വിശ്വസംസ്കൃതിക്കു നമ്മുടെ രാജ്യം നല്‍കിയ വിശിഷ്ട ദാനങ്ങളില്‍പ്പെട്ടതാണ് ഗുരു, ഋഷി, യോഗി, ആചാര്യന്‍, മുനി തുടങ്ങിയ പദങ്ങള്‍. ആ വാക്കുകള്‍ക്കു മാറ്റും മിഴിവുമേകി തിളങ്ങുന്ന മൂര്‍ത്ത രൂപങ്ങള്‍ ഇന്ന് ഏറെയില്ല. അതുകൊണ്ടാവണം ആത്മാഭിമുഖ്യമുള്ള ഭാരതീയരെല്ലാം ഏതാണ്ടൊരു ഗൃഹാതുരതയോടെ ആ വാക്കുകള്‍ കേള്‍ക്കുന്നതും ഉരുവിടുന്നതും.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി 34 വര്‍ഷം സഭയെ നയിച്ച പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ അടുത്തറിഞ്ഞവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് മുന്‍പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചാണ്. പൗരസ്ത്യ യൗഗിക പാരമ്പര്യത്തിന്‍റെ കണ്ണിയായി അതിനെ സ്വജീവിതത്തില്‍ സാക്ഷാത്ക്കരിച്ച ആചാര്യനും പിതാവുമാണദ്ദേഹം.
നൂറ്റാണ്ടുകളുടെ വൈദേശികാധീശത്വത്തില്‍ നിന്ന് മോചനം നേടി, അപ്പോസ്തോലികമായ തനിമ തേടിയ മലങ്കരസഭയെ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്വസ്ഥമായ തീരങ്ങളിലേക്കു നയിച്ച “വലിയ ബാവാ”യ്ക്കു ബഹുമുഖ വ്യക്തിത്വമാണ്. സഭാ സമാധാനത്തിനുവേണ്ടി തീക്ഷ്ണമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ആ ഇടയശ്രേഷ്ഠന്‍ 1958-ല്‍ കോട്ടയം പഴയസെമിനാരിയില്‍ വെച്ച് അനുരഞ്ജനത്തിന്‍റെ അപൂര്‍വ നിമിഷത്തിനു കാര്‍മികനായി ഭവിച്ചു. മനുഷ്യരുടെ അധികാരക്കൊതിയും അഹങ്കാരവും കൊണ്ട് മാത്രം പിന്നീട് നഷ്ടീഭവിച്ച അമൂല്യമായ സമാധാനത്തിനുവേണ്ടി ആ മഹാപുരുഷന്‍റെ ആത്മാവ് തേങ്ങുന്നുണ്ടാവണം.
1958-ലെ സഭാ സമാധാനവും ഐക്യവും വലിയ അബദ്ധമായിപ്പോയി എന്ന് ചിന്തിക്കുന്ന കുറെപ്പേര്‍ നിര്‍ഭാഗ്യവശാല്‍ പിന്നീട് മലങ്കരസഭയിലുണ്ടായി. എന്താണ് അങ്ങനെയുള്ളവരുടെ ക്രിസ്തീയദര്‍ശനവും സഭാവിജ്ഞാനീയവും എന്ന് അവര്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. അഖണ്ഡമായ സാത്വിക പൈതൃക പാരമ്പര്യത്തിന് വലിയ മൂല്യം കല്പിക്കുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെപ്പോലെയുള്ള ശ്രേഷ്ഠാചാര്യന്മാര്‍ കാണിച്ചുതന്ന ക്രിസ്തുമാര്‍ഗ്ഗമല്ല അവരുടേത് എന്ന് തീര്‍ത്ത് പറയാം.
