മലങ്കര വര്‍ഗീസിന്‍റെ ചോദ്യങ്ങളും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മറുപടിയും

ചോദ്യം: ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്?

ടി. എം. വര്‍ഗ്ഗീസ്, പെരുമ്പാവൂര്‍

ഉത്തരം: എ.ഡി. എന്നത് anno domini (കര്‍ത്താവിന്‍റെ വര്‍ഷത്തില്‍) എന്നതിന്‍റെ ചുരുക്കമാണ്. ഈ വിധത്തിലുള്ള കണക്കുകൂട്ടല്‍ ആരംഭിച്ചത് ക്രിസ്ത്വാബ്ദം 550-ാമാണ്ടില്‍ അന്തരിച്ച ദീവന്നാസ്യോസ് എന്ന ക്രൈസ്തവ സന്യാസിയായിരുന്നു. അതുവരെ ഉപയോഗിച്ചിരുന്ന ഡയോക്ലീഷന്‍ വര്‍ഷം ഉപേക്ഷിച്ചിട്ട്. റോമാവര്‍ഷം 753-ല്‍ ക്രിസ്തു ജനിച്ചു എന്നുള്ള തെറ്റിദ്ധാരണയില്‍ പുതിയ ക്രിസ്തബ്ദം ആരംഭിച്ചു. ഹേരോദോസ് രാജാവ് കാലം ചെയ്തത് (വി. മത്തായി 2:19) ബി.സി നാലാമാണ്ടിലായിരുന്നതിനാലും ക്രിസ്തുവിന്‍റെ ജനനം അതിനു കുറെ മുമ്പായിരിക്കണമെന്നുള്ളതുകൊണ്ടും കുറേനിയോസിന്‍റെ നികുതി ചുമത്തല്‍ (വി. ലൂക്കോസ് 2:1) എ.ഡി. ആറാമാണ്ടിലായിരുന്നുവെന്നത് ചരിത്രകാരന്മാര്‍ കരുതുന്നതു മൂലവും കര്‍ത്താവിന്‍റെ ജന്മവര്‍ഷം ഇപ്പോഴും തീര്‍ത്തുപറയാനാവില്ല. ബി.സി. അഞ്ചോ ആറോ എന്ന നിഗമനത്തിനാണ് കൂടുതല്‍ സാദ്ധ്യതയുള്ളത്.

2

കര്‍ത്തൃപ്രാര്‍ത്ഥനയില്‍ കാണുന്ന ‘ആഹാരം” എന്ന പദപ്രയോഗം ശരിയാണോ? ഇതിന്‍റെ അര്‍ത്ഥം “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമോ?” അതോ ഭക്ഷണപദാര്‍ത്ഥങ്ങളോ?

ടി. എം. വര്‍ഗീസ് തോട്ടപ്പാട്ടുകുടി

ഗ്രീക്ക്പദം Artos ആണ് (മത്തായി 6:11, ലൂക്കോസ് 11:13). അതിനര്‍ത്ഥം “അപ്പം” എന്നാണ്. എന്നാല്‍ അപ്പം എന്ന വാക്കിന് ആഹാരം എന്നും അര്‍ത്ഥമുണ്ട്. “എന്‍റെ ചോറു മുടക്കല്ലേ” എന്നു പറഞ്ഞാല്‍ എന്‍റെ ‘ആഹാരം മുടക്കല്ലേ’ എന്നാണല്ലോ അര്‍ത്ഥം. അതുപോലെ.

