മേല്‍പ്പട്ടക്കാരന് ഉണ്ടായിരിക്കേണ്ട അഞ്ചു യോഗ്യതകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അതിമഹത്തായ ഒരു പെരുന്നാളില്‍ സംബന്ധിക്കുവാനായി നാം ഇന്ന് വന്നുകൂടിയിരിക്കുകയാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു വലിയ പെരുന്നാളാണ്; കാരണം സഭാംഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധ സുന്നഹദോസിനാല്‍ അംഗീകരിക്കപ്പെട്ട, ദൈവത്താല്‍ വിളിക്കപ്പെട്ട അഞ്ച് സന്യാസവര്യന്മാരെ ഇന്ന് മേല്‍പട്ടക്കാരായി അഭിഷേകം ചെയ്യുകയാണ്. ഈ ദൈവീക ശുശ്രൂഷയില്‍ പങ്കെടുക്കുന്ന നിങ്ങളോട് മേല്‍പ്പട്ടക്കാര്‍ക്ക് ഉണ്ടായിരിക്കേണ്ട അഞ്ച് യോഗ്യതകളെപ്പറ്റി വളരെ ചുരുക്കമായി പറയുവാനാണ് ഞാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നത്. ഈ എല്ലാ യോഗ്യതകളും എനിക്കില്ല എന്ന് നല്ലവണ്ണം അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. ഒരു മേല്‍പ്പട്ടക്കാരന് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട അഞ്ച് യോഗ്യതകള്‍ ഇവയാണ്: ഉപദേശം; ഭരണം; ബലി; പ്രാര്‍ത്ഥന; പ്രതീകം.

ഉപദേശം

ഒരു മേല്‍പ്പട്ടക്കാരന്‍ തന്‍റെ ജനങ്ങളെ ഉപദേശിക്കുവാന്‍ പ്രാപ്തനായിരിക്കണം. ജനങ്ങളെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനാണ്. ദൈവവചനത്തെ വിശ്വാസികളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചുമതല. അതായത് ജനങ്ങളെ അദ്ദേഹം വി. വേദപുസ്തകം പഠിപ്പിച്ചു കൊടുക്കണം. അതിനായി ഒരു മേല്‍പ്പട്ടക്കാരന്‍ വേദപുസ്തകം പ്രാര്‍ത്ഥനയില്‍ വായിച്ച് ധ്യാനിച്ച് ജനങ്ങള്‍ക്ക് വ്യാഖ്യാനിച്ചു കൊടുക്കണം. സഭാപിതാക്കന്മാര്‍ എല്ലാവരുംതന്നെ വി. വേദപുസ്തകം വായിച്ച് ധ്യാനിക്കുമായിരുന്നു. എനിക്കറിയാവുന്ന മേല്‍പട്ടക്കാരായ സഭാപിതാക്കന്മാര്‍ എല്ലാവരും തന്നെ വേദപുസ്തകം നല്ലവണ്ണം അരച്ചുകലക്കി കുടിച്ചിട്ടുള്ളവരായിരുന്നു. അവര്‍ വേദപുസ്തകം വായിച്ച് ധ്യാനിച്ച് ആത്മീയ പോഷണം പ്രാപിക്കുകയും ജനങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നവരായിരുന്നു.

ഭരണം

ഇടയന്‍ തന്‍റെ ആടുകള്‍ക്കുവേണ്ടി നടത്തുന്ന ഭരണത്തിന്‍റെ ഉദ്ദേശ്യം, ഐക്യത്തിലും, രമ്യതയിലും അവര്‍ വസിക്കണം എന്നുള്ളതാണ്. എവിടെ എങ്കിലും അഭിപ്രായ വ്യത്യാസമോ ഭിന്നിപ്പോ ഉണ്ടായാല്‍ അതൊക്കെ പരിഹരിച്ച് സഭയില്‍ സമാധാനവും യോജിപ്പും ഉണ്ടാകുവാനായി മേല്‍പ്പട്ടക്കാരന്‍ ശ്രമിക്കണം. സമൂഹത്തിലും കുടുംബത്തിലും കലഹങ്ങള്‍ മാറി, നിലനില്‍ക്കാനായി അദ്ദേഹം യത്നിക്കണം. ആരോടും സ്പര്‍ദ്ധയില്ലാതെ താഴ്മയോടു കൂടി ജനങ്ങളെ സേവിക്കണം. രാജാക്കന്മാരെപ്പോലെ അധികാരം ചെലുത്തുകയല്ല, സ്നേഹത്തില്‍ തന്‍റെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിക്കുകയാണ് ഭരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

ബലി

സഭയുടെ പ്രധാന ചുമതലയാണ് ബലിയര്‍പ്പിക്കുന്നത്. ഭദ്രാസനത്തില്‍ എല്ലാ സ്ഥലങ്ങളിലും ബലി-വി. കുര്‍ബ്ബാന-നടക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടത് മേല്‍പട്ടക്കാരന്‍റെ കടമയാണ്. അതിന് ആവശ്യമായ പട്ടക്കാരെ അദ്ദേഹം ഏര്‍പ്പെടുത്തുകയും, അനുയോജ്യമായ സ്ഥലങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം. വി. കുര്‍ബ്ബാന മാത്രമല്ല ബലി. ബലിയുടെ ഉദ്ദേശ്യം മനുഷ്യരെ ദൈവവുമായി രമ്യതപ്പെടുത്തുകയാണ്. വി. കുര്‍ബ്ബാന – ക്രിസ്തീയ ബലി – കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങള്‍ വഴി അനുഷ്ഠിക്കുന്ന അനുരഞ്ജന ശുശ്രൂഷയാണ്. ലോകത്തിന്‍റെ കാവലും രക്ഷയുമാണ് വി. ബലി. ആ വിശുദ്ധ ബലിയുടെ ക്രമമായ അര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കുക ഒരു എപ്പിസ്കോപ്പായുടെ കര്‍ത്തവ്യമാണ്.