ഒരു പുരുഷായുസ് മുഴുവന്‍ മലങ്കരയുടെ സമാധാനത്തിനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിക്കുകയും, ക്ലേശങ്ങള്‍ പേറി, ശാന്തി തീര്‍ത്ഥം തേടി കടല്‍ താണ്ടുകയും, എതിര്‍പക്ഷക്കാരെന്ന് സ്വയം വിളിച്ചവരെ കനിവോടെ സ്വന്തം മക്കളായി കാണുകയും, അവസാനം, വൃദ്ധനായ ശിമയോനെപ്പോലെ, സമാധാന ശിശുവിനെ കൈയിലെടുത്ത്, ഒരു ജനതയുടെ രക്ഷാവെളിച്ചം കണ്ട് സ്വര്‍ഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്തി, സമാധാനത്തോടെ കടന്നുപോവുകയും ചെയ്ത ഈ പിതാവും അദ്ദേഹത്തിന്‍റെ വിശുദ്ധരായ പൂര്‍വ്വസൂരികളും ഇന്ന് തങ്ങളുടെ പിന്‍ഗാമികളായ നമ്മോട് എന്തായിരിക്കും കല്പിക്കുക എന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളു. ദൈവജനത്തെ ദൈവികമായ സ്നേഹത്തിലേയ്ക്കും ക്ഷമയിലേയ്ക്കും, സത്യത്തിലേയ്ക്കും നീതിയിലേയ്ക്കും നിരന്തരം വഴി നടത്താന്‍, ദൈവജനത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിക്കുകയും ചെയ്യുന്നവരാണ് സഭയുടെ ഇടയന്മാര്‍ എന്ന വിവേകപൂര്‍ണ്ണമായ തിരിച്ചറിവും ജ്ഞാനവും നമുക്കു നഷ്ടപ്പെട്ടോ എന്നന്വേഷിക്കാനായിരിക്കും ഒരു പക്ഷേ അവര്‍ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്.
ഒരേ വിശ്വാസവും ഒരേ രക്തവുമുള്ള മലങ്കരയുടെ മക്കളെ ഒരു നൂറ്റാണ്ട് കടന്നു വിരുദ്ധതയുടെ മഹാ ശാപത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ ദൈവം ഒരുക്കിത്തന്ന എല്ലാ വഴികളെയും തട്ടിയെറിഞ്ഞ് നാം മുമ്പോട്ടുപോയാല്‍ പൊതുസമൂഹത്തിന് മുമ്പിലും ദൈവത്തിന്‍റെ നീതിപീഠത്തിന് മുമ്പിലും നമുക്ക് മാപ്പ് ലഭിക്കുകയില്ല എന്ന് നമ്മുടെ സാത്വികരായ ഗുരുക്കന്മാര്‍ പറയും. “നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് വിധികര്‍ത്താക്കളായിത്തീരും” (മത്തായി 12:27) എന്ന കര്‍ത്താവിന്‍റെ പ്രവചനം ഒരു തരത്തില്‍ ഇപ്പോള്‍ സെക്കുലര്‍ മാധ്യമങ്ങളിലും പൊതുവേദികളിലും നമുക്കിടയില്‍ നിവൃത്തിയായിക്കൊണ്ടിരിക്കുന്നു എന്ന് നാം അനുതാപത്തോടും കണ്ണീരോടും കൂടി തിരിച്ചറിയണം.
ഇന്ത്യയില്‍ വിശുദ്ധ തോമസ് അപ്പോസ്തോലന്‍റെ വരവു മുതല്‍ നിലനിന്ന പൗരസ്ത്യ ക്രിസ്തീയാദ്ധ്യാത്മികതയ്ക്ക് ഹൈന്ദവ-ബൗദ്ധ-ജൈന പാരമ്പര്യങ്ങളുമായി ആത്മബന്ധമുണ്ട്. പോര്‍ട്ടുഗീസുകാരും ഇംഗ്ലീഷുകാരുമായ പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി ഏഷ്യന്‍ പാരമ്പര്യത്തിലെ പുരാതനമായ ഈ പൗരസ്ത്യ ക്രിസ്തീയത പീഡനവിധേയമാവുകയും കുറെയൊക്കെ അന്യം നില്‍ക്കുകയും ചെയ്തു. അതുകൊണ്ടു നിര്‍ഭാഗ്യവശാല്‍ ഇന്നും ഇന്ത്യയിലെ അക്രൈസ്തവരായ ബുദ്ധിജീവികള്‍ ക്രിസ്തീയ പാരമ്പര്യത്തെ അറിയുന്നത് റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരുമായ പാശ്ചാത്യര്‍ പഠിപ്പിച്ച സംഗതികളിലൂടെയാണ്. പാശ്ചാത്യരുടേതില്‍ നിന്ന് വളരെ വിഭിന്നമായ വേദശാസ്ത്ര സങ്കല്‍പ്പങ്ങളും ആദ്ധ്യാത്മികതയുമുള്ള കേരളത്തിലെ പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യം കൊളോണിയല്‍ വാഴ്ചയുടെ അധീശശോഭയില്‍ ഭാരതീയമായ മറ്റു പലതിനെയുംപോലെ അവഗണിക്കപ്പെട്ടു.
