ദേവലോകത്ത് ബാവാമാരുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ എന്നിവരുടെ ഓർമപ്പെരുന്നാളിനു തുടക്കമായി. ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് കൊടിയേറ്റി. ഇന്ന് 7ന് ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ കുർബാന അർപ്പിക്കും. വൈകിട്ട് 6.30നു പ്രസംഗം ഫാ.നോബിൻ ഫിലിപ്പ്. നാളെ ഡോ.ഗീവർഗീസ് മാർ കൂറിലോസ്, രണ്ടിന് ഫാ. കുര്യൻ തോമസ് കരിപ്പാൽ എന്നിവർ കുർബാന അർപ്പിക്കും.

ജനുവരി 2 ന് 2.30ന് കുറിച്ചി വലിയപളളിയിൽ നിന്നാരംഭിക്കുന്ന തീർഥയാത്രയ്‌ക്ക് 5.30 ന് കോടിമത, പടിഞ്ഞാറേക്കര ഓഫിസ് അങ്കണത്തിൽ സ്വീകരണം നൽകും, 6.25 ന് തീർഥാടകരോടൊപ്പം മാർ ഏലിയാ കത്തീഡ്രലിൽ നിന്നു പ്രദക്ഷിണവും നടക്കും. 6.30 ന് സന്ധ്യാനമസ്‌ക്കാരം, ഗാനശുശ്രൂഷ എന്നിവയ്‌ക്ക് ശേഷം 8 മണിക്ക് സഭാ വർക്കിംഗ് കമ്മിറ്റി അംഗം പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട് അനുസ്‌മരണ പ്രസംഗം നടത്തും. 3നു രാവിലെ 8നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാനയും തുടർന്നു പ്രദക്ഷിണവും നേർച്ചവിളമ്പും നടക്കുമെന്ന് അരമന മാനേജർ ഫാ. എം.കെ. കുര്യൻ അറിയിച്ചു.