സരസ്വതീ ദേവിയുടെ മിഴിതുറന്ന് വൈദികൻ; മതസൗഹാര്‍ദം വിളിച്ചോതി ക്ഷേത്രം

കലകൾക്ക് ജാതിയും മതവും ഇല്ലെന്ന് തെളിക്കുകയാണ് പത്തനംതിട്ട കൂടൽദേവീ ക്ഷേത്രവും, രണ്ട് ക്രിസ്ത്യൻ വൈദികരും. ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾക്ക് മിഴിവേകാൻ എത്തിയത് രണ്ട് ക്രിസ്ത്യൻ വൈദികർ. കോന്നി തണ്ണീത്തോട് സ്വദേശിയായ വൈദികൻ ജീസൺ പി വിൽസണും, അടൂർ സ്വദേശിയായ വൈദികൻ ജോർജി ജോസഫും ചേർന്നാണ് ക്ഷേത്രത്തിലെ ചിത്രങ്ങളുടെ മിഴി തുറന്നത്. ചുവർ ചിത്രങ്ങളുടെ പൂർത്തികരണത്തിനായി ചിത്രത്തിന്റെ കണ്ണ് വരുക്കുന്നതാണ് മിഴി തുറക്കൽ. ഇതിനായി ക്ഷേത്രം ഭാരവാഹികൾ ക്ഷണിച്ചത് ഈ രണ്ട് വൈദികരെയും, സുരേഷ് മുതുകുളം എന്ന ചിത്രകലാ അധ്യാപകനേയുമാണ്. ഗ്രേസി ഫിലിപ്പ് എന്ന് കലാകാരിയുടെ നേത്യത്വത്തിലാണ് ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾ വരച്ചത്.

ശിവകുടംബം, സരസ്വതി, അന്നപൂർണേശ്ശ്വരി തുടങ്ങിയ ചിത്രങ്ങളാണ് ചുവരിൽ നിറഞ്ഞത്. തനിക്ക് ലഭിച്ച വരപ്രസാദം സമൂഹത്തിലേക്ക് പകർന്നതിന്റെ സന്തോഷത്തിലാണ് സരസ്വതി ദേവിയുടെ ചിത്രത്തിന്റെ മിഴി തുറന്ന വൈദികനായ ജീസൺ പി.വിൽസൺ. കലകൾക്ക് സമൂഹത്തിലെ വർഗീയത ഇല്ലാതാക്കനുള്ള ശക്തിയുണ്ടെന്ന് ഈ വൈദികൻ അവകാശപ്പെടുന്നു. ഒരു കലാകാനായതിനാലാണ് ക്ഷേത്രത്തിലേക്ക് തന്നെ ക്ഷണിച്ചത്. എല്ലാവര്‍ക്കും ഈ കലാബോധം ഉണ്ടെങ്കിൽ സമൂഹത്തിൽ വർഗീയ വേർതിരവ് ഇല്ലാതാകുമെന്നും ജീസൺ പറയുന്നു.

ക്ഷേത്രത്തിലെത്തിയ വൈദികർക്ക് ഊഷ്മള സ്വീകരണമാണ് ക്ഷേത്ര ഭാരവാഹികൾ നൽകിയത്. മതസൗഹാർദ്ദത്തിന് പുതിയ മാനം നൽകുന്നതാണ് വൈദികരുടെ ഈ ചുവട്. കലാജീവിതത്തിൽ ലഭിച്ച അപൂര്‍വ്വമായ നിയോഗങ്ങളിൽ ഒന്നാണ് ഇത് എന്ന് ജീസൺ അച്ചൻ വിശ്വാസിക്കുന്നു. ചിത്രരചനാ രംഗത്ത് കൂടുതല്‍ മികച്ച സൃഷ്ടികള്‍ സമ്മാനിക്കാനായി കലാസപര്യ തുടരുകയാണ് ഈ വൈദികൻ.