ഇവിടെയാണ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെപ്പോലെ മഹര്‍ഷിതുല്യരായ ക്രിസ്തീയാചാര്യന്മാര്‍ സ്വന്തം ജീവിതത്തില്‍ നടത്തിയ ആദ്ധ്യാത്മിക പരീക്ഷണത്തിനു പ്രസക്തിയേറുന്നത്. പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്തീയതയില്‍ ആദ്ധ്യാത്മികത അനുഭവനിഷ്ഠമാണ്. ഈശ്വരജ്ഞാനം അനുഭവത്തില്‍ നിന്ന് ഉരുത്തിരിയണം. അതുകൊണ്ട് ദൈവവിജ്ഞാനീയം സൈദ്ധാന്തികമായ ആശയനിര്‍മാണമല്ല. ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടികളിലൊന്നാണ്. യേശുക്രിസ്തുവില്‍ വിളങ്ങിയ ദിവ്യസാന്നിധ്യത്തെ സ്വാംശീകരിച്ച് ക്രിസ്തുസാരൂപ്യം പ്രാപിക്കാനാണ് ആരാധകര്‍ ശ്രമിക്കുന്നത്.
ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും അദ്ദേഹത്തിന്‍റെ ഗുരുവായ പരുമല തിരുമേനിയും, സമകാലികനായ പാമ്പാടി മാര്‍ ഗ്രീഗോറിയോസും ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന ബിരുദങ്ങള്‍ നേടിയവരല്ല. പക്ഷേ, പൗരസ്ത്യ ക്രിസ്തീയ വിദ്യയുടെ കാതലായ രഹസ്യം തൊട്ടറിഞ്ഞ്, അതിനെ ഭാരതത്തിലെ പുരാതനമായ ആത്മവിദ്യയുമായി സമ്മേളിപ്പിച്ച്, ജീവിതഗന്ധിയായ ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തിയവരാണ് മൂവരും. ഈ മാതൃക പിന്തുടര്‍ന്ന നിരവധി മെത്രാന്മാരും വൈദികരും സാധാരണ സ്ത്രീപുരുഷന്മാരും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നത് സ്മരണീയമാണ്. പുസ്തകത്താളുകളില്‍ എഴുതപ്പെട്ട വാക്കുകളിലൂടെ, സൈദ്ധാന്തികമായ സമന്വയമല്ല അവര്‍ ഉന്നംവച്ചത്.
നിസ്തന്ദ്രമായ പ്രാര്‍ത്ഥനയും ഉപവാസവും തപോനിഷ്ഠയും വേദാനുധ്യാനവും മൂലം, രക്ഷകനായ ക്രിസ്തുവില്‍ തെളിഞ്ഞുനിന്ന കരുണയും മനുഷ്യസ്നേഹവും ആര്‍ദ്രമാനസവും അവര്‍ സ്വായത്തമാക്കി. അവരുപയോഗിച്ച യോഗസാധനകളും തപശ്ചര്യകളും ഭാരതീയ പാരമ്പര്യത്തില്‍ നിന്നും പൗരസ്ത്യ ക്രിസ്തീയതയില്‍ നിന്നും ഒരുപോലെ കൈക്കൊണ്ടവയാണ്. സമന്വയം നടന്നത് ജീവിതത്തിലാണ്; ഇന്ന് ചില ദൈവശാസ്ത്രജ്ഞന്മാര്‍ നടത്തുവാന്‍ ശ്രമിക്കുന്നതുപോലെ മസ്തിഷ്ക്കത്തിലെ അമൂര്‍ത്തമായ സൈദ്ധാന്തികതലങ്ങളിലല്ല.
ചിട്ടയായ അനുഷ്ഠാനങ്ങളില്‍ അതീവ തല്‍പരനായിരുന്നു വലിയ ബാവാ. കുര്‍ബാനയില്‍ കേന്ദ്രീകൃതമായ അനുഷ്ഠാന തീക്ഷ്ണത ഒരിക്കലും ആചാരനിബദ്ധതയുടെ ജാഡ്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചില്ല, പ്രത്യുത, ഓരോ കര്‍മ്മാനുഷ്ഠാനവും ദിവ്യരഹസ്യങ്ങളുടെ ആഴമായ അനുധ്യാനത്തില്‍ വിലയം പ്രാപിച്ചു. ആരാധനയിലെ മന്ത്രാക്ഷരികള്‍ അക്ഷയതയുടെ കവാടപരമ്പരകള്‍ അദ്ദേഹത്തിനു തുറന്നു കൊടുത്തു. അതുകൊണ്ട് അത്തരം അനര്‍ഘ നിമിഷങ്ങളില്‍ അദ്ദേഹത്തിന്‍റെ മുഖം പ്രകാശിതമാകുന്നതും ശബ്ദം സാഗരഗാംഭീര്യമാര്‍ജ്ജിക്കുന്നതും കൂടെയുള്ളവര്‍ കണ്ട് വിസ്മയിച്ചിട്ടുണ്ട്. സീനായ് മലയുടെ ഉയരങ്ങളില്‍ ദിവ്യദര്‍ശനം കണ്ട മോശയുടെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിച്ചതുപോലെ, താബോര്‍ മലയില്‍വച്ച് തന്‍റെ രക്ഷകനും ഗുരുവുമായ യേശുവിന്‍റെ ശരീരം ഉജ്ജ്വലശോഭയണിഞ്ഞതുപോലെ, പൂഴിയായ നമ്മുടെ ശരീരത്തിനും ഈ ദിവ്യപ്രപഞ്ചത്തിനും സാധ്യമായ രൂപാന്തരത്തെ അനുഭവിച്ചറിഞ്ഞവനായിരുന്നു ബാവാ തിരുമേനി.
