“കെ. സി. ചാക്കോ, മാമ്മന്‍ മാപ്പിളയുടെ മൂത്ത സഹോദരനാണ്. അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു ഫിലോസഫി പ്രൊഫസറായിരുന്നു. ഡോ. എസ്. രാധാകൃഷ്ണന്‍റെ കൂടെ യൂണിവേഴ്സിറ്റിയില്‍ ഫസ്റ്റ് റാങ്ക് വാങ്ങി പാസ്സായ ആളായിരുന്നു. വലിയ പ്രാര്‍ത്ഥനാശീലനായിരുന്നു. ഒരു ലംഗ് ഇല്ല. അതുകൊണ്ട് അധികം പ്രവര്‍ത്തിക്കാനൊക്കുകയില്ല. എങ്കിലും ഓരോ മണിക്കൂറും പ്രാര്‍ത്ഥനയോടു കൂടെ ആരംഭിക്കുകയും പരിപൂര്‍ണ്ണമായിട്ട് ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുകയും ചെയ്ത ആളാണ്. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയമൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതായിരുന്നു ആലുവായിലെ ഫെലോഷിപ്പ് ഹൗസ്.”
– ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
______________________________________________________________________________
ആരാണ് വിശുദ്ധൻ, മസ്നപസാ ധാരികൾക്ക് മാത്രമായി ഉള്ള ഒരു പദം അഥവാ ജീവിതരീതി എന്ന തെറ്റായ ധാരണയാണ് ഇന്ന് നമ്മളിൽ പലർക്കും ഉള്ളത്. നമ്മുടെ സഭയിൽ വിശുദ്ധി, വിശുദ്ധൻ എന്നത് പൗരോഹിത്യ സ്ഥാനികൾക്ക് മാത്രമുള്ളതല്ല എല്ലാ വിശ്വാസികൾക്കും ഉള്ളതാണ് എന്നതാണ് സത്യം . ക്രിസ്തീയ സഭയില്‍ വിശുദ്ധന്മാരും ശുദ്ധിമതികളുമെന്നറിയപ്പെടുന്നവര്‍ ജനങ്ങളുടെ ഇടയിൽ ജീവിതവിശുദ്ധിയും, സ്വീകാര്യതയും, സമ്മതിയും നേടിയവരാണ്. ഔപചാരികമായ പ്രഖ്യാപനം കൊണ്ടല്ല അവര്‍ വിശുദ്ധരാകുന്നത്. നേരെ മറിച്ച് വിശുദ്ധരായി ജനങ്ങള്‍ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്. അപ്രകാരം തന്റെ ജീവിതം നയിച്ച ഒരു അല്മായ പ്രമുഖനാണ് കണ്ടത്തിൽ കെ. സി ചാക്കോ.
കണ്ടത്തിൽ ചെറിയാൻ മാപ്പിളയുടെയും, മറിയാമ്മയുടെയും മകനായി 1884 ൽ ജനിച്ച കെ. സി. ചാക്കോ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് MA ഫിലോസഫിയിൽ ആദ്യ റാങ്ക് ലഭിച്ചവരിൽ ഒരാളായിരുന്നു, മറ്റൊരാൾ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനായിരുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു സഹപാഠി ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രിയായിരുന്ന ഡോ ജോൺ മത്തായി. ഇവർ മൂന്നും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
മദ്രാസ് കോളേജിൽ അധ്യാപക ജോലി ആരംഭിച്ച കെ.സി ചാക്കോ വിദ്യാർത്ഥി സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് നഗരം ചുറ്റിക്കറങ്ങുകയും സുഹൃത്തുക്കളുടെ പ്രാർത്ഥനാ ഗ്രൂപ്പ് ഉണ്ടാക്കി പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. 1911 ൽ അസുഖ ബാധിതനായ അദ്ദേഹം തന്റെ ജോലി ഉപേക്ഷിക്കുവാൻ നിർബന്ധിതനാകുകയും ജന്മനാട്ടിലേക്ക് തിരികെ പോരുവാൻ തീരുമാനിക്കുകയും ചെയ്തു. അസുഖബാധിതനായിരുന്ന കാലത്തും തന്റെ പ്രാർത്ഥനാ ജീവിതത്തിന് ഒരു മുടക്കവും വരുത്തുവാൻ സമ്മതിച്ചില്ല.
