കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ്


1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വര്‍ഷം നീണ്ട റോമന്‍ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ് ഡോ. രാജന്‍ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാര്‍ ഇന്ന് കൂനന്‍കുരിശു സത്യത്തെ കാണുന്നത്.

വളരെയധികം വളച്ചൊടിയ്ക്കപ്പെട്ട ചിത്രമാണ് കൂനന്‍കുരിശു സത്യത്തെപ്പറ്റി പില്‍ക്കാല (പ്രത്യേകിച്ചും റോമന്‍ കത്തോലിക്കാ) ചരിത്രകാരന്മാര്‍ നല്‍കുന്നത്. ജസ്യൂട്ടുകള്‍ക്കെതിരെയുള്ള കലാപം മാത്രമായി അതിനെ ചുരുക്കാനും, മാര്‍ അഹത്തള്ളായുടെ മരണവാര്‍ത്ത കേട്ട് പെട്ടെന്നുണ്ടായ ഒരു വികാരപ്രകടനമായി മാത്രം അതിനെ നിസാരവല്‍ക്കരിക്കാനുമുള്ള സംഘടിതശ്രമം ഇന്നും തുടരുന്നു. എന്തിനധികം, ഇന്ന് കൂനന്‍കുരിശു സത്യത്തിന്‍റെ വേദിതന്നെ മാറ്റിയാണ് പ്രചരിപ്പിക്കുന്നത്.

ആദ്യമൊക്കെ നിസാരമായി കരുതിയെങ്കിലും അധികം താമസിയാതെ കൂനന്‍കുരിശു സത്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ റോമാ സിംഹാസനം അക്കാലത്തുതന്നെ അതിനെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടും, സമകാലീന ജസ്യൂട്ട്, കര്‍മ്മലീത്താ സഭകളുടെ രേഖകളും ഭാഗികമായെങ്കിലും പരിശോധിച്ച് ഫാ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ രചിച്ച ദ് സെന്‍റ് തോമസ് ക്രിസ്റ്റ്യന്‍ റവലൂഷന്‍ ഇന്‍ 1653 എന്ന ഗ്രന്ഥം കൂനന്‍കുരിശു സത്യത്തെപ്പറ്റി ഏതാണ്ട് വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ട്.

2007-ലെ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാള്‍ ദിവസം കൂനന്‍കുരിശു സത്യത്തിന്‍റെ ചരിത്രാവിഷ്ക്കാരമായ ഒരു ചിത്രം കോട്ടയം പഴയസെമിനാരിയില്‍ അനാഛാദനം ചെയ്തു. 16 അടി നീളവും 4 അടി ഉയരവുമുള്ള ഇത്, കേരളത്തില്‍ ക്യാന്‍വാസില്‍ വരച്ച ഏറ്റവും വലിയ എണ്ണഛായാ ചിത്രമായാണ് കരുതപ്പെടുന്നത്.

സെമിനാരി പ്രിന്‍സിപ്പള്‍ ഫാ. ഡോ. കെ. എം ജോര്‍ജ്ജിന്‍റെ നിര്‍ദ്ദേശപ്രകാരം സാരൂപ്യ സ്കൂള്‍ ഓഫ് സേക്രഡ് ആര്‍ട്സിനുവേണ്ടി ഈ ലേഖകന്‍റെ മേല്‍നോട്ടത്തില്‍ വിശദമായ ഗവേഷണം നടത്തി രണ്ടു വര്‍ഷം കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. അതിലെ അംശങ്ങളില്‍ ചരിത്രപരമായി പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ആ ചിത്രരചനയ്ക്കായി നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം.