നന്മതിന്മകളെ വിവേചിച്ചറിയാനും അതീന്ദ്രിയതയുടെ ‘വാസന’കളെ മണത്തറിയാനുമുള്ള സവിശേഷമായ ഉള്‍ക്കാഴ്ച പരിശുദ്ധാത്മാവില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ചിരുന്നു. നമ്മുടെ യാഥാര്‍ത്ഥ്യബോധത്തിന്‍റെ അതിരുകളില്‍ സ്ഥലകാലങ്ങള്‍ തൂക്കിയ കനത്ത തിരശീലകളെ ഇടയ്ക്കിടെ വകഞ്ഞുമാറ്റി സത്യത്തിന്‍റെയും നന്മയുടെയും ഒളിമിന്നല്‍ അദ്ദേഹം ദര്‍ശിക്കുമായിരുന്നു. അതുകൊണ്ട് നല്ല ആത്മാവിനെയും ദുരാത്മാവിനെയും പേരെടുത്തു പറയുന്ന രീതിയായിരുന്നു തിരുമേനിയുടേത്. അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ പലര്‍ക്കും ഭയമുണ്ടായിരുന്നതും ഇതുകൊണ്ടാണ്. ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ആത്മീയ ഗുരുക്കന്മാരായി അംഗീകരിക്കപ്പെടുന്നവര്‍ക്ക് അവശ്യം വേണ്ട വരമാണ് ഈ വിവേചനശക്തിയുള്ള ഉള്‍ക്കാഴ്ച.
ഗുരുവായ പരുമല തിരുമേനിയും ശിഷ്യനായ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും തമ്മിലുണ്ടായിരുന്ന ഗുരു-ശിഷ്യ ബന്ധം ഭാരതീയവും പൗരസ്ത്യവുമായ നല്ല ചില പാരമ്പര്യങ്ങളുടെ നിദര്‍ശനമായിരുന്നു. ഗുരുമുഖത്തുനിന്ന് പഠിക്കുകയും ഗുരുസാന്നിധ്യത്തെ ദൈവസാന്നിധ്യമായി കരുതുകയും ചെയ്യുന്ന മഹത്തായ പൈതൃകത്തെ ഭാരതത്തിലെ ഓര്‍ത്തഡോക്സ് സഭ എന്നും ആദരിച്ചിരുന്നു. അക്ഷരവും അനുഷ്ഠാനവും ഗുരുവിന്‍റെ ഉപദേശത്താല്‍ അമര്‍ത്യതയുടെ പാത തെളിക്കുമെന്നു ബാവാ തിരുമേനി മനസ്സിലാക്കിയിരുന്നു.
വിമര്‍ശനത്തിന്‍റെ യുക്തിയിലൂന്നിയ ഗുരുനിഷേധത്തെ ആധുനികതയുടെ ആത്മാവായി കാണാറുണ്ട്. എന്നാല്‍ ഗുരുവിന്‍റെ ആത്മശോഭയെ സ്വാംശീകരിച്ച് ഗുരുസാന്നിധ്യത്തിലൂടെ ദിവ്യസത്യങ്ങളെ അനാവരണം ചെയ്യുകയാണ് പൗരസ്ത്യ ആദ്ധ്യാത്മികതയുടെ രീതി. അതിനു നല്ലൊരു മാതൃകയാണ് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ.
ഭാരതത്തിലെ ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് അദ്ദേഹം കണ്ട സത്യ ദര്‍ശനവും അദ്ദേഹത്തിന്‍റെ നിസ്തുലമായ ആത്മജ്വാലയും അനുരഞ്ജനത്തിന്‍റെ പുതിയ വഴികള്‍ നമുക്കു മുമ്പില്‍ തുറക്കുമെന്ന് പ്രത്യാശിക്കാം.