(വി. വേദപുസ്തകത്തെ സംബന്ധിച്ചും, അതിനു സഭയിലുള്ള സ്ഥാനത്തെപ്പറ്റിയും വളരെ തെറ്റിദ്ധാരണകള്‍ ഇന്നുണ്ട്. അവ ദൂരീകരിക്കുവാന്‍ ചോദ്യോത്തരരൂപേണ ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപാദിക്കുകയാണ്.)
ചോദ്യം 1. വി. വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം?
ഉത്തരം: അല്ല. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം മനുഷ്യാവതാരം ചെയ്ത ക്രിസ്തുവാണ്. ആ വിശ്വാസത്തിന്‍റെ പ്രധാന സാക്ഷികള്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായിരുന്ന അപ്പോസ്തലരും അദ്ദേഹം സ്ഥാപിച്ച സഭയുമാണ്. സഭയിലെ ഓരോ ആവശ്യങ്ങള്‍ക്കായി ഈ അപ്പോസ്തലരും ആദിമ ശിഷ്യരും രചിച്ച ചില രേഖകളുടെ ഒരു സമാഹാരമാണ് പുതിയനിയമം. സഭ പുതിയനിയമത്തെ അടിസ്ഥാനമാക്കി സ്ഥാപിച്ചതല്ല. പുതിയനിയമം സഭാംഗങ്ങളാല്‍ വിരചിതമായതും സഭയിലുണ്ടായതുമാണ്.
ചോദ്യം 2. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങള്‍ എങ്ങനെയുണ്ടായി?
ഉത്തരം: പെന്തിക്കോസ്തു ദിവസം സഭ ജനിച്ചു. ആ സഭയിലെ പ്രസംഗം മൂന്നു കാര്യങ്ങളെക്കുറിച്ചായിരുന്നു. ക്രിസ്തു ആര്? ക്രിസ്തു എന്തു ചെയ്തു? ക്രിസ്തു എന്തു പഠിപ്പിച്ചു? അപ്പോസ്തലന്മാര്‍ ആദ്യം പ്രസംഗരൂപേണ ആവിഷ്കരിച്ച പാഠങ്ങളെ അവരിലൊരാളായ വി. മത്തായി യഹൂദ ക്രിസ്ത്യാനികളുടെ ആവശ്യത്തിനുവേണ്ടി ക്രിസ്തുവിന്‍റെയും അപ്പോസ്തലന്മാരുടെയും മാതൃഭാഷയായ അറമായ ഭാഷ (സുറിയാനി) യില്‍ എഴുതിയുണ്ടാക്കി. പിന്നീടാരോ അതിനെ ഗ്രീക്കില്‍ വിവര്‍ത്തനം ചെയ്തു. അതിന്‍റെ ഒരു സമാഹാരം വി. പത്രോസ് ശ്ലീഹായുടെ അന്തേവാസികളില്‍ ഒരാളായ വി. മര്‍ക്കോസ് റോമാനഗരത്തില്‍ പ്രസിദ്ധം ചെയ്തു. ഇവയെ രണ്ടിനെയും ആധാരമാക്കിയും, നേരിട്ടറിഞ്ഞ മറ്റു ചില വിവരങ്ങള്‍ കൂട്ടിയും പൗലോസ് അപ്പോസ്തലന്‍റെ അന്തേവാസികളില്‍ ഒരാളായ വി. ലൂക്കോസ് സുഭഗമായ യവന ഭാഷയില്‍ വേറൊന്ന് എഴുതിയുണ്ടാക്കി.
ഈ മൂന്നു സുവിശേഷങ്ങളും എഴുതപ്പെട്ടത് ക്രിസ്തുവിന്‍റെ ക്രൂശു മരണത്തിനു ശേഷം 20 മുതല്‍ 40 വരെ വര്‍ഷങ്ങള്‍ക്കിടയിലായിരുന്നു. പിന്നീട് 12 ശ്ലീഹന്മാരില്‍ ഒരുവനായിരുന്ന വി. യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരുടെ ആവശ്യപ്രകാരം തന്‍റെ മരണത്തിന് മുന്‍പായി കര്‍ത്താവിനെക്കുറിച്ച് തനിക്ക് പ്രത്യേകം അറിയാമായിരുന്ന ചില കാര്യങ്ങള്‍ കൂടെ ചേര്‍ത്ത് നാലാമതൊരു സുവിശേഷം എഴുതിവച്ചു. ക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന് ഏകദേശം 65 വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കണം അദ്ദേഹം അത് എഴുതിയത് (അ.ഉ. 95).
