കോതമംഗലത്ത് എന്താണ് നടക്കുന്നത്? / മാത്യു കുറിയാക്കോസ്

1973-നു മുമ്പ് നടന്ന മലങ്കര അസോസിയഷന്‍ യോഗങ്ങളില്‍ കോതമംഗലം പള്ളിയില്‍ നിന്ന് പ്രതിനിധികളുണ്ടായിരുന്നു. അത്തരം യോഗങ്ങളില്‍ പുത്തന്‍കുരിശുകാരന്‍ ചെറുവള്ളില്‍ ഫാ. സി. എം. തോമസ് കത്തനാരെന്ന ഇന്നത്തെ ശ്രേഷ്ഠബാവാ പങ്കെടുത്തത് അദ്ദേഹം മറന്നിട്ടുണ്ടാവില്ല. കോതമംഗലത്തു കുത്തിയിരുന്ന് പള്ളി വിട്ടുകൊടുക്കില്ലെന്നു പറയുന്ന ദേഹം ആ ഇടവകക്കാരനല്ലല്ലോ. അത്തരം ഇറക്കുമതികളാണ് 1972 മുതല്‍ ആരാധനാസ്വാതന്ത്ര്യത്തിനു വേണ്ടി നിയമപോരാട്ടം നടത്തുന്ന ഓര്‍ത്തഡോക്സുകാരെ തടയുന്നവര്‍. ആ ഇടവകയിലെ ഓര്‍ത്തഡോക്സുകാരായ വൈദികരെ പോലും പള്ളിക്കേസുകള്‍ ആരംഭിച്ച 1972 മുതല്‍ പടിക്കു പുറത്തു നിറുത്തി ഇന്ന് അനധികൃതമായി പള്ളി കൈവശം വയ്ക്കുന്നവര്‍ ഓര്‍ക്കണം, 1976 ജൂലൈ 8-ന് സഭാകേസുകള്‍ക്കായി എറണാകുളത്ത് സ്പെഷ്യല്‍ ജില്ലാ കോടതി രൂപീകരിച്ചശേഷം 1974 ജൂണ്‍ 28-ലെ 1064 പള്ളികള്‍ക്കു വേണ്ടിയുള്ള സഭാകേസ് കോതമംഗലമടക്കം ആറു പള്ളികളുടെ കേസുകളും കൂടി പള്ളിക്കോടതി പ്രാതിനിധ്യരീതിയില്‍ പരിഗണിച്ചാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് എതിരായി 1980 ജൂണ്‍ 6-ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചത്. അതിനെതിരെ കൊടുത്ത അപ്പീല്‍ പരിഗണിച്ച് 1990 ജൂണ്‍ 1-ന് സഭാകേസ് ഹൈക്കോടതി ഫുള്‍ബഞ്ച് വിധി വന്നു. വീണ്ടും പാത്രിയര്‍ക്കീസുകാര്‍ സുപ്രീംകോടതിയിലെത്തി. 1995 ജൂണ്‍ 20-ന് സഭാകേസില്‍ സുപ്രീംകോടതി വിധിയുണ്ടായി. ഇവയിലെല്ലാം കോതമംഗലം പള്ളി കക്ഷിയായിരുന്നു. ആ വിധിപ്രകാരം പോത്താനിക്കാട് ഉമ്മിണിക്കുന്നു പള്ളിയില്‍ സുപ്രീംകോടതി വിധി സുഗമമായി നടപ്പില്‍ വന്നു. അവിടത്തെ പാത്രിയര്‍ക്കീസുകാര്‍ വിശ്വാസം സംരക്ഷിക്കാന്‍ വേറെ പള്ളി സ്ഥാപിച്ചു (കോതമംഗലത്തെ വിധിനടത്തിപ്പ് ഹര്‍ജി അന്ന് നിയമസാങ്കേതികതയില്‍ കുടുങ്ങിപ്പോയി).