ഒന്നാമതായി കൂനന്‍കുരിശു സത്യത്തിന്‍റെ വേദി ഇന്ന് റോമന്‍ കത്തോലിക്കര്‍ ചൂണ്ടിക്കാട്ടുന്ന മട്ടാഞ്ചേരി അങ്ങാടിയിലെ തടിക്കുരിശല്ല. അക്കാലത്ത് റോമന്‍ കത്തോലിക്ക സഭ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടുപ്രകാരം മട്ടാഞ്ചേരിയിലെ ജീവമാതാവിന്‍റെ (ഛൗൃ ഹമറ്യ ീള ഹശളല) പള്ളിയാണ് സത്യം നടന്ന സ്ഥലം. ഈ റിപ്പോര്‍ട്ടുപ്രകാരം പള്ളിക്കുള്ളിലാണ് സത്യം നടന്നത്. പ്രാദേശിക പാരമ്പര്യപ്രകാരം പള്ളിമുറ്റത്തെ കല്‍ക്കുരിശില്‍ ആലാത്തുകെട്ടിയും. ഒരു പക്ഷേ നേതാക്കന്മാര്‍ അകത്തുചെയ്ത സത്യം, വീണ്ടും പുറത്ത് കല്‍ക്കുരിശില്‍ ആലാത്തുകെട്ടി ജനക്കൂട്ടം ആവര്‍ത്തിച്ചിരിക്കണം. കയറില്‍ എല്ലാവര്‍ക്കും തൊടാന്‍ ആവാത്തതിനാല്‍ തൊട്ടവരെ തൊട്ടാണ് സത്യം ചെയ്തതെന്നാണ് പാരമ്പര്യം. ഈ കൂരിശ് ഇന്നില്ല. ഇതിന്‍റേതെന്നു കരുതുന്ന ഏതാനും ഭാഗങ്ങള്‍ ആ പള്ളിപ്പരിസരത്തുണ്ടെന്നു പറയുന്നു. ഒരു പക്ഷേ ഒരു സ്വാതന്ത്ര്യ ചിഹ്നം എന്നനിലയില്‍ പിന്നീട് വികാരാവേശം ജനിപ്പിക്കാതിരിക്കാന്‍ അത് ബോധപൂര്‍വ്വം നശിപ്പിച്ചതാവാനും മതി.

രണ്ടാമതായി, കൂനന്‍കുരിശ് എന്ന പേരാണ്. സമകാലിക മലയാളരേഖകളിലൊന്നും ഈ പേര് കാണുന്നില്ല. 18-ാം നൂറ്റാണ്ടിലെ വര്‍ത്തമാനപുസ്തകം, നിരണം ഗ്രന്ഥവരി തുടങ്ങിയ മലയാള കൃതികള്‍ മട്ടാഞ്ചേരി കുരിശുങ്കലെ സത്യം എന്ന രീതിയിലാണ് ഈ ഐതിഹാസിക സമരത്തെ വിവരിക്കുന്നത്. യൂറോപ്യന്‍ ഗ്രന്ഥകാരന്മാരും പത്തൊന്‍പതു മുതലുള്ള നൂറ്റാണ്ടുകളിലെ മലയാള ചരിത്രകാരന്മാരുമാണ് കൂനന്‍കുരിശ് എന്ന പേരിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്.

1653-ല്‍ സത്യംചെയ്ത കല്‍ക്കുരിശിനു വളവുണ്ടായി (രുന്നു), അതിനാല്‍ കൂനുള്ള കുരിശ് എന്ന അര്‍ത്ഥത്തില്‍ കൂനന്‍കുരിശെന്നു പേരു വീണു എന്നാണ് ഇന്ന് പ്രചരിപ്പിക്കുന്ന ഒരു കെട്ടുകഥ. മലങ്കരയിലെ കല്‍ക്കുരിശുകളുടെ നിര്‍മ്മാണരീതി പരിശോധിച്ചാല്‍ അവയ്ക്ക് കൂന് ഉണ്ടാവുക അസംഭാവ്യമാണെന്നു ബോധ്യമാകും. തിരശ്ചീനമായോ ലംബമായോ ചെരിയുകയല്ലാതെ അവ വളയുന്ന പ്രശ്നമില്ല. ചെരിവിന് കൂന് എന്നു പറയില്ല. അപ്രകാരം ചെരിഞ്ഞാല്‍ മലയാള ഭാഷയില്‍ അതിനെ ദ്യോതിപ്പിക്കുവാന്‍ ചെരിഞ്ഞ കുരിശ് എന്ന പദമുണ്ട്.