നാട്ടിലെത്തിയ കെ.സി ചാക്കോ കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ തീരുമാനിച്ചു. അങ്ങനെയാണ് ആലുവാ UC കോളജ് സ്ഥാപിതമാകുന്നത്. കേരളത്തിലെ മൂന്ന് എപ്പിസ്‌കോപ്പൽ സഭകളുടെ സഹകരണത്തിൽ നടന്നിരുന്ന UC കോളേജിലെ ബോർഡ് അംഗങ്ങളിൽ ഒരാളായിരുന്ന ചാക്കോയുടെ ഭക്തിജീവിതം മറ്റു സഭകളുടെ അംഗങ്ങളെ വളരെയധികം ആകർഷിച്ചിരുന്നു. കോളേജിന്റെ നിർമ്മാണ സമയത്ത് “കെ.സി ചാക്കോ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം ഏറ്റെടുത്ത മഹത്തായ കർത്തവ്യത്തിൽ ആത്മാർത്ഥമായി സഹകരിക്കുക” എന്ന് ഡോ. എസ്. രാധാകൃഷ്ണൻ എഴുതിയ ശുപാർശക്കത്ത് കോളേജ് നിർമ്മാണത്തിന് പണം ശേഖരിക്കുന്നതിന് വളരെ സഹായിച്ചു.
കോളേജ് കൂടാതെ വിമെൻസ് ഹൗസ്, ആലുവാ സെറ്റിൽമെന്റ്, ഫെലോഷിപ്പ് ഹൗസ്, തടാകം ക്രിസ്തുശിഷ്യ ആശ്രമം എന്നിവയുടെ സ്ഥാപനത്തിലും കെ. സി ചാക്കോയ്ക്ക് പങ്കുണ്ടായിരുന്നു. മലങ്കരസഭയിലെ സഭാകേസുകൾ അവസാനിപ്പിക്കുവാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിക്കുകയും പലരുടെയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വിദ്ധ്യാർത്ഥികളെ ഒരു പാട് സ്നേഹിക്കുകയും അവരെ കരുതുകയും ചെയ്യുന്നതിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു വിശുദ്ധ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സന്യാസജീവിതം നയിച്ച സാധാരണക്കാരനായ ഒരു അത്മായൻ ആയിരുന്നു. മലങ്കര മെത്രാപ്പോലീത്തയായിരുന്ന പ. വട്ടശേരിൽ തിരുമേനി കെ. സി ചാക്കോയെ ഒരു വൈദികനും മേല്പട്ടക്കാരനുമായി കാണുവാൻ ആഗഹിക്കുകയും മലങ്കര അസോസിയേഷനിൽ അദ്ദേഹത്തെ മേല്പട്ട സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. “ജനങ്ങളിൽ നിന്ന് അകന്നു നില്ക്കുന്ന ആത്മീയത ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് അവരോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് പിൻമാറുകയാണുണ്ടായത്.
കെ. സി. ചാക്കോ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മതഗ്രന്ഥങ്ങൾ വായിച്ച് ധ്യാനിക്കുകയും ദൈവകൃപ ആന്തരികമായി തന്നിലേക്ക് സന്നിവേശിപ്പിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന കെ.സി ചാക്കോ 63 – മത്തെ വയസിൽ 1947 സെപ്റ്റംബർ 15 ന് തന്റെ നാഥന്റെ അരികിലേക്ക് യാത്രയായി.
ഒരു യഥാർത്ഥ ക്രൈസ്തവൻ എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു കണ്ടത്തിൽ കെ. സി ചാക്കോ. മലങ്കര സഭയിൽ തനിക്ക് നേടാവുന്ന അത്യുന്നത സ്ഥാനം തേടി വന്നിട്ടും അത് നിരസിച്ച് സാധാരണക്കാരനായി ജീവിച്ച് മരിച്ച അദ്ദേഹമായിരിക്കണം വളർന്നു വരുന്ന നമ്മുടെ ഓരോ യുവജനങ്ങളുടെയും പ്രത്യേകിച്ച് ഓരോ പ്രസ്ഥാനങ്ങളുടേയും ചുമതല വഹിക്കുന്നവരുടെ റോൾ മോഡൽ.
കുറിപ്പ് : റ്റിബിൻ ചാക്കോ തേവർവേലിൽ