തുടര്‍ന്നും പാത്രിയര്‍ക്കീസുപക്ഷം സുപ്രീംകോടതിയില്‍ തര്‍ക്കം തുടര്‍ന്നു. 2017 ജൂലൈ 3-ന് വിധിയുണ്ടായി. ഓര്‍ത്തഡോക്സ് പക്ഷത്തിനനുകൂലമായ ആ വിധിയെ തുടര്‍ന്ന് തൃക്കുന്നത്തു സെമിനാരി, കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍, മുളക്കുളം, ഓടയ്ക്കാലി, ചാത്തമറ്റം, ചേലക്കര തുടങ്ങിയ പള്ളികളില്‍ വിധി നടപ്പിലായി. 1972 മുതല്‍ മലങ്കരസഭയില്‍ കലഹമുണ്ടാക്കി, ആലുവായില്‍ ഗ്രേറ്റ് മാര്‍ച്ച് നടത്തി, അന്നത്തെ സര്‍ക്കാരിനെ അവിഹിതമായി സ്വാധീനിച്ച് പള്ളികള്‍ പിടിച്ചെടുത്ത പാത്രിയര്‍ക്കീസുപക്ഷക്കാരാണ് ഇന്ന് ഓര്‍ത്തഡോക്സുകാര്‍ പള്ളി പിടിക്കുന്നുവെന്ന് പറയുന്നത്. ഇത്രയും കാലം രാഷ്ട്രീയപാര്‍ട്ടികളെ തരംപോലെ മാറിമാറി സ്വാധീനിച്ചും അവിഹിതമാര്‍ഗ്ഗങ്ങളുപയോഗിച്ചും ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചും അവര്‍ പിടിച്ചുനിന്നു. ശ്രേഷ്ഠബാവായടക്കം പലരും പള്ളികളില്‍ പ്രവേശിക്കരുതെന്ന കോടതിയുത്തരവ് ലംഘിച്ചാണ് നടക്കുന്നത്. കോടതിവിധിയനുസരിച്ച് 1972-നു മുമ്പുള്ള അവസ്ഥയില്‍ സഭാഭരണഘടനയ്ക്കു വിധേയമായി പള്ളികള്‍ ഭരിക്കപ്പെടണമെന്ന് പറയുമ്പോള്‍ കൈയേറ്റം ചെയ്തു കൈവശം വച്ചിരിക്കുന്നവ നഷ്ടപ്പെടുക സ്വാഭാവികമാണ്. മലബാര്‍ മോഡലില്‍ പള്ളികള്‍ വീതംവയ്ക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഭരണഘടനപ്രകാരമല്ലാതെ ഒരവകാശവുമില്ലെന്ന് കോടതി വിധിച്ചപ്പോള്‍, കിടച്ചാല്‍ യാനൈ എന്ന കഥയിലെ പോലെ എന്തെങ്കിലും കിട്ടുമോ എന്ന് പരീക്ഷിക്കുകയാണ്. മലബാറിലെ ദരിദ്രപള്ളികളില്‍ കേസു നടത്തി മടുത്തപ്പോള്‍ എങ്ങനെയും സ്വൈരമുണ്ടാകട്ടെയെന്ന് കരുതി ഓര്‍ത്തഡോക്സുകാര്‍ വിട്ടുവീഴ്ച ചെയ്തു. അതൊരു തക്കമെന്നാണിപ്പോള്‍ പറയുന്നത്. പാത്രിയര്‍ക്കീസുപക്ഷം തങ്ങളുടെ പള്ളി എന്ന് വിളിച്ചുകൂവുമ്പോള്‍ ഓര്‍ക്കണം, അവിടത്തെ ഓര്‍ത്തഡോക്സുകാര്‍ക്കും അവകാശമുള്ളതാണ് ആ പള്ളികള്‍. ആ അവകാശത്തിനാണ് 1972 മുതല്‍ കോതമംഗലത്തുകാര്‍ കേസ് നടത്തിയത്. നീണ്ട കാലയളവില്‍ ഓര്‍ത്തഡോക്സുകര്‍ ഭീഷണി ഭയന്ന് ഒതുങ്ങിപ്പോയിരിക്കാം. പാത്രിയര്‍ക്കീസുപക്ഷക്കാര്‍ കൈയേറിയ പള്ളികളിലെ ഭണ്ഡാരം കൈയിട്ടുവാരിയാണ് കേസ് നടത്തിയത്. നീതിക്കു വേണ്ടി ആ പള്ളികളിലെ ഓര്‍ത്തഡോക്സുകാര്‍ പോരാടിയത് പിരിവെടുത്തുണ്ടാക്കിയ പണം കൊണ്ടാണ്. ആ നീതി നടപ്പാക്കി കിട്ടേണ്ടത് അവരുടെ മൗലികാവകാശവുമാണ്. അത് ലംഘിക്കുവാന്‍ കൂട്ടുനില്ക്കുന്ന ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെയാണ്. ഒരു പള്ളിയിലെ ഭൂരിപക്ഷം, നിയമവ്യസ്ഥയെയും നാട്ടുനടപ്പിനെയും പാരമ്പര്യങ്ങളെയും ലംഘിച്ച് കാട്ടുനീതിയും പേശീബലവും കാണിക്കുമ്പോള്‍, അത്രയും സംഖ്യാബലമില്ലാത്ത ദുര്‍ബലര്‍ക്ക് നീതി ഉറപ്പാക്കുവാനാണ് നിയമവാഴ്ചയില്‍ ശ്രദ്ധിക്കേണ്ട ഭരണകൂടം ശ്രമിക്കേണ്ടത്. നീതിക്കു വേണ്ടി പോരാടിയവര്‍ക്ക് നീതി നടപ്പാക്കണമെന്ന് പൊതുസമൂഹം ശഠിക്കുന്നില്ലെങ്കില്‍ നാം കാട്ടാളത്തത്തിലേക്കു മടങ്ങുന്നുവെന്നാണര്‍ത്ഥം.