മട്ടാഞ്ചേരിയിലെ വിപ്ലവത്തെ നിസാരവല്‍ക്കരിക്കാന്‍ പില്‍ക്കാലത്ത് റോമന്‍ കത്തോലിക്കര്‍ പല കെട്ടുകഥകളും പ്രചരിപ്പിച്ചു. 1653-ലെ സത്യത്തിന്‍റെ ലജ്ജാഭാരംകൊണ്ട് കുരിശു വളഞ്ഞുപോയി എന്നതായിരുന്നു അതിലൊന്ന്. ആ കെട്ടുകഥയ്ക്ക് ശക്തി പകരാന്‍ പ്രചരിപ്പിച്ച പേരാവാന്‍ വഴിയുണ്ട് കൂനന്‍കുരിശ് എന്നത്.

മറ്റൊരു സംഭാവ്യതയുള്ളത് കുരിശിന്‍റെ വലിപ്പമാണ്. മട്ടാഞ്ചേരിയിലെ കല്‍ക്കുരിശ് താരതമ്യേന ചെറുതാണെങ്കില്‍ അതിനെ ആ അര്‍ത്ഥത്തില്‍ കുഞ്ഞന്‍ കുരിശെന്നു വിളിക്കാന്‍ സാദ്ധ്യതയുണ്ട്. മട്ടാഞ്ചേരിയില്‍ കരിങ്കല്ലില്ലായെന്നതും തറയുറയ്ക്കാന്‍ വിഷമമുള്ള അയഞ്ഞ മണ്ണാണെന്നതും ഈ സാദ്ധ്യതയെ ബലപ്പെടുത്തുന്നു. കുഞ്ഞന്‍ കുരിശ് യൂറോപ്യന്‍ ഭാഷകളില്‍ കയറിയിറങ്ങി കൂനന്‍കുരിശാകാനിടയുണ്ട്. ഏതായാലും കൂനന്‍കുരിശെന്ന പേരാണ് ഇന്ന് നിലനില്ക്കുന്നത്.

മൂന്നാമതായി, തടിച്ചുകൂടിയ ജനത്തിന്‍റെ പെട്ടെന്നുണ്ടായ വികാരപ്രകടനമല്ല കൂനന്‍കുരിശു സത്യം. റോമന്‍ കത്തോലിക്കാ രേഖകള്‍പ്രകാരം കുറഞ്ഞപക്ഷം 1652 നവംബര്‍ പകുതി മുതലെങ്കിലും കൊച്ചിയിലും പരിസരങ്ങളിലുമുള്ള പള്ളികളില്‍ മലങ്കര പള്ളിയോഗം തദ്വിഷമായി കൂടിക്കൊണ്ടിരുന്നു. അവരായിരുന്നു (പഴയ ഭാഷയില്‍ പള്ളികളിലെ കത്തങ്ങളും പ്രമാണപ്പട്ടവരും) കൂനന്‍കുരിശു സത്യത്തിന്‍റെ കേന്ദ്രബിന്ദു. അവരെ സംരക്ഷിക്കുന്ന നസ്രാണിപ്പടയും, ഒരു പക്ഷേ കൊച്ചിയിലും സമീപത്തുമുള്ള കുറെ നസ്രാണികളും ഇതില്‍ പങ്കുചേര്‍ന്നിരിക്കാം. ഏതായാലും നിയമപരമായി മലങ്കരസഭയുടെ സമസ്ത കാര്യങ്ങളിലും അധികാരമുള്ള മലങ്കര പള്ളിയോഗമാണ് കൂനന്‍കുരിശു സത്യം ചെയ്തത്.

