. സത്യം സഭയുടെ കാര്യത്തില്‍ ഒരിക്കലും ജയിക്കാതിരിക്കില്ല.
മലങ്കരസഭ ഐക്യത്തിന്‍റെ വാതില്‍ ഒരിക്കലും അടച്ചിട്ടില്ല. രണ്ടു സഭകള്‍ ഇല്ല. രണ്ടു ചിന്താഗതികള്‍ ഉണ്ടെന്നു മാത്രം. വിശ്വാസാചാരങ്ങള്‍ എല്ലാം ഒന്ന്. വിവാഹക്കുറികള്‍ വിഭിന്നമല്ല. തന്നിമിത്തം പരസ്പരസ്വീകരണം നിഷ്പ്രയാസം നടത്താം. ഏതെങ്കിലും ഒരു സഭാദ്ധ്യക്ഷനോടുള്ള ഒരു ബഹുമാനം വിശ്വാസിയുടെ മൗലിക വിശ്വാസമല്ലെന്നും ഓര്‍ക്കണം. വികാരിയെ നിയമിക്കുന്നത് ഒരു വലിയ ആത്മീയകാര്യമല്ല. ഭരണക്രമീകരണത്തിന്‍റെ ഒരു ഭാഗം മാത്രം. വികാരിയെ മറികടന്നു മറ്റൊരു വൈദികനു ഒരു പള്ളിയിലും കടന്നു കര്‍മ്മങ്ങള്‍ നടത്താനാവില്ല. അതു ഭരണസംവിധാനത്തിന്‍റെ ഒന്നാം പാഠം. അതൊക്കെ നടക്കാത്ത വ്യാമോഹം മാത്രം. എന്നും വിജയിച്ചു നില്‍ക്കുന്നവര്‍ താഴ്മയും സൗമനസ്യവും അനുരഞ്ജന മനോഭാവവും കൂടുതല്‍ പ്രകടിപ്പിക്കുകയും എതിര്‍ത്തു നില്‍ക്കുന്നവര്‍ നിരാശരാകാതെ പിടിവാശി വിടുകയും ചെയ്യണം. സാധ്യമല്ലെങ്കില്‍ അവര്‍ക്കു ഏതു പ്രാര്‍ത്ഥനാഗ്രൂപ്പിലും പോകാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. സഭയെ നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും. ചരിത്രം അതാണ്. വിശ്വാസികള്‍ക്കു ജയില്‍ശിക്ഷയാണു അഭികാമ്യമെങ്കില്‍ കല്ലും കത്തിയും പ്രയോഗിച്ചു അതു നേടാന്‍ ദൈവം സ്വാതന്ത്ര്യം തന്നിട്ടുണ്ടല്ലോ. കഴമ്പറ്റ വൈരം മറന്നു പരസ്പരസ്വീകരണത്തിലൂടെ വീണ്ടും ഒന്നാകുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. ഏതു ചര്‍ച്ചയുടെയും അടിസ്ഥാനം സുപ്രീംകോടതിയുടെ മൂന്നു വിധികളും 1934-ലെ ഭരണഘടനയുമെന്നും ഓര്‍ക്കുക. ചിലര്‍ക്കു റിട്ടയര്‍ ചെയ്തും സഭയെ ധന്യമാക്കാം.