പത്തനംതിട്ട ∙ കാതോലിക്കറ്റ് കോളജിൽ ആൽഗകളുടെ പഠനത്തിനും ഗവേഷണത്തിനുമായി രാജ്യാന്തര നിലവാരത്തിൽ പരീക്ഷണശാല ഒരുങ്ങി. കോളജ് സസ്യശാസ്ത്ര വിഭാഗത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഫൈക്കോ ടെക്നോളജി ലാബ് എന്ന് നാമകരണം ചെയ്ത ഇവിടെ നൂറിൽപരം ആൽഗ ഇനങ്ങളെ സംരക്ഷിക്കുന്നു. പുതുതായി കണ്ടെത്തുന്ന ആൽഗകളുടെ സംഭരണ ശാലയായും ലാബ് പ്രവർത്തിക്കും.
ലക്ഷ്യങ്ങൾ
ആൽഗകളുടെ വിവിധ മേഖലകളിലുള്ള അനന്ത സാധ്യതകളെ കണ്ടെത്തുകയും അവയെ സമൂഹത്തിന് പ്രയോജനപ്രദമാക്കി മാറ്റുകയുമാണ് ലാബിന്റെ ലക്ഷ്യം. കോളജ് ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. ബിനോയ് ടി. തോമസിന്റെ നേതൃത്വത്തിൽ എം.വി. ഭാഗ്യ, ടിൻസി മേരി തോമസ്, ആൻസി ബേബി എന്നിവരും ലാബിൽ പഠനം നടത്തുന്നു. സൂക്ഷ്മ ആൽഗകളുടെ പഠനത്തിനാണ് ഇവിടെ ഊന്നൽ.
കാണപ്പെടുന്നത്
ജലാശയത്തിലും മണ്ണിലും മരത്തിലും മഞ്ഞിലും ഇലകളിലും മൃഗങ്ങളിലും ഒക്കെയായി ആൽഗകളുടെ ജൈവ വൈവിധ്യം വളരെയേറെയാണ്. പച്ചനിറം കൂടാതെ മഞ്ഞ, ചുവപ്പ്, ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളിലും ആൽഗകൾ കാണപ്പെടുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹാരമായും മരുന്നായും സൗന്ദര്യ വർധക വസ്തുക്കളായും ഉപയോഗിക്കപ്പെടുന്ന ആൽഗകളിൽ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ആൽഗകളിൽ നിന്നാണ് മറ്റ് സസ്യജാലങ്ങൾ പരിണാമം വഴി രൂപാന്തരം പ്രാപിച്ചതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഭക്ഷണമായും
ആൽഗകളെ ഇപ്പോൾ വിവിധ രാജ്യങ്ങളിൽ ഭക്ഷണമായും ഉപയോഗിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, റൈസോഫ്ളാവിങ്സ്, തയാമിൻ, ഫോളിക് ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, അയൺ, സൾഫർ, കാൽസ്യം, കോപ്പർ എന്നിവയുടെയും കലവറയാണ്.
ഇഞ്ചി വർഗ സസ്യങ്ങളുടെ പഠനത്തിന് ജിഞ്ചർ ഹൗസ്
∙ കേരളത്തിലെ ഇഞ്ചി വർഗ സസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി കോളജിൽ സസ്യശാസ്ത്ര വിഭാഗത്തിൽ ജിഞ്ചർ ഹൗസ് നടപ്പിലാക്കുന്നു.
ഇഞ്ചി വർഗ സസ്യങ്ങളുടെ ജനിതക ദ്രവ്യ സംരക്ഷണശാല രാജ്യത്തു തന്നെ അപൂർവമാണ്. സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. വി.പി. തോമസാണ് ഇതിന് നേതൃത്വം നൽകുന്നത്. ലോക വാണിജ്യ രംഗത്ത് പ്രാമുഖ്യം നേടിയ ഇഞ്ചി വർഗ സസ്യങ്ങളിൽ വംശനാശ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ചിട്ടുള്ള 1215ൽ പരം ഇഞ്ചി വർഗ സസ്യങ്ങളെ അനുയോജ്യമായ രീതിയിൽ ഇവിടെ സംരക്ഷിക്കുന്നു. 25 സെന്റിലാണ് ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. മലേഷ്യൻ ഇഞ്ചി വർഗത്തിൽപ്പെടുന്ന റെഡ് ജിഞ്ചറിന്റെ ശേഖരണവും ഇവിടെയുണ്ട്. കല്ലുവാഴയുടെ സംരക്ഷണവും ഇവിടെയുണ്ട്.
പ്രവർത്തനം നാളെ മുതൽ
∙ ഫൈക്കോ ടെക്നോളജി ലാബ്, ജിഞ്ചർ ഹൗസ് എന്നിവ നാളെ പ്രവർത്തനം തുടങ്ങും. രാവിലെ 9.30ന് ഡോ. തോമസ് മാർ അത്തനാസിയോസ് കൂദാശ നിർവഹിക്കും. എംജി സർവകലാശാല സ്കൂൾ ഓഫ് ബയോ സയൻസിലെ ഡോ. ജെ.ജി. റോയ് ഉദ്ഘാടനം ചെയ്യും.
ജിഞ്ചർ ഹൗസ് കാലിക്കറ്റ് സർവകലാശാലയിലെ ഡോ. എം. സാബു ഉദ്ഘാടനം ചെയ്യും. ബോട്ടണി വകുപ്പ് മേധാവി ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിക്കും. റാങ്ക് ജേതാക്കളെ ആദരിക്കൽ ചടങ്ങ് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്യും.