യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ

റാന്നി : കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 2015 – 18 വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ദൂത് അറിയിച്ചുകൊണ്ട് നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി. കോളേജ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച തുകയാണ് പ്രളയ ബാധിതര്‍ക്ക് നല്‍കിയത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാസ്ഥാനമായ റാന്നി സെന്‍റ് തോമസ് അരമനയില്‍ നടന്ന ചടങ്ങില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന യുവജനകൂട്ടായ്മ ഇന്നത്തെ കാലഘട്ടത്തിനാവശ്യമാണെന്ന് അഭിവന്ദ്യ തിരുമനസ്സുകൊണ്ട് ഉദ്ബോധിപ്പിച്ചു. നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം ജോയിന്‍റ് സെക്രട്ടറി ശ്രീ.ജിജിന്‍ മാത്യു പടിഞ്ഞാറോത്തില്‍, റോമി എന്‍.തോമസ്, ഷാജന്‍ ജോര്‍ജ്ജ്, ജെഫിന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് പ്രളയ ബാധിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് തുക കൈമാറിയത്.