1. പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു.
2. ജനങ്ങളുടെയിടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനെ സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന.
3. നിത്യവും ദൈവപ്രാര്‍ത്ഥന ചെയ്യുന്നവന്‍ ഒരിക്കലും അസത്യവാനോ ദുര്‍മ്മാര്‍ഗ്ഗിയോ, അവിശ്വാസിയോ, ഭക്തിഹീനനോ, ജനദ്വേഷിയോ, സ്വാമിദ്രോഹിയോ ആയിത്തീരുന്നതല്ല.
4. ഹൃദയം നിറഞ്ഞ ഭക്തിയോടെ ചെയ്യുന്ന പ്രാര്‍ത്ഥന ദൈവം കൈക്കൊള്‍കയും ഒരു അനുഗ്രഹ രൂപമായി അതു നമുക്കു തിരികെ ലഭിക്കുകയും ചെയ്യും.
5. ദൈവത്തെ അറിഞ്ഞിട്ടും കൈമലര്‍ത്തി തങ്ങള്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയില്ലെങ്കില്‍ എങ്ങനെയാണ് മനുഷ്യനെ, ഭാവി ലേശം പോലും അറിയാതെ ജീവിക്കുന്ന ബുദ്ധിഹീനങ്ങളായ ജന്തുക്കളേക്കാള്‍ ശ്രേഷ്ഠനാണെന്നു പറയുന്നത്?
6. ഈശ്വരപ്രാര്‍ത്ഥന ഈ ലോകത്തെ പലവിധത്തിലും ദൈവത്തിന്‍റെ പാദാരവിന്ദങ്ങളോടു ചേര്‍ക്കുന്ന പൊന്നിന്‍ചങ്ങലയത്രെ.
7. രാപ്പകല്‍ ഭക്തിയോടുകൂടി ഉച്ചത്തില്‍ ദൈവത്തെ പ്രാര്‍ത്ഥിപ്പിന്‍. ഈ പ്രാര്‍ത്ഥന നമ്മിലുള്ള ഇരുളു നീങ്ങാനും, തളര്‍ച്ച തീരാനും, നമ്മുടെ പരമമായ രക്ഷയും മോക്ഷവും ലഭിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാകുന്നു. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചു ദൈവത്തെ ഭജിപ്പിന്‍.
8. സമാധാനത്തിന്‍റെ മനുഷ്യര്‍ ചുരുക്കവും കലഹത്തിന്‍റെ പുത്രന്മാര്‍ വളരേയും ആകുന്നു. അത് ഒടുക്കകാലമാകകൊണ്ടായിരിക്കാം.
9. നാം ചെയ്യുന്നതു ദൈവത്തെക്കുറിച്ചു എന്നിരുന്നാല്‍ മതി. അപ്പോള്‍ നമുക്കു തന്നില്‍നിന്നു പ്രതിപകരം കിട്ടും.
10. ജയിപ്പാന്‍ മാത്രമല്ല തോല്പാനും പഠിക്കണം. അരമുള്ളവരോട് ഉരമിടണം.
11. ദൈവം സാധുക്കളുടെ ഭാഗത്തുണ്ട്. സകലത്തിലും ദൈവത്തെ ഓര്‍ത്തു പ്രവര്‍ത്തിക്ക. അപ്പോള്‍ സകലവും നമുക്കു ശുഭമായിത്തീരും.
12. പള്ളിക്കു കൊടുപ്പാനുള്ളതു വേഗത്തില്‍ കൊടുത്തു തീര്‍ക്കണം. ആ കാര്യത്തില്‍ നിങ്ങള്‍ക്കു ശുദ്ധമനസ്സുണ്ടായിരിക്കുമെങ്കില്‍ മാത്രമേ നിങ്ങളുടെ ഭവനകാര്യവും ശുദ്ധമായിത്തീരൂ. ആ വകയില്‍ വല്ല ലാഭമോ എന്തെങ്കിലും ഇങ്ങോട്ടു പറ്റുവാന്‍ ഇടവരുന്നു എന്നാകില്‍ അതും അതില്‍ പത്തിരട്ടിയും നിങ്ങളില്‍നിന്നു അന്യര്‍ കൊണ്ടുപോകാന്‍ ഇടവരികയും ചെയ്യും. അതിനാല്‍ നിങ്ങളെല്ലാവരും ദൈവാശ്രയത്തിലും സഹോദരസ്നേഹത്തിലും അയല്‍ക്കാരോടുള്ള സംപ്രീതിയിലും നിര്‍മ്മലമുള്ളവരായിരിപ്പിന്‍.