ചോദ്യം 3. ഈ നാലു സുവിശേഷങ്ങളും തമ്മില്‍ എല്ലാ കാര്യങ്ങളിലും യോജിക്കുന്നുണ്ടോ?
ഉത്തരം: യോജിക്കുവാനുള്ള പല ശ്രമങ്ങളും രണ്ടാം നൂറ്റാണ്ടു മുതല്‍ നടന്നിട്ടുണ്ട്. 160-ാമാണ്ടോടടുത്ത് താത്തിയാനോസ് എന്ന സുറിയാനിക്കാരന്‍ നാലു സുവിശേഷവും കൂടി ഒരുമിച്ച് കൂട്ടിച്ചേര്‍ത്ത് ഒറ്റ സുവിശേഷമാക്കിയത്, അഞ്ചാം ശതാബ്ദം വരെ സുറിയാനി സഭയില്‍ ഉപയോഗത്തിലിരുന്നു. പിന്നീട് അതു മാറ്റിയിട്ട് നാലു വെവ്വേറെ സുവിശേഷങ്ങളിലേക്ക് (ഏവന്‍ഗേലിയോന്‍ ഹാമെഫറാഷേ) തിരികെപ്പോകയാണുണ്ടായത്. നാലു സുവിശേഷങ്ങളും തമ്മില്‍ ചില ചില്ലറ പരസ്പര വൈരുദ്ധ്യങ്ങളില്ലാതില്ല. എന്നാല്‍ പ്രധാന കാര്യങ്ങളില്‍ നാലു സുവിശേഷവും ഒന്നു തന്നെ.
ചോദ്യം 4. പുതിയനിയമം ഇപ്പോഴത്തെ രീതിയില്‍ കൂട്ടിച്ചേര്‍ത്തത് ആര്? എന്ന്?
ഉത്തരം: ഇന്നത്തെ മലയാള വേദപുസ്തകത്തില്‍ കാണുന്ന 27 പുസ്തകങ്ങളുടെ ലിസ്റ്റ് ആദ്യമായി കാണുന്നത്, അ.ഉ. 369-ാമാണ്ട് മാര്‍ അത്താനാസ്യോസ് എഴുതിയ ഒരു ലേഖനത്തിലാണ്. 382-ാമാണ്ടില്‍ റോമാസഭ അംഗീകരിച്ചു.
അതിനു മുമ്പ് നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവൃത്തികളും വി. പൗലോസിന്‍റെ 13 ലേഖനങ്ങളും വി. പത്രോസിന്‍റെയും വി. യാക്കോബിന്‍റെയും, വി. യോഹന്നാന്‍റെയും ഓരോ ലേഖനങ്ങളും എന്നിങ്ങനെ 21 പുസ്തകങ്ങള്‍ മൂന്നാം ശതാബ്ദത്തിന്‍റെ ആരംഭത്തില്‍ തന്നെ പുതിയനിയമത്തില്‍ സ്വീകരിക്കപ്പെട്ടിരുന്നു. വി. പത്രോസിന്‍റെ രണ്ടാം ലേഖനം, വി. യോഹന്നാന്‍റെ രണ്ടും മൂന്നും ലേഖനങ്ങള്‍, വി. യൂദായുടെ ലേഖനം, യോഹന്നാന്‍റെ വെളിപാട് എന്നീ ആറു പുസ്തകങ്ങളെപ്പറ്റി മൂന്നാം ശതാബ്ദത്തില്‍പ്പോലും സംശയങ്ങളുണ്ടായിരുന്നതായി എവുസേബിയസ് എന്ന ചരിത്രകാരന്‍ നാലാം ശതാബ്ദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചോദ്യം 5. എവുസേബിയസിന്‍റെ സഭാചരിത്രത്തില്‍ അവിതര്‍ക്കിതങ്ങളായ പുതിയനിയമ പുസ്തകങ്ങളേവയെന്ന് പറയുന്നുണ്ടോ?
