സുപ്രീംകോടതി നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കരസഭ

കോട്ടയം: പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള‍ ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രില്‍ 19-ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്. ബഹു. സുപ്രീംകോടതിയുടെ ഉചിതമായ ഇടപെടലുകളിലൂടെ പിറവം പള്ളിക്കേസ് സംബന്ധിച്ച വിധി സമയബന്ധിതമായി നടപ്പാക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ പിറവം പള്ളിക്കേസ് കേരളാ ഹൈക്കോടതി തീര്‍പ്പാക്കണമെന്നും അതില്‍ പരാതി ഉണ്ടെങ്കില്‍ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാവുന്നതുമാണെന്നുമാണ് ഇന്നത്തെ കോടതി നിര്‍ദ്ദേശം. അതില്‍ അസ്വഭാവികമായി ഒന്നുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുവാന്‍വേണ്ടി മാത്രം ഉള്ളതാണെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.

നീതി നടപ്പിലാക്കി കിട്ടുക എന്ന ലക്ഷ്യം മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളത്. അതിനായി നിയമപരവും സത്യസന്ധവുമായ മാര്‍ഗ്ഗം മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിക്കുന്നത്. അതില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല. മറിച്ച് ഒരു നടപടിക്കും സഭ തയാറുമല്ലായെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂര്‍ മെത്രാസനത്തില്‍പെട്ട ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയ്ക്ക് 2017 ജൂലൈ 3-ലെ വിധി ബാധകമാണെന്ന് സുപ്രീംകോടതി എടുത്തു പറഞ്ഞിരിക്കുന്നു. 1064 പള്ളികളുടെ എണ്ണത്തില്‍ പെടുന്ന പള്ളിയാണിത്. ഈ വിധിയിലൂടെ 2017 ജൂലൈ 3-ലെ വിധിക്ക് ഒരിക്കല്‍കൂടി സാധൂകരണം ലഭിച്ചിരിക്കുകയാണ്.