വി. ബസേലിയോസും നിസ്സായിലെ വി. ഗ്രീഗോറിയോസും / ഫാ. ഡോ. ബി. വര്‍ഗീസ്


സഭാപിതാക്കന്മാരില്‍ അഗ്രഗണ്യരാണ് കപ്പദോക്യന്‍ പിതാക്കന്മാരെന്നറിയപ്പെടുന്ന കൈസറിയായിലെ ബസേലിയോസും (330379), സഹോദരനായ നിസായിലെ ഗ്രീഗോറിയോസും (330 -395), സുഹൃത്തായ നാസിയാന്‍സിലെ ഗ്രീഗോറിയോസും (329-389). സഭാചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടമായ നാലാം നൂറ്റാണ്ടിലെ വേദവിപരീതങ്ങള്‍ക്കെതിരെ ഈ പിതാക്കന്മാര്‍ പ്രസംഗിക്കുകയും എഴുതുകയും പഠിപ്പിക്കുകയും ചെയ്തു. ഓര്‍ത്തഡോക്സ് വിശ്വാസത്തിന് അടിത്തറയിട്ടവരാണ് ഈ മൂന്നു പിതാക്കന്മാരും.

വി. ബസേലിയോസും, ഇളയ സഹോദരനായ നിസായിലെ വി. ഗ്രീഗോറിയോസും ഏഷ്യാമൈനറിലെ പൊന്തോസ് എന്ന സ്ഥലത്തെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. പിതാവിന്‍റെ പേരും ബസേലിയോസ് എന്നുതന്നെയായിരുന്നു. പേരെടുത്ത ഒരു നിയമജ്ഞനും, പ്രസംഗകല (rhetoric) യില്‍ അദ്ധ്യാപകനും ആയിരുന്നു പിതാവ്. മാതാവ് എമെലിയാ സാമ്പത്തികമായി തകര്‍ന്ന ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. എമെലിയായുടെ പിതാവ് ഒരു പീഡയുടെ കാലത്ത് കൊല്ലപ്പെടുകയും, കുടുംബസ്വത്ത് ഭരണാധികാരികള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബസേലിയോസ് – എമെലിയാ ദമ്പതികള്‍ക്ക് അഞ്ച് ആണ്‍മക്കളേയും അഞ്ച് പെണ്‍മക്കളേയും ആയിരുന്നു ദൈവം നല്‍കിയത്. ആണ്‍കുട്ടികളില്‍ മൂത്തയാളായിരുന്നു വി. ബസേലിയോസ്. അഞ്ച് ആണ്‍കുട്ടികളില്‍ ഒരാള്‍ ശൈശവാവസ്ഥയില്‍ തന്നെ മരണമടഞ്ഞു. മറ്റൊരാള്‍ യൗവന പ്രായത്തില്‍ അപകടത്തില്‍ അകാല ചരമം പ്രാപിച്ചു. ശേഷിക്കുന്ന മൂന്ന് ആണ്‍മക്കളില്‍ ബസേലിയോസ് കൈസര്യായിലെയും, ഗ്രീഗോറിയോസ് നിസായിലെയും പത്രോസ് സെബസ്ത്യായിലെയും ബിഷപ്പന്മാരായിത്തീര്‍ന്നു.

അഞ്ചു സഹോദരിമാരില്‍ മൂത്തവളായ വി. മക്രീനായുടെ സ്വാധീനത്തിലാണ് ബസേലിയോസും സഹോദരന്മാരും സഭാ ശുശ്രൂഷയ്ക്കിറങ്ങിയത്. സ്ത്രീകളുടെ സന്യാസപ്രസ്ഥാനം ആരംഭിക്കുന്നതില്‍ വി. മക്രീനയുടെ സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. സന്യാസിനീ മഠത്തോടനുബന്ധിച്ച് അനാഥരുടെയും, രോഗികളുടെയും, പരിചരണത്തിനുള്ള സൗകര്യങ്ങളും മക്രീന ഏര്‍പ്പെടുത്തിയിരുന്നു. ആധുനിക ആതുര ചികിത്സാലയങ്ങളുടെ ആരംഭം മക്രീന ആരംഭിച്ച മഠങ്ങളില്‍ നിന്നായിരുന്നു.

വിദ്യാഭ്യാസം

പ്രാഥമിക വിദ്യാഭ്യാസം കൈസറിയായില്‍ നടത്തി. പില്‍ക്കാലത്ത് നാസിയാന്‍സിലെ ബിഷപ്പായിത്തീര്‍ന്ന വി. ഗ്രീഗോറിയോസ്, ബസേലിയോസിന്‍റെ സഹപാഠിയായിരുന്നു. പ്രാഥമിക വിദ്യാലയത്തില്‍ ആരംഭിച്ച ആ സുഹൃദ്ബന്ധം ആജീവനാന്തം നീണ്ടുനിന്നു. കൈസറിയായിലെ പഠനത്തിനുശേഷം തത്വശാസ്ത്രവും, പ്രസംഗകലയും അഭ്യസിക്കുവാന്‍ ബസേലിയോസ് കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കു പോയി. ലിബാനിയസ് എന്ന വിഖ്യാത തത്വചിന്തകന്‍റെ കീഴില്‍ പഠിക്കുവാന്‍ അദ്ദേഹത്തിനിടയായി.

തുടര്‍ന്ന് 351-ല്‍ ഉപരിപഠനത്തിനായി ബസേലിയോസ് ഗ്രീസിന്‍റെ തലസ്ഥാനമായ ആതന്‍സിലേക്കു പോയി. അന്നത്തെ ഏറ്റവും പ്രശസ്തമായ വിദ്യാപീഠമായിരുന്നു ആതന്‍സ്. ബസേലിയോസിനു മുമ്പായി നാസിയാന്‍സിലെ ഗ്രീഗോറിയോസ് അവിടെ എത്തിയിരുന്നു. ഇന്നത്തെ വൈദ്യശാസ്ത്ര-സാങ്കേതിക വിദ്യാലയങ്ങളിലുള്ള രീതിയില്‍ പുതിയ വിദ്യാര്‍ത്ഥികളെ ‘മെരുക്കുവാനുള്ള’ റാഗിംഗ് അക്കാലത്തുണ്ടായിരുന്നു. പാട്ടുകള്‍ പാടി ആഘോഷമായി കുളിമുറിയിലേക്കും, തിരിച്ച് താമസസ്ഥലത്തേക്കും കൊണ്ടുവരുന്നതായിരുന്നു ബസേലിയോസിന് കിട്ടിയ ‘സ്വീകരണം.’ ബാല്യകാല സുഹൃത്തായ നാസിയാന്‍സിലെ ഗ്രീഗോറിയോസാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ അദ്ദേഹത്തെ രക്ഷിച്ചത്. ഗ്രീക്കു തത്വചിന്തയുള്‍പ്പെടെ വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പ്പത്തി നേടുന്നതിന് ആതന്‍സിലെ പഠനം മൂലം ബസേലിയോസിനു സാധിച്ചു.

സന്യാസജീവിതത്തിലേക്ക്

പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ആതന്‍സിലെ വിദ്യാപീഠത്തില്‍ അദ്ധ്യാപക പദവി വാഗ്ദാനം ചെയ്തെങ്കിലും ബസേലിയോസ് കൈസറിയായിലേക്ക് തിരികെപ്പോകുവാന്‍ തീരുമാനിക്കുകയാണുണ്ടായത്. ആതന്‍സിലെ അദ്ധ്യാപക പദവി അക്കാലത്ത് പണ്ഡിതന്മാര്‍ക്കെല്ലാം ഒരു സ്വപ്നമായിരുന്നു. ഒരു പണ്ഡിതന്‍റെ കഴിവുകളുടെ പരമമായ അംഗീകാരമായിരുന്നു അത്തരം ഒരു പദവി. കൈസറിയായില്‍ തിരിച്ചെത്തിയ ബസേലിയോസ് പ്രസംഗകല പഠിപ്പിക്കുന്ന (ൃവലീൃശേര) ഒരു വിദ്യാലയം ആരംഭിച്ചു. അദ്ധ്യാപകന്‍റെയും വിദ്യാലയത്തിന്‍റെയും പ്രശസ്തി നിമിത്തം സമീപപ്രദേശങ്ങളിലെ പല പട്ടണങ്ങളില്‍ നിന്നും, അതുപോലെയുള്ള വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിക്കുകയുണ്ടായി.