ഉത്തരം: ഉവ്വ്. മൂന്നാം പുസ്തകം 25-ാം അദ്ധ്യായത്തില്‍. അദ്ദേഹത്തിന്‍റെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
സുവിശേഷങ്ങള്‍ 4
അപ്പോസ്തല പ്രവൃത്തികള്‍ 1
വി. പൗലൂസിന്‍റെ ലേഖനങ്ങള്‍ 13
വി. യോഹന്നാന്‍റെ 1-ാം ലേഖനം 1
വി. പത്രോസിന്‍റെ 1-ാം ലേഖനം 1
ആകെ 20 പുസ്തകങ്ങള്‍
ചോദ്യം 6. അക്കാലത്തുണ്ടായിരുന്ന മറ്റു ചില പുസ്തകങ്ങള്‍ സംശയാസ്പദങ്ങളായിരുന്നുവെന്നു എവുസേബിയസ് പറയുന്നുണ്ടോ?
ഉത്തരം: ഉവ്വ്.
എബ്രായ ലേഖനം 1
വി. യാക്കോബിന്‍റെ ലേഖനം 1
വി. യൂദായുടെ ലേഖനം 1
വി. പത്രോസിന്‍റെ രണ്ടാം ലേഖനം 1
വി. യോഹന്നാന്‍റെ രണ്ടും മൂന്നും ലേഖനങ്ങള്‍ 2
വി. യോഹന്നാന്‍റെ വെളിപാട് 1
ആകെ ഏഴ്
ഇവ കുറെപ്പേര്‍ സ്വീകരിക്കുന്നു. കുറേപ്പേര്‍ നിരാകരിക്കുന്നു എന്നാണദ്ദേഹം പറയുന്നത്.
ചോദ്യം 7. ചില പുസ്തകങ്ങളെ സഭ തീര്‍ത്തും നിരാകരിക്കുന്നതായി പറയുന്നുണ്ടോ?
ഉത്തരം: ഉവ്വ്. താഴെപ്പറയുന്ന പുസ്തകങ്ങള്‍ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തിക്കൂടാ എന്ന് എവുസേബിയസ് പറയുന്നു.
പൗലോസ് അപ്പോസ്തലന്‍റെ പ്രവൃത്തികള്‍ (അരേെ ീള ജമൗഹ), അജപാലകന്‍ (ടവലുവലൃലറ ീള ഒലൃാമെ), വി. പത്രോസിന്‍റെ വെളിപാട് (അുീരമഹ്യുലെ ീള ജലലേൃ), ബര്‍ണബാസിന്‍റെ ലേഖനം, അപ്പോസ്തലന്മാരുടെ ഉപദേശങ്ങള്‍ (ഠലമരവശിഴ ീള വേല അുീഹെേലെ), ഹെബ്രായക്കാരുടെ സുവിശേഷം (ഏീുലെഹ മരരീൃറശിഴ ീേ ഒലയൃലംെ), പത്രോസിന്‍റെ സുവിശേഷം, തോമായുടെ സുവിശേഷം, മത്തിയാസിന്‍റെ സുവിശേഷം, അന്ത്രയോസിന്‍റെ പ്രവൃത്തികള്‍, യോഹന്നാന്‍റെ പ്രവൃത്തികള്‍.
ചോദ്യം 8. എന്തടിസ്ഥാനത്തിലാണ് സഭ ചില പുസ്തകങ്ങളെ സ്വീകരിക്കുകയും ചിലവയെ നിരാകരിക്കുകയും ചെയ്തത്?
ഉത്തരം: രണ്ടടിസ്ഥാനങ്ങളാണുണ്ടായിരുന്നത്. ഒന്നാമത് അപ്പോസ്തോലിക ഗ്രന്ഥകര്‍ത്തൃത്വം. അപ്പോസ്തലന്മാരില്‍ ഒരാള്‍ നേരിട്ടോ ശിഷ്യന്മാരില്‍ ഒരാള്‍ മുഖാന്തിരമോ എഴുതിയിട്ടുള്ള പുസ്തകങ്ങളെ സഭ സ്വീകരിച്ചു. മറ്റുള്ളവയെ നിരാകരിച്ചു. രണ്ടാമത്, അപ്പോസ്തലന്മാര്‍ പഠിപ്പിച്ച വിശ്വാസമെന്തെന്ന് വേദപുസ്തകം കൂടാതെ തന്നെ സഭാപിതാക്കന്മാര്‍ക്ക് പരമ്പരാഗതമായി അറിയാമായിരുന്നു. ആ വിശ്വാസത്തിനെതിരായ ഗ്രന്ഥങ്ങളെ അവര്‍ നിരാകരിക്കുകയാണുണ്ടായത്. പ്രത്യേകിച്ചും വെളിപാടു പുസ്തകത്തിന്‍റെ കാര്യത്തിലുണ്ടായിരുന്ന പ്രധാന പ്രയാസം സഭാവിശ്വാസത്തിനെതിരായ സഹസ്രാബ്ദ വാഴ്ചയെപ്പറ്റി അതില്‍ കാണുന്നുവെന്നതായിരുന്നു.