അപ്പത്തിന്‍റെ വിശേഷണമായി ചേര്‍ത്തിരിക്കുന്ന “Epiovsion” എന്ന പദമാണ് കൂടുതല്‍ പ്രശ്നാത്മകം. “ദൈനംദിനമുള്ള” എന്ന അര്‍ത്ഥമാണ് നാം ഊഹിക്കുന്നത്. പക്ഷേ ഇത് സാധാരണ പ്രയോഗത്തിലുള്ള പദമല്ല. അതുകൊണ്ട് ജെറോമിന്‍റെ ലത്തീന്‍ ഭാഷയില്‍ Super substantial എന്ന് തര്‍ജ്ജിമ ചെയ്തു. ഈ പദത്തിന് “പദാര്‍ത്ഥോപരിയായ” അല്ലെങ്കില്‍ “ആത്മീയമായ” എന്ന് അര്‍ത്ഥം കൊടുത്തിട്ടാണ് ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമായ കര്‍ത്താവിനെക്കുറിച്ചാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നത്. “ദൈനംദിനാഹാരം” എന്ന വിവര്‍ത്തനമാണ് കുറെക്കൂടി സ്വാഭാവികമായിട്ടുള്ളത്.

3

വരം ലഭിച്ചവര്‍ അല്ലാത്ത എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗര്‍ഭത്തില്‍ നിന്ന് ഷണ്ഡന്മാരായി ജനിച്ചവരുമുണ്ട്.” (വി. മത്തായി 19:11-12). ആരാണ് ഈ വരം ലഭിച്ചവര്‍? 12-ാം വാക്യത്തിന്‍റെ അര്‍ത്ഥമെന്താണ്?

ടി. എം. വര്‍ഗീസ്, പെരുമ്പാവൂര്‍

നപുംസകരായി ജനിച്ചവരുണ്ട്. റോമ്മാസാമ്രാജ്യത്തില്‍ അടിമകളെ പലപ്പോഴും നപുംസകരാക്കിത്തീര്‍ത്ത് സ്ത്രീജനങ്ങളെ പരിചരിയ്ക്കാനാക്കാറുണ്ടായിരുന്നു. ഇതു കൂടാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ ലൈംഗികബന്ധം കൂടാതെ ജീവിക്കുവാനുള്ളവരാണ് നാം എന്ന് മനസ്സിലാക്കി ഇവിടെ വെച്ചുതന്നെ ആത്മസംയമനം മൂലം ലൈംഗികബന്ധത്തെ തിരസ്കരിച്ച് ദൈവരാജ്യത്തിനുവേണ്ടി തങ്ങളെത്തന്നെ മാറ്റിവെച്ചിട്ടുള്ളവരുമുണ്ട്. അതിനായുള്ള ദൈവവിളിയുള്ളവര്‍ക്കേ ഈ മൂന്നാമത്തെയവസ്ഥ സാദ്ധ്യമാകയുള്ളു. അല്ലാത്തവര്‍ മറ്റേതെങ്കിലും കാര്യസാദ്ധ്യത്തിനായി വിവാഹം കഴിക്കാതെ നിന്നാല്‍ പുരോഹിതന്മാരായാലും സന്യാസിമാരായാലും പലവിധ മാനസിക കുഴപ്പങ്ങളിലും ചെന്നു പെടാനിടയുണ്ട്.

4

ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍, “മന്നാ നിക്ഷേപിത ചെപ്പും….” എന്നു തുടങ്ങുന്ന ഗീതത്തില്‍ “ശ്ലേമൂന്‍ തന്നുറുമാല്‍” എന്നു പറഞ്ഞിരിക്കുന്നതിന്‍റെ വേദവിഭാഗം ഏത്, സാരം എന്ത്?