13. സ്വല്പലാഭമോ മാനമോ ഇച്ഛിച്ച് സ്നേഹത്തെ വെടിയരുത്. അതു ഭോഷത്വമാകുന്നു. അവസാനം അതില്‍ വ്യസനിപ്പാന്‍ ഇടവരും.
14. പട്ടക്കാരെ ബഹുമാനിച്ചുകൊള്ളണം. പ്രവൃത്തിയിലാകട്ടെ വചനത്തിലാകട്ടെ ഭാവത്തിലാകട്ടെ ഹൃദയത്തിലാകട്ടെ ഒരിക്കലും നിന്ദിക്കയോ ആക്ഷേപിക്കയോ നിസ്സാരമായി വിചാരിക്കയോ അവര്‍ക്കു ചെയ്യേണ്ടുന്ന മുറ ചെയ്യാതിരിക്കുകയോ അവരുമായി വഴക്കു പിടിക്കുകയോ കൊടുക്കല്‍ വാങ്ങലില്‍ അവരുമായി പലിശക്കു തര്‍ക്കിക്കുകയോ ഏതൊരു വിധത്തിലും അവരുടെ മനോദണ്ഡം തങ്ങളുടെമേല്‍ വരുവാന്‍ തക്കവണ്ണം കാണിക്കയോ ഒരിക്കലും ചെയ്യരുത്. അതുപ്രകാരം തങ്ങളുടെ കാരണവന്മാരോടും തങ്ങളില്‍ പ്രിയമുള്ള എല്ലാവരോടും വിചാരിക്കണം.
15. മിടുക്കനാകണ്ടാ – ഭോഷനാകയുമരുത്. ആത്മാവിനേക്കാള്‍ ശരീരത്തേയും ദൈവത്തേക്കാള്‍ ദ്രവ്യത്തേയും സ്നേഹിക്കരുത്.
16. ദൈവഭയമില്ലാത്തവര്‍ കൂട്ടുകാരായിത്തീരരുത്. പ്രാര്‍ത്ഥനയില്‍ താല്പര്യമായി ഇരുന്നുകൊള്‍ക. …..
17. ക്ഷമയാകുന്നു ബലവും…. ഇഹത്തിലും പരത്തിലും മാനവും. സജ്ജനങ്ങളുടെ ലക്ഷണവും അതാകുന്നു.
18. സകലത്തിലും സത്യക്രിസ്ത്യാനികളുടെ ലക്ഷണത്തില്‍ നടക്കയും അതു രാവും പകലും മക്കളെ പഠിപ്പിക്കയും ചെയ്യുക – അപ്പോള്‍ സമാധാനത്തിന്‍റെ പുരുഷന്മാര്‍ക്കുള്ള ആ നല്ല അവസാനത്തിലേക്കു ദൈവം യോഗ്യമാക്കും. ….
19. വലിയവന്‍ ചെറിയവന്‍; ചെറിയവന്‍ വലിയവന്‍. ഏവരും തന്നത്താന്‍ അറിയണം.
20. ബലമറിഞ്ഞു നടക്കണം, ബുദ്ധി പഠിക്കണം. ബുദ്ധിമാന്‍ എന്നു നടിക്കരുത്.
21. ഗണത്തെ മറക്കരുത്; എല്ലാവരേയും കരുതണം.
22. ദൈവത്തെ ഭയപ്പെടണം; സാത്താനെ പേടിക്കരുത്.
23. ശത്രുവിനേയും സ്നേഹിക്കണം, ബന്ധുക്കളെ ശത്രുക്കളാക്കരുത്.
24. ദൈവത്തോടു ചോദിച്ചു നടക്ക, പിതാവിനോടും ചോദിക്ക. പിതാവു വിട്ടാല്‍ ദൈവവും വിടും.
25. മറ്റുള്ളവരേക്കാള്‍ വലിയവന്‍ എന്നോര്‍ക്കരുത്. എത്ര ദരിദ്രന്‍ ആയാലും തങ്ങളേക്കാള്‍ അവന്‍ വലിയവന്‍ എന്നോര്‍ക്ക.
26. കടം വാങ്ങിപ്പാന്‍ മടിപ്പിന്‍. വാങ്ങിച്ചുപോയാല്‍ അതു വീട്ടുന്നതുവരെ ഉറങ്ങാതെ ജാഗരണപ്പെട്ടുകൊള്‍വിന്‍.
27. ഉള്ളവന്‍ ഇല്ലാത്തവനെപ്പോലെ വിചാരിച്ചു പരിശ്രമിക്കണം. ….വേലയെടുക്കാതിരുന്നാല്‍ പിത്തം ഉണ്ടാകും. മറ്റുള്ളവര്‍ക്കും ദൃഷ്ടാന്തമായിരിക്കണം. അയല്‍വാസികളേയും അഗതികളേയും സഹായിക്കണം.
28. സ്വല്പത്തിന്മേല്‍ അത്ര വലിയ കാര്യമായി പിടിച്ച് ദൈവവെറുപ്പും ജനവെറുപ്പും വരുത്തരുത്.
29. ദൈവത്തെ ഓര്‍ത്താല്‍ വ്യസനിപ്പാന്‍ ഇടവരികയില്ല. ദുര്‍ന്നടത്തക്കാരായിരുന്നാല്‍ നാശത്തിനു വാതില്‍ തുറക്കപ്പെട്ടതായിരിക്കും. ……
30. കൃഷിപ്പിഴകൊണ്ടു ഭീരുക്കളായിത്തീരരുത്. ദൈവത്തിന്‍റെ ശിക്ഷയെ നമ്മുടെ കുറ്റം നിമിത്തം എന്നു കണക്കിട്ട് അതില്‍ പിറുപിറുപ്പു കൂടാതെ സന്തോഷിക്കയും ദൈവത്തോടു മാപ്പു ചോദിക്കയും അവിടെ തന്നെ മുട്ടിപ്പായി നമ്മുടെ സങ്കടം ബോധിപ്പിക്കയും ചെയ്തുകൊള്‍ക.
31. നിഗളമായി യാതൊന്നിലും വിചാരിച്ചുപോകരുതേ. ദൈവം സകല അത്യാപത്തുകളില്‍ നിന്നും കാത്തുകൊള്ളുമാറാകട്ടെ. …. സകലത്തിലും ദൈവഭയത്തെ മുറുകെ പിടിച്ചുകൊള്‍ക. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
32. കര്‍ത്താവു കൊടുത്തുവെങ്കിലല്ലാതെ മറ്റൊരുത്തനാല്‍ ഉള്ളതു നിറയപ്പെടുന്നതല്ല.
33. വാശിയും വഴക്കും വലിപ്പവും ഭാവവും പള്ളി സംബന്ധമായ കാര്യത്തല്‍ ഒരിക്കലും വിചാരിക്കാതെ അവനവന്‍റെ താഴ്മയെ ശോഭിപ്പിച്ചും, ദൈവത്തില്‍ ആശ്രയിച്ചും ബഹുജനങ്ങളെ തൃപ്തിപ്പെടുത്തിയും നടക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ദൈവം അവരെ അനുഗ്രഹിക്കയും ചെയ്യട്ടെ.
34. സകലത്തിലും മുമ്പായി ദൈവഭയത്തെ ഓര്‍ത്തുകൊള്ളണം. നിങ്ങളുടെ നിമിത്തം ആരും വ്യസനിപ്പാന്‍ ഇടവരരുത്. കഴിയുന്ന ഗുണങ്ങള്‍ ചെയ്യുന്നതിനു ഉപേക്ഷ വരരുത്. എന്തെന്നാല്‍ അതു മാത്രമേ അവസാനത്തില്‍ സമ്പാദ്യമായി ശേഷിക്കൂ.
35. കഴിയുന്ന ദോഷങ്ങള്‍ ആരോടും ഒരിക്കലും ചെയ്യരുത്. എന്തെന്നാല്‍ അതു തനിക്കും സന്തതിക്കും തറവാട്ടേക്കും കേടായി ഭവിക്കും. നോമ്പിലും നമസ്കാരത്തിലും ദാനധര്‍മ്മങ്ങളിലും മുട്ടിപ്പായി ഇരിക്ക. അതു ഭക്തിയോടും വിശ്വാസത്തോടും കൂടെ പ്രവര്‍ത്തിക്ക.
36. മടിച്ചാല്‍ പിന്നെ പഠിത്വത്തിനു കയറ്റമുണ്ടാവുകയില്ല. ദൈവഭയത്തെ മുറുകെ പിടിച്ചുകൊള്ളുക. താഴ്മയെ നല്ല ആഭരണമായി ധരിക്കയും ചെയ്തുകൊള്ളുക.
37. നിങ്ങളെ പ്രത്യേകമായി സൂക്ഷ്മപ്പെടുത്തുന്നതെന്തെന്നാല്‍ ആരുതന്നെ ആയാലും വ്യാജമായി സാക്ഷി പറയുന്നതു ആത്മനാശവും കുടുംബനാശവും എന്നു മാത്രമല്ല സജ്ജനങ്ങളുടെയിടയില്‍ വല്യ ആക്ഷേപത്തിനു കാരണവും ആയിത്തീരുന്നതാകയാല്‍ ഒരിക്കലും അങ്ങനെ ചെയ്തുപോകരുതെന്നു ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.
38. മരണം എല്ലാവര്‍ക്കും വാതുക്കല്‍ തന്നെ നില്‍ക്കുന്നുവെന്ന് ഓര്‍ത്തുകൊള്ളണമെ. കുടുംബത്തിലുള്ള വൃദ്ധന്മാരും വൃദ്ധസ്ത്രീകളും ആയിരിക്കുന്ന നമ്മുടെ കാര്‍ന്നവന്മാരെ പോഷിപ്പിക്കുന്നതും അവരെ സന്തോഷിപ്പിക്കുന്നതും നമുക്കു വലുതായ ഒരു നിക്ഷേപമാകുന്നുവെന്നും ഓര്‍ക്കണം. …..
39. മക്കള്‍ക്കു വിദ്യ ഉണ്ടാക്കിക്കൊടുക്കാമെങ്കില്‍ അതു മതി. …..
40. ആരേയും വ്യസനിപ്പിക്കയും ദുഃഖിപ്പിക്കയും അരുത്. എളിയവന്‍റെ നിലവിളി ദൈവം കേള്‍ക്കും.
41. ശിക്ഷ ഭക്തിയോടുകൂടി സഹിക്കുന്ന മക്കളുടെമേല്‍ ആകുന്നു കൃപയെന്ന് ഓര്‍ക്കണം. …..
42. സകലത്തിലും സകലപ്രവൃത്തിയിലും നന്മ മാത്രം വിചാരിക്ക. മക്കളോടും അതുതന്നെ ഗുണദോഷിച്ചു പഠിപ്പിക്ക. …..
43. നിങ്ങള്‍ സദാനേരവും വേദവ്യാഖ്യാനങ്ങള്‍ വായിക്കയും നിങ്ങളുടെ പിതാക്കന്മാരായ ഞങ്ങള്‍ക്കു നിങ്ങളുടെ നിമിത്തം ദൈവത്തിന്‍റെ സന്നിധിയിലും മനുഷ്യരുടെ മുമ്പാകെയും ബഹുമാനവും യശസ്സും വര്‍ദ്ധിപ്പാനായി നിങ്ങള്‍ നല്ലവണ്ണം നടക്കയും നിങ്ങളുടെ പിതാക്കന്മാരുടെ ചൊല്ലുവിളിയെ പിന്‍തുടരുകയും വേണം.
44. പ്രകൃതത്താല്‍ വന്നുപോകുന്നു. പ്രകൃതം സൃഷ്ടിയിലേ ഉള്ളതാകയാല്‍ കുറ്റം പറയാവതല്ലല്ലോ. നിങ്ങളിലും അതിലധികമുണ്ടല്ലോ. …..
45. കരവും പാട്ടവും കൊടുക്കാതിരുന്നാല്‍ വിളവു കുറഞ്ഞുപോകും. ഗുരുവിന്നു ദക്ഷിണ ചെയ്യാതിരുന്നാല്‍ ഗുരുത്വം ഉണ്ടാകയില്ല. മാതാപിതാക്കന്മാരെ ഭക്തിയായി വിചാരിച്ചു പ്രവര്‍ത്തിക്കാതിരുന്നാല്‍ ഒരിക്കലും ഗുണം വരികയുമില്ല. അപ്രകാരവും അതിലധികവുമാകുന്നു ആത്മീയ പിതാക്കന്മാരുടേത്. അവരുടെ പ്രാര്‍ത്ഥനകളും കുര്‍ബ്ബാന മുതലായ കൂദാശകളും എല്ലാം നിങ്ങള്‍ക്കും നിങ്ങള്‍ക്കുള്ള സകലത്തിനും ആത്മീയ പ്രകാരവും ജഡപ്രകാരവും സകല വാഴ്വുകളുടെ പൂര്‍ണ്ണതയ്ക്കും വര്‍ദ്ധനവിന്നും ആയിരിക്കുന്നതാകുന്നു.
46. നിങ്ങളുടെ മക്കളെ, അവര്‍ ദൈവത്തിന്‍റെ മക്കളായിത്തീരുവാന്‍ തക്കവണ്ണം അവരെ സത്യവിശ്വാസത്തിലും സത്യ നടപടികളിലും ഭയഭക്തിയിലും അനുസരണത്തിലും സ്നേഹത്തിലും വളര്‍ത്തുവിന്‍.
47. മാതാപിതാക്കന്മാര്‍ക്കും ഗുരുഭൂതന്മാര്‍ക്കും സഭയ്ക്കും സഭാപിതാക്കള്‍ക്കും കീഴ്പെട്ടിരിക്കുന്ന മക്കള്‍ അവരുടെ പിന്നടികളില്‍നിന്നു വിട്ട് ഉല്ലാസങ്ങള്‍ക്കും ആഹ്ളാദങ്ങള്‍ക്കും മദ്യപാനം, വേശ്യാദോഷം, ദുര്‍മ്മാര്‍ഗ്ഗം മുതലായ തോന്നിയവാസങ്ങളിലേക്കു പോകുവാന്‍ വിടാതിരിക്കുന്നതില്‍ തല്‍ക്കാലം അവര്‍ക്കു ദുഃഖവും അവസാനം അവര്‍ക്കു വലിയ സന്തോഷവും ഉണ്ടാകുന്നതാണ്.
48. ഇടയന്‍റെ ശബ്ദം ഗണ്യമാക്കാതെ കൂട്ടത്തില്‍ നിന്നു തെറ്റിപ്പോകുന്ന ആടുകള്‍ കുഴിയിലോ ദുഷ്ടമൃഗങ്ങളുടെ കൈയിലോ അകപ്പെട്ടു നഷ്ടമായിത്തീരുന്നതല്ലാതെ ആട്ടിന്‍തൊഴുത്തില്‍ പ്രവേശിച്ച് ആശ്വസിപ്പാനിടയാകുന്നതല്ല.
49. മാതാപിതാക്കന്മാര്‍ക്കു അനുസരണമില്ലാതെ അവരുടെ ശത്രുക്കളോടു ചേര്‍ന്ന് വിരോധികളായിത്തീര്‍ന്നാല്‍ അവരുടെ ശാപത്തിനു പാത്രീഭവിക്കയും അവരുടെ അവകാശത്തിന് ഇതരന്മാരായിത്തീരുകയും ഇഹത്തിലും പരത്തിലും അവര്‍ അയോഗ്യന്മാരായിരിക്കയും ചെയ്യും.
50. ദൈവികത്തിലും ലൗകികത്തിലും പ്രകാശവും ജീവനും ആയിട്ടുള്ളതു പഠിത്വമെന്നല്ലാതെ അതിനു ശരിയായി വേറൊന്നുമില്ലെന്നു ഏവരും സമ്മതിക്കുന്നതാകുന്നു.
51. ഹാ! സഹോദരന്മാരെ വരുവാനിരിക്കുന്ന ഭയങ്കരമായ ചോദ്യത്തേയും ന്യായവിധിയേയും പ്രതികാരത്തേയും ഓര്‍ത്തു ഭയപ്പെടുവിന്‍.
52. ഗുരുവിന്നു കൊടുക്കാതിരുന്നാല്‍ വൈദ്യനു കൊടുക്കേണ്ടി വരും. ആവശ്യത്തിങ്കല്‍ കൊടുക്കപ്പെടാതിരിക്കുന്നത് ശത്രുക്കള്‍ക്കായി സൂക്ഷിക്കയാണ് .
53. തിരുസഭയുടെ ഭരണക്കാരും ഇടയന്മാരുമായ നമ്മുടെ കൂട്ടുവേലക്കാരും സഹോദരന്മാരും സഖികളുമേ വരുവിന്‍, കര്‍ത്താവിന്‍റെ വേലക്കായി വേഗം ഒരുങ്ങുവിന്‍. റുഹായിക്കടുത്ത യുദ്ധത്തിനു അതിനടുത്ത സകല ആയുധങ്ങളും ധരിപ്പിന്‍.
54. ഒന്നിലും നിഗളിക്കരുത്. നിഗളത്തിന്‍റെ പിന്നാലെ വീഴ്ചയുണ്ട്. നിശ്ചയം. താഴ്മയുടെ പിന്നാലെ ഉയര്‍ച്ചയും.
55. ഭവനച്ഛിദ്രം ഉണ്ടാകുമെങ്കില്‍ അപ്പോള്‍ വേറെ ആകണം. ഭവനച്ഛിദ്രം ഉള്ളിടത്ത് മൂതേവി കേറും. ദൈവം അവിടെനിന്നു അകലുകയും ചെയ്യും.
56. സഹോദരസ്നേഹത്തിലും ദൈവസ്നേഹത്തിലും ഐശ്വര്യമുള്ളവരായിരിപ്പിന്‍. …. സഹോദരന്മാര്‍ തമ്മില്‍ ഒരിക്കലും വഞ്ചന പെരുമാറരുത്. ഐക്യതയില്‍നിന്നു വിട്ടകലുംതോറും ദൈവത്തില്‍ നിന്നും വിട്ടകലും; നിശ്ചയമാണ്. ദൈവകൃപ കൂടാതെ ഒന്നും ആകുകയില്ലെന്നു നല്ല ശരത്തില്‍ വിശ്വസിച്ച് ഉറച്ചു കൊള്‍ക.
57. നന്മ കൊണ്ടല്ലാതെ തിന്മ കൊണ്ടു ശത്രുവിനെ ജയിപ്പാന്‍ നോക്കുന്നതു റൂഹായ്ക്കടുത്ത ജ്ഞാനമല്ലല്ലോ. ….. സത്യവാനായ ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടും സത്യ ആന്തരത്തോടുകൂടിയും ഇറങ്ങിക്കൊള്ളുക. ദൈവം അതിനെ നിറവേറ്റിത്തരും. …..
58. ദൈവം അകലുമ്പോള്‍ നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാകും. അപ്പോള്‍ ആ കാരണം കൊണ്ട്, ഈ കാരണം കൊണ്ട് എന്നൊന്നും വിചാരിക്കാതെ തങ്ങളുടെ പാപം കൊണ്ടു ദൈവം അകന്നുപോയതിനാല്‍ എന്ന് ഓര്‍ത്തു ദൈവത്തെ മുറുകെപ്പിടിക്ക; താന്‍ കൃപ ചെയ്യും.
59. നിങ്ങളുടെ സകല നടത്തകളിലും അനുസരണത്തെ പ്രാപിക്ക. തിരിച്ചറിഞ്ഞു നന്മയെ സ്നേഹിക്ക. തിന്മയെ തള്ളിക്കളക. മടിയെ ദൂരെ എറിഞ്ഞുകളഞ്ഞു രാവിലും പകലിലും നല്ല വേലകള്‍ക്കായി ഉത്സാഹിക്ക.
60. ഉറക്കത്തില്‍ നിന്നും മൗനത്തില്‍ നിന്നും ഉണരപ്പെടുക. നിങ്ങളുടെ സകല പ്രവൃത്തിയും പിതൃകല്പനയാല്‍ ചെയ്യപ്പെടുക. ദൈവമായ കര്‍ത്താവു സകലത്തിലും നിങ്ങളെയെല്ലാവരേയും വാഴ്ത്തി അനുഗ്രഹിക്കുമാറാകട്ടെ!!
(Compiled by Dr. Samuel Chandanappally)