പ്രാര്‍ത്ഥന

ഒരു മേല്‍പ്പട്ടക്കാരന്‍ എപ്പോഴും തന്‍റെ ആടുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. പഴയനിയമ കാലത്തെ മഹാപുരോഹിതനായിരുന്നു അഹറോന്‍. അദ്ദേഹം ദൈവമുമ്പാകെ നില്‍ക്കുമ്പോള്‍ തന്‍റെ മാര്‍വ്വിടത്തില്‍ ഒരു പതക്കം അണിയുമായിരുന്നു. പന്ത്രണ്ട് വിലയേറിയ കല്ലുകള്‍ പതിച്ചതായിരുന്നു ആ പതക്കം. ഓരോ കല്ലിലും ഇസ്രായേലിലെ ഗോത്രങ്ങളുടെ പേരുകള്‍ കൊത്തിയിരുന്നു. അതായത് 12 ഗോത്രങ്ങളുടെ പേരുകള്‍ തന്‍റെ ഹൃദയഭിത്തിക്കടുത്ത് സ്ഥാപിച്ചുകൊണ്ടായിരുന്നു മഹാപുരോഹിതനായ അഹറോന്‍ ദൈവമുമ്പാകെ പ്രാര്‍ത്ഥിച്ചിരുന്നത്. ഓരോ മെത്രാപ്പോലീത്തായും, തന്‍റെ ചുമതലയിലുള്ള ആളുകളെ തന്‍റെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം. സ്വന്ത കാര്യത്തിനു വേണ്ടിയല്ല ഒരു മേല്‍പ്പട്ടക്കാരന്‍ പ്രാര്‍ത്ഥിക്കുന്നത്. സഭയുടെ, ഭദ്രാസനത്തിന്‍റെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം പ്രാര്‍ത്ഥനയാണ്. ഇടവകയിലെ ഒരു മനുഷ്യന്‍ പോലും നശിച്ചുപോകാതിരിക്കുവാന്‍ മേല്‍പ്പട്ടക്കാരന്‍ പ്രാര്‍ത്ഥിക്കണം. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുവേണ്ടി പോലും, തന്നെ എതിര്‍ക്കുന്നവര്‍ക്കുവേണ്ടി പോലും അദ്ദേഹം പ്രാര്‍ത്ഥിക്കണം. ദൈവം തന്നെ ഏല്‍പ്പിച്ചിട്ടുള്ള ജനങ്ങളെ മുഴുവനും തന്‍റെ ഹൃദയത്തില്‍ വഹിച്ചുകൊണ്ടായിരിക്കണം ഒരു മെത്രാപ്പോലീത്താ പ്രാര്‍ത്ഥിക്കുവാന്‍ നില്‍ക്കേണ്ടത്.

പ്രതീകം

അഞ്ചാമത്തെ ഗുണം, ഒരു മേല്‍പ്പട്ടക്കാരന്‍ ‘പ്രതീകം’ ആണ് എന്നുള്ളതാണ്. ‘പ്രതീകം’ എന്നു പറഞ്ഞാല്‍ എന്താണെന്ന് അധികം പേര്‍ക്കും മനസ്സിലാവുകയില്ലെന്ന് തോന്നുന്നു. ഒരു വിധത്തില്‍ കൂദാശ എന്നു പറയാം. ഇന്ന് ഇവരെ കൂദാശ ചെയ്യുകയാണ്. മേല്‍പ്പട്ടക്കാരായി കൂദാശ ചെയ്ത് ശുദ്ധീകരിക്കുകയാണ്. അങ്ങനെ ഇവര്‍ ദൈവവാഹികളായിത്തീരുന്നു. അവര്‍ ദൈവത്തിന്‍റെ ‘പ്രതീകം’ ആയി തീരുന്നു. അതുകൊണ്ടാണ് നമ്മുടെ സഭയില്‍ മെത്രാപ്പോലീത്തന്മാര്‍ക്ക് റിട്ടയര്‍മെന്‍റ് ഇല്ലാത്തത്. ഒരിക്കല്‍ കൂദാശ ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ മരണം വരെ ആ സ്ഥാനത്ത് തുടരുന്നു. മെത്രാപ്പോലീത്താ തന്‍റെ ഇടവകയില്‍ കര്‍ത്താവിന്‍റെ പ്രതീകമാണ്. മനുഷ്യനായിത്തീര്‍ന്ന കര്‍ത്താവിന്‍റെ കാണപ്പെടുന്ന പ്രതീകമാണ് ഓരോ മെത്രാപ്പോലീത്തായും. വിശക്കുന്നവന് ഭക്ഷണം നല്‍കി; ദാഹിക്കുന്നവന് വെള്ളം നല്‍കി, കര്‍ത്താവിന്‍റെ പ്രതീകമായി ലോകത്തില്‍ മെത്രാപ്പോലീത്താ കാണപ്പെടണം. ദൈവം ലോകത്തില്‍ കാണപ്പെട്ടത് യേശുവിലൂടെയാണ്. യേശുവിനെ നോക്കിയവര്‍ ദൈവത്തെ കണ്ടു. അതുപോലെ മെത്രാപ്പോലീത്തായിലൂടെ ലോകം ദൈവത്തെ കാണണം.

(1985 മെയ് 15 നു മാവേലിക്കരയില്‍ വച്ചു നടന്ന മേല്‍പട്ട സ്ഥാനാരോഹണ ശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗം. സമ്പാദകന്‍: ഫാ. കെ. വി. ശമുവേല്‍)