ടി. എം. വര്‍ഗീസ്, വട്ടക്കാട്ടുപടി

“ശ്ലേമൂന്‍ തന്നുറുമാല്‍” എന്നുള്ള മലയാള വിവര്‍ത്തനം തെറ്റാണ്. “ഷൂഷോഫോ (ശോശപ്പാ) ശ്ലേമോ നോയ്ത്തോ” എന്നാണു പറഞ്ഞിരിക്കുന്നത്. അതിന്‍റെ ശരിയായ വിവര്‍ത്തനം “ശലോമോന്‍റെ തിരശ്ശീല” എന്നാണ് (ഉത്തമഗീതം 1:3). ശ്ലേമൂന്‍റെ തിരശ്ശീല (2 ദിനവൃത്താന്തം 3:14) അതിനുള്ളില്‍ ദൈവസാന്നിദ്ധ്യത്തെ ഉള്‍ക്കൊണ്ടതുപോലെ കന്യകമറിയം ദൈവത്തെ ഗര്‍ഭം ധരിച്ചവളായതുകൊണ്ടാണ് പിതാക്കന്മാര്‍ കന്യകമറിയാമിനെ ശ്ലേമൂന്‍റെ തിരശ്ശീലയോടുപമിച്ചത്.

5

യെഹോരാം രാജാവ് 42-ാം വയസ്സില്‍ മരിച്ചപ്പോള്‍ മകനായ അഹസ്യാവ് രാജാവായി. അപ്പോള്‍ അഹസ്യാവിനും 42 വയസ്സായിരുന്നു (2 ദിനവൃത്താന്തം 21:5, 18-19; 2. 2:1, 2). ഇളയ മകന്‍ യഹോവാഹാസാണെന്ന് 21:17-ല്‍ പറയുന്നു. ഇതെങ്ങനെ പൊരുത്തപ്പെടാം?

ടി. എം. വര്‍ഗീസ്

ദിനവൃത്താന്തപുസ്തകം പല രാജകീയ രേഖകളെ അടിസ്ഥാനമാക്കിയെഴുതിയിട്ടുള്ളതാണ്. 21-ാം അദ്ധ്യായം ആസ്പദമാക്കിയ രേഖ യെഹോരാമിന്‍റെ ദിനവൃത്താന്തമായിരുന്നിരിക്കണം. 22. യഹോ ആഹാസിന്‍റെയും. യഹോ-ആഹാസ് എന്ന പേരും ആഹാസ്-യഹ് എന്ന പേരും ഹെബ്രായ ഭാഷയില്‍ ഒന്നാണ്; “ദൈവം പിടിച്ചു” എന്നാണര്‍ത്ഥം. രണ്ടു പേരും ഉപയോഗത്തിലിരുന്നിരിക്കണം.

ഇന്നത്തെ ഇംഗ്ലീഷ്, മലയാളം വേദപുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയിട്ടുള്ളത് ക്രിസ്തുവിന് 1000 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു ഹെബ്രായ കൈയെഴുത്തുപ്രതിയേയാണ്. മറ്റു ചില കൈയെഴുത്തു പ്രതികളില്‍ 20 വയസ്സായിരുന്നു എന്നും, വേറേ ചിലതില്‍ 16 വയസ്സെന്നും കാണുന്നു. അതേ സമയത്ത്, നമ്മുടെ വേദപുസ്തകത്തില്‍ത്തന്നെ 2 രാജാ. 8:26-ല്‍ ആഹസ്യാവിന് 22 വയസ്സായിരുന്നു എന്നും കാണുന്നു. പകര്‍ത്തിയതില്‍ പറ്റിയ പിശകായിരുന്നിരിക്കണം. 2 രാജാ. 8:25-ഉം അതേ പുസ്തകം 9:29-ഉം തമ്മിലുള്ള വ്യത്യാസവും കാണുക.

അടിസ്ഥാനമാക്കിയ രേഖകള്‍ തമ്മിലുള്ള വ്യത്യാസവും പകര്‍ത്തിയെഴുതിയതിലെ തെറ്റുമാണ് ഈ വൈരുദ്ധ്യത്തിന്‍റെ രണ്ടു കാരണങ്ങള്‍.

(ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി 1970 ഓഗസ്റ്റ് ലക്കം ഓര്‍ത്തഡോക്സ് യൂത്ത് മാസികയില്‍ നിങ്ങള്‍ സംശയങ്ങള്‍ ചോദിക്കുക എന്ന പംക്തിയില്‍ കൊടുത്ത ഉത്തരം)