ഗാലയിൽ പുതിയ ദൈവാലയം


മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവക പുതിയതായി നിർമ്മിച്ച ദൈവാലയത്തിന്റെ സമർപ്പണ കൂദാശ ഡിസംബർ 7 ,8 വെള്ളി , ശനി ദിവസങ്ങളിൽ ഗാല ചർച് കോംപ്ലക്സിൽ നടക്കുന്നു . കിഴക്കിന്റെ ഒക്കേയും കാതോലിക്കയും ,മലങ്കര മെത്രാപ്പോലീത്തയും ,മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനും ആയ പരി; ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിദിയൻ കാതോലിക്കാ ബാവ സമർപ്പണ കൂദാശ നിർവഹിക്കുന്നു . ഇടവക മെത്രാപോലീത്ത ഡോ ; ഗീവർഗീസ് മാർ യൂലിയോസ്‌, മൂംബൈ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത , നിരണം ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , എന്നിവർ സഹകാർമ്മികത്വം വഹിക്കും .

വെള്ളിയാഴ്ച വൈകിട്ട് 5 .30 നു ബാവയ്‌ക്കും, മെത്രപൊലീത്ത
മാർക്കും ഇടവകയുടെ സ്വീകരണം നൽകും.

ദൈവാലയത്തിന്റെ താക്കോൽ ഏറ്റ് വാങ്ങുന്ന കാതോലിക്കാ ബാവ, സന്ധ്യാ നമസ്കാരത്തോടു കൂടി ഒന്നാംഘട്ട ശുശ്രുഷ നടത്തപ്പെടും . 8 നു ശനിയാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർഥനയോടുകൂടി രണ്ടാം ഘട്ട ശുശ്രുഷകൾ ആരംഭിക്കും . ബാവായുടെ മുഖ്യ കാർമ്മീകത്വത്തിലും മെത്രാപോലീത്തമാരുടെ സഹ കാർമ്മികത്വ ത്തിലും വി; മൂന്നിന്മേൽ കുർബാന. 11 .30 നു പൊതു സമ്മേളനം. കാതോലിക്കാബാവ ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ, മെത്രാപോലീത്താമാർ, ഒമാൻ മതകാര്യമന്ത്രാലയ പ്രതിനിധികൾ, ഇന്ത്യൻ അംബാസിഡർ, പ്രമുഖ വ്യക്തികൾ ,വൈദീകർ എന്നിവർ പങ്കെടുക്കും. മലങ്കര ഓർത്തഡോൿസ് സഭയുടെ ഒമാനിലെ നാലാമത്തെ സ്വതന്ത്ര ഇടവകയാണ് ഗാല സെന്റ് മേരീസ് പള്ളി . 2014 ൽ മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു കീഴിൽ രൂപം കൊണ്ട ഇടവക , ദൈവ മാതാവിന്റ നാമത്തിലുള്ള ഒമാനിലെ ആദ്യ ഇടവകയാണ് . റൂവി , സൊഹാർ , സലാല എന്നിവിടങ്ങളിലാണ് മറ്റു സ്വതന്ത്ര ഇടവകകൾ ഉള്ളത് .
ഇടവക വികാരി തോമസ് ജോസ് അച്ചൻ ,ട്രസ്റ്റി പി സി ചെറിയാൻ , സെക്രട്ടറി കെ സി തോമസ് , ദൈവാലയ നിർമ്മാണ കമ്മറ്റി കൺവീനർ മാത്യു നൈനാൻ , എബി ഉമ്മൻ , പള്ളി കമ്മറ്റി , നിർമ്മാണ കമ്മറ്റി എന്നിവർ കൂദാശാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നു എന്ന് വികാരി തോമസ് ജോസ് അച്ചൻ അറിയിച്ചു .