ചോദ്യം 9. പഴയനിയമ ഗ്രന്ഥങ്ങളെക്കുറിച്ചും ഇങ്ങനെയുള്ള സംശയങ്ങളുണ്ടായിരുന്നോ?
ഉത്തരം. അപ്പോസ്തോലിക കാലത്തു (37-100 അ.ഉ.) ജീവിച്ചിരുന്ന ജോസിഫസ് എന്ന യഹൂദ ഗ്രന്ഥകാരന്‍ തന്‍റെ പുസ്തകത്തില്‍ പറയുന്നത് പഴയനിയമത്തില്‍ 22 പുസ്തകങ്ങള്‍ മാത്രമേയുള്ളുവെന്നാണ്.
മോശയുടെ 5, പ്രവാചകന്മാര്‍ 13, സങ്കീര്‍ത്തനങ്ങള്‍, സദൃശവാക്യങ്ങള്‍ 4. ആകെ 22.
ഇവ കൂടാതെ മറ്റ് ചരിത്ര പുസ്തകങ്ങളുണ്ടെന്നും അവയൊന്നും മേല്‍പറഞ്ഞവ പോലെ വിശ്വാസയോഗ്യങ്ങളല്ലെന്നും ജോസിഫസ് പറയുന്നു. ഈ 22 പുസ്തകങ്ങള്‍ യഥാര്‍ത്ഥത്തില്‍ താഴെ പറയുംപ്രകാരമായിരുന്നിരിക്കണമെന്നാണ് പണ്ഡിതാഭിപ്രായം
മോശയുടെ അഞ്ചു പുസ്തകങ്ങള്‍, യഹോശുവാ, ന്യായാധിപന്മാരും രൂത്തും, ശമുവേല്‍, രാജാക്കന്മാര്‍, ദിനവൃത്താന്തങ്ങള്‍, എസ്റാ-നെഹമിയാ, എസ്ഥേര്‍, ഏശായ, യെരമ്യാ – വിലാപ വാക്യങ്ങള്‍.
ചോദ്യം 10. വേദപുസ്തക ഗ്രന്ഥങ്ങളുടെ ആദിമ കൈയെഴുത്തു പ്രതികള്‍ നമുക്ക് ലഭിച്ചിട്ടുണ്ടോ?
ഉത്തരം: ഇല്ല. ഒന്നുപോലുമില്ല. പഴയനിയമത്തിന്‍റെ കൈയെഴുത്തു പ്രതികള്‍ എഴുതിയത് തുകല്‍ ചുരുളുകളിലോ കടലാസു (പപ്പൈറസ്) ചുരുളുകളിലോ ആയിരുന്നിരിക്കണം. ഇന്നത്തെ പഴയനിയമങ്ങളിലധികവും പരിഭാഷപ്പെടുത്തിയിട്ടുള്ളത് ക്രിസ്തുവിനു ശേഷം 1008-ാമാണ്ടു മുതല്‍ 1010-മാണ്ടു വരെയുള്ള കാലത്ത്, കെയിറോയില്‍ പകര്‍ത്തിയതും ഇന്നു ലെനിന്‍ഗ്രാഡില്‍ ഉള്ളതുമായ ഒരു കൈയെഴുത്തുപ്രതിയെ ആധാരമാക്കിയുള്ളതാണ്. പുതിയനിയമത്തിന്‍റെ കൈയെഴുത്തുപ്രതികളും ക്രിസ്തുവിനുശേഷം 300 മുതല്‍ 500 വരെ വര്‍ഷങ്ങള്‍ക്കു ശേഷം എഴുതപ്പെട്ടവയാണധികവും നാം ഉപയോഗിക്കുന്നത്.
ചോദ്യം 11. വേദപുസ്തകത്തില്‍ തെറ്റുകളുണ്ടോ?
ഉത്തരം. രണ്ടു മൂന്നു തരത്തിലുള്ള തെറ്റുകള്‍ കാണാം. ഒന്നാമത് പകര്‍ത്തിയെഴുതിയതിലെ തെറ്റ്. രണ്ടാമത് അറിഞ്ഞുകൊണ്ടു വരുത്തിയ തിരുത്തലുകള്‍ (ഉദാഹരണം: പരസ്യവായനയില്‍ പ്രയാസമുള്ള വാക്കുകള്‍ മാറിയെഴുതുക: ബാലിന്‍റെയോ മറ്റു വാര്‍ക്കപ്പെട്ട വിഗ്രഹങ്ങളുടെ നാമത്തിന്‍റെയോ സ്ഥാനത്തു ലജ്ജയെന്ന അര്‍ത്ഥമുള്ള ‘ബോഷത്ത്’ എന്നു ചേര്‍ക്കുക).
മൂന്നാമത്, രണ്ടു രേഖകള്‍ പരസ്പര വ്യത്യസ്തങ്ങളായിക്കാണുമ്പോള്‍ രണ്ടിനെയും ഉള്‍പ്പെടുത്തി ഗ്രന്ഥരചന നടത്തുന്നതു മൂലമുള്ള പരസ്പര വൈരുദ്ധ്യങ്ങള്‍.
ഈ മൂന്നാമത്തെ തരത്തിലുള്ള തെറ്റ് വളരെ കൂടുതലായി കാണുന്നത് മോശയുടെ പുസ്തകങ്ങളിലാണ്: ഉദാഹരണം:- ഉല്പത്തി ഒന്നാം അദ്ധ്യായത്തില്‍ സകല ചരാചരങ്ങളേയും സൃഷ്ടിച്ച ശേഷമാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്; രണ്ടാമദ്ധ്യായത്തിലാകട്ടെ, പുല്ലുകളും വൃക്ഷങ്ങളും വളരുന്നതിനു മുമ്പെ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും (2:4-7) മനുഷ്യനെ സൃഷ്ടിച്ചശേഷം, അവന് കൂട്ടില്ലാഞ്ഞിട്ടാണ് പിന്നീട് മൃഗങ്ങളെ സൃഷ്ടിച്ചതെന്നും (2:18-19) പറയുന്നു. വേറൊരുദാഹരണം:- നോഹയുടെ പെട്ടകത്തില്‍ ഏഴു വീതം ശുദ്ധ മൃഗങ്ങളും ഈരണ്ടു വീതം അശുദ്ധ മൃഗങ്ങളും കയറി എന്ന് ഉല്പത്തി 7:2-5-ല്‍ കാണുന്നു. എന്നാല്‍ ശുദ്ധമൃഗങ്ങളില്‍ നിന്നും അശുദ്ധ മൃഗങ്ങളില്‍ നിന്നും ഈരണ്ടു വീതമായിരുന്നുവെന്ന് 7:8-ല്‍ കാണുന്നു.
ചോദ്യം 12. വേദപുസ്തകത്തില്‍ തെറ്റുണ്ടെങ്കില്‍ പിന്നെയെങ്ങനെയാണ് അതിനെ ആധാരമാക്കിയുള്ള സത്യവിശ്വാസം സാദ്ധ്യമാവുക?
ഉത്തരം: വേദപുസ്തകത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സത്യവിശ്വാസം ആര്‍ക്കും സാദ്ധ്യമല്ല. വേദപുസ്തകത്തില്‍ ഉള്ളതെല്ലാം വിശ്വാസത്തിന് ആധികാരികമായി നാം എടുക്കുന്നപക്ഷം അവ തമ്മില്‍ പരസ്പര വൈരുദ്ധ്യമുള്ളതായി കാണാം. ഉദാഹരണം: വേദപുസ്തകത്തിലെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളില്‍ നിന്ന് നമുക്ക് എന്താണ് പഠിക്കാവുന്നത്? ദൈവം 24 മണിക്കൂര്‍ വീതമുള്ള ആറു ദിവസങ്ങള്‍ കൊണ്ടു പ്രപഞ്ച സൃഷ്ടി നടത്തിയെന്നും ജോലിയുടെ ക്ഷീണം കൊണ്ട് 7-ാം ദിവസം വിശ്രമിച്ചുവെന്നും വേണമെങ്കില്‍ അര്‍ത്ഥമാക്കാം. പക്ഷേ ദൈവം നമ്മെപ്പോലെ കായികാദ്ധ്വാനം മൂലം ക്ഷീണിക്കുന്നവനും തന്‍റെ ശക്തി വീണ്ടെടുക്കാന്‍ വേണ്ടി വിശ്രമം ആവശ്യമുള്ളവനുമാണോ? മാത്രമല്ല, സൂര്യനെ സൃഷ്ടിച്ചതു നാലാം ദിവസമാണെങ്കില്‍, സൂര്യനാല്‍ അളക്കപ്പെടുന്ന ഇരുപത്തിനാലു മണിക്കൂര്‍ വീതമുള്ള ദിവസങ്ങളിതിനു മുമ്പുണ്ടായിരുന്നതെങ്ങിനെ? ഈ 6 ദിവസങ്ങളെ 24 മണിക്കൂര്‍ വീതമുള്ള ദിവസങ്ങളായി കണക്കാക്കേണ്ടതില്ലെന്നും അവയെ കാലഘട്ടങ്ങളായി കരുതാമെന്നും പിതാക്കന്മാര്‍ പഠിപ്പിക്കുന്നു.
ആദാമിനെ പറുദീസയിലാക്കിയപ്പോള്‍ അവനു സസ്യഭോജനം മാത്രമേ അനുവദിച്ചിരുന്നുള്ളു (ഉല്പത്തി 1:29, 2:16). അതുകൊണ്ട് പാപമോചനം പ്രാപിച്ച് നിത്യജീവനിലേക്ക് വീണ്ടും കൊണ്ടുപോകപ്പെട്ടിട്ടുള്ളവരായ നമുക്കും സസ്യഭോജനം മാത്രമേ പാടുള്ളുവെന്ന് വേണമെങ്കില്‍ വാദിക്കാം. ശാബതു ദിവസം, അതായതു ശനിയാഴ്ച സര്‍വ്വ പ്രവൃത്തികളില്‍ നിന്നും പിന്‍വാങ്ങി വിശ്രമിക്കണമെന്ന് ദൈവകല്പനയാണെന്ന് വേദപുസ്തകം അടിസ്ഥാനമാക്കി വാദിക്കാം. ഇന്നു സസ്യഭോജനവും ശാബതാചരണവും നമുക്ക് ദൈവകല്പനകളല്ലെന്നുള്ളത് സഭയുടെ പഠിപ്പിക്കലാണ്. അതിന് കുറെ വേദാടിസ്ഥാനങ്ങള്‍ വേണമെങ്കില്‍ നല്കാന്‍ സാധിക്കും. പക്ഷേ സഭയുടെ പഠിപ്പിക്കല്‍ അങ്ങനെയായതുകൊണ്ടാണ് ശാബതാചരണം എന്നെ സംബന്ധിച്ചിടത്തോളം ദൈവകല്പനയല്ലെന്ന് എനിക്കറിയാവുന്നത്. അല്ലാതെ വേദപുസ്തകത്തിലെ ഏതെങ്കിലും വാക്യങ്ങളെ അടിസ്ഥാനമാക്കി അങ്ങനെ പഠിപ്പിക്കുവാന്‍ സാധ്യമല്ല. പത്തു കല്പനകളിലൊന്നിനെ ലംഘിക്കുവാന്‍ കുറെ വേദവാക്യങ്ങള്‍ മാത്രം പോരാ. ദൈവസ്ഥാപിതമായ സഭയുടെ അപ്പോസ്തോലിക പാരമ്പര്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് എനിയ്ക്കതിനു ധൈര്യം വരുന്നത്.
ചോദ്യം 13. ദൈവവചനമായ വേദപുസ്തകവും ദൈവദത്തമായ മനുഷ്യബുദ്ധിയും ഉപയോഗിച്ചാല്‍ സത്യവിശ്വാസം അറിയുവാന്‍ സാദ്ധ്യമല്ലേ?
ഉത്തരം: തീര്‍ച്ചയായും അല്ല. മാത്രമല്ല, വേദപുസ്തകവും മനുഷ്യശക്തിയും കൂടെ ഒരുമിച്ച് ചേര്‍ത്താല്‍ ലഭിക്കുന്നത് തീര്‍ച്ചയായും വേദവിപരീതമാണെന്നുള്ളതിന് സഭാചരിത്രം സാക്ഷിയാണ്. പാഷണ്ഡ വിശ്വാസങ്ങളില്‍ ഏറ്റവും നികൃഷ്ടരായ അറിയൂസിന്‍റെ വേദവിപരീതം ഉണ്ടായത് മുഴുവന്‍, വേദപുസ്തകവും മനുഷ്യന്‍റെ യുക്തിയും ചേര്‍ത്തുള്ള ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. സഭയിലെ സത്യവിശ്വാസം അറിയുവാന്‍ സഭയിലെ ആരാധനയിലും വിശ്വാസത്തിലും ഉറച്ചുനില്ക്കുന്നവനേ സാധിക്കൂ. സഭയ്ക്ക് പുറത്തുള്ളവര്‍ വേദപുസ്തകം തെറ്റിദ്ധരിക്കാനാണ് അധികം സാദ്ധ്യതയുള്ളത്.
ചോദ്യം 14. വേദപുസ്തകമല്ലാതെ സഭയുടെ പാരമ്പര്യമനുസരിച്ചാണ് സത്യവിശ്വാസം അറിയേണ്ടതെന്ന് പിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുണ്ടോ?
ഉത്തരം: പഠിപ്പിച്ചിട്ടുണ്ട്. പരിശുദ്ധനായ മാര്‍ ബസ്സേലിയോസ് (നാലാം ശതാബ്ദം) പരിശുദ്ധാത്മാവിനെക്കുറിച്ചെഴുതിയ കൃതിയിലെ ചില ഉദ്ധരണികള്‍ താഴെ നല്‍കുന്നു:
“തിരുവെഴുത്തില്‍ ആധാരമില്ലാത്ത ആചാരങ്ങളെല്ലാം അപ്രധാനങ്ങളെന്ന് കരുതി നാം നിരാകരിക്കുവാന്‍ തുടങ്ങിയാല്‍, സുവിശേഷത്തെ അതിന്‍റെ ജീവസത്തയില്‍ മുറിപ്പെടുത്തുകയായിരിക്കും നാം ചെയ്യുന്നത്; പോരാ, നമ്മുടെ വിശ്വാസപ്രമാണം തന്നെ വെറുമൊരു പദസമുച്ചയം മാത്രമായിത്തീരും. ഒരു പൊതു ഉദാഹരണമെടുക്കുക. കര്‍ത്താവേശുമിശിഹായുടെ നാമത്തില്‍ വിശ്വസിക്കുന്നവരുടെമേല്‍ ക്രൂശുരൂപത്തില്‍ റൂശ്മാ കുത്തുവാന്‍ ആരാണ് നമ്മെ തിരുവെഴുത്തില്‍ പഠിപ്പിക്കുന്നത്? പ്രാര്‍ത്ഥനയ്ക്ക് കിഴക്കോട്ടു തിരിഞ്ഞു നില്ക്കണമെന്ന് ഏതു തിരുവെഴുത്താണ് നമ്മെ പഠിപ്പിക്കുന്നത്? വിശുദ്ധ കുര്‍ബ്ബാനയില്‍ തിരുവപ്പത്തേയും അനുഗ്രഹക്കാസായേയും വാഴ്ത്തുന്ന സമയത്ത് ചൊല്ലേണ്ടുന്ന വചനങ്ങള്‍ ഏതു തിരുവെഴുത്തിലാണു കാണുക? കാരണം നാം ആ സമയത്ത് ഉപയോഗിക്കുന്ന വാക്കുകള്‍ അപ്പോസ്തോലനോ സുവിശേഷങ്ങളോ രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമല്ല; ആമുഖമായും ഉപസംഹാരമായും കൂദാശാനുഷ്ഠാനത്തിന് അതിപ്രധാനങ്ങളായ ചില വാക്കുകള്‍ നാം കൂട്ടിച്ചേര്‍ക്കുന്നത്, ലിഖിതേതര പാരമ്പര്യത്തില്‍ നിന്നു നമുക്ക് ലഭിച്ചിട്ടുള്ളതാണ്. മാമോദീസാജലത്തേയും മൂറോനേയും നാം വാഴ്ത്തുന്നു. സ്നാനാര്‍ത്ഥിയെ നാം റൂശ്മാ ചെയ്തനുഗ്രഹിക്കുന്നു. ഇതിനു തിരുവെഴുത്തിലെവിടെയാണാധാരം? അല്ല മൂറോന്‍ കൂദാശ തന്നെ വേണമെന്ന് തിരുവെഴുത്തുകള്‍ പറയുന്നുണ്ടോ? മൂന്ന് പ്രാവശ്യം തളിച്ച് മാമ്മോദീസാ മുക്കുകയെന്ന ക്രമം ഏതു തിരുവെഴുത്തിനെ ആസ്പദമാക്കിയാണുണ്ടായത്? സാത്താനെയും അവന്‍റെ ദൂതന്മാരെയും മാമ്മോദീസയില്‍ ഉപേക്ഷിച്ചു പറയണമെന്ന് ഏതു തിരുവെഴുത്ത് നിഷ്കര്‍ഷിക്കുന്നു? ഇതെല്ലാം നമുക്ക് ലഭിച്ചത്, ജിജ്ഞാസുക്കളുടേയും ദൈവിക കാര്യങ്ങളില്‍ അനാധികാരികമായി ഇടപെടുന്നവരുടെയും നീരിക്ഷണത്തില്‍ നിന്നകറ്റി, പ്രസിദ്ധം ചെയ്യാതെ രഹസ്യത്തില്‍ നമ്മുടെ പിതാക്കന്മാര്‍ നമുക്കേല്പിച്ചുതന്ന പാരമ്പര്യത്തില്‍ നിന്നല്ലേ?”
പരിശുദ്ധനായ മാര്‍ ബസ്സേലിയോസ് ഈ കൃതിയില്‍ അലിഖിത പാരമ്പര്യത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഈ പാരമ്പര്യം അറിഞ്ഞുകൂടാത്തവര്‍ക്ക് സുവിശേഷം തന്നെ സുഗ്രാഹ്യമാകയില്ലെന്നാണ് ആ പിതാവ് പറയുന്നത്.
ചോദ്യം 15. അങ്ങനെയെങ്കില്‍ വേദപുസ്തകവും അലിഖിത പാരമ്പര്യവും എന്നിങ്ങനെ രണ്ട് ആധികാരിക പ്രമാണങ്ങളാണ് ക്രൈസ്തവ വിശ്വാസത്തിനുള്ളതെന്ന് പറയാമോ?
ഉത്തരം: പറഞ്ഞുകൂടാ. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണം മനുഷ്യാവതാരം ചെയ്ത് മരിച്ചുയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവും, പെന്തക്കോസ്തു ദിവസം ശ്ലീഹന്മാരുടേയും സഭയുടെ മുഴുവന്‍മേലും ഇറങ്ങിവന്നാവസിച്ച് ഇന്നും സഭയെ അധിവാസം ചെയ്യുന്ന പരിശുദ്ധാത്മാവുമാണ്. ഈ പരിശുദ്ധാത്മാവാണ് ക്രിസ്തുവിനെ കുറിച്ചുള്ള സത്യത്തെ കൂദാശകള്‍ വഴിയായും ആചാരങ്ങള്‍ വഴിയായും വി. വേദപുസ്തകം വഴിയായും, വി. ജീവിതം വഴിയായും സഭയില്‍ പുലര്‍ത്തിക്കൊണ്ടു പോകുന്നത്. വേദപുസ്തകങ്ങളും സഭാചാരങ്ങളും ഉപദേശവും കൂദാശകളും എല്ലാം ഉള്‍പ്പെടെ പരിശുദ്ധാത്മാവ് സഭയില്‍ തുടര്‍ച്ചയായി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും കൂടെ ഒന്നായി സഭ നല്‍കുന്ന പേരാണ് പാരമ്പര്യം എന്നത്.
ചോദ്യം 16. അപ്പോള്‍ വേദപുസ്തകവും സുന്നഹദോസുകളിലെ തീരുമാനങ്ങളും പിതാക്കന്മാരുടെ ഗ്രന്ഥങ്ങളും ഒക്കെ തമ്മില്‍ വ്യത്യാസമൊന്നുമില്ലേ?
ഉത്തരം: ഉണ്ട്, തീര്‍ച്ചയായും ഉണ്ട്.