6-ാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18-ന് ചൊവ്വാഴ്ച ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ നിന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് ആറാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍റര്‍ ചാപ്പലില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് 10.30-ന് അഭിവന്ദ്യ തിരുമനസ്സുകൊണ്ട് മാര്‍ത്തോമ്മന്‍ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്തു. സ്മൃതിയാത്ര 11.30-ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്‍ററില്‍ എത്തിച്ചേര്‍ന്നതിനു ശേഷം അഭിവന്ദ്യ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ സ്മൃതി സംഗമം നടത്തപ്പെട്ടു. റവ.ഫാ.എബി വര്‍ഗീസ്, റവ.ഫാ.ഗീവര്‍ഗീസ് തോമസ്, റവ.ഫാ.ജോണ്‍ സാമുവേല്‍, റവ.ഫാ.ജോജി ജോര്‍ജ്ജ് ഫിലിപ്പ്, റവ.ഫാ.ബിജിന്‍ തോമസ് ചെറിയാന്‍, നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ.എബ്രഹാം ഫിലിപ്പ് തുടങ്ങിയവര്‍ സ്മൃതി യാത്രയ്ക്ക് നേതൃത്വം നല്‍കി.