സഭയിലെ എല്ലാ സ്ഥാനങ്ങളുടെയും അധികാരങ്ങളും അവകാശങ്ങളും പാരമ്പര്യങ്ങള്‍ക്കും കാനോനുകള്‍ക്കും വിധേയമാണെന്നും ആരുടെയും സ്വേച്ഛാപരമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും സഭയുടെ നടത്തിപ്പില്‍ സാദ്ധ്യമല്ലെന്നും സഭാംഗങ്ങളും വൈദികസമൂഹവും വേണ്ടപോലെ മനസ്സിലാക്കുന്നില്ലെന്നത് സഭാതര്‍ക്കങ്ങള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകും. ആത്മീയനേതാക്കള്‍ കീഴുള്ളവരെ അടക്കി ഭരിക്കുവാന്‍ അവകാശമുള്ളവരാണെന്ന ചിന്തയെ അനുകൂലിച്ച് അനര്‍ഹമായ അധികാരവിനിമയത്തിന് ചൂട്ടുപിടിക്കുന്നവര്‍ സഭാബോധം പോയവരാണെന്ന സത്യം വിനയത്തോടെ ബോദ്ധ്യപ്പെടേണ്ടതാണ്.

സഭാകേസില്‍ ഇടവകപ്പള്ളികളുടെ കാര്യത്തിലും പൊതുഭരണം സംബന്ധിച്ച കാര്യത്തിലും സുപ്രീംകോടതി വിധി വന്നുകഴിഞ്ഞിട്ടും അതിന്‍റെ അന്തസത്ത മാനിക്കപ്പെടുന്നില്ല; നടപ്പിലായിട്ടുമില്ല. അത്യുന്നത കോടതിയുടെ വിധി പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാനത്തിന്‍റെ പേരു പറഞ്ഞ് അട്ടിമറിക്കപ്പെടുന്നു. രാഷ്ട്രീയനേതൃത്വം വോട്ടുബാങ്കെന്ന മരീചികയില്‍ കണ്ണുനട്ട് സഭാപ്രശ്നത്തില്‍ അനാവശ്യമായും അധാര്‍മ്മികമായും അവിഹിതമായും ഇടപെട്ട് പോലീസിനെയും റവന്യൂ അധികാരികളെയും വരുതിയില്‍ നിര്‍ത്തി നീതിനിഷേധത്തിന് ഒത്താശ ചെയ്യുന്നു. നീതി തങ്ങളുടെ കൂട്ടര്‍ക്കു മാത്രമാണെന്ന സന്ദേശമാണ് രാഷ്ട്രീയനേതൃത്വം നല്‍കുന്നത്. സഭാപ്രശ്നത്തില്‍ മാത്രമല്ല, സാമൂഹ്യരാഷ്ട്രീയ സാമുദായികരംഗങ്ങളിലാകെയും ഈ രീതി അവലംബിക്കപ്പെടുന്നതായി സ്വകാര്യമായി അക്കൂട്ടര്‍തന്നെ സമ്മതിക്കുന്നുമുണ്ട്. ജുഡീഷ്യറിയുടെ ഉത്തരവുകള്‍ പരസ്യമായി അവഹേളിക്കുവാനും ലംഘിക്കുവാനും പൊതുപ്രവര്‍ത്തകര്‍ ധൈര്യപ്പെടുകയും, എക്സിക്യൂട്ടീവ് ചുമതല നിര്‍വഹിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റകരമായ നീതിനിഷേധത്തിനു കൂട്ടുനില്‍ക്കുകയും പക്ഷപാതപരമായി ഇടപെടുകയും ചെയ്യുന്ന കാഴ്ച സര്‍വ്വരംഗങ്ങളിലും സാധാരണമായിക്കഴിഞ്ഞു. രാഷ്ട്രീയാധികാരികളുടെ ഇംഗിതമേ നടപ്പിലാകൂ എന്ന സ്ഥിതിയായിക്കഴിഞ്ഞു. ഇത്തരത്തിലുള്ള നീതിനിഷേധങ്ങള്‍ തീവ്രവാദത്തിലേക്കും അക്രമത്തിലേക്കും തിരിയുകയും കുടം തുറന്നുവിട്ട ഭൂതത്തെ ആര്‍ക്കും അടക്കുവാനാകാത്ത സ്ഥിതിയെത്തുകയും ചെയ്യുന്നത് നിഷ്പക്ഷമതികള്‍ക്കു കാണുവാനാകും. പരിഷ്കൃതസമൂഹം ഇതു തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാണ്.