18-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിന്‍റെ രൂപീകരണത്തോടെ ചരിത്രപ്രസിദ്ധമായ നസ്രാണിപ്പടയുടെ അപചയം ആരംഭിച്ചെങ്കിലും വേലുത്തമ്പി വിപ്ലവത്തെ തുടര്‍ന്ന് കേണല്‍ മക്കാളെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും നായര്‍പ്പടയെ പിരിച്ചുവിടുന്നതുവരെ അത് നിലനിന്നു. അവരുടെ ആകാരത്തെയും വേഷവിധാനത്തെയും പരിശീലനത്തെയുംപറ്റി വിവിധ നൂറ്റാണ്ടുകളിലെ ദീര്‍ഘമായ പല ചരിത്രവിവരണങ്ങളും ലഭ്യമാണ്. ഇവയുടെ അടിസ്ഥാനത്തില്‍ ടി. കെ. ജോസഫ് രൂപംകൊടുത്ത് കേരളാ സൊസൈറ്റി പേപ്പേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു രേഖാചിത്രത്തില്‍ നിന്നാണ് ഈ ചിത്രത്തിലെ നസ്രാണിപ്പടയാളികള്‍ക്ക് രൂപംകൊടുത്തിരിക്കുന്നത്.
പോര്‍ട്ടുഗീസ് കാലഘട്ടത്തിനു മുമ്പും പിമ്പുമുള്ള വിവരണങ്ങള്‍ പ്രകാരം, അയഞ്ഞ കാല്‍കുപ്പായവും പുറകോട്ട് ആലമുള്ള വെള്ളക്കുപ്പായവും (കമ്മീശ്) ആണ് നസ്രാണി കത്തനാര്‍മാര്‍ ഉപയോഗിച്ചിരുന്നത്. അവരില്‍ ഭൂരിഭാഗവും നഗ്നപാദരായിരുന്നുവെന്നും ചരിത്രരേഖകള്‍. 20-ാം നൂറ്റാണ്ടില്‍പോലും മെത്രാന്മാരും കത്തനാര്‍മാരും അധികാര ചിഹ്നമായി താക്കോലും തൂവാലയും ചുമലില്‍ ധരിച്ചിരുന്നു.

കൂനന്‍കുരിശു സത്യത്തിനു നേതൃത്വം നല്കിയത് ജാതിക്കുതലവന്‍ പകലോമറ്റം തോമ്മാ അര്‍ക്കദ്യക്കോനും (പിന്നീട് മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍ എപ്പിസ്ക്കോപ്പാ) ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുമാണ്. കല്‍ദായ സഭയിലെ വൈദികര്‍ ഇന്നും അപൂര്‍വ്വമായി ഉപയോഗിക്കുന്ന അല്‍മുത്തി എന്ന കുട്ടികാപ്പയാണ് ഈ ചിത്രത്തില്‍ തോമ്മാ അര്‍ക്കദ്യക്കോന്‍ ധരിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ പാരമ്പര്യപ്രകാരം ഇതു ധരിച്ചുകൊണ്ട് വി. കുര്‍ബ്ബാന അര്‍പ്പിക്കാം. മലങ്കരസഭയില്‍ ഈ പാരമ്പര്യം അവസാനിപ്പിച്ചത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. വിവിധ പാരമ്പര്യങ്ങളില്‍നിന്ന് മലങ്കരസഭ രൂപീകരിച്ച തൊപ്പിയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇന്ന് മലങ്കര മെത്രാന്‍റെ അംശവസ്ത്രം ഈ അല്‍മുത്തിയുടെയും വെട്ടുതൊപ്പിയുടെയും പിന്‍ഗാമിയാണ്.

മാര്‍ത്തോമ്മാ ഒന്നാമന്‍റെ ഒരു ഭിത്തിചിത്രം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന അങ്കമാലി പള്ളിയുടെ മദ്ബഹയില്‍ ആലേഖനം ചെയ്തിട്ടൂണ്ട്. അംശവടിയും സ്ലീബായും പിടിച്ചൂനില്ക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ ഗീവര്‍ഗീസ് അര്‍ക്കദ്യക്കോന്‍റെയാണെന്നാണ് റോമന്‍ കത്തോലിക്കാ പ്രചരണം. ഇത് മാര്‍ത്തോമ്മാ ഒന്നാമനെയും കൂനന്‍കുരിശു സത്യത്തെയും തമസ്ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായി കാണണം.

നസ്രാണികളും അവരുടെ കത്തനാര്‍മാരും കേരളത്തിലെ മറ്റു സവര്‍ണജാതിക്കാരെപ്പോലെ മുന്‍ കുടുമ്മ വെച്ചിരുന്നു (പട്ടക്കാരുടെ പട്ടവും കുടുമ്മി ആയിരുന്നു – ഗുണ്ടര്‍ട്ട്). 18-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അന്ത്യോഖ്യന്‍ മെത്രാന്മാര്‍ ഭഗീരഥപ്രയത്നം നടത്തിയിട്ടും (പട്ടക്കാരുടെയും മാപ്പിളമാരുടെയും തലചിരപ്പിച്ച് പട്ടം കൊടുത്ത.്… – നിരണം ഗ്രന്ഥവരി) 1876-ല്‍ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് വരുമ്പോഴും അപൂര്‍വമായെങ്കിലും പട്ടക്കാര്‍ കുടുമ്മി വളര്‍ത്തിയിരുന്നു.

കേരളത്തിലെ സവര്‍ണ ജാതികളുടെ പൊതുവായ ജാതിചിഹ്നങ്ങളില്‍പെട്ടവയായിരുന്നു കുടുമ്മിയും കടുക്കനും (കര്‍ണാഭരണം) പൂണൂലും. ഉദയംപേരൂര്‍ സുന്നഹദോസ് നസ്രാണികളുടെ ജാത്യാചാരങ്ങള്‍ ഭേദപ്പെടുത്തിയ കൂട്ടത്തില്‍ കടുക്കന്‍ ധരിക്കുന്നത് നിരോധിച്ചിരുന്നു (ഏഴാം മൗത്വാ, ഏഴാം കൂടിവിജാരം, പതിനാലാം കാനോനാ). ഉദയംപേരൂര്‍ സുന്നഹദോസ് അടിച്ചേല്‍പ്പിച്ച സാമൂഹികാചരങ്ങളിലെ ഭേദഗതികളിലൊന്നും നസ്രാണികളുടെ ഇടയില്‍ നടപ്പായില്ലായെന്ന് സമകാലിക റോമന്‍ കത്തോലിക്കാ ചരിത്രകാരന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍ 1653-ല്‍ കടുക്കന്‍ ധരിച്ച നസ്രാണി പ്രമാണികളുടെ സാന്നിദ്ധ്യം സ്വാഭാവികമാണ്.

നസ്രാണികളുടെ പൂണൂലിനെ സംബന്ധിച്ച് ചിലര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. ഇത് മുഖ്യമായും പൂണൂല്‍ ഒരു ബ്രാഹ്മണ ചിഹ്നമാണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ്. മുകളില്‍ പറഞ്ഞതുപോലെ സവര്‍ണജാതികളുടെ പൊതു ചിഹ്നമായിരുന്നു പൂണൂല്‍. ക്ഷേത്രനിര്‍മ്മാണവേളയില്‍ വിശ്വകര്‍മ്മജര്‍ പൂണൂല്‍ ധരിക്കണമെന്നാണ് ചട്ടം. പക്ഷേ പൂണുലിന്‍റെ ഇഴകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. കേരളീയ ജാതി വ്യവസ്ഥയില്‍ നസ്രാണികള്‍ ജാതിപരമായി കച്ചവടം കുലധര്‍മ്മമാക്കിയ വൈശ്യ ജാതിയില്‍പെട്ടവരായിരുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍ മുതലായവരുമായി ഇടപഴകുന്ന ഉയര്‍ന്നജാതി എന്നനിലയില്‍ നസ്രാണികള്‍ തങ്ങളുടെ ജാതി ചിഹ്നമായി പൂണൂല്‍ നിലനിര്‍ത്തി. അതല്ലാതെ നസ്രാണികളെല്ലാം നമ്പൂതിരിമാരായിരുന്നു എന്നത് പ്രകടമാക്കാനല്ല പൂണൂല്‍ ധരിച്ചിരുന്നത്.

18-ാം നൂറ്റാണ്ടില്‍ പോലും നസ്രാണികള്‍ പൂണൂല്‍ ധരിച്ചിരുന്നു. ജസ്യൂട്ട് രേഖകളെ അവലംബിച്ച് ഡി. ഫെറോളി 18-ാം നൂറ്റാണ്ടില്‍ നസ്രാണി ആണ്‍ പൈതങ്ങളുടെ മാമോദീസാ വേളയില്‍ കാര്‍മ്മികന്‍ പൂണൂല്‍ ആശീര്‍വദിച്ച് ശിശുവിനെ ധരിപ്പിച്ച ശേഷം ഊരിയെടുക്കുമെന്നും, പിന്നീട് പ്രായപൂര്‍ത്തിയായ ശേഷം മാത്രമാണ് അത് ധരിക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വിജത്വത്തിന്‍റെ (രണ്ടാം ജന്മത്തിന്‍റെ) ലക്ഷണമാണ് ബ്രാഹ്മണ മതപ്രകാരം പൂണൂല്‍. മാമോദീസാ രണ്ടാം ജന്മമായതിനാല്‍ അതിന്‍റെ പ്രത്യക്ഷ ലക്ഷണമായി പൂണൂല്‍ ധരിച്ചിരുന്നുവെങ്കില്‍ അതിന് ക്രൈസ്തവ വേദശാസ്ത്രപരമായി തെറ്റൊന്നുമില്ല. കേരളീയ സമൂഹത്തിലെ നിലനില്‍പ്പിന് നസ്രാണികള്‍ക്ക് അത് ആവശ്യമായിരുന്നു താനും.

പലരും പ്രചരിപ്പിക്കുന്നതുപോലെ കൂനന്‍കുരിശു വിപ്ലവമല്ല മലങ്കരസഭയെ വിഭജിച്ചത്. മറിച്ച് പറമ്പില്‍ ചണ്ടിയുടെ ബദല്‍ മെത്രാന്‍ സ്ഥാനലബ്ധിയാണ്. രണ്ടു ലക്ഷത്തില്‍ നാനൂറു കുറെ നസ്രാണികള്‍ കൂനന്‍കുരിശു വിപ്ലവത്തെ പിന്തുണച്ചു എന്നാണ് സമകാലിക പാരമ്പര്യം. വിപ്ലവം ഏതാണ്ട് സമ്പൂര്‍ണ്ണമായിരുന്നെന്ന് റോമന്‍ കത്തോലിക്കാ ചരിത്രകാരന്മാരും സമ്മതിക്കുന്നു. ചാണ്ടിദ്വയങ്ങള്‍ സത്യലംഘനം നടത്തി മറുകണ്ടം ചാടിയതോടെയാണ് സുറിയാനി കത്തോലിക്കര്‍ അഥവാ സീറോ – മലബാര്‍ സഭ എന്ന റോമന്‍ കത്തോലിക്കാ വിഭാഗം രൂപമെടുത്തത്.

സ്വാര്‍ത്ഥ ലാഭത്തിനായി മലങ്കരസഭയെ ഒറ്റിക്കൊടുത്ത പറമ്പില്‍ ചാണ്ടി പ്രഭുതികളുടെ ചതി ഇല്ലായിരുന്നെങ്കില്‍ കൂനന്‍കുരിശു വിപ്ലവം മൂലം ഇന്ന് ഇന്ത്യയില്‍ ഒരു ദേശീയ ഏകീകൃത ക്രൈസ്തവസഭ മാത്രം നിലനിന്നേനേ. കാരണം പിന്നീടുണ്ടായ എല്ലാ പിളര്‍പ്പുകളുടെയും അടിസ്ഥാന കാരണം ചാണ്ടിയുടെ ചതിയാണ്.

(2009 January)