ബസേലിയോസിന്‍റെ മൂത്ത സഹോദരി മക്രീന ഇതിനോടകം സന്യാസിനീമഠം ആരംഭിച്ചിരുന്നു. സഹോദരിയുടെ സ്വാധീനത്തില്‍ അദ്ദേഹവും സന്യാസജീവിതം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. 357-ല്‍ ബസേലിയോസ് കോറൂയോ (ഞലമറലൃ) സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് പാലസ്റ്റീന്‍, മെസോപൊത്തോമ്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലെ സന്യാസാശ്രമങ്ങള്‍ സന്ദര്‍ശിച്ച് താപസജീവിതത്തിന്‍റെ വിവിധ വശങ്ങള്‍ നേരിട്ടു മനസ്സിലാക്കി. ഈജിപ്തില്‍ വെച്ച് വി. അത്താനാസ്യോസിനെ കണ്ട് സംസാരിക്കുന്നതിനും അദ്ദേഹത്തിനിടയായി. ഒടുവില്‍ സ്വദേശത്തു തിരിച്ചെത്തി പൊന്തോസില്‍ ഒരു പുതിയ ആശ്രമം അദ്ദേഹം സ്ഥാപിച്ചു. അനേക സന്യാസിമാര്‍ ഒരുമിച്ചു താമസിക്കുന്ന ഒരു ആശ്രമം ഏഷ്യാമൈനറില്‍ ആദ്യമായി സ്ഥാപിതമായത് അങ്ങനെയാണ്. കഠിനമായ തപശ്ചര്യകളും നീണ്ട യാത്രകളും ബസേലിയോസിന്‍റെ ആരോഗ്യം നശിപ്പിച്ചു. അമ്പതാമത്തെ വയസില്‍ അദ്ദേഹം ഇഹലോകവാസം വെടിയുവാന്‍ ഇടയായത് അങ്ങനെയാണ്. മഹാപണ്ഡിതനും കുലീന കുടുംബാംഗവുമായ അദ്ദേഹം സന്യാസജീവിതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തെ സ്വമനസോടെ വരിച്ചു. അദ്ദേഹത്തിന് സ്വന്തമായി രാത്രിയില്‍ ധരിക്കുവാന്‍ ഒരു രോമക്കുപ്പായമുള്‍പ്പെടെ ഒരു ജോഡി വസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ബസേലിയോസിന്‍റെ സന്യാസ ജീവിതത്തില്‍ ആകൃഷ്ടരായി അനേകര്‍ പൊന്തോസില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ച് കഠിന വ്രതത്തില്‍ ജീവിച്ചു. നിഖ്യാ സുന്നഹദോസില്‍ പ്രഖ്യാപിതമായ ഓര്‍ത്തഡോക്സ് വിശ്വാസം സംരക്ഷിക്കുന്നതില്‍ പരമപ്രധാനമായ പങ്കുവഹിച്ചത് ഈ താപസശ്രേഷ്ഠന്മാരായിരുന്നു.
വിശ്വാസ സംരക്ഷണത്തില്‍

അറിയോസിന്‍റെ വേദവിപരീതം പൗരസ്ത്യ ദേശത്തെങ്ങും പ്രചരിച്ച കാലഘട്ടമായിരുന്നു നാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം. ഇവര്‍ക്കെതിരായി പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും കപ്പദോക്യയിലെ കൈസറിയാ മെത്രാസനത്തിന്‍റെ ബിഷപ്പ് യൂസേബിയോസ് (സഭാചരിത്രകാരനായ യൂസേബിയോസിന്‍റെ പിന്‍ഗാമി) ബസേലിയോസിനെ ക്ഷണിച്ചു. ക്ഷണം നിരസിക്കുവാന്‍ ബസേലിയോസിനു കഴിഞ്ഞില്ല. 364-ല്‍ ആയിരുന്നു ഇത്. അറിയോസ് പക്ഷപാതിയായ വാലന്‍സ് ചക്രവര്‍ത്തിയുടെ പിന്തുണയോടെയായിരുന്നു വേദവിപരീതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബസേലിയോസിന്‍റെ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു. ദിവസേന രാവിലെ ജോലിക്കു പോകുന്നതിനു മുമ്പ് കൈസറിയായിലെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുവാന്‍ ദേവാലയത്തില്‍ എത്തിയിരുന്നു. 370-ല്‍ യൂസേബിയോസ് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമിയായി ബസേലിയോസ് തെരഞ്ഞെടുക്കപ്പെട്ടു. ബസേലിയോസിന്‍റെ പ്രവര്‍ത്തനത്താല്‍ അനേകര്‍ അറിയോസിന്‍റെ ഉപദേശം ഉപേക്ഷിച്ച് ഓര്‍ത്തഡോക്സ് വിശ്വാസത്തിലേക്ക് തിരിഞ്ഞത് ചക്രവര്‍ത്തിയായ വാലന്‍സിനെ കുപിതനാക്കി. ബസേലിയോസിന്‍റെ മനസു മാറ്റുവാന്‍ ചക്രവര്‍ത്തി ഒരു മന്ത്രിയായ മോഡസ്റ്റസിനെ അയച്ചു. ക്രൂരനായ മോഡസ്റ്റസ് അറിയോസു പക്ഷക്കാരായ കുറെ മെത്രാന്മാരോടു കൂടി കൈസറിയായില്‍ എത്തി. അറിയോസ് പക്ഷത്തേക്കു തിരിയുവാന്‍ അയാള്‍ ‘ചക്രവര്‍ത്തിയുടെ നാമത്തില്‍’ ബസേലിയോസിനോട് അഭ്യര്‍ത്ഥിച്ചു. ‘ക്രിസ്തുവിന്‍റെ നാമത്തില്‍ ഞാനതു നിരസിക്കുന്നു’ എന്നതായിരുന്നു മറുപടി. സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്നും, നാടു കടത്തുമെന്നും, പീഡിപ്പിക്കുമെന്നും, കൊല്ലുമെന്നുമൊക്കെ മോഡസ്റ്റസ് ഭീഷണിപ്പെടുത്തി. ഈ ഭീഷണികളില്‍ തനിക്ക് ഭയമില്ലെന്നായിരുന്നു ബസേലിയോസിന്‍റെ മറുപടി. കണ്ടുകെട്ടുവാനായി കുറെ പഴന്തുണിയും, പുസ്തകങ്ങളും മാത്രമേയുള്ളു. ദൈവത്തിന്‍റെ രാജ്യത്തിനു പുറത്തേക്ക് നാടുകടത്തുവാന്‍ ചക്രവര്‍ത്തിക്കു കഴിയുകയില്ലല്ലോ. ശരീരം മിക്കവാറും ചത്ത നിലയിലായതിനാല്‍ ശാരീരിക പീഡയേയും ഭയമില്ല; സ്വന്തമായ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് വേഗം യാത്രയാകാന്‍ ആഗ്രഹിക്കുന്നതിനാല്‍ മരിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നിങ്ങനെ ബസേലിയോസ് മറുപടി നല്‍കി. മോഡസ്റ്റസ് ലജ്ജിതനായി പിന്‍വാങ്ങിയെന്ന് പറയേണ്ടതില്ലല്ലോ? ബസേലിയോസിന്‍റെ വിശ്വാസ സ്ഥിരതയിലേക്കും, ജീവിത വീക്ഷണത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം.

കപ്പദോക്യയിലെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയില്‍ വിശ്വസ്തരായ സഹമെത്രാപ്പോലീത്താമാരുണ്ടാകേണ്ടതിന്‍റെ ആവശ്യകത ബസേലിയോസിന് ബോധ്യമായി. സുഹൃത്തായ നാസിയാന്‍സിലെ ഗ്രീഗോറിയോസിനെ നിര്‍ബന്ധിച്ച് സാസിമായിലെ മെത്രാസനത്തിന്‍റെ ചുമതലയും, സഹോദരനായ ഗ്രീഗോറിയോസിനെ നിസ്സാ എന്ന മെത്രാസനത്തിന്‍റെ ചുമതലയും ഏല്‍പിച്ചു. തനിക്കിഷ്ടമില്ലാത്ത മെത്രാപ്പോലീത്താ പദവി അടിച്ചേല്‍പ്പിച്ചതിന് നാസിയാന്‍സിലെ ഗ്രീഗോറിയോസിന് ആജീവനാന്തം പരാതി ഉണ്ടായിരുന്നു. എങ്കിലും സുഹൃത്തിനെ പ്രതി മാത്രമാണ് ആ സ്ഥാനം വഹിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്.

കഠിനാദ്ധ്വാനവും തപശ്ചര്യകളും ബസേലിയോസിന്‍റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. ജീവിതത്തില്‍ ഒരു നല്ല പങ്കും രോഗം മൂലം അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. 379-ല്‍ അദ്ദേഹം കര്‍ത്തൃസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

കൃതികള്‍

വിശ്വാസപരവും, വേദവ്യാഖ്യാനപരവുമായ ഗ്രന്ഥങ്ങളും പ്രസംഗങ്ങളും ബസേലിയോസ് എഴുതിയത് ഇന്ന് ലഭ്യമാണ്. കൂടാതെ അനേകം വ്യക്തിപരമായ കത്തുകളും വേദശാസ്ത്രപരമായി പ്രാധാന്യമുള്ളവയാണ്. പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനം അറിയോസ് വിശ്വാസിയായ എവുനോമിയോസിനെതിരായി എഴുതിയ ഗ്രന്ഥവും (അഴമശിെേ ഋൗിീാശൗെ), പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള കൃതിയും ആണ്. ബസേലിയോസിന്‍റെ കൃതികളില്‍ പലതും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘എത്രകാലം ജീവിച്ചു എന്നതല്ല, എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം’ എന്ന മഹത് വചനം ബസേലിയോസിന്‍റെ കാര്യത്തില്‍ അര്‍ത്ഥവത്താണ്. നാല്പത്തിഒമ്പതു വര്‍ഷം മാത്രം ജീവിച്ചിരുന്ന അദ്ദേഹം സന്യാസ പ്രസ്ഥാനത്തിന് അടിത്തറയിടുകയും, വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തന്‍റെ കൃതികളിലൂടെ സഭയ്ക്ക് നല്‍കുകയും ചെയ്തു.

മഹാപണ്ഡിതനും, സമ്പന്ന കുടുംബാംഗവുമായിരുന്ന അദ്ദേഹം പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായിട്ടാണ് ജീവിച്ചത്. പൊന്തോസിലെ സന്യാസാശ്രമത്തോടനുബന്ധിച്ച് നടത്തിയിരുന്ന അനാഥാലയവും, ആശുപത്രിയും, അഗതികള്‍ക്കും, ആതുരര്‍ക്കും ആശ്വാസമരുളി. സ്വന്ത ജീവിതം മുഴുവനും ദൈവമഹത്വത്തിനായി സമര്‍പ്പിച്ച മഹാപരിശുദ്ധനായിരുന്നു അദ്ദേഹം. ഇക്കാരണത്താലാണ് മഹാനായ ബസേലിയോസ് എന്ന പേര് സഭാപാരമ്പര്യത്തില്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്.

നിസ്സായിലെ വി. ഗ്രീഗോറിയോസ്

ഗ്രീഗോറിയോസ് 335-നോടടുത്ത് കൈസറിയായില്‍ ജനിച്ചുവെന്നാണ് വിചാരിക്കപ്പെടുന്നത്. ചെറുപ്പത്തില്‍ അദ്ദേഹം അത്ര സമര്‍ത്ഥനൊന്നു മായിരുന്നില്ല. പഠനത്തില്‍ വലിയ സമര്‍ത്ഥനല്ലായിരുന്നു അദ്ദേഹം. ബസേലിയോസിന്‍റെ ബുദ്ധിസാമര്‍ത്ഥ്യമൊന്നും ആ ബാലന് ഉണ്ടായിരുന്നില്ല.

കൈസറിയായിലെ നാല്പതു സഹദേന്മാരുടെ ദേവാലയം ഗ്രീഗോറിയോസിന്‍റെ ആത്മീയ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ദേവാലയ പരിസരത്തുള്ള ഉദ്യാനത്തില്‍ ഒരു ദിവസം അദ്ദേഹം ഉറങ്ങിക്കിടക്കുകയാണ്. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു; സഹദേന്മാര്‍ പ്രത്യക്ഷപ്പെട്ട് തന്നെ ഒരു വടി കൊണ്ട് അടിച്ചതായി. ഗ്രീഗോറിയോസ് ഞെട്ടിയുണര്‍ന്നു. അടിയുടെ വേദന ദേഹത്തുണ്ട്. ആ സംഭവത്തിനു ശേഷം അദ്ദേഹം ഒരു വിഞാനാന്വേഷകനായി. ക്രിസ്തീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു.

ബസേലിയോസും, നൗക്രാറ്റിയസും, മക്രീനയുമൊക്കെ സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞകാലമായിരുന്നു അത്. സന്യാസിയാകാനുള്ള ഉത്ക്കടമായ അഭിവാഞ്ഛ ഗ്രീഗോറിയോസിലും മൊട്ടിട്ടു തുടങ്ങി. അദ്ദേഹം പൊന്തോസിലെ ഒരു ആശ്രമത്തില്‍ അംഗമായിച്ചേര്‍ന്നു. ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. പഠിക്കുവാന്‍ ധാരാളം സമയവും സൗകര്യവും; ഗ്രീഗോറിയോസ് ശരിക്കും പ്രയോജനപ്പെടുത്തി. ഒരു കര്‍മ്മനിരതനായ സന്യാസിയെന്നതിനേക്കാള്‍ വിജ്ഞാനാന്വേഷിയായ ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് അവിടെ അദ്ദേഹം സമയം ചെലവഴിച്ചത്.

ഗ്രീഗോറിയോസിന്‍റെ നിഷ്ക്കളങ്കതയ്ക്കു തെളിവാണ് ഒരു വഴക്കു തീര്‍ക്കുന്നതില്‍ പ്രയോഗിച്ച സൂത്രം. ബസേലിയോസും “മാതൃസഹോദരനായ ഗ്രീഗോറിയോസും” തമ്മില്‍ ഏതോ കാര്യത്തില്‍ പിണങ്ങി. കൊച്ചു ഗ്രീഗോറിയോസ് ഇതറിഞ്ഞു. ഇരുവരെയും രമ്യപ്പെടുത്താന്‍ അദ്ദേഹം ഒരു പൊടിക്കൈ പ്രയോഗിച്ചു. അമ്മാവന്‍റേതെന്ന വ്യാജേന ഒരു കത്ത് ബസേലിയോസിനയച്ചു. അതില്‍ കാര്യങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുവാനായി ബസേലിയോസിനെ ക്ഷണിച്ചിരുന്നു. ബസേലിയോസും അമ്മാവനും കണ്ടുമുട്ടി. പിണക്കങ്ങള്‍ തീര്‍ന്നു. പിന്നീടാണ് കത്തിന്‍റെ നിജാവസ്ഥ ബസേലിയോസിന് മനസ്സിലായത്. അദ്ദേഹത്തിന്‍റെ 58-ാമത്തെ ലേഖനം സഹോദരനെ ഇക്കാര്യത്തില്‍ ശാസിച്ചുകൊണ്ടുള്ളതാണ്.

370-ല്‍ ബസേലിയോസ് കൈസറിയായിലെ മെത്രാപ്പോലീത്തായായിത്തീര്‍ന്നു. കീഴിലുള്ള പല ബിഷപ്പുമാരും അദ്ദേഹത്തിനെതിരായി. തന്‍റെ അഭിപ്രായത്തോടു യോജിക്കുന്ന ബിഷപ്പുമാര്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ബസേലിയോസിന് ബോദ്ധ്യമായി. തന്‍റെ സുഹൃത്തായ ഗ്രീഗോറിയോസിനെ (നാസിയാന്‍സ്) ‘സോസിമാ’ എന്ന മെത്രാസനത്തിന്‍റെ ചുമതല ഏല്‍ക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. നിസ്സായുടെ ചുമതല ഏറ്റെടുക്കുവാന്‍ സ്വസഹോദരനായ ഗ്രീഗോറിയോസിനോടും ആവശ്യപ്പെട്ടു. ഗ്രീഗോറിയോസ് സസന്തോഷം നിസ്സായിലെത്തി. അദ്ദേഹത്തിന് നിസ്സായില്‍ തീവ്രമായ എതിര്‍പ്പിനെയാണ് നേരിടേണ്ടി വന്നത്. ചക്രവര്‍ത്തിയായ വാലന്‍സ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. ഗ്രീഗോറിയോസ് 376-ല്‍ നാടു കടത്തപ്പെട്ടു. 378-ല്‍ വാലന്‍സ് ചക്രവര്‍ത്തി മരണമടയുന്നതുവരെ, പലേയിടത്തായി അലഞ്ഞുനടക്കേണ്ടിവന്നു നിസ്സായുടെ മെത്രാപ്പോലീത്തായ്ക്ക്.

379 ജനുവരി 1-ന് ബസേലിയോസ് പരലോകപ്രാപ്തനായി. അടുത്ത സെപ്റ്റംബറില്‍ ഗ്രീഗോറിയോസ് ഒരു സുന്നഹദോസില്‍ പങ്കെടുക്കുവാനായി അന്ത്യോക്യയിലേക്ക് പുറപ്പെട്ടു. അവിടെവച്ചാണ് സ്വസഹോദരി മക്രീനയുടെ അനേസിയിലുള്ള സന്യാസിനീമഠം സന്ദര്‍ശിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്. മക്രീനയുടെ ജീവചരിത്രത്തില്‍ തന്‍റെ സന്ദര്‍ശനം അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സഹോദരിയെക്കുറിച്ച് ഗ്രീഗോറിയോസിന് അളവറ്റ ബഹുമാനമുണ്ടായിരുന്നു. അവളുടെ ജീവിത വിശുദ്ധിയെപ്പറ്റി അഭിമാനത്തോടും അതിലുപരി ബഹുമാനത്തോടുമാണ് അദ്ദേഹം എഴുതുന്നത്. ഒളിമ്പസിനെ സംബോധനചെയ്തുകൊണ്ടുള്ള മക്രീനയുടെ ജീവചരിത്രത്തിന്‍റെ ആമുഖത്തില്‍ ഗ്രീഗോറിയോസ് പറയുന്നത് ഇങ്ങനെയാണ്:

“ഒരു സ്ത്രീയെന്ന് അവളെ സംബോധന ചെയ്യുന്നത് ശരിയാവുമോ എന്നെനിക്കറിവില്ല. കാരണം സ്ത്രീത്വത്തിന്‍റെ യാതൊരുവിധ ചാപല്യങ്ങളും ഇല്ലാത്ത ഒരു ഉത്തമ വനിതയായിരുന്നു അവള്‍. …. മനുഷ്യന് പ്രാപിക്കാവുന്ന നന്മയുടെ സര്‍വോന്നത പടിയിലേയ്ക്ക് സന്യാസ ജീവിത (ജവശഹീീുവ്യെ)1 ത്തിലൂടെ അവള്‍ കുതിച്ചുയര്‍ന്നു.”

അനേസിയിലെത്തിയ ഗ്രീഗോറിയോസ് മക്രീനയുടെ മരണസമയത്ത് അടുത്തുണ്ടായിരുന്നു. അവളുടെ മൃതദേഹം സംസ്കരിച്ചതിനു ശേഷം അദ്ദേഹം നിസ്സായിലേക്ക് മടങ്ങി. പ്രശ്നങ്ങളുടെ നടുവിലേക്കാണ് അദ്ദേഹം വീണ്ടും ചെന്നെത്തിയത്. ഒരുവിധത്തില്‍ കലഹങ്ങള്‍ ഒതുക്കിയ ശേഷം വീണ്ടും അദ്ദേഹം ദേശാടനം ആരംഭിച്ചു. ബാബിലോണിലെ സഭയെ സമുദ്ധരിക്കുവാന്‍ അവിടെ എത്തിച്ചേര്‍ന്നു. ബാബിലോണില്‍ നിന്നും ചിരകാലാഭിലാഷമനുസരിച്ച് വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുവാന്‍ ഗ്രീഗോറിയോസ് പുറപ്പെട്ടു. വിശുദ്ധനാടുകളിലുടനീളം ഒരു തീര്‍ത്ഥാടകനായി അദ്ദേഹം സഞ്ചരിച്ചു.
381-ല്‍ കുസ്തന്തീനോസ്പോലീസില്‍ ചേര്‍ന്ന രണ്ടാമത്തെ സാര്‍വ്വത്രിക സുന്നഹദോസില്‍ ഗ്രീഗോറിയോസ് സന്നിഹിതനായിരുന്നു. പിന്നീട് പല തവണ അദ്ദേഹം ആ പട്ടണം സന്ദര്‍ശിച്ചു. 395-നോടടുത്ത് അദ്ദേഹം ചരമം പ്രാപിച്ചു.

പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ ഗ്രീഗോറിയോസിന്‍റെ ചിന്താധാരകള്‍ അതുല്യമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ഇന്ന് അദ്ദേഹത്തിന്‍റെ ചിന്താപശ്ചാത്തലത്തില്‍ ഉടലെടുത്തിട്ടുള്ള ‘നിയോ ഗ്രിഗോറിയനിസം’ പാശ്ചാത്യപൗരസ്ത്യ ദര്‍ശനങ്ങളില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.