ആദര്‍ശ്‌ പോള്‍ വറുഗീസ്‌ അമേരിക്കന്‍ ദേശീയ ക്വയര്‍ ടീമില്‍

ജോര്‍ജ്‌ തുമ്പയില്‍

കണക്‌ടിക്കട്ട്‌: പത്താംക്ലാസ്‌ വിദ്യാര്‍ഥി ആദര്‍ശ്‌ പോള്‍ വര്‍ഗീസ്‌ അമേരിക്കന്‍ നാഷണല്‍ ക്വയറിലെ, മ്യൂസിക്‌ എജുക്കേറ്റേഴ്‌സ്‌ നാഷണല്‍ അസോസിയേഷ(NAFME)നിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കണക്‌ടിക്കട്ട്‌ സംസ്ഥാനത്തെയാണ്‌ ആദര്‍ശ്‌ പ്രതിനിധീകരിക്കുക. സെന്റ്‌ വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരിയുമായ റവ. ഡോ.വര്‍ഗീസ്‌ എം ഡാനിയേലിന്റെയും ഓപ്‌റ്റിക്കല്‍ സയന്റിസ്റ്റായ ഡോ. സ്‌മിത സൂസന്‍ വര്‍ഗീസിന്റെയും പുത്രനാണ്‌.
മൊത്തം അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരം സ്‌കൂളുകളില്‍ നിന്നായി നാലുലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ക്വയറില്‍ ഇടം ലഭിക്കാനായി മാറ്റുരച്ചിരുന്നു.
പഠിക്കുന്ന സ്‌കൂള്‍, കൗണ്ടി, സ്റ്റേറ്റ്‌ ലവലുകളില്‍ മല്‍സരിച്ച്‌ ജയിച്ച കുട്ടികള്‍ക്കാണ്‌ പ്രശസ്‌തമായ ഈ ക്വയറിലേക്ക്‌ സെലക്ഷന്‍ ലഭിക്കുന്നതിനുള്ള ഓഡിഷന്‌ പ്രവേശനം ലഭിച്ചത്‌. ടെനര്‍ 1 എന്ന നിലയിലാണ്‌ ആദര്‍ശിന്‌ സെലക്ഷന്‍ ലഭിച്ചത്‌.
നവംബര്‍ അവസാനം ഓര്‍ലാന്‍ഡോ ഫ്‌ളോറിഡയിലെ വാള്‍ട്ട്‌ഡിസ്‌നി കൊറെനാഡോ സ്‌പ്രിംഗ്‌ റിസോര്‍ട്ടില്‍ നടക്കുന്ന നാഷണല്‍ ക്വയറിലാണ്‌ ആദര്‍ശ്‌ പങ്കെടുക്കുക. പ്രസംഗം. ഡിബേറ്റ്‌, മോഡല്‍ കോണ്‍ഗ്രസ്‌, സയന്‍സ്‌ ഒളിമ്പ്യാഡ്‌, ജ്യോഗ്രഫി ബീ, സ്‌പെല്ലിംഗ്‌ ബീ, മാത്‌ ടീം, പദ്യോച്ചാരണം, ഉപന്യാസം തുടങ്ങിയ മല്‍സരങ്ങളിലും ആദര്‍ശ്‌ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. വില്‍റ്റന്‍ ഹൈസ്‌കൂള്‍ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിക്കുന്ന ആദര്‍ശ്‌ ഇംഗ്ലീഷിനു പുറമേ സ്‌പാനിഷ്‌, ഗ്രീക്ക്‌, മലയാളഭാഷകളിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്നു.
നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ വെബ്‌ മാസ്റ്ററായി സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചത്‌ കൂടാതെ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു