ചോ: ഉല്പത്തി 7:14-16 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നവിധമുള്ള ഒരു പെട്ടകത്തില്‍ അന്നു ഭൂമിയിലുണ്ടായിരുന്ന സകല ജീവജാലങ്ങളേയും വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന എണ്ണപ്രകാരം വഹിയ്ക്കുവാന്‍ സാധിച്ചുവെന്ന് സാമാന്യബുദ്ധിയുള്ള മനുഷ്യന് എങ്ങിനെ വിശ്വസിക്കുവാന്‍ സാധിക്കും? അറാറത്തു മല എവിടെയാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ?
ഉ: ജലപ്രളയ കഥയുടെ വിശദവിവരങ്ങളെ സ്വീകരിക്കുവാന്‍ പല പ്രയാസങ്ങളുണ്ട്. ഉല്പത്തി 6:14-16 ല്‍ കാണുന്ന പെട്ടകം 300 ഃ 50 ഃ 30 മുഴമാണ്. 900 വയസ്സു വരെ ആയുസ്സുള്ള മനുഷ്യരാണ് അന്നുണ്ടായിരുന്നതെങ്കില്‍ അവരുടെ കൈ കൊണ്ടളക്കുന്ന മുഴം ഒരു പക്ഷേ 18 ഇഞ്ചില്‍ കൂടുതലായിരുന്നിരിക്കാം. രണ്ടടി വച്ചു കണക്കാക്കിയാല്‍ 600 ഃ 100 ഃ 60 = 3600000 ക്യൂബിക്ക് അടി സ്ഥലം അതിനകത്തുണ്ടായിരുന്നു. ഈ കപ്പലിന് മൂന്ന് നിലയുണ്ടായിരുന്നു (6:16). ഒരു നല്ല കാഴ്ചബംഗ്ലാവിലുള്ള മൃഗങ്ങളെയെല്ലാം 36 ലക്ഷം ക്യൂബിക്ക് അടി സ്ഥലത്ത് കയറ്റിക്കൂടേ?
അറാറാത്ത്, അസ്സീറിയായുടെ വടക്കു ഭാഗത്തുള്ള “ഉറാര്‍ത്തു” പീഠപ്രദേശമായിരിക്കണം. ഇന്ന് തുര്‍ക്കിയുടേയും അര്‍മ്മേനിയയുടേയും ഇറാന്‍റേയും അതിര്‍ത്തിയിലുള്ള രണ്ടു പര്‍വ്വതങ്ങളില്‍ ഉയരം കൂടിയ (16,916 അടി) അഗ്രിഡാഗ് മലയായിരിക്കാം ഈ പെട്ടകം വന്നുറച്ച സ്ഥലം.
ചോ: ബാബേല്‍ കോട്ട പണിത കഥ, സൂര്യനേയും ചന്ദ്രനേയും ആകാശത്തില്‍ വിലക്കിയ കഥ, കുഴലൂതി യരിഹോ പട്ടണമതില്‍ ഇടിച്ച കഥ ഇത്യാദി കഥകള്‍ ഉള്‍ക്കൊള്ളുന്ന പഴയനിയമം ഹിന്ദുപുരാണ ഗ്രന്ഥങ്ങളെപ്പോലെ കെട്ടുകഥകള്‍ നിറഞ്ഞ ഒരു ഗ്രന്ഥമായി വിചാരിക്കാന്‍ കാരണമുണ്ടോ?
ഉ: ഈ കഥകളെല്ലാം തന്നെ പരമ്പരാഗതമായി ഇസ്രായേലില്‍ പറഞ്ഞു വന്നവയും പില്‍ക്കാലത്ത് എഴുതി ചേര്‍ത്തവയുമാണെന്നാണ് വിചാരിക്കേണ്ടത്.
ബാബേല്‍ കഥയുടെ പിറകില്‍, ക്രിസ്തുവിന് 2000 കൊല്ലം മുമ്പു തന്നെ നിലവിലുണ്ടായിരുന്ന “ഏതമന്‍ ആനാക്കി” (ആകാശത്തിന്‍റെയും ഭൂമിയുടേയും അസ്ഥിവാര ഭവനമെന്നര്‍ത്ഥം) ദേവാലയമായിരിക്കാം കിടക്കുന്നത്. അടിത്തറയില്‍ നിന്നും മൂന്നൂറടി ഉയരവും എട്ടു നിലയുമുള്ള ഈ ബാബിലോണ്യക്ഷേത്രത്തിന്‍റെ പണി മുഴുവനായിട്ടുണ്ടായിരുന്നില്ല. ഇങ്ങനെ മറ്റോരോ കഥകളുടേയും പിറകില്‍ കുറെ ചരിത്രലക്ഷ്യങ്ങളൊക്കെ കിടപ്പുണ്ട്.
പക്ഷേ ഈ കഥകളുടെ വിശ്വാസ്യതയെ ആസ്പദമാക്കിയല്ല, പഴയ നിയമത്തിന്‍റെ വില കണക്കാക്കേണ്ടത്. ദൈവവും തങ്ങളുടെ സമുദായവുമായുള്ള ഇടപാടുകളെ യഹൂദന്മാര്‍ എങ്ങനെ മനസ്സിലാക്കി, നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ മനുഷ്യാവതാരത്തിനും പരസ്യശുശ്രൂഷയ്ക്കും ഉള്ള പശ്ചാത്തലമെന്ത് ഇവ രണ്ടുമാണ് പഴയനിയമത്തില്‍ നാം കാണേണ്ടത്.
ചോ: ഉല്പത്തി 6:1, 2. ദൈവത്തിന്‍റെ പുത്രന്മാരെന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്? ഹിന്ദുപുരാണങ്ങളിലുള്ള ഏീറ നെപ്പോലുള്ള ദേവന്മാരാണോ? അബ്രഹാമിനെ സന്ദര്‍ശിച്ച മൂന്നു പുരുഷന്മാര്‍ ദൈവദൂതന്മാരോ (മാലാഖമാര്‍) ദൈവമോ?
ഉ: ആദ്യത്തെ ചോദ്യത്തിന് സാധാരണ മൂന്നു വിധത്തിലുള്ള സമാധാനങ്ങളാണ് പണ്ഡിതന്മാര്‍ നല്‍കുന്നത്.
1. പ്രഭു കുടുംബങ്ങളിലുള്ളവരാണ് ദൈവപുത്രന്മാര്‍, സാമുദായിക നിലയില്‍ താഴ്ന്നവരാണ് മനുഷ്യപുത്രികള്‍. ശമര്യക്കാരുടെ തര്‍ജ്ജമയിലും സിമ്മാക്കസിന്‍റെ ഗ്രീക്ക് തര്‍ജ്ജമയിലും പല യഹൂദ തര്‍ജ്ജമകളിലും ഇങ്ങിനെയാണീ വാക്യത്തെ വിവര്‍ത്തനം ചെയ്യുന്നത്. ഇന്ന് ഈ നില സ്വീകരിക്കുന്ന പണ്ഡിതന്മാര്‍ കുറവാണ്.
2. മാലാഖാന്മാരാണ് ദൈവപുത്രന്മാര്‍, ഫൈലോ, ജോസിഫസ്, ജസ്റ്റിന്‍ മാര്‍ട്ടിയര്‍, അലക്സാന്ത്ര്യയിലെ ക്ലിമീസ്, തെര്‍ത്തുല്യന്‍ മുതലായവര്‍ ഈ അഭിപ്രായക്കാരാണ് (യൂദാ 6:2, പത്രോസ് 2:4, ഇയോബ് 1:6 മുതലായവ നോക്കുക).
3. ഭക്തന്മാരായ ആളുകള്‍ അതായത് നോഹയുടെ പുത്രന്മാരില്‍ സേത്തിന്‍റെ മക്കള്‍ മാത്രമാണ് യഥാര്‍ത്ഥ ദൈവമക്കള്‍. ഹാമിന്‍റേയും യാഫേത്തിന്‍റേയും മക്കളാണ് മനുഷ്യപുത്രന്മാര്‍ (സ്വര്‍ണ്ണനാവുകാരനായ ഈവാനിയോസ് അലക്സന്ത്ര്യയിലെ കൂറിലോസ്, അഗസ്തീനോസ്, ജെറോം).
ഇതെല്ലാം കൂടാതെ ജലപ്രളയത്തെ സംബന്ധിച്ചുള്ള ബാബിലോണ്‍ പാരമ്പര്യത്തെ ഉല്പത്തി പുസ്തക കര്‍ത്താവ് സ്വായത്തമാക്കിയപ്പോള്‍ അതിന്‍റെ കൂടെ വന്നു കയറിയ ഒരു ബാബിലോണിയന്‍ ഐതിഹ്യമാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
രണ്ടാമത്തെ ചോദ്യത്തിനുത്തരം അബ്രഹാമിന് മൂന്ന് സന്ദേശവാഹകരായി കാണപ്പെട്ടത് ദൈവത്തിന്‍റെ ഒരു പ്രത്യക്ഷീകരണം (ഠവലീുവമി്യ) ആണെന്നാണ്.
(ചര്‍ച്ച് വീക്കിലി, 1956, സെപ്റ്റംബര്‍ 30)