ശബരിമലയിലെ ആവേശം പള്ളിവിഷയത്തിലില്ല; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എപ്പിസ്‌കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കുറ്റപ്പെടുത്തി. കറ്റാനം വലിയപള്ളി അംഗണത്തില്‍ ക്രമീകരിച്ച പ്രതിഷേധ യോഗത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

സുപ്രീം കോടതി വിധി വന്ന് നാല് മാസം പിന്നിട്ടിട്ടും അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധ യോഗം വിളിച്ചത്. ശബരിമലയില്‍ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പള്ളിത്തര്‍ക്കത്തില്‍ നീതികേടാണ് കാട്ടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത എപ്പിസ്‌കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പറഞ്ഞു.

കോടതി വിധികളെ ആള്‍ക്കൂട്ട വിധികള്‍ കൊണ്ട് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പിറവത്ത് പോലീസ് കൂടി ചേര്‍ന്ന് നടത്തിയ നാടകം ഇതിന് ഉദാഹരണമാണ്. പിറവത്തും കോതമംഗലത്തും സര്‍ക്കാരിന് കൈവിറച്ചു. സുപ്രീം കോടതി വിധി നടപ്പിലായാല്‍ മാത്രമേ യഥാര്‍ത്ഥ നീതി നടപ്പിലാകു എന്നും സഭാ നേതൃത്വം വ്യക്തമാക്കി. കട്ടച്ചിറപ്പള്ളി വിഷയത്തില്‍ ആഗസ്റ്റ് 28നാണ് സുപ്രീം കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധി പറഞ്ഞത